Skip to main content

Posts

Showing posts from November, 2023

വിഷാദത്തിന്റെ ആഷ്ട്രേക്കാലങ്ങൾ

മണ്ണിൽ വീണ കുറേ നാളായി ജീർണ്ണിച്ച ഇല പോലെ ആകാശം അതേ പോലെ തന്നെ മേഘങ്ങളും വീണത് മണ്ണിലോ മതത്തിലോ അതോ വിശ്വാസത്തിലോ  അവിശ്വാസത്തിലോ അറിയില്ല വീണുവോ എന്ന് തന്നെ അറിയില്ല ജീർണ്ണിച്ചിട്ടുണ്ട് മനുഷ്യരും ബോധത്തിന്റെ പൊരി വീണ് പൊള്ളി. എനിക്ക് ബുദ്ധൻ,  തന്റെ ധ്യാനം കുത്തിക്കെടുത്തും ആഷ്‌ട്രേയാവണമെന്ന് തോന്നി തന്റെ അസ്തമയം കുത്തിക്കെടുത്തും സൂര്യൻ പൊരി വീണ് പൊളളും എന്റെ വിഷാദവും  ഞാൻ എല്ലാ രാത്രിയിലും  ചാരിനിൽക്കും ഇരുട്ട് രാത്രിയില്ല ഇരുട്ട് മാത്രം പുഴയിലേക്ക് ചാഞ്ഞ് നിൽക്കും മരം  എന്നോ ഒരിക്കൽ അത് ഞാവൽ എന്റെ കുരുവി സാക്ഷി ഇപ്പോൾ മരം അവിടെ ഇല്ല നാവിൽ ഞാവലിന്റെ കറ പോലെ നനവിലേക്ക് അതിന്റെ ആയൽ മാത്രം ഇല്ലാ എന്ന വാക്കിൽ ചെന്ന് മുട്ടി  തിരിച്ചുവരും എന്റെ കിളികൾ  കിളി മാറ്റിമാറ്റി വെക്കും ചേക്കേറുന്നതിന്റെ കരു കളങ്ങളിൽ ചതുരംഗങ്ങളിൽ കാണപ്പെടുമ്പോലെ ഇരുനിറങ്ങളിൽ കാണപ്പെടും അതിന്റെ കൂടിന്റെ ശൂന്യത നെടുവീർപ്പ് കുഴിച്ചെടുക്കും ഖനി ഒരു തുള്ളി പോലും തന്റേതല്ലാത്ത മഴ അതിന്റെ നീലയിൽ ചാരി  എന്റെ പൊന്മാൻ വെളിച്ചത്തിന്റെ ഒരു തുള്ളി ഇറ്റിച്ച് തുറക്കും മിന്നാംമിന്നിത്താഴ് വേഴാമ്പൽപ്പടി എന്റെ മഴ ഒരു വേഴാമ്പൽച്ചാരൽ