Skip to main content

മടങ്ങുന്ന കടത്തുകാരൻ



അന്നത്തെ കടത്തു കഴിഞ്ഞു
എന്നത്തേയും പോലെ പോകാനൊരുങ്ങുന്ന
കടത്തുകാരൻ
ഇന്ന് പക്ഷെ വെറും കൈയ്യോടെ
ആദ്യം മരത്തിൽ നിന്ന്
അഴിച്ചെടുക്കുന്ന തോണി
പിന്നെ വേരിൽ നിന്നും
കെട്ടഴിച്ചു വിടുന്ന മരം
മരം ദൂരേയ്ക്ക്
നിറയുന്ന കണ്ണുകൾ
ഉറങ്ങുന്ന കുഞ്ഞിന്റെ
വിരൽ പോലെ
അതിലോലം
തീരെ ശബ്ദം കേൾപ്പിക്കാതെ
പുഴയിൽ നിന്നും
വേർപെടുത്തുന്ന തോണി
ഒന്ന് നിറയുന്ന പുഴ
നനയുന്ന തോണി
സഞ്ചിയിൽ മടക്കി വെയ്ക്കുന്ന
അഴിച്ചെടുത്ത പുഴ
കുഴിയിൽ കുഴിച്ചിടുന്ന അധികം വന്ന ആഴം
അവസാനം പറിച്ചെടുക്കുന്ന സൂര്യൻ
തുടച്ചു കളയുന്ന-
ബാക്കി വന്ന പോക്കുവെയിൽ
സഞ്ചിയിലേയ്ക്ക് സൂര്യൻ
പരക്കുന്ന ഒരോറഞ്ച് മണം
നടുവൊന്നു നിവർത്തി
പിന്നെ കുനിഞ്ഞു
മടക്കി വെച്ച പുഴ ചരിച്ചു
കുറച്ചു വെള്ളം കുടിക്കുന്ന
കടത്തുകാരൻ
ഒടുവിൽ മടക്കം
കൈയ്യിൽ സഞ്ചി
തോളിൽ വഞ്ചി
പുഴ കിടന്ന വഴിയെ
വീട്ടിലേയ്ക്ക് കുറുകെ
കടക്കുന്നു പിടയ്ക്കുന്ന മീനുകൾ
പിടയ്ക്കുന്ന നെഞ്ചു
അപ്പോഴും കടവിൽ
തളം കെട്ടി, അഴിച്ചെടുക്കാൻ കഴിയാത്ത
നിസ്സഹായത
ഒഴുകാനാവാത്ത ഒഴുക്ക്, പുഴയുടെ ആത്മാവ്
പുഴ ഇല്ലാത്ത കരയിൽ നിന്നും
തേങ്ങൽ കടന്ന്
അതാ ഒരു കൂവലുയരുന്നു ....

Comments


  1. പുഴ ഇല്ലാത്ത കരയിൽ നിന്നും പുഴയുടെ ആത്മാവ് തേങ്ങുന്നു....

    ReplyDelete
    Replies
    1. മുരളി ഭായ് വളരെ നന്ദി സ്നേഹം എഴുത്തിനെ വളരെ ഭംഗിയായി സംഗ്രഹിക്കാറുണ്ട് മുരളി ചേട്ടൻ അഭിപ്രായത്തിൽ സ്നേഹം

      Delete
  2. puzayum kadaththukaaranumokke svapnm mathramaakunna kaalam athi vidhooramallennu thonnunnu....nalla chintha.

    ReplyDelete
    Replies
    1. ശരിയാണ് മിനി അത് തന്നെയാണ് എത്രയോ കാതം അകലെ ആയ നമ്മളെ കൂട്ടി ഇണക്കുന്നതും ഇപ്പോഴും കവിതയിലും കഥയിലും ഒക്കെ ആയി സ്നേഹപൂർവ്വം നന്ദി

      Delete
  3. വേരില്‍ നിന്ന് കെട്ടഴിഞ്ഞ് ഒരു മരം

    ReplyDelete
    Replies
    1. അജിത്‌ ഭായ് എനിക്കും ഇഷ്ടം തോന്നിയ ഒരു വരി അത് എടുത്തെഴുതുന്നത് കാണുമ്പോൾ എഴുതുമ്പോ അനുഭവിക്കുന്ന അതെ വികാരം സന്തോഷം

      Delete
  4. കാറ്റിലലയും തോണി.....

    ReplyDelete
    Replies

    1. അനുരാജ് ശരിയാണ് തോണിക്കാരൻ ഒരു തോണി തന്നെ നന്ദി സ്നേഹം

      Delete
  5. വികെ സ്നേഹപൂർവ്വം നന്ദി വല്യ ഒരു നോവലിന്റെ പണിപുരയിൽ ആയിട്ടും തിരക്കിനിടയിൽ വന്നു കുറിച്ചിടുന്ന ഓരോ വാക്കിനും നോക്കിനും നന്ദി സ്നേഹം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.