Monday, 13 August 2018

വിശുദ്ധം

കുറച്ച് കൂടി വിശുദ്ധമാണ്
നരയിലേയ്ക്കുള്ള തീർത്ഥയാത്രകൾ

അതു കൊണ്ട്
നിന്റെ എന്ന വാക്ക്
എന്റെ പ്രാർത്ഥനകളിൽ
ഞാനുൾപ്പെടുത്തുന്നില്ല

ആരാണ് കൊതിക്കാത്തത്?

ആഗ്രഹങ്ങളുമായി
കെട്ടുപിണഞ്ഞ്,
മണ്ണുമായി
ഒട്ടും അകലമില്ലാത്ത
ഒരു വേരിന്റെ മരണം

അരികുകളിൽ
അകലങ്ങൾ കൊത്തിവച്ച്
അറ്റത്ത്,
വിലപിക്കുവാൻ ഒരു മരം
മുകളിൽ ഒരൊറ്റ കിളി

അതേ മരത്തിന്റെ ചിത,
അതിന്റെ കെടും മുമ്പുള്ള തണൽ

എരിയുന്ന വസന്തങ്ങൾക്കിടയിൽ
ശലഭാകൃതിയിൽ
പടർന്നുപിടിയ്ക്കുന്ന
തീയുടെ മാത്രം പൂന്തോട്ടം..

വിനിമയം ചെയ്യപ്പെടുകയാണ്
സമയം
ഇരിയ്ക്കുന്ന തുമ്പിയ്ക്കും
അതേ തുമ്പിയിലെ നിശ്ചലത
അതിന്റെ തന്നെ
അഭയാർത്ഥികളാവും വിധം

കേൾക്കുന്നുണ്ടോ
വിരിയുന്ന വിധം
മിടിയ്ക്കുന്നുണ്ട്
ഉള്ളിന്റെ ഉള്ളിൽ
ഒരു മിഴാവിന്റെ മൊട്ട്..

ഴജ

പതിനെട്ടാം നൂറ്റാണ്ടിൽ
എന്നോപെയ്ത
രണ്ട് മഴകൾ
അന്നു പങ്കുവെച്ച
നാലു രഹസ്യങ്ങളിൽ
ഒന്നായിരുന്നു ഴജ

അന്ന്
അക്കങ്ങളായിരുന്നു
രഹസ്യങ്ങളുടെ
കൂട്ടിരിപ്പുകാർ

കൂടുതൽ രഹസ്യങ്ങൾ
സൂക്ഷിച്ചിരുന്നതിനാൽ
അന്ന്
നാലിനേക്കാൾ
വല്യസംഖ്യയായിരുന്നു
മൂന്ന്

കാലം കൊണ്ട് പോലും
അത്ര പഴക്കമുള്ളതായിരുന്നില്ല
പതിനെട്ടാം നൂറ്റാണ്ട്

എന്നിട്ടും
സൂക്ഷിച്ചിരുന്ന
രഹസ്യങ്ങളുടെ പഴക്കം കൊണ്ട്
പതിനെട്ടാം നൂറ്റാണ്ട്
അതിന് മുമ്പുള്ള നൂറ്റാണ്ടുകളേക്കാൾ
പഴകികൊണ്ടേയിരുന്നു

അന്നത്തെ
അഞ്ചിതളുള്ള പൂക്കളിൽ
ആറും
രഹസ്യങ്ങളായിരുന്നു

കേസരങ്ങൾ ചാരൻമാരും

അന്ന്
എന്നത്
സാധാരണക്കാർക്ക്
ഒരിക്കലും
ആരും കാണാനാവാത്ത
തീയതികളിൽ പൊതിഞ്ഞ
ഒരക്കവും

ഒന്നാമത്തെ രഹസ്യം
തിരഞ്ഞാണ്
അന്ന് പാതി പെയ്ത മഴ
ഇന്നും
തോരാൻ മറന്ന്
വന്നുപോകുന്നത്...

ഇന്നും
ഒരു പാതി കൊണ്ട് തോരാനും
മറു പാതി കൊണ്ട് പെയ്യാനും
മറന്നു പോകുന്ന
തുള്ളികളിൽ ഓരോന്നിലും
ഏകാന്തതയുടെ
നിറച്ച മഴ
അന്നത്തെ വെറുമൊരു രഹസ്യമാകുന്നു

ഇനിയും കെട്ടിട്ടില്ലാത്ത
മഴയുടെ ചിത

ചുറ്റും കൂടി നിൽക്കുന്ന
അതേ മഴയുടെ തോർച്ചകൾ

2

രണ്ടാമത്തെ രഹസ്യം
തിരഞ്ഞ് പോയത്
മൊട്ടുകളുള്ള കാലം വരെയും
പൂക്കളായത്

വിരിയുന്ന
വിരിയുന്ന
പൂക്കൾ മൊട്ടിലേയ്ക്ക്
അവയുടെ
രഹസ്യങ്ങൾ കൈമാറി വന്നു

കാറ്റ് വന്ന്
വിടർത്തി നോക്കുമ്പോൾ
വിരിയുന്നതായി മാത്രം
അഭിനയിച്ചു പൊലിപ്പിച്ചിരുന്നു
പൂക്കൾ

അന്ന് വസന്തത്തിനിത്രയും
പൂക്കളില്ല
നാൽപ്പത്തിയൊമ്പത് പൂക്കളുള്ള
വസന്തവും
അമ്പത് തുള്ളികൾ മാത്രം
പെയ്യുന്ന മഴയും

അന്നത്തെ ഗ്രാമത്തിലെ
ഇന്ന് ജീവിച്ചിരിയ്ക്കുന്ന
പെൺകുട്ടി

ഇനിയും കണ്ടുപിടിയ്ക്കാത്ത
രഹസ്യങ്ങളെല്ലാം
ഒരു കവിതയിലും
എഴുതാനാവാത്ത വിധം
വെറും രണ്ടക്ഷരങ്ങളിൽ
അവളാകുന്നു...

Saturday, 11 August 2018

വിരൽ കലാപങ്ങൾ

പൂവിൽ നിന്ന്
നൃത്തത്തിലേയ്ക്ക് നടന്ന്
നൃത്തത്തിന്റെ ആകൃതിയിൽ
ഇറങ്ങിപ്പോകുന്നു

ഇടയ്ക്കിടയ്ക്ക്
വിരിയാൻ വേണ്ടിമാത്രം
നിർത്തി കൊടുക്കുന്ന
തീവണ്ടിയുടെ മൊട്ട്...

ഓരോ സ്റ്റേഷനും
വീട്ടുമുറ്റത്തെ
മോഷണം പോയ തീവണ്ടിച്ചെടികൾ
നട്ടുവളത്തിയ
പൂന്തോട്ടത്തിലെ
ചെടിച്ചെട്ടിയാവുന്നു

മുഴങ്ങുന്ന കറുത്തശബ്ദം
തേച്ചുകഴുകി കൊണ്ടുതൂക്കിയിട്ട
മുറ്റത്തെ
കാക്കമണികൾ...

വഴികൾക്കായ് 
ഒഴിച്ചിട്ടിരിയ്ക്കുന്ന  ഇടങ്ങളിൽ
വീടുകൾക്കിടയിൽ
നീറുകൾ കയറിപ്പോകുന്ന
വളർത്തുമഴ

ഇനി
തടയുവാനാകില്ല
ഒരു കൈകൾക്കും തടുക്കുവാനുമാകില്ല..

വരൂ
താളത്തിലെങ്കിലും
എന്നിൽ നിന്നും അഴിച്ചുകൊണ്ടുപോകൂ
ഈ വിരൽ കലാപങ്ങൾ!

Friday, 3 August 2018

പാട്ടും കാടും

കാട് വാടകയ്ക്ക് കൊടുക്കുന്ന
നിന്റെ വീട്ടിനടുത്തുള്ള
കിളിമരം

ഉലഞ്ഞുലഞ്ഞ്
നിന്നേ കേൾക്കാനായി മാത്രം
എന്നെ വാടകയ്ക്ക് എടുത്തിരിയ്ക്കുന്ന
ഒരു മുതലാളിയാവുകയാണ്
നിന്റെ വീട്ടിലെ ഓരോ പാട്ടും.

പാട്ടുകഴിഞ്ഞാൽ
പാട്ട്,
ഉള്ളിൽ നിന്നും
പുറത്തുവന്നു പൂക്കുന്ന
പൂവാക

ഓരോ പൂവും
നമ്മുടെ ഉടലുകൾ
വാടകയ്ക്ക് കൊടുക്കുന്ന
പാട്ടുകളുടെ
കാടാകുന്നു

പൂന്തോട്ടത്തിന്റെയും
വസന്തത്തിന്റേയും
ഉറവകഴിഞ്ഞാൽ
ദ്രാവിഡഭാവങ്ങൾ ഉറവയിൽ
വീണ്ടെടുക്കുന്ന
നീ
ഒരു ഞാൻ നദി

നമ്മൾ രണ്ട് കിളിയരഞ്ഞാണങ്ങൾ

കേട്ടു കഴിഞ്ഞാൽ
പാട്ട് രണ്ടാകുന്നു
അപ്പോൾ നമ്മൾ
അകം കൊണ്ട്
ഓരോ മൺത്തരികൾക്കിടയിലും
അകലം ചുമന്നുകൊണ്ടിടുന്ന
രണ്ടുറുമ്പുകൾ

പാട്ടുകഴിഞ്ഞ
നമ്മുടെ ചുണ്ടുകൾ
ചന്ദ്രനിൽ കൊത്തുപണികൾ
ചെയ്യുന്ന ചാന്ദ്രസംഗീതം

കേട്ടുകഴിഞ്ഞ പാട്ട്
ഉടലിൽ പവിഴമല്ലികളിൽ
പണിയുന്ന
കപ്പൽച്ചാലിന്റെ
രണ്ടുടമസ്ഥർ

കേട്ടു കഴിഞ്ഞിട്ടും
പാട്ട് കഴിയുന്നില്ല
അത് നിറങ്ങളുടെ
കൊത്തുപണികൾ ചെയ്ത
ശലഭത്തിന്റെ
പിറകിൽ തുറക്കാവുന്ന
സിബ്ബായി
പാതിതുറന്ന് കിടന്നുറങ്ങുന്നു...

ഇവിടെ
നിറങ്ങൾ
രണ്ടരയന്നങ്ങൾ

പാട്ടു മറക്കുവാൻ
പല നിറങ്ങളിൽ
പരിശീലിക്കുന്നത്!

Thursday, 2 August 2018

ബാർക്കോഡുകളുടെ ദൈവം

വെച്ചതും വെയ്ക്കാത്തതുമായ
നൃത്തത്തിന്റെ അടുത്തുകിടക്കുന്നു.
ചുവടുകൾ ഒലിച്ചിറങ്ങുന്ന
കാലുകൾ

ഉടൽ,
ചലനങ്ങളുടെ
വറ്റലായിരിക്കുന്നു

ഇറ്റുന്നതെല്ലാം
ഇന്നലെ കണ്ട
മരത്തിന്റെ ചില്ലകളാവുന്നു

ചുവരിൽ പ്രത്യക്ഷപ്പെടുന്ന
ഇറ്റിനിൽക്കുന്ന
ജാലകം

വാതിൽ
ഒരു കൈകേയി മുറിവായിരിയ്ക്കുന്നു

എല്ലിന്റെ അറ്റത്ത്
ഒച്ച കുറച്ച് വെളുപ്പും
കറുപ്പ് കൂട്ടി
രാത്രിയും ഇട്ടിരിയ്ക്കുന്ന ഒപ്പ്

വളകളിൽ കൂടുകൂട്ടുന്നതിനിടയ്ക്ക്
കണ്ടുകാണില്ല,
കിളികൾ

വീണ്ടും നൃത്തം പഠിപ്പിച്ച്
ഒരുടലുണ്ടാക്കി തരാമെന്ന്
വാക്ക് കൊടുത്ത
വിരലുകൾക്കൊപ്പമാണ്
യാത്ര

കേൾക്കാം
ഇറ്റുവീഴുന്ന
മഴത്തുള്ളി രണ്ടിലകളുടെ ജാരനാകുന്ന
ഒച്ച

ചത്തുപൊന്തിയതാവും
നടന്നുപോകുമ്പോൾ,
മീനിന്റെ കണ്ണുകൾ
ജലം ഊരിയിട്ട ചെരുപ്പുകളാവുന്നിടത്ത് വെച്ച്

ബാർകോഡുകളുടെ
ദൈവമായിരിയ്ക്കുന്നു ജീവിതം
വിലയിടാൻ മാത്രം
കാണുന്നിടത്തൊക്കെ വെച്ച്
ഇനി
സ്കാൻ ചെയ്യപ്പെടുമായിരിയ്ക്കും..

Wednesday, 25 July 2018

ജീവിതമാകുന്നത്

ഇന്നാണത്
ശ്രദ്ധിച്ചത്

ഇന്നലെത്തെ ചന്ദ്രന്റെ
പകുതിവലിപ്പമേയുള്ളു
ഇന്നത്തെ ചന്ദ്രൻ

എന്നുകരുതി
ചന്ദ്രന്റെ മുമ്പിൽ
പതിവായി ഒഴിച്ചുവെയ്ക്കാറുള്ള
പതവരുന്ന
ആകാശത്തിന്റെ അളവൊട്ടു
കുറഞ്ഞിട്ടുമില്ല

ദ്രവീകരിക്കപ്പെടുന്ന
ആകാശം പണ്ട്
കൃഷ്ണനാകുന്നുണ്ടായിരുന്നു,
അതും
നീലനിറത്തിന്റെ
ചാറുള്ള കൃഷ്ണൻ

ഇപ്പോ അറിയില്ല
ആരുടെ അസ്ഥികൂടമാണോ ആകാശം

കൃത്യമായാണ്
നോക്കിയത്
ആകാശത്തിന്റെ അളവും തൂക്കവും

അതും സ്വന്തം കണ്ണുകൾ കൊണ്ട്

അതിലേയ്ക്ക്
കണ്ണുകൾ രണ്ടും
അത്രയും സാവകാശം ചരിച്ച്
തുലാസിന്റെ തട്ടുകളാക്കുകയായിരുന്നു

തട്ടിയായി
എടുത്ത് വെച്ചത് മാത്രം
ശരീരത്തിന്റെ
സ്വന്തം ഭാരം

അപ്പോഴാണ് അറിഞ്ഞത്
പരിക്രമണത്തിന് ശേഷം
ചന്ദ്രന്റെ പരിവൃത്തിയിൽ വരുന്ന മാറ്റങ്ങൾക്കപ്പുറം,
ഇടയ്ക്കുള്ള ചില ദിവസങ്ങളിലും
ഇതേപോലെ
കൃത്രിമം നടക്കാറുണ്ട്

പല ദിവസങ്ങളും
തലേന്നിന്റെ പകുതിമാത്രമുള്ളവ

ചിലത്
തിരിച്ചറിയാതിരിയ്ക്കുവാൻ
വെളിച്ചവും
പകലും ചേർത്ത്
പൂർത്തിയാക്കിയവ

ഇടയ്ക്ക് പൂർണ്ണമായി തന്നെ
പുലരാതെ പോയ,
രാത്രിപോലെ
കാണാതെ പോയ ദിനങ്ങൾ

പിടിച്ചുനിൽക്കുന്നതെല്ലാം
മരങ്ങളും
വള്ളികളും
വളളിച്ചെടികളുമാകുന്നിടത്ത്,
ഓടിരക്ഷപെടാൻ ശ്രമിയ്ക്കുന്നവയെല്ലാം
മനുഷ്യരും
മറ്റുജീവജാലങ്ങളുമാകുന്നിടത്ത്
അങ്ങനെ വിട്ടുകൊടുക്കാൻ
തയ്യാറായിരുന്നില്ല...

മറന്നുപോയതാണ്,
എല്ലാ അന്യായങ്ങൾക്കുമെതിരെ
സമയത്തിന് കൊടുത്ത പരാതി
ഇരുചെവിയറിയാതെ
ജീവിതമാകുകയായിരുന്നു...

Tuesday, 24 July 2018

ശബ്ദം ബ്രാക്കറ്റിലിട്ട ഒന്ന്

ഒരു പ്രാവിനെ മീട്ടിയിരിയ്ക്കുന്നു
പ്രാവ് പലവട്ടം തലയാട്ടി
പ്രാവല്ല എന്ന്
സമ്മതിയ്ക്കും വരെ

അതുവരെ
പ്രാവിനെ അനുസ്മരിപ്പിച്ച്,
തോരുന്ന മഴ തോളിലിട്ട്
കാത്തുനിന്ന് മടുത്ത്
കയറുന്ന വാതിൽ
തോർത്തിനെ പോലെ എടുത്തുകുടഞ്ഞ്
ഒരു പ്രൈവറ്റ് ബസ്സിനെ എടുത്തുടുത്ത്
നടന്നുപോകുന്നു

വേദന എന്ന ബസ്സ്

വേദന എന്ന് പേരുള്ള
പൂച്ചകുഞ്ഞ്

അതിന്റെ കണ്ണുകൾ
രണ്ട് മുലഞ്ഞെട്ടുകൾ

അത് 
എന്റെ ദുഃഖങ്ങൾക്ക്
സ്വകാര്യമായി പാലൂട്ടുന്നു

പേരല്ലാത്തപ്പോൾ
പൂച്ചക്കുട്ടിയ്ക്ക് പുറത്ത്
വേദന
ഒരാധാർ കാർഡാണ്
അത്
ഒരുവിധം എല്ലാകോശങ്ങളുമായും
ബന്ധിച്ചിരിയ്ക്കുന്നു

പൂച്ചയുടെ കണ്ണുകളേക്കാൾ
സ്വതന്ത്ര്യമായി ഒന്നുമില്ല
അത് കാണുന്ന കാഴ്ച്ചകളിൽ നിന്നുപോലും
സ്വതന്ത്രൻ

ആകാശം വായിച്ചുമടക്കിവെച്ച
ഇലകളെ പോലെ
ഒറ്റഞെട്ടുകളിൽ മാത്രം
ശിശിരങ്ങളിൽ കാറ്റുവന്ന് വിളിയ്ക്കും വരെ
ഉയരങ്ങളിൽ
ബന്ധിതൻ

ആകാശത്തിന്റെ എത്രാമത്തെ
സ്വാതന്ത്ര്യമായിരിയ്ക്കും
മരം ഇന്നുവായിക്കുന്ന അധ്യായം

ബസ്സിൽ വെച്ചിരിയ്ക്കുന്ന പാട്ട്
ബസ്സിന് പുറത്ത്
മരത്തിന്റെ ഉയരമാവുന്നു
അകത്ത് പൂച്ചകുഞ്ഞിന്റെ മയക്കവും

പൂച്ചകുഞ്ഞിനെ
തട്ടിയുണർത്തുവാൻ
വിരലുകൾ വേണം

ഉയരത്തിൽ
വിരലുകൾ തട്ടിയുണർത്തുമ്പോഴും
കൊഴിഞ്ഞ ഇലതൂകലുകളിൽ
വിതുമ്പി വീഴുമ്പോഴും
മരത്തിന്റെ അടിത്തട്ടിൽ
നിന്നും
വേരുകൾ
ആഴത്തിൽ പൂർത്തിയാക്കുന്ന
വിരൽ മെടഞ്ഞുണ്ടാക്കുന്ന ശബ്ദം

ഭ്രാന്തിന്റെ മൃദംഗമേ
അമ്മ രൂപത്തിൽ
കാണപ്പെടുന്ന
പരിശുദ്ധമായ (ശബ്ദത്തിന്റെ)
മുലപ്പാലാകുന്നു നീ
നിന്റെ മടിയിൽ നിന്നും
നിനക്കെന്നേ
ഒരിക്കലും ഒഴിവാക്കുവാനായേക്കില്ല..

Saturday, 14 July 2018

തണുപ്പ്

നിന്റെ അസ്ഥികൂടത്തിലെ
ഏറ്റവും ഏകാന്തമായ
ഒരസ്ഥിയുടെ
തണുപ്പാണ് ഞാൻ

അതിനോട്
അത്രയും പറ്റിച്ചേർന്നുകിടന്ന്
ഒരു പക്ഷേ മജ്ജയോളം
അല്ലെങ്കിൽ പുരാതനമായ
മാംസത്തോളം
ഇഴകിചേർന്ന് കിടന്ന്
അതിന്റെ വെളുപ്പിന്
അതിന്റെ മങ്ങിത്തുടങ്ങിയ
വെളുപ്പിന്
ഒരു കഥ പറഞ്ഞുകൊടുക്കുകയാണ്
എന്റെ ചുണ്ടിന്റെ
പണ്ട് ഉമ്മവെച്ചുറക്കിയ
ഗോത്രക്കറുപ്പ്.

നമ്മൾ
നേരം വെളുത്തിട്ടും
കെടാൻ മറന്നുപോയ
കഥകളുടെ,
തീ പിടിച്ച രണ്ടു ചിതകൾ..

ഇടം

പകൽ തീരെ ഇടമുണ്ടായിരുന്നില്ല

രാത്രിയിലേയ്ക്ക് നീക്കിവെച്ചതിൽ
ജീവിതവും
ഒരു കാക്കയും 
ഒരിത്തിരി കറുപ്പും

കറുപ്പ് ഇരുട്ടായി പിടിച്ചുനിന്നു
ചേക്കേറാൻ മറന്ന കാക്കയും
ജീവിതവും
ബാക്കിയായി

പതിവായി വരുന്നത്
മൂന്ന് നാല് മിന്നാമിന്നികൾ
ഒരു രാത്രിയും പാകമാകാത്തത്

പലതും
ഇടമില്ലാത്തത് കൊണ്ട്
വെളിച്ചം പോലും അണച്ചുപിടിച്ചത്

ഇന്ന് അഞ്ചാമതൊരണ്ണം വന്നു
അതും സ്വന്തം
വെളിച്ചവുമായി

രാത്രിയ്ക്കും അതിന്റെ
വെളിച്ചത്തിനും ഇടയിൽ ഇറുകുന്ന
അതിന്റെ ശരീരം
ഒപ്പം
എന്റെ ഉപമയും

എനിയ്ക്കും
പാകമാകുന്നില്ല
ഒരു നോവും

കൂടെ നിന്ന് വിരിഞ്ഞ
പൂവിനെ മാത്രമെടുത്ത്

യൗവ്വനം
നരയിൽ പൊതിഞ്ഞ്
കൊണ്ടുകളയാനൊരുങ്ങുന്നു

കൂടെ കാക്കയേയും
അതിന്റെ കറുപ്പിനേയും എടുക്കുന്നു

മാത്രമെന്ന മുകളിൽ
പറഞ്ഞ വാക്ക് പോലും
ഇപ്പോൾ
അധികപറ്റ്

ഒരു നാളത്തിന്റെ ആഴം
ഒരു  മെഴുകുതിരി ചുരുൾ
എരിയുന്തോറും ചുരുളുന്ന
തീ
വായിക്കുന്തോറും ചുരുളുന്ന പേജ്

ഇറങ്ങുമ്പോൾ
ലൈബ്രറിയുടെ ലായനി
കലക്കി ചുവരിലൊഴിക്കുന്നു

ചുവടുകൾ ഒരുപാടുണ്ട്
പലതും പുതിയത്
എന്നിട്ടും നടക്കുവാൻ
പഴയ ചുവടുകൾ തന്നെ
തിരഞ്ഞെടുക്കുന്നു

എതിരെ വരുന്നത്
സ്വന്തം ഭാരം,
ചുമന്നുകൊണ്ട് പോകുന്ന മഴ
വഴിതരുമായിരിക്കും...

Wednesday, 11 July 2018

നോട്ടം

ഒരു പഴകിയ
ചെമ്പരത്തിയുടെ വിരിയൽ
കടമെടുക്കുന്നു

കൈയ്യിലുണ്ട്
ഉദാസീനതയുടെ
ഞെട്ട്

മൊട്ടിനുള്ളിൽ ഭ്രാന്തും

ഇതളുകൾക്കകത്ത്
ചെമ്പരത്തിയ്ക്ക് പുറത്ത്
ബ്രാക്കറ്റിനുള്ളിൽ ഒരിത്തിരി
ചുവപ്പും വെച്ച്,

ഒരു നോട്ടം
പുറത്തേയ്ക്കിട്ട്
കാത്തിരിയ്ക്കുന്നു..

എന്നെങ്കിലും
അവളുടെ
കൈയ്യക്ഷരമാകുമായിരിയ്ക്കും..

Tuesday, 10 July 2018

ചരിവ്

മഴ,
സുഷിരങ്ങൾ
കൊണ്ടുവരുന്നു

ചോരുമെന്ന് ഉറപ്പിച്ച് മാത്രം,
ചാരിവെച്ച തുള്ളികൾ
കൊണ്ടുവരുന്നു..

പെയ്യുന്നതിന്
മുമ്പ്
തോർന്ന പോലെ,
ഒരാളിലേയ്ക്ക്
മഴ
ചരിഞ്ഞിരിയ്ക്കുന്നു..

Saturday, 7 July 2018

തൂവലുള്ള ജനൽ

ജനലിനരികിൽ
ഇരിക്കുകയായിരുന്നു

ജനലിനപ്പുറം
ആത്മഹത്യ ഒരു മൃഗമാണ്
മുറിയ്ക്കുള്ളിൽ
ഞാനൊരു മനുഷ്യനും

ജനലും മുറിയും
മുറിച്ചുകളഞ്ഞാൽ
മുകളിലെ വരിയിൽ
ഞാനൊരു മീനായേക്കാം

ജനലിനപ്പുറം ശൂന്യത
ജനലിനിപ്പുറവും ശൂന്യത
കൂടെ ഒരിറ്റ് ആഴവും

പക്ഷേ അത് ഞാൻ
ജനലിൽ നിന്നും
നിൽക്കുന്ന മുറിയിൽ നിന്നും
മറച്ചുവെച്ചിരിക്കുന്നു

ജനലിനരികിൽ നിന്നും
കളഞ്ഞുകിട്ടിയതാണ്
ഒരേയൊരു തൂവൽ

ഞാനെന്തിന് കളയണം?

വയലിനാണെന്ന് സങ്കൽപ്പിക്കുന്നു..

തിരിച്ചുവരുമ്പോൾ
വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിലെ
ഒരു പേജ് മാത്രം
പുഴയായിരിക്കുന്നു..

Monday, 2 July 2018

രണ്ടുദിവസം

രണ്ടുദിവസത്തേയ്ക്ക്
പൂവരശ്ശിന്റെ മരമായിരിയ്ക്കും,
എന്ന അറിയിപ്പ് കൊടുക്കുവാനാണ്
പോയത്

അവിടെ ചെല്ലുമ്പോൾ
ഇതിനോടകം തന്നെ
രണ്ടുദിവസം
ഒരൊറ്റ
മഹാഗണിമരമായി
മാറിയിരിക്കുന്നു

തിരിച്ച് പോകാനുള്ള വഴിയായിരിയ്ക്കുന്നു
അറിയിപ്പ്

ഇനി ബാക്കിയുള്ളത്
എവിടെയും അങ്ങിനെ
ഉപയോഗിക്കാതിരുന്ന
സൂക്ഷിക്കുക എന്ന വാക്കാണ്

അതിനെ പൂക്കളാക്കി
പൂവരശ്ശാകേണ്ട രണ്ടുദിവസത്തിന്റെ
ചോട്ടിലിട്ട്
തിരിച്ചുപോകുന്നു...

തുറന്നുകിടക്കുമായിരിയ്ക്കും
ബുദ്ധനിറങ്ങിപ്പോയ വീട്!

Saturday, 30 June 2018

നുകം

ഒരു നുകം
കുറച്ച് പഴക്കം ചെന്നത്
അതിന്റെ ഒരറ്റത്ത് മഴ
മറ്റേ അറ്റത്ത്
ആഴം

മഴയ്ക്കും
ആഴത്തിനും ഇടയിൽ
അയാൾ

നുകവും
ആഴവും
അയാളും
മഴ കൊണ്ടുള്ളത്

മഴയുടെ തോർച്ച മാത്രം
മണ്ണുകൊണ്ടുണ്ടാക്കിയത്

അയാളുടെ
ഉടൽ നിറയെ
എകാന്തത അച്ചുകുത്തിയ പാടുപോലെ
മഴത്തുള്ളികൾ

നൃത്തം കൊത്തിവെച്ചവ

അയാൾക്കും
നൃത്തത്തിനും ഇടയിൽ
ചിലച്ചുകൊണ്ട് പറന്നുപോകുന്ന
പക്ഷികൾ

അതും ഒന്നും കൊത്താത്തവ

അവയിലൊന്നും
നിലത്തു വീഴുന്നില്ല

എന്തൊരു നിശ്ശബ്ദതയാണ്
ഇല്ല എന്ന വാക്കുകൾക്ക്

ഇവിടെയൊന്നുമില്ല
എന്ന് പറഞ്ഞ്
പലതവണ
കൊട്ടിയടച്ച വാതിലുകൾ തന്നെ സാക്ഷി

ശരിയ്ക്കും
എല്ലാ വാതിലുകളും
ഒറ്റത്തവണ മാത്രം അടയുന്നവ
പിന്നെ നടക്കുന്നവയെല്ലാം
അതിന്റെ നഗ്നമായ അനുകരണങ്ങൾ

അപ്പോൾ കതകുകൾ
ഒരേസമയം
പുറത്തേയ്ക്ക് പോയ കാലുകളെ
വെറുതെ അനുഗമിക്കുന്നവ
അതേസമയം
അകത്തുള്ള കാലുകളെ
ശരിയ്ക്കും അനുകരിക്കുന്നവ

ഏത് സംഗീതവും
ഉണ്ടാവുന്നതിന് മുമ്പുള്ള
ആ ഒരു വല്ലാത്ത നിശ്ശബ്ദതയില്ലേ?

ഒരു കാലും ഇട്ടുനോക്കിയിട്ടില്ലാത്ത
കൊലുസ്സിന്റെ
പണി ആദ്യമുത്തിൽ തുടങ്ങി
മണി എന്ന് പേര്
മനസ്സിലിട്ട്
മനസ്സിലിട്ട് താലോലിച്ച്
തുടങ്ങുന്ന കാലം

അതേ..
പണ്ട് ഒരുവളുടെ മുടിയിലെ
നരയായിരുന്നയാൾ

അന്നവർ
വറ്റാത്ത
ഒരു കിണറിന്റെ
രണ്ടാഴങ്ങൾ

ഇപ്പോൾ
അയാൾ
തോർച്ച ഒഴിച്ചിട്ടിരിക്കുന്ന മഴ

മണ്ണിലിപ്പോൾ
അവർ
വെറും തിരശ്ശീനത മറന്ന
രണ്ടു കുരിശ്ശുകൾ

അയാളുടെ കവിളിലെ
നരയിലേയ്ക്ക്
കാലത്തിനിന്ന്
ഒരു തൊട്ടിവെള്ളം കോരിവെയ്ക്കേണ്ടതുണ്ടാവും...

Wednesday, 27 June 2018

നീക്കത്തിന്റെ ദൈവം

രണ്ടിടവകകളിലും
ഒഴിച്ചുവെയ്ക്കാവുന്ന പള്ളി

ദൈവമാണെന്ന്
മറന്ന്
ദൈവത്തിന്
പുറത്തിറങ്ങുന്ന ദൈവം

ദൈവം കാണാതെ പഠിക്കുന്ന
ദൈവത്തിന്റെ എഞ്ചുവടിയ്ക്കും
ഒരകിടിന്റെ കടമുള്ള പശുവിനും
ഇടയ്ക്ക്
കറവക്കാരന്റെ വീട്

തിരിച്ചിട്ടാൽ
ഏറ്റവും ലളിതമായ
ചെസ് ബോർഡാണ്
പശുവിന്റെ
അകിട്

നാലോ അഞ്ചോ കരുക്കൾ

കറക്കുമ്പോൾ
കറവക്കാരനും
കറക്കാത്തപ്പോൾ
വെറുമെരു ചെസ് കളിക്കാരനുമാകുന്ന
ഒരാൾ

രണ്ട് ദേവാലയങ്ങൾ
ഒരൊറ്റ മുറ്റം

കാത്തിരിപ്പ്
ഒരു നീക്കത്തിന്റെ
ദൈവം...

കരുക്കളുടെ നിറമെന്തായാലും
നമ്മൾ കാണുന്നതിനേക്കാൾ
ഇരുണ്ടതാണ്
അവിടെ കരുവാകാൻ
കാത്തിരിയ്ക്കുന്ന
ഒരു കറുത്തപൂച്ചയുടെ ലോകം

നേരത്തിന്റെ വെളുപ്പിലേയ്ക്ക്
എത്തണമെങ്കിൽ പോലും
അതിന് നടക്കേണ്ടിവരുന്ന
ശരാശരി ദൂരമാണ്
തൊലിപ്പുറത്തെ
കറുപ്പ്..

വഴിയെത്ര കഴിഞ്ഞാലും
വീടിനും മുറ്റത്തിനും ഇടയിൽ
നമ്മൾ നടക്കാത്ത
ഇടങ്ങളുണ്ട്
ഉറപ്പ്.

തിരക്കിന്റെ പുസ്തകം

ഇടവേളകൾ കൊണ്ട്
പൊതിയിട്ട പുസ്തകം

ഷൂട്ട് ചെയ്യുവാൻ
ഒന്നുമില്ലാത്തത് കൊണ്ട്
പാട്ടെഴുതി
കവിതയെന്ന് തിരുത്തി
സിനിമയെന്ന് പേരിട്ട്
വായിക്കുന്നതായി അഭിനയിക്കുന്നു

പഴയൊരു
കാത്തുനിൽപ്പിന്റേയും
മാറ്റിനിയുടേയും
അഭിനയത്തിന്റേയും
ലായനി

പാട്ടുവെച്ചുകെട്ടിയാൽ
എങ്ങോട്ടുവേണമെങ്കിലും
വളഞ്ഞുപോയേക്കാവുന്ന
തീവണ്ടികളുടെ
പേജുകളുടെ
ഒരു കൂട്ടം

നടന്നുപോകുമ്പോൾ
കടന്നുപോകുന്ന തീവണ്ടിയുടെ ജാലകത്തിൽ
കാൽതട്ടിവിഴുന്ന
ഒരു കുട്ടിയുടെ ചിത്രമുണ്ട്
മനസ്സിൽ

തൊട്ടാവാടിയുടെ ഇലകൾ
തൊട്ടുതൊട്ട്
മടക്കിയത്

തൽക്കാലം
നടക്കുന്നിടത്തൊക്കെ
പ്ലാസ്റ്റർ ഓഫ് പാരീസിൽ
ഒരു തിരക്ക് മാത്രം തീർക്കുന്നു..

Saturday, 23 June 2018

തിരിച്ചുവെയ്ക്കുന്നു

നീ കേട്ട ശേഷം
ഞാൻ ശബ്ദം കുറച്ചുവെയ്ക്കുന്ന
പാട്ട്

അല്ലെങ്കിൽ
നീ ഉറങ്ങിയ ശേഷം
അത്രയും സാവകാശം
ഞാൻ പിടിച്ചിട്ടേക്കാവുന്ന
പുതപ്പ്

എന്നിട്ടും
ഒന്നും ചെയ്യുവാനാകാത്ത
ക്രിയ പോലെ
അധികം വരുന്ന
ശേഷം എന്ന വാക്ക്.

ഇപ്പോഴും വരുന്നുണ്ടാവും
ആത്മഹത്യചെയ്ത ഒരാൾക്ക്
പ്രണയത്തിന്റെ മേൽവിലാസത്തിൽ
മരണശേഷം
ഏതോ പെൺകുട്ടി
എഴുതുന്ന കത്തുകൾ

അറിയാം
നേരം വെളുത്തുകഴിഞ്ഞാൽ
വീണ്ടും പൂക്കളുടെ കാക്കിയിട്ട
പോസ്റ്റുമാനായേക്കും
വാക്കുകൾ

തീരെ ശബ്ദമില്ലാതെ
തീരെ വെളിച്ചമില്ലാതെ
ഒരു മിന്നാമിന്നിയെ വായിച്ച്
രണ്ടുപേർ
തിരിച്ചുവെയ്ക്കുന്നു..

അതിഥി

ശലഭത്തിന്റെ
അതിഥിയായിരുന്നു ഇന്നലെ

പൂവിന്റെ ആകൃതിവേണമെന്ന്
വാശിപിടിച്ചില്ല

ഇടയ്ക്ക്
ഇന്നലെയെ
ഒഴിവാക്കിയിട്ടുണ്ട്
ചുവരിലെ ജാലകം

എല്ലായിടവും
താഴുകൾ പിടിച്ചുകിടക്കുന്ന വാതിലുകൾ

അതിനകത്താണ്
വസന്തത്തിന്റെ
പെയിൻറിംങുകൾ

ശ്രദ്ധിച്ചു
മുകളിലെ വരിയിൽ
നിറമെന്നോ
ചിത്രമെന്നോ തിരുത്തുവാൻ
പോയിട്ടില്ല
ഒരു ചുവരുകളും

അതിനറിയാമായിരിക്കും
ചിലവാക്കുകളിൽ മാത്രമുള്ള
നിശബ്ദമായ വേദനകൾ

അകത്തേയ്ക്ക് കയറിയില്ല
പുറത്തേയ്ക്ക് ഇറങ്ങണമെന്ന്
മാത്രം
വാശി പിടിച്ചു

ഇറങ്ങിയോ എന്ന്
ഉറപ്പില്ല

തല്ലിക്കൊഴിച്ച
പൂക്കളുടെ മൃതദേഹത്തിൽ
തട്ടിവീഴുന്ന
കാറ്റിനെ
രൂപമില്ലാതെ കണ്ടിരിയ്ക്കുന്നു..

നടത്തത്തിന്റെ കടം

നിനക്കൊരു ഉമ്മ തരുമ്പോൾ
കടൽ വീണ്ടും തുളുമ്പുന്നു
അപ്പോൾ നിന്റെ ചുണ്ടുകൾ
രണ്ട് മുക്കുവർ കയറിപ്പോയ
വഞ്ചികളാവുന്നു.

ആകെയുള്ള ഒറ്റമുറിയ്ക്കുള്ള
നീ പലവട്ടം ഓർമ്മിപ്പിച്ച
ചോർച്ച
ഞാൻ തിരഞ്ഞുപോകുന്നുണ്ട്

അപ്പോഴൊക്കെ
നമ്മൾ അടുത്തിരിയ്ക്കുമ്പോൾ
വീടിന് പുറത്തിറങ്ങി നിൽക്കുന്ന
മുറിയിലേയ്ക്ക്
ചോർച്ച തിരഞ്ഞ് ഞാൻ
നടക്കുന്നു

മഴ ഇപ്പോൾ നനയ്ക്കുന്നത്
നിന്നെയാണ്

നമ്മുടെ മുറിയിലെ ചോർച്ച
മറ്റൊരു വീടിന്റെ
വാരിയിലൂടെ ഇറ്റുന്നു
അതിറ്റുവീഴുന്ന
മണ്ണിന്റെ നോവ് നിന്നിലൂടെ
ഞാനറിഞ്ഞ് കിടക്കുന്നു

നമ്മുടെ വീടിനകത്ത് നിന്ന്
ജനലിലൂടെ
പുറത്തേയ്ക്ക് നോക്കുമ്പോ
മഴ കാണണം
കടല് കാണണം
എന്ന നിന്റെ ആഗ്രഹത്തിന്
എനിക്കറിയാം
എന്റെ ഉമ്മയോളം പഴക്കമുണ്ട്

അന്ന് ആ വരിയിൽ
നീ ഉപയോഗിച്ചിരുന്ന വാക്ക് പുരയെന്നായിരുന്നു
വർഷങ്ങൾ കൊണ്ട്
ഞാൻ പുതുക്കി പണിതതാണ്
അതിൽ വീടെന്ന വാക്ക്

ചില ചിത്രങ്ങൾക്ക് മാത്രമേ
വീട് പൂർത്തിയാക്കുവാനാവൂ
എന്നത് അന്നും നിന്നോട് പറയാൻ മടിച്ച കവിതയിലെ
വരികളായിരുന്നു

നിന്റെ നെറ്റിയിലെ പൊട്ട്
പല വെട്ടം
എന്നിൽ
അസ്തമിച്ച സൂര്യനായി കഴിഞ്ഞിരിക്കുന്നു

വിയർപ്പിനും
ഇരുട്ടിനും ഇടയിലെ മൂക്കുത്തി
പലവട്ടം
കൊളുത്തിയ റാന്തലും

ഇനി എണീക്കുമ്പോൾ
എനിക്കൊരു നടത്തത്തിന്റെ
കൂടി കടമുണ്ടാവും.

Friday, 22 June 2018

രാ ഉടൽ

തുടക്കമന്വേഷിച്ചു നടക്കും,
ഓരോ നിമിഷത്തിന്റേയും
കടന്നുപോകും
ഓരോ കവിതയുടേയും
ഇര

എന്നിട്ടും കാടായിട്ടില്ല
ചുറ്റും നുള്ളിയിട്ട കാലടികൾ
ഉടലാകെ തേൻകൂട്

എന്നും
സൂര്യന് ഉദിക്കുവാൻ
വെളിച്ചം ഒഴിച്ചിട്ട കിഴക്ക്

എന്നിട്ടും കടൽ താഴെയിട്ട്
പിടയ്ക്കും
മീനിനെപ്പോലെ പടിഞ്ഞാറിന്റെ
ഉടൽപരിസരങ്ങൾ

ഒരു വശം
മൈദപ്പശ
മറുവശം
മതിലിനുമിടയിൽ
ഏത് നിമിഷവും
മനുഷ്യരുടെ ഇടയിൽ
ഒട്ടിയ്ക്കപ്പെടാവുന്ന
പോസ്റ്ററിന്റെ നിസ്സഹായത.

അയാളിൽ നിന്നിറങ്ങി
വെളിച്ചത്തിന്റെ ഓട്ടോറിക്ഷയ്ക്ക്
കൈകാണിക്കുന്നു
ഒരാന്തരീക കുരിശ്ശ്

മുന്നിൽ
മുറിവിന്റെ മണമുള്ള
മനുഷ്യഭിത്തികെട്ടിയ
ഒരുടൻ കടൽ
പിന്നിൽ അയാൾ
അതേ മനുഷ്യൻ.

Thursday, 21 June 2018

ധ്യാനത്തിന്റെ കടക്കാരൻ

ബുദ്ധൻ വെച്ച
നൃത്തത്തിന്റെ ചോട്ടിലിരിക്കുന്നു
ധ്യാനത്തിന്റെ കടക്കാരൻ

അരികിൽ
വെള്ളച്ചാട്ടത്തിന്റെ ഉടലും
വെള്ളത്തിന്റെ ചുവടുമുള്ള
സന്ന്യാസി

ഒരൽപ്പം ചെരിവുണ്ടായിരുന്നു
ആർക്കെന്ന ചോദ്യത്തിന്

ചെരിവ് പിടിച്ച്,
നിവർത്തിവെച്ച്
ഒരു ഘടികാരം കടത്തികൊണ്ടുപോകുന്ന
രണ്ടുപേർ

ആർക്കോ
വഴികൊടുക്കുന്നത് പോലെ  
അവർ രണ്ടുപേരും
പൊടുന്നനെ
പേരിന്റെ
ഒരു വശത്തേയ്ക്ക് നീങ്ങിനിൽക്കുന്നു

അവർ കയറിയിരുന്നെങ്കിൽ
ഒരു വശത്തേയ്ക്ക്
ചരിയുമായിരുന്ന
വള്ളം

അവരിൽനിന്നും അകന്ന്
അത്രത്തോളം അകലത്തിൽ
അവരുടെ പേരുകൾ

വള്ളത്തിന്
ഒരു സന്ന്യാസിയാകാമെങ്കിൽ
അത് ഇപ്പോൾ
ബുദ്ധനാണ്

വഴികിട്ടിയമാതിരി
ഭാരത്തിന്റെ കട്ടി ഉൾപ്പെടെ
ഒരു ത്രാസ് കടത്തികൊണ്ട് പോകുന്ന
ഒരു കൂട്ടം ആൾക്കാർ

ഉയരങ്ങളിൽ
ഉയരത്തിന്റെ അരികുകൊണ്ട് മുറിഞ്ഞ-
നിലയിൽ
ബുദ്ധൻ,
ധ്യാനത്തിന്റെ കടക്കാരൻ..