Skip to main content

Posts

Showing posts from July, 2020

വിരലുകൾ ഋതുക്കൾ

എന്റെ കൈയ്യിലെ സൂര്യകാന്തി വിരൽ പന്ത്രണ്ട് വർഷത്തിലൊരിക്കൾ പൂക്കുന്ന നിന്റെ കൈയ്യിലെ നീലക്കുറിഞ്ഞി വിരലിനോട് ഇങ്ങനെ തൊട്ടുതൊട്ട് പറയുന്ന സ്വകാര്യമുണ്ടല്ലോ മൂളി കേട്ടുകേട്ട് എങ്ങനെയെന്ന് കാതോർത്ത് കിടക്കും സ്പർശനങ്ങളുടെ ഇലകൊഴിച്ച നമ്മുടെ ശിശിരകാല ഉടൽ തിരയടിയ്ക്കും കൈപ്പത്തിയിലെ കടലിൽ അതിന്റെ കരയിലേയ്ക്ക് വന്നിരിയ്ക്കും നമ്മുടെ കാൽവിരലുകൾ ഓരോന്നും. മഴ കടന്ന് വരും കാറ്റ് ശ്വാസം കൊത്തും ശബ്ദം ചുറ്റും ചിലയ്ക്കും  പറന്ന് നടക്കും അടയ്ക്കാ കിളികൾ നിലാവിലേയ്ക്ക് തിരിഞ്ഞ് കിടക്കും രണ്ടുപേരുടേയും സായാഹ്നത്തിന്റെ ഉടൽ ഇറ്റുന്ന കാതിന്റെ അറ്റത്ത് പ്രണയം ഒരു നനഞ്ഞ കടൽമത്സ്യം.

മാതളപ്പഴത്തിന്റെ അല്ലികൾ പോലെ

അസ്തമിച്ചുകഴിഞ്ഞ സൂര്യന്റെ  മടിയിൽ കിടക്കുകയായിരുന്നു മാതളപ്പഴത്തിന്റെ അല്ലികൾ പോലെ ചുറ്റും  കടുംനിറത്തിൽ ചിതറി സൂര്യനിൽ നിന്നും തുളുമ്പിപ്പോയ അസ്തമയം ഒരു ഓലമടൽ അടർന്നുവീഴുമ്പോലെ ഒച്ചയോടെ  നിശ്ശബ്ദതയുടെ ചോട്ടിലേയ്ക്ക് അടർന്നുവീഴുന്ന രാത്രി അടർന്നുവീണ  നിശ്ചലമായ ഒച്ചയ്ക്ക് ശേഷം ആ ഒച്ചയെ വലിച്ചിഴയ്ക്കുമ്പോലെ ആരോ രാത്രിയെ വലിച്ചിഴച്ചുകൊണ്ട് പോകുന്ന തോന്നലുണ്ടായി മഴയെ മിന്നൽ വലിച്ചിഴയ്ക്കുമ്പോലെ നിലത്ത് വരയുന്ന ശബ്ദത്തിന്റെ പാടുകൾ ആകാശത്ത് കാണാവുന്ന അതിന്റെ പ്രതിബിംബങ്ങൾ കുതിർത്ത നിലാവ് കീറി മെടയുന്നത് പോലെ  നിലത്തേയ്ക്ക് വീണുകിടക്കുന്ന  അരണ്ടവെളിച്ചത്തിന്റെ ഓലക്കാലുകൾ വിരലുകളിൽ അനുഭവത്തിന്റെ നിഴൽവെള്ളം തെറിയ്ക്കുന്ന തണുപ്പ് തോന്നലുകൾ തൂത്ത് കൂട്ടുവാൻ ചൂലെന്ന വണ്ണം ഇനി ആരെങ്കിലും രാത്രികീറിഎടുക്കുമായിരിക്കും കുറച്ച് ഇരുട്ടിന്റെ  കനം കുറഞ്ഞ ഈർക്കിലുകൾ.