Saturday, 1 July 2017

ആരും വിളിക്കാത്ത പേര്

വീടിന്
ബുക്കെന്ന് പേരിട്ട്
ഒരു വാക്കായി
അവിടെ കയറി
താമസിക്കണമെന്നുണ്ടായിരുന്നു

ഒരു വാക്കിന്റെ ഏകാന്തതയ്ക്ക്
ആരോ
പണിഞ്ഞു കൊടുത്തതാവണം
കവിത

എന്നിട്ടും അതിലൊരു വാക്കായി
ഇരിയ്ക്കുവാൻ
പരാജയപ്പെട്ടു പോകുന്നു

ഇനി കവിതയിലേയ്ക്ക്
വൈകി വരുന്ന
വാക്കുകൾക്ക് താമസിക്കുവാൻ
ഒഴിഞ്ഞുകൊടുക്കണം
സ്വന്തം ഉടൽ 
കിളിയായിട്ടെങ്കിലും

അത്രമേൽ പ്രീയപ്പെട്ട
ഒരാളുടെ
അസാന്നിധ്യത്തിൽ
ചാടിമരിച്ച
മിന്നാമിന്നികളുടെ
തീ പിടിച്ച ഉടലിന്
ഇനി
അത്രമേൽ
നിശബ്ദമായി
ആരും വിളിക്കാത്ത
ഒരു പേരിടണം
വെറുതെയിരിക്കണം!

Monday, 26 June 2017

അരുത്

അരുത്

ശലഭമെന്നോ
റാന്തലെന്നോ
മാത്രം
അവനെ ശകാരിക്കുക

കുഞ്ഞായിരിക്കുമ്പോൾ
വെളിച്ചത്തിനെ കുറിച്ച്
കാണാതെ പഠിക്കാതിരുന്നതിന്
മിന്നാമിന്നിയാകേണ്ടി വന്ന
ഒരുവനാകണം
അവൻ

അതുകൊണ്ട് തന്നെ
രണ്ട് ചിറകുകൾക്കിടയിലെ
തുളുമ്പിയ ശൂന്യത
കൈക്കുടന്നയിലെടുത്തുവെച്ച്
ആകാശമാക്കിയതാവണം
അവനും
നീലനിറത്തിന്റെ ബാല്യവും

എത്ര പേർക്കറിയാം
അവന്റെ രാത്രിയാണ്
നക്ഷത്രങ്ങൾ കൊടുത്ത്
ഉറക്കം
തൂക്കിവാങ്ങുന്നതെന്ന്?

കലാകാരനെന്ന നിലയിൽ
സ്വന്തം
പ്രായത്തിന്റെ ശിൽപ്പം മാത്രം
നിർമ്മിക്കുവാൻ കഴിയുന്ന
ഒരു സാധാരണക്കാരനാണ്
അവൻ

അവനെ
ഉള്ളിൽ തട്ടി
അഭിനന്ദിക്കുവാൻ
സ്വന്തം
ശ്വാസം മാത്രം
ഉണ്ടാവും

ഇനി
നിലാവിന്റെ
കാവൽക്കാരനെന്ന നിലയിൽ
ഒരിത്തിരി ചന്ദ്രനായിക്കഴിഞ്ഞ
അവന്റെ നായയെ
അപമാനിക്കരുത്
അത് അവൻ പഠിപ്പിച്ച മാതിരി
കടലിനെ നക്കി
നായ്ക്കുട്ടിയാക്കുകയാണ്!

Friday, 23 June 2017

ബുദ്ധനിൽ നിന്നും ബോധിയിലേയ്ക്ക് ഒരു ഘടികാരദൂരം

1

ഒരുനേരത്തെ
ബുദ്ധനാണ്
സ്വന്തമല്ലാത്ത
ഘടികാരത്തിലെ
പന്ത്രണ്ട് മണി

ആരെങ്കിലും നോക്കിയിട്ടുണ്ടോ
ആരുടെ വിധവയാണ്
സമയമെന്ന്?

ചുരുണ്ടു കൂടുന്നതിനിടയിൽ
വിദൂരത്തെവിടെയോ
ഉറക്കമുണരുന്ന
തീവണ്ടി
ആരുടേയോ വിധിയാവണം

2

സ്വന്തം കാലടികൾ തന്നെ
റെയിൽവേ സ്റ്റേഷനായ
കുറച്ച് പേർ

നടക്കുമ്പോൾ
അവരുടെ കാലിൽ
തടഞ്ഞേക്കാവുന്ന ചെടിയാവുന്നു
കാത്തുനിൽപ്പ്

ഇപ്പോൾ
തീവണ്ടിയാപ്പീസിന് അടുത്ത്
വാടകവീടിന് പുറത്ത്
തരിശ്ശ് കിടക്കുന്ന ഭൂമി,
മറ്റാരുടേയോ ഘടികാരം

അതിലോടുന്ന സൂചികൾ
സമയമില്ലാത്തവരുടെ
ചിത്രശലഭങ്ങൾ

അവയെ പിടിക്കുവാൻ
ഓടുന്ന
അയലത്തെ വീട്ടിലെ,
കുട്ടിയിട്ടിരിക്കുന്ന തട്ടം
ആ കുട്ടിയുടേതാവില്ല

നിങ്ങൾ
ആ കുട്ടിയുടെ
ആരുമല്ലാതാവുന്നിടം വരെ...

3

മൂന്നെന്ന അക്കമായി
അതേ ഘടികാരത്തിൽ
സ്വന്തം ആടിനെ കൊണ്ടുകെട്ടുന്ന
ഒരാൾ

ഒരു പക്ഷേ നിങ്ങൾ

കൃത്യം അഞ്ച് മണി
പശുവിന്റെ
അകിടായി
രൂപപ്പെടുന്ന ഘടികാരം

ഭൂമിയിലെ ഉപമകളെല്ലാം
പൂവുകളാകുന്ന സമയം
ആഗതമായിരിക്കുന്നു

സ്വന്തമായി സമ്പാദ്യമില്ലാത്ത
അക്കങ്ങളെ
കണക്ക് പഠിപ്പിക്കുവാൻ
വരുന്ന
ഒരു വശം ചരിഞ്ഞ
നിലാവ്

എങ്കിൽ പിന്നെ
എന്ന വാക്കിനെ
തൊട്ട്  തൊട്ട്
വിരലുകൾ മടക്കുന്ന
നിങ്ങളും
നിലാവും

തെരുവിന്റെ ഓരത്ത്
തൊട്ടാവാടിച്ചെടിയായി
പിടിച്ചു തുടങ്ങുന്ന
ഒരാൾ

ബോധിമരം
ഒരു തീവണ്ടിപ്പാളമായിട്ടുണ്ടാകും
ബുദ്ധനൊരു തീവണ്ടിയും!

Wednesday, 3 May 2017

ദാഹത്തിന്റെ ഒരദൃശ്യദൃശ്യം


ദാഹിക്കുന്നുണ്ടാകണം

പെയ്യാറായ മേഘങ്ങൾ
മുകളിലുണ്ടെങ്കിലും
ചുവർമടക്കി
ഘടികാരം
താഴേയ്ക്ക് നീളുന്നു

അതിൽ നിന്നും
നിലത്തിറങ്ങി
വെള്ളം കുടിയ്ക്കുന്ന
സമയം

സമയം നീളുന്നു

ഒരരിപ്രാവിനെപ്പോലെ
കുറുകുന്ന
വെള്ളം

വെള്ളത്തിന്റെ കണ്ണുകളിൽ
സമാധാനത്തിന്റെ
ദാഹം

പ്രാവുകളിൽ
കലങ്ങി മറിയുന്ന
വെള്ളത്തിന്റെ തൂവലുകൾ

തൂവലുകൾക്ക്
പിന്നിൽ
പറന്നിറങ്ങിയത് പോലെ
എല്ലും തോലുമായി
വന്നിറങ്ങുന്ന
സമാധാനത്തിനേക്കാൾ
മെലിഞ്ഞ
ഒരു മനുഷ്യൻ

മനുഷ്യനെന്ന നിലയിൽ
ഇനിയും
അയാൾ
മെലിഞ്ഞു തീർന്നിട്ടുണ്ടാകില്ല

അയാളുടേതല്ലാത്തമാതിരി
പുറത്തിറങ്ങുന്ന
അയാളുടെ എല്ലും തോലും

അവ
പ്രാവിനെ പോലെ
ചിറകടിച്ച്
വെവ്വേറെ ഇടങ്ങളിൽ
വെവ്വേറെ നിറങ്ങളിൽ
സമാധാനപരമായി
വെള്ളം കുടിയ്ക്കുന്നു

അയാൾക്ക് കൂടിയ്ക്കുവാൻ പാകത്തിന്
ഇനിയും വെള്ളം
നേർപ്പിക്കപ്പെടേണ്ടതുണ്ടാവും

അതിനായി ഒരിടത്തരം മഴ
ഇനിയും പെയ്യേണ്ടതുണ്ടാവും
അത് വരെ കാത്തിരിക്കുന്നതെല്ലാം
വേഴാമ്പലാക്കപ്പെടുന്നതാവും

നിശബ്ദത കൊണ്ട്
തല തോർത്തുന്ന മാതിരി
തോരുന്ന മഴയുടെ ഒച്ച

വെള്ളം നനയുന്നു
വെള്ളം നേർക്കുന്നു
വെള്ളം തണുക്കുന്നു
വെള്ളത്തിന് കുളിരുന്നു
വെള്ളം ദാഹം പുതയ്ക്കുന്നു

കുടിയ്ക്കുന്തോറും
വെള്ളമാകുന്ന പ്രതിഭാസമാകണം
മനുഷ്യൻ

ഒന്ന് ചരിച്ചാൽ
വെള്ളം കിട്ടിയേക്കാവുന്ന കിണറിലേയ്ക്ക്
നടന്നിറങ്ങി പോകുന്ന
അയാളുടെ ആഴം

ദാഹം ശമിച്ച ഒരാളുടെ
ഹൃദയം
തോർന്ന മേഘങ്ങളുടെ
അരക്കെട്ടാവണം

അതാവും
അയാളുടെ
അരയിൽ കിളിർക്കുന്ന
ഒറ്റ വിത്തിന്റെ അരഞ്ഞാണം

അതിൽ പറന്നു വന്നിരിക്കുന്ന
ഒരായിരം കിളികൾ
അവ പ്രാവുകളായി പോകാതിരിയ്ക്കുവാൻ
പല നിറങ്ങളിൽ
പല തൂവലുകളിൽ
പല പറക്കലുകളിൽ
പല ആകാശങ്ങളിൽ
നടപ്പിൽ
എടുപ്പിൽ വരെ
ചിറകടിച്ച് പാടുപെടുന്നു

അനേകം കിളികളുള്ള ഒരാൾക്ക്
വാടകയ്ക്ക്
കൊടുക്കുവാനാകണം,
ഉടലിന്റെ വരൾച്ചയിൽ
ദാഹത്തിന്റെ
ഒരു നിലകൂടി
ദേഹത്തു പണിയുന്ന
ഒരുവൾ

അവളുടെ
വാരിയെല്ലുകളിൽ
കൂട് കൂട്ടുന്ന
ചുമകൾ

അതൊന്നും
ശ്രദ്ധിക്കാതെ
സമാധാനത്തിന്റെ
ഞരമ്പുകളിലേയ്ക്കുള്ള
രക്തയോട്ടം നിർത്തി
ചെടികൾ പൂവിട്ട് നിൽക്കുന്ന
സ്വന്തം ഉടലിൽ
ദാഹം ശമിച്ച ഒരാൾ
വിരലുകളുടെ വെള്ളച്ചാട്ടം
കണ്ടിരിയ്ക്കുന്നു.....

Monday, 1 May 2017

അനുമാനം എന്ന് തന്നെ

ഒരു പൂവിതൾ ഘടികാരത്തിനും
പൂരിപ്പിക്കുവാനാകാത്ത വിധം
സമയം മാത്രം ഒഴിച്ചിട്ട്

നിറം  മുഴുവൻ
പൂരിപ്പിച്ച്‌

ശലഭാകൃതിയിൽ
വെയ്ക്കുകയായിരുന്നു
ഒരപൂർണ്ണ ചുംബനം...

ഏതോ ചോദ്യചിഹ്നം
കുത്തിക്കെടുത്താൻ മറന്ന
സൂര്യന്റെ
ആഷ്ട്രേ പോലെ
ഇന്നലെ

അവിചാരിതമെന്ന് തന്നെ പറയട്ടെ
ഇന്നും കണ്ടുമുട്ടി
അതേ സമയം
അവിടെ തന്നെ.....

ഏകാന്തതയുടെ ദൈവമാവണം!

Saturday, 22 April 2017

പനി പകുക്കുന്നു

ഞാനും
ജലദോഷം പിടിച്ച
ചിലന്തിയും ഒരുമിച്ചിരിയ്ക്കുന്നു

ഞങ്ങൾക്കിടയിൽ
ഒരു ചുവരായി
ഞാനെന്ന ഇരപിടിച്ച
പനിയിരിയ്ക്കുന്നു

അതിൽ
ഉയരം കൂട്ടി
തൂക്കിയിരിക്കുന്ന
പഴക്കമുള്ള
ചുമയുടെ ചിത്രം

ചിലന്തി
കെട്ടാൻ മറന്ന
വല പകുത്ത്
അതിൽ കുരുങ്ങേണ്ടിയിരുന്ന
രണ്ടിരകൾ
ഇണചേരുന്നത് പോലെ
ചലിയ്ക്കുന്നു

പകരാൻ സാധ്യതയുള്ള
ഒരു പനി
അവരൊരുമിച്ച്
പകുക്കുന്നു

വെയ്ക്കാൻ മറന്ന ഒരാലിംഗനത്തിൽ
ചിലന്തി മൂക്കുതുടയ്ക്കുന്നു

പകുതി കറങ്ങി
അർദ്ധവൃത്തം മാത്രം പൂർത്തിയാക്കി
തിരിച്ചു പോകുന്ന ഫാൻ
ഞങ്ങളിരുവരും പകുത്ത് കാണുന്നു!