Popular Posts

Wednesday, 28 November 2018

വിത്ത്

കവിതയെഴുതാത്തപ്പോൾ
അതിന്റെ വിത്തു സൂക്ഷിക്കുവാൻ
ഒരപ്പൂപ്പന്താടി കൊണ്ടുപോകാറുണ്ട്
എന്റെ മനസ്സ്

ഇപ്പോൾ എനിക്കറിയാം
കിളിർക്കാതെ
ഒരു മഴ ഉണക്കി,
സൂക്ഷിക്കേണ്ടതെങ്ങിനെയാണെന്ന്

തൊടരുത്..
ഇപ്പോൾ ഉടലാകെ,
ഉണക്കി സൂക്ഷിച്ച മഴയുടെ നര.
കൈയ്യിൽ
എഴുതാത്ത വിരലിന്റെ വിത്ത്..

Friday, 23 November 2018

ഉം

ഉം എന്ന ശബ്ദത്തിനാണത്രേ
കുറച്ച് കാലമായി
ഏറ്റവും കൂടുതൽ ഭംഗി

അതുകൊണ്ട്
കഴിഞ്ഞ കുറേ കാലമായി
അത് മാത്രമേ വെയ്ക്കാറുള്ളു.

ഈയിടെയായി
കുറച്ചുകൂടി ഭംഗി തോന്നിത്തുടങ്ങിയിട്ടുണ്ട്
എന്ത് പറഞ്ഞാലും
നിങ്ങൾ എനിക്കുവേണ്ടി
ആ അവസാനം ചേർക്കുന്ന
ഉം.

വിധം

ആത്മാവിന്റെ ശുദ്ധീകരണമായിരുന്നു

ആത്മാവ് കൊണ്ട് വന്നിട്ടുണ്ടോ
എന്ന
വിശദീകരണം ആവശ്യമില്ലാത്ത
ആദ്യചോദ്യത്തിൽ തന്നെ പുറത്തായി

രണ്ടാമത്തെ ശ്രമമെന്ന നിലയിൽ
കൊണ്ടുപോയതാവണം
ഉടല്.

തകരരുത്
ഓർമ്മകൾ മാത്രമാണെന്ന്
പലവട്ടം പറഞ്ഞു
നിന്റെ മുലകളേക്കാൾ
നിശ്ചലമാകുവാൻ കഴിയില്ലെന്ന്
കറുപ്പ് കെട്ടിവെച്ച
കറുപ്പ് ചുമക്കുന്ന
കറുപ്പ് പറക്കുന്ന ഇടത്തോടും

വേദനയുടെ ഔദാര്യം
ഒട്ടും ആവശ്യമില്ലാത്ത
ദ്രാവിഡ മുറിവ്

2

എങ്ങനെ കളഞ്ഞുപോകണം
എന്നുള്ളതിന്റെ പഠനമായിരുന്നു

നീ കണ്ടതിന് ശേഷം
ശിൽപ്പത്തിനെന്തോ
മാറ്റമുണ്ടായത് പോലെ തോന്നി.
എന്റെ കൊത്തുപണി ചെയ്ത തോന്നലുമായി
നീ കടന്നുപോയി
നിന്റെ മനസ്സ്
കൊത്തുപണികൾ ചെയ്യാതെ
തരിശിട്ട ഒന്നായി

നമ്മൾ
കൊത്തുപണികൾ ചെയ്യാൻ
മനസ്സ് തരിശ്ശിട്ട രണ്ടുപേരായി

3

തൂവലുടയുന്ന ശബ്ദങ്ങളിൽ
കിളികൾ പറന്നുപോയി
നിന്റെ ഞെട്ടിൽ കടൽ
തിരമാലകളുടെ ഇതളുള്ള
വിരിഞ്ഞുവിരിഞ്ഞു
കൊഴിയാൻ മറന്ന ഒന്നായി

എനിയ്ക്ക്
ചങ്ങലയെ ക്രമീകരിയ്ക്കുവാൻ കഴിയുന്ന
ഒന്നാകുവാനായി
ഞാൻ ജലത്തിനെ
ഓരോ മീൻ തുഴച്ചിലിന്റെ അറ്റത്തും
ചങ്ങലയ്ക്കിടാൻ ശ്രമിച്ചു
കര ജലത്തിന്റെ ചങ്ങലയ്ക്കിട്ട
ഒരു വസ്തുവായി

4

ആടുകളില്ലാതെ ആട്ടിടയൻമാർ
കടന്നുപോയി
എനിയ്ക്ക് അവരുടെ
ആടുകൾ ആവണമെന്ന്
തോന്നി.

അരുതെന്ന് വിലക്കിയവർ
അതിൽ കൂടുതൽ മനുഷ്യരായി.
അവർ ആരേയും മേയ്ക്കാതെ
സ്വയം സ്വതന്ത്രരായി

അന്തരീക്ഷം
ദുർബലമായിക്കൊണ്ടേയിരുന്നു
അതിന്
എല്ലുകൾ ഇട്ടുകൊടുത്ത്
വേട്ടക്കാരനായി
നക്ഷത്രങ്ങൾ പൂരിപ്പിക്കാതെ ഇരുട്ട്.

ഉപ്പിട്ട ഇരുട്ട് രുചിച്ചിരിയ്ക്കുന്നു.

5

ആൾക്കൂട്ടങ്ങൾക്കിടയിൽ
പാട്ടുപാടി ഒറ്റപ്പെടുക
പാട്ടിൽ ഒളിക്കുക

നീ എന്ന അക്ഷരം
നിനക്കായ് കണ്ടുപിടിയ്ക്കപ്പെട്ടു
ഞാനതിന്റെ പിറകിൽ
പിറകുകൾ ഇല്ലാത്ത ശിൽപ്പമായി

നമുക്കു മുന്നിൽ
കാലം
അരക്കെട്ടുകളുടെ ബുദ്ധൻ.

Tuesday, 20 November 2018

കടൽക്കല്ലുള്ള മൂക്കൂത്തി

നിന്റെ മുക്കൂത്തി കല്ലിൽ നിന്നും
ഒരു തുള്ളിയിലേയ്ക്ക് വീണ്
ഒരു തുമ്പിയുടെ പരിക്കേറ്റ കടൽ

നിന്റെ കൊലുസ്സിന്റെ ശബ്ദത്തിൽ
തല വെച്ച് കിടക്കുന്ന
കൊച്ചുകൊച്ചു തിരമാലകൾ

എത്രയെത്ര തിരമാലകളുടെ
മുത്തശ്ശിയായിരിയ്ക്കും
ശരിയ്ക്കും നിന്റെ കൊലുസ്സ്

എനിയ്ക്ക് മനസ്സ് പണിയുവാൻ
അതിൽ നിന്നൊരു മുത്ത്
എന്നെങ്കിലും കടം ചോദിയ്ക്കുമായിരിയ്ക്കും
കടലിന്റെ ആഴം

അത് വരെ അത്
നിന്റെ പേരുള്ള രത്നമായി
എടുത്തു വെയ്ക്കുമായിരിക്കും
നമ്മുടെ കടലമ്മ ..

ശബ്ദബുദ്ധൻ

ശരിയ്ക്കും
നിന്റെ കാതിൽ കൊത്തിവെയ്ക്കുവാനുള്ള
ബുദ്ധനേ
എനിയ്ക്കുള്ളു

ഒരു വിധത്തിൽ
വെറും ശബ്ദബുദ്ധൻ

അതിനെ
ഒക്കത്തുനിന്നും
ഊർന്നിറങ്ങുവാൻ ശ്രമിയ്ക്കുന്ന
കുഞ്ഞിനെ പോലെ
യാതൊരു ശബ്ദവും കേൾപ്പിയ്ക്കാതെ
നിന്റെ കാത്
ഒറ്റത്തുടം ശബ്ദത്തിൽ
കമ്മലിന്റെ ചലനത്തിൽ
നൃത്തബുദ്ധനായി
കൊത്തിവെയ്ക്കുന്നു

നീലകളിൽ നിന്നിറങ്ങി പറക്കുന്ന
നിറങ്ങളൊച്ചിട്ട
പൊൻമാൻ

കൂടുതൽ പറയുന്നില്ല
പറഞ്ഞാൽ
കീ കൊടുത്ത
റായുടെ മുറുക്കത്തിൽ നീ
വെളുപ്പിന്റെ മണമുള്ള
നാല് വറ്റെടുക്കും
അതിൽ
രണ്ട് വറ്റെടുത്ത്
നീ എന്റെ ചുണ്ടുകളെ
ഒന്നും കൊത്താതിരിയ്ക്കുവാനെന്നോണ്ണം
ചേർത്തൊട്ടിയ്ക്കും

ഒറ്റയ്ക്കിരിക്കുമ്പോൾ
വീണ്ടും വീണ്ടും
പൊട്ടിച്ച്
കെട്ടിപ്പിടിച്ച്
വായിക്കുവാനെന്നോണ്ണം

കൂടുതൽ എഴുതുന്നില്ല
വെറുതെ അതെന്നെ ഓർമ്മിപ്പിയ്ക്കുന്നു
പണ്ടൊക്കെ
എത്ര സ്റ്റാമ്പുകളുടെ അമ്മയായിരുന്നു
നിന്റെ ഒറ്റ കത്ത്..

Friday, 16 November 2018

കടൽ അലമാര

ഒരു തട്ടിൽ അഴിച്ചിട്ട മുടി

രണ്ടാമത്തെ തട്ടിൽ
അത് വാരിക്കെട്ടുവാൻ
നീ ഉയർത്തുന്ന
കൈകൾ

അതിനുതാഴെ
രണ്ടുമീനുകളുടെ മുലകൾ

അതിനും താഴെ
പാറുന്ന അടിവയറിന്റെ പതാകകൾ
ചുറ്റും
വാരിക്കെട്ടിവെയ്ക്കാനാവാത്ത
പതയുന്ന ഉമ്മകൾ

മടിത്തട്ട്
മെടഞ്ഞിട്ട കാലുകൾ
അതിന്റെ
അടിത്തട്ടിൽ ഒഴുകിക്കിടക്കുന്ന ഞാൻ

അതിലും
ആഴത്തിൽ ഒന്നുമില്ല
കടൽപോലും

എന്നിട്ടും ഞാൻ,
ഒരു ഉടൽ തോർത്തും
എടുത്തുടുത്ത്
നിന്റെ കടൽ
കുളിയ്ക്കാനിറങ്ങുന്ന
ഇടം

ഞാൻ
നിന്റെ കുളികളുടെ
ഉടൽ അലമാര

നീ എന്റെ അരികിൽ
ചാരി വെയ്ക്കപ്പെട്ടിരിയ്ക്കുന്ന
കടലിന്റെ അലമാര

നമ്മുടെ മുറി
സ്ഥാനം തെറ്റിക്കിടക്കുന്ന
അലമാരകളുടെ
ഒന്നും അടുക്കിവെയ്ക്കാത്ത
കാട്

അപ്പോഴും
നീ
ഞാനാരാധിയ്ക്കുന്ന
മൂക്കൂത്തികളുടെ
കാവായി,
മഴമഞ്ഞൾ പുതച്ച്
തുടരുന്ന ഇടം..

പ്രദർശനത്തിനായി ഒരു ചിത്രത്തിന്റെ ഇളയത്

പൂച്ചകൾ വെച്ച കാലടികൾ നോക്കി,
മീനുകളുടെ ഒച്ച
തുരന്നുതുരന്നാണ്
പോവുക.

ഞാനും നാലുശലഭങ്ങളും

അക്കമാവുന്നതിന് മുമ്പുള്ള
നാലാണ്
അതിൽ മൂന്നും
ഞാൻ തന്നെയാവുന്നു

മൂന്നിലേയ്ക്കുള്ള
ശലഭങ്ങളിൽ നാലും
അപ്പോഴും നിന്നെ
ആശ്വസിപ്പിയ്ക്കുന്ന
തിരക്കിലാണ്

ആശ്വസിപ്പിയ്ക്കുവാൻ
തെരഞ്ഞെടുക്കുന്ന വാക്കുകൾ
പറഞ്ഞുപറഞ്ഞ്
എന്നേക്കാൾ വലുതും
നിന്നേക്കാൾ ചെറുതുമാകുന്നു

ശലഭങ്ങളുടെ നിധി കൊള്ളയടിയ്ക്കുവാനാണ്
ഞങ്ങൾ പോകുന്നുണ്ടാവുക

നിധികാക്കുന്ന ശലഭങ്ങളുമായുള്ള
മൽപ്പിടിത്തത്തിലാവും
ഞാൻ കൊല്ലപ്പെടുക

അതാണെന്റെ വിധി
അത് പറഞ്ഞാവും
ശലഭങ്ങൾ നിന്നെ ആശ്വസിപ്പിയ്ക്കുന്നുണ്ടാവുക.

നീയിപ്പോൾ
ശലഭങ്ങളെ
വിശ്വസിച്ച മട്ടാണ്

എനിയ്ക്കോർമ്മയുണ്ട്
നീ പണ്ട് ശലഭങ്ങളെ കണ്ണെടുത്താൽ
വിശ്വസിക്കാറില്ലായിരുന്നു

2

ഞാനും
നിന്നെ വിശ്വസിപ്പിച്ച ശലഭങ്ങളും
പൂക്കളുടെ ടാക്സിയിൽ
ശലഭങ്ങളുടെ നിധിയുടെ
തൊട്ടടുത്തേയ്ക്ക്

നീ അപ്പോൾ
എന്നിൽ നിന്നും കൂടുതൽ അകലത്തിൽ
നിധിയിൽ നിന്നും
അധികം അകലമില്ലാത്ത ദൂരത്തിൽ.

3

നീയിപ്പോൾ
ഞങ്ങൾ
സഞ്ചരിയ്ക്കുന്ന നഗരത്തിൽ നടക്കുന്ന ചിത്രപ്രദർശനം കാണുന്ന
തിരക്കിലാണ്

അതിശയമെന്ന് പറയട്ടെ
നീയിപ്പോൾ
ശലഭങ്ങളുടെ നിധിയും കൊള്ളക്കാരും
എന്ന ചിത്രത്തിന്റെ മുമ്പിലാണ്

ഓരോ ചിത്രങ്ങളും കണ്ടുകണ്ട്
ചിത്രങ്ങളിൽ നിന്നും
ചിത്രങ്ങളിലേയ്ക്ക് പറന്നും
നടന്നും നീ നീങ്ങുന്നു.

അതിനിടയിൽ ഓരോ നടത്തത്തിലും
നീ നിൽക്കുന്നു
നിന്റെ ഓരോ ചലനങ്ങളിലും
ഒരൽപ്പം നിശ്ചലത നീ ചേർക്കുന്നുണ്ട്

അതേ വേഗതയിൽ
തന്നെയാണ്
നിധിയുടെ അടുത്തേയ്ക്ക്
ഞങ്ങളും

4

ചിത്രങ്ങളും നിറങ്ങളും
വരയും പേരുകളും
പ്രതലവും ചുവരും
കടന്നുകടന്നു പോകുന്ന നീ

അപ്രതീക്ഷിതമായി നീ വിയർക്കുന്നുണ്ട്

നിന്റെ വിയർത്ത കക്ഷങ്ങൾ
മോഷണം പോകുമോ
എന്ന് സംശയിക്കുന്ന ഒരു ചിത്രം
പ്രദർശനത്തിനുള്ളിൽ വെച്ച് തന്നെ
അസാമാന്യമായ വിലയ്ക്ക്
വിറ്റുപോകുന്നുണ്ട്

അക്വേറിയത്തിലെ
നീന്തുന്ന മീനിന്റെ ചിത്രം
മറികടന്ന ഉടനെ
പ്രദർശനം നടക്കുന്ന ഹാളിനെ
വെള്ളം കൊണ്ട് നിറയ്ക്കുവാനുള്ള തിരക്കിലാണ്
നീയും
നീ കൊണ്ടുനടക്കുന്ന
നിറമുള്ള മീനുകളും

വെള്ളം വീണ്
മീനുകളുടെ നിറം
ഇളകി പടർന്ന് തുടങ്ങിയിട്ടുണ്ട്
പ്രദർശനം നടക്കുന്ന
ഹാളാകേ

പ്രദർശനം കാണാനെത്തുന്നവർ
ചുവരിലെ ചിത്രങ്ങൾ
നിറയുന്ന വെള്ളത്തിനൊപ്പം
മീനുകൾക്കൊപ്പം പൊങ്ങി
നീന്തി നിരങ്ങിത്തുടങ്ങിയിട്ടുണ്ട്

മീനിപ്പോൾ
വെള്ളമെന്ന ചുവരിൽ തൂക്കാവുന്ന
ചിത്രം

നീയോ
ഒരു മീനിന്റെ മൂക്കുത്തി
നോക്കി നോക്കി
ക്ലാസിക്കൾ ചിത്രത്തിൽ നിന്നും കട്ടെടുക്കുന്ന
പൂച്ചക്കണ്ണുള്ള
ഒരുത്തിയും

വളരെ വേഗം
നിധിയെന്ന
വാക്കുകൊണ്ട്
കൊള്ളയടിയ്ക്കാവുന്ന
ഒന്നായിരിയിക്കുന്നു
നീ

മൂക്കറ്റം വെള്ളത്തിൽ
അതിനൊപ്പം പൊങ്ങാനാവാത്ത
വിധത്തിൽ
കൊള്ളയടിക്കപ്പെടേണ്ട നിധി
നീയായിരുന്നു
എന്ന് രണ്ടുചുണ്ടുകൾ 
അടക്കം പറയുന്ന ചിത്രത്തിന്
മുന്നിലാണ്
ഞാനിപ്പോൾ..

Friday, 9 November 2018

സൈലൻസറുടൽ

കാട് കൊണ്ട് കളഞ്ഞിട്ട് വരുന്ന
മരത്തിനെ കാണുന്നു.

കണ്ടെന്ന് നടിയ്ക്കുവാൻ
നടക്കുന്നതിനിടയിൽ ഒരു തൂവൽ
കിളി എന്ന നിലയിൽ കുടഞ്ഞിടുന്നു.

കാടെന്ന് വിളിച്ച്
ജീവിതത്തിലൂടെ നടന്ന
മനുഷ്യനാണ്

ഒരു കിളി വന്നു വിളിച്ചിട്ടും
ശലഭത്തിന്റെ മാത്രം ആതിഥേയത്വം
സ്വീകരിച്ചതോർമ്മയുണ്ട്..

കളയുവാനൊന്നുമില്ലെങ്കിലും
എന്നോ കാടിന്റെ നടപ്പുള്ള ഒരാളായതാണ്
അവളുടെ ചില ചലനങ്ങൾ മാത്രം
തർജ്ജമ ചെയ്ത്
മിടിപ്പുകളായിട്ടുണ്ട്.

അല്ലെങ്കിൽ
കളയുവാനൊരെളുപ്പത്തിന്
എന്നെങ്കിലും മരമോ
മനുഷ്യനോ ആയതാവാം

ഈയിടെയായി
നടക്കുമ്പോൾ
വല്ലാത്തൊരിരമ്പൽ

മൊത്തത്തിൽ
സൈലൻസർ പോലെ
ഉടൽ ഒന്ന് ചരിച്ച്
പണിഞ്ഞുവെയ്ക്കണം..

കാതീയം

കാത് കുത്തിയ വെളിച്ചത്തിൽ
ചാരിയിരിയ്ക്കുന്ന
ഒരാൾ

അയാൾക്ക്
ഇരുട്ടുകൊണ്ടുണ്ടാക്കിയ കാത്

അതിൽ
തൂക്കിയിട്ടിരിയ്ക്കുന്ന
സുഷിരത്തിന്റെ ഭാരം

അയാൾ
തൂക്കിയിടാവുന്ന
രണ്ടു കാതുകളുടെ തുരുത്ത്

കേട്ട
ഒരു കൂട്ടം പാട്ടുകളുടെ
ദ്വീപ്

അയാൾ,
അയാൾ വളർത്തുന്ന
മിന്നാമിന്നികളുടെ മാത്രം
വെളിച്ചം

ഇനിയും ഉറങ്ങിയിട്ടില്ല
എന്നോ വിഗ്രഹങ്ങൾ വകഞ്ഞ്
ബുദ്ധനെ തൊട്ടവിരലുകൾ

അന്ന് 
ബുദ്ധന് വന്ന പനിയുടെ ചൂട്
ഇന്ന് അയാൾക്ക് മാത്രം തൊടാവുന്ന
കൈയ്യകലത്തിലുള്ള മീൻ

ഇന്നത്തെ നാലാമത്തെ താരാട്ട്
വലത് കൈയ്യിലെ
കുഞ്ഞുവിരൽ മാത്രം
മീനിനെ തട്ടിമാറ്റി
അരികിലെ പനിയെ തട്ടിമാറ്റി
ഉറങ്ങാൻ
കിടന്നിരിയ്ക്കുന്നു...

Monday, 5 November 2018

സുഗന്ധസൂര്യൻ

സുഷിരമുണ്ടാക്കി കിഴക്ക്
കഴുത്തിലിട്ട് നടക്കുന്നവനെ
നിനക്കെന്തിനാണിത്രയും
കിഴക്കുകൾ..

തിരിച്ചുചോദിയ്ക്കരുത്
എനിക്കെന്തിനാണ് ഇത്രയും ദിക്കുകൾ?

ഒറ്റ ഉടലിൽ
എനിയ്ക്കെന്തിനാണ്
ഇത്രയും ഇടതുകൾ?

പലദിവസങ്ങളുടെ തൊലിയുണ്ടെങ്കിലും
നീയെനിയ്ക്ക്
രണ്ടുകണ്ണുകളിൽ ഇട്ടലിയിക്കുവാൻ
ഒരൊറ്റ സൂര്യമിഠായി

വായിക്കുക എന്നാൽ
കണ്ണുകളെ കത്തിയ്ക്കുക എന്നായിട്ടുണ്ട്
കുഞ്ഞുസൂര്യാ..

എഴുതുക എന്നാൽ
ബുദ്ധസാന്ദ്രത കൂടിയ
സന്ധ്യലായനിയിൽ
അതേ കണ്ണുകൾ വെള്ളമൊഴിച്ച്
കെടുത്തുക എന്നുമായിട്ടുണ്ട്
പ്രവർത്തികളുടെ സുഗന്ധമുള്ള
വിദ്ഗധസൂര്യാ!