Skip to main content

Posts

Showing posts from September, 2017

കവിത എന്ന നായ

വാക്കുകളുടെ പാർക്കിലിരിക്കുകയായിരുന്നു ഞാനെന്ന അവസാന വാക്ക് അണഞ്ഞു കഴിഞ്ഞു തിരിഞ്ഞുനോട്ടം എന്ന ഏറ്റവും അടുത്തുള്ള വിളക്ക് മരവും ഇനി പുറത്തിറങ്ങാൻ ഞാനും അപകർഷതാബോധമുണ്ടെന്ന് തോന്നിക്കുന്ന ആരുടേതുമല്ലാത്ത മരണവും പാർക്കിന്റെ വൃദ്ധനായ കാവൽക്കാരൻ ആർക്കും വരാത്ത ഒരു രോഗം കൃത്യമായിപ്പറഞ്ഞാൽ അയാൾ, പുറത്താക്കിയ ഇടങ്ങളുടെയൊക്കെ കാവൽക്കാരൻ ഇനി പുറത്താക്കാനുള്ള ഒരേയൊരിടം എന്ന നിലയിൽ എന്റെ ഉടലിന്റെ കാവൽക്കാരൻ അയാളുടെ പേരില്ലാത്ത വയസ്സൻനായ എന്റെ കവിത!

ഫലിതമെന്ന നിലയിൽ ഒരാൾ

അയാൾ എന്ന തീയതി വെച്ച് കാലത്തിന്റെ ബാലൻസ്ഷീറ്റെടുത്ത് നിലവിലില്ലാത്ത അകലത്തിലേയ്ക്ക് തിരിച്ചുപോകേണ്ട ഒരാൾ കടലാസ് പോലെ മടങ്ങിപോകുന്നതിന് മുമ്പ് നിലാവിന്റെ ഒരു കുറ്റിയിലേയ്ക്ക് അയാളുടെ വിലയില്ലാത്ത സ്വകാര്യഭ്രാന്തിനെ ചങ്ങലയുടെ കിലുക്കമില്ലാതെ മാറ്റിക്കെട്ടാൻ ശ്രമിയ്ക്കുന്നു മരിച്ചു കഴിഞ്ഞാൽ മാത്രം ഒരു ചടങ്ങായി കവിത ആചരിയ്ക്കേണ്ട ഗോത്രത്തിൽ ജനിച്ച അയാൾ മരിയ്ക്കുന്നതിന് മുമ്പ് കവിതയനുഷ്ഠിച്ച തെറ്റിനാവും ഗോത്രത്തിൽ നിന്നും പുറത്താക്കപ്പെടുന്നു ആർക്കും വേണ്ടാത്ത ഒരാളെ തളച്ച് സ്വന്തമാക്കാൻ ശ്രമിയ്ക്കുന്ന ഇരുട്ട് പോലെ അയാളെ മാത്രം പൊതിഞ്ഞു പിടിച്ചു അയാളുടെ ഓർമ്മയിൽ പെയ്യുന്ന മഴ കാറ്റടിച്ചു മറിച്ച സുഷിരങ്ങൾ മാത്രമുള്ള കലണ്ടറിൽ ഒരു ഓടക്കുഴലാഴ്ച്ചയുടെ താഴ്ച്ചയിലേയ്ക്ക് അതിനിടയിൽ അറിയാതെ വീണു പോകുന്ന അയാൾ വീഴുവാൻ ഒരാഴം പോലും വേണ്ടാത്ത ഒരാൾക്ക് പിടിച്ചു പനിച്ചുകിടക്കുവാൻ ദിവസങ്ങളുടെ വള്ളിപ്പടർപ്പെന്തിന്? അതാവും എഴുതിയ പുസ്തകത്തിന്റെ മൂലയിൽ വാക്കുകളിൽ വരികളോളം കാത്തിരുന്നു ക്ഷീണിച്ച ചിലന്തിയ്ക്ക് വലകെട്ടുവാൻ മാത്രമായി ഒരു ഫലിതം അയാൾ സ്വപ്നത്തിൽ കാണ

അപ്പൂപ്പന്താടി ഡോക്ടർ

ശരിയ്ക്കും രോഗികളാണ് വേരുകൾ അവർ മണ്ണിൽ മരിച്ചവരുടെ രോഗങ്ങൾക്ക് 'താമസിച്ചു' ചികിത്സിക്കുന്നു മരങ്ങൾ അതേ വേരുകളുടെ കൂട്ടിരിപ്പുകാർ ഓരോദിവസം കഴിയുന്തോറും ഓ പി വിഭാഗം ഒഴിവാക്കി ആശുപത്രിയാകുന്ന ആകാശം തീർത്തുപറയുവാനാകുന്നില്ല മേഘങ്ങൾ രോഗികളാണെന്ന് എങ്കിലും പെയ്യുന്തോറും ശലഭങ്ങളെ കിടത്തിചികിത്സിക്കാവുന്ന ആശുപത്രിയാവുന്ന തുള്ളികളുടെ കിടക്കകളുള്ള മഴ ഭൂമിയും ചികിത്സിയിലാണ് ഉണ്ടായകാലം മുതൽ അതും ഓർമ്മയിലെ സ്വന്തം ഭാരമില്ലായ്മയ്ക്ക് എന്നിട്ടും രോഗം മാറിയ കലണ്ടറായി ചുവരിൽ ഭ്രാന്താശുപത്രിയിലെ ഘടികാരം സങ്കടമതല്ല വൈദ്യുതിയായിട്ടു പോലും അവ സമയത്തിന് ഡിസ്ചാർജ് ചെയ്യപ്പെടുന്നില്ല ആരെയും തിരിച്ചറിയാതെയുണ്ട് കൂസാത്ത നിലാവ് തിരിച്ചറിയുന്നവരെ വെറും സത്രങ്ങളാക്കുന്നുണ്ട് ചില ദിവസങ്ങളിലെ രാത്രിയും കൂടെ പറക്കേണ്ടി വരുന്നുണ്ട് എങ്കിലും പറയാമല്ലോ സ്വന്തം ഭ്രാന്തിന് ചികിത്സിക്കുവാൻ ആകെയുള്ള ഒരു നല്ല ഡോക്ടറാണ് അപ്പൂപ്പന്താടി.....

വീട്

തിരിച്ചിട്ട മഴയാകുന്നു വീട് തിരിച്ചെടുക്കുമ്പോൾ ഇറ്റുവീഴുന്ന മഴച്ചുണ്ടുകൾ ഇറയത്ത് ചാരിയിരിയ്ക്കുന്ന ചുംബനങ്ങളിൽ അവശേഷിപ്പിക്കുന്ന ദന്തക്ഷതങ്ങൾ ഒരു നോക്ക് കൊണ്ട് ആലിംഗനങ്ങളിൽ നിന്നും ഉരുണ്ട് വീണ് ചുണ്ടും കണ്ണുകളുടെ മുറിവുമായി മാറിയിരിക്കുന്ന ഇമകളുള്ള വാക്കാവുന്നു വീട്....

പകൽ പിറന്നാ'ൾ'

ഒരു മെഴുതിരി കൊളുത്തി വെച്ച് സ്വയം ഊതിക്കെടുത്തി ഹാപ്പി ബർത്ത്ഡേ പറഞ്ഞിട്ടുണ്ടാവും അത്ര കൊച്ചുകുട്ടിയൊന്നുമല്ലല്ലോ നീ ഇരുട്ടത്തിരുന്ന് പൊട്ടിക്കരയാൻ എന്ന് ചോദിച്ചിട്ടുണ്ടാവും വെട്ടം കെട്ടുപോയ മെഴുകുതിരി സൂര്യന്റെ പിറന്നാള് 'തന്നെ'യാവും അന്ന്! പക്ഷേ എത്ര പേർക്കറിയാമായിരിയ്ക്കും ഒന്ന് വിങ്ങിപ്പൊട്ടാൻ പോലും ചുറ്റും ഇരുട്ടില്ലാത്തവന്റെ അലച്ചിലാണ് പകലെന്ന് ....

സംശയങ്ങളുടെ മേക്കപ്പ്മാൻ

തുടക്കം ഒരു സംശയത്തിലായിരുന്നു കടൽ ഒരു സിനിമാനടിയാണെന്നും സൂര്യൻ കടൽ കൊണ്ടുനടക്കുന്ന മേക്കപ്പ്മാനാണെന്നും മേക്കപ്പ് ചെയ്ത കടൽ അല്ലേ പകൽ എന്നും വേഷം മാറിയ ജലമാണോ വെയിൽ എന്നും സംശയം തുടർന്നുകൊണ്ടിരുന്നു അല്ലെങ്കിൽ വെയിൽ കാണുമ്പോൾ ജലം ഉണങ്ങുന്നതെന്തിന് ചിന്തിക്കാൻ പോയില്ല ചിന്തിക്കുന്നവർ മീനുകളാണെന്നും ചിന്തിക്കുവാനുള്ള സൗകര്യാർത്ഥം അവർ ജലത്തിൽ ഒളിച്ചുതാമസിക്കുകയാണെന്നും തോന്നിയിരുന്നു തോന്നലുകളെ സംശയമായി വളർത്തുവാനും പോയില്ല വേഷം മാറി മുക്കുവനായി മീൻ പിടിയ്ക്കുവാൻ പോകണമായിരുന്നു എന്നിട്ടും പിടിച്ചുകൊണ്ടുവരുന്ന മീനുകൾക്ക് അവൾ കണ്ണെഴുതി കൊടുക്കുന്നില്ലേ എന്നും സംശയിച്ചിരുന്നു ദൈവത്തിന് കുറച്ച് മേക്കപ്പിന്റെ കുറവില്ലേ? സത്യത്തിൽ ദൈവമുണ്ടോ? ശരിയ്ക്കും ഞാൻ ജീവിച്ചിരിയ്ക്കുന്നുണ്ടോ? മനുഷ്യനായി കാണപ്പെടുന്നുണ്ടെങ്കിലും കൊണ്ടുനടക്കുന്ന സംശയങ്ങളുടെ മേക്കപ്പ്മാനായിരിക്കുന്നു ഞാനിപ്പോൾ!

ജാഥയെ കുറിച്ച്

എത്ര ശക്തമായ വാക്കാണ് ജാഥ കഥയില്ലാത്തവരുടെ സ്വതന്ത്രജാഥകളാണ് കവിതകൾ ചിലപ്പോൾ വലത്തേയ്ക്കുള്ളവ ചിലപ്പോൾ ഇടത്തേയ്ക്ക് ഒരൽപ്പം ചരിവുള്ള സാഹിത്യത്തിലെ സമരരൂപം കവിതയെഴുതുമ്പോൾ ഒരു ജാഥയിൽ പങ്കെടുക്കുകയാണ് നൃത്തം വെയ്ക്കുന്ന മറ്റൊരാൾ ജാഥകൾ കാണാൻ തുറന്നു വെച്ചിരിക്കുന്ന കടകളാവുന്ന കവലകൾ അപ്പോൾ അവിടെ ഉയർന്ന അളവിൽ മുദ്രാവാക്യങ്ങൾ വാങ്ങി കുറഞ്ഞ ചെലവിൽ വിൽക്കപ്പെടുന്ന സമരങ്ങൾ 2 രൂപപ്പെടുന്ന ഒരലസത മഴയ്ക്കും മേഘത്തിനുമിടയിൽ കടന്നുപോകുന്നൊരു മന്ദാരം എവിടെയോ അഴിയുന്നൊരു കുടുക്ക് ജാഥയ്ക്കും മുലയ്ക്കും തമ്മിലെന്ത്? 3 അവരവരുടെ ഇടങ്ങളിലേയ്ക്ക് ജാഥ കഴിഞ്ഞ് തിരിച്ചുപോകാനുള്ള വ്യത്യസ്ഥ വേഗതകൾ ഓർത്തുവെയ്ക്കുന്ന തിരക്കിലാണ് കടന്നുപോകുന്നവരുടെ കാലുകൾ ഇതിനിടയിലും ബാനർ പിടിച്ച് മുന്നിൽ നടക്കുന്ന രണ്ടുപേരുടെ രണ്ടുതരം നിശബ്ദതകിട്ടുന്ന ഇടം തേടി രാത്രി മുഴുവൻ നടക്കുന്ന നിലാവ് ആളില്ലാത്ത ജാഥയിൽ പങ്കെടുക്കുന്ന രാത്രി 4 കുറച്ചകലെ മുറിച്ച മൂവാണ്ടൻ മാവിന്റെ മുറിക്കാതെ നിർത്തിയിരിക്കുന്ന മൂന്നാമത്തെ കൊമ്പിന്റെ വിജനതപൂത്തുനിൽക്കുന്ന ഇടത്തിൽ നിന്നും ജംഗ്ഷന്റെ ഇടത

മിന്നാംമിന്നിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഒരാൾ

വെച്ചിരിക്കുന്ന കണ്ണട തന്നെയാണ് ഒന്നു മടക്കിയപ്പോൾ കടലാസായത് ഇനി കളിവള്ളമുണ്ടാക്കണോ വിമാനമുണ്ടാക്കി പറത്തണോ പുറത്തേയ്ക്കിറങ്ങണോ? പുറത്ത് മഴയുണ്ടോ? മഴയ്ക്ക് മുകളിൽ പഴയ ആകാശമുണ്ടോ? പണ്ടൊരു കുട്ടിക്കാലമുണ്ടായിരുന്നോ? നോക്കുവാൻ പോയ കാഴ്ച്ച തിരിച്ചുവന്നിട്ടില്ല പല പല ചോദ്യങ്ങളിൽ ചാരിയിരിക്കുകയാവണം സമയവും ചുവരുകളില്ലാത്ത ഘടികാരവും പറത്തിയിട്ടില്ലെങ്കിലും കടലാസുകളായിരുന്നിരിക്കണം പലതിനോടും സൂര്യനോടു പോലും പകയുണ്ടായിരുന്ന പകലുകൾ കാണാനാവുന്നുണ്ടാവുമോ ചില്ലറകൾക്കെങ്കിലും ജീവിതത്തിന്റെ ബാക്കിയുമായി രാത്രിയിലേയ്ക്ക് ഇറക്കിവിട്ട ഒരുയാത്രക്കാരനെ ഒരു പക്ഷേ ആരെങ്കിലും നാളെ കണ്ടെത്തിയേക്കാം സമനിലവഴങ്ങിയ ഭ്രാന്തുകൾക്കിടയിൽ മിന്നാംമിന്നിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന ഒരാളെ!