Skip to main content

Posts

Showing posts from September, 2018

ഒരേ നര

ഇടയ്ക്കിടെ വീഴുന്ന ഒരേ നര രണ്ടുനിറത്തിൽ പകുക്കുന്ന നമ്മുടെ മുടിയിഴകൾ നഷ്ടപ്പെടലുകളുടെ നടീൽ വസ്തുവായിരിയ്ക്കുന്നു ഉടൽ ദൈവം ദൈവത്തേക്കാൾ പഴക്കമുള്ള ഷൂ ധരിച്ച് നടക്കുന്ന ഒരാൾ ദൈവത്തിനും പ്രായമുണ്ട് നമുക്ക് പ്രായത്തേക്കാൾ പഴക്കവും കോടാനുകോടി വർഷങ്ങൾ വിട്ടു വിട്ടു നൂറ്റാണ്ടുകൾ കോർത്തുകോർത്തു ഷൂവിലെ സുഷിരങ്ങളിൽ കൊത്തിവെച്ചിരിയ്ക്കുന്നു ദൈവത്തിന്റെ പ്രായം നമ്മൾ പഴക്കം എങ്ങും കൊത്തിവെയ്ക്കുന്നില്ല പ്രണയത്തിലൊഴിച്ച് അഴുക്കായപ്പോൾ കഴുകിയിട്ട ഭ്രമണങ്ങൾ തീരേ ഉണങ്ങിയിട്ടുമില്ല അതിനിടെ ദൈവത്തിന്റെ കാലിലെ ദൈവം നടക്കുമ്പോൾ അഴിഞ്ഞുകിടക്കുന്ന വലത്തേ ഷൂസിലെ രണ്ട് ഷൂവളളികളാവുന്നു നമ്മൾ..

മുറിവിന്റെ അച്ചാർ

കവിതയുടെ മൃഗത്തിനാൽ ആക്രമിക്കപ്പെടുന്ന വ്യക്തിയാവുന്നു ഒരു മുരൾച്ച ബാക്കിവെയ്ക്കുവാൻ കുതറുന്നതിനിടയിൽ നടന്നുപോകുന്ന ഇടങ്ങളിൽ ചിതറുന്ന വാക്കുകളാൽ വിരിഞ്ഞുപോകുന്നു അതിലും കുറഞ്ഞവാക്കുകളിൽ വിതറിപ്പോകുന്നു തുറന്നുവെയ്ക്കുവാൻ മുറിയുടെ മൂലയിൽ കടന്നുപോയ തീവണ്ടി അതിൽ പരതുവാൻ ജാലകങ്ങളുടെ നിഘണ്ടു ഓരോതീവണ്ടികൾ കടന്നുപോകുമ്പോഴും മുറി കുറച്ചുകൂടി ചെറുതാവുന്നു നീളം കൂടുന്ന പ്ലാറ്റ്ഫോമുകൾ മുറിച്ചുകടക്കുന്നവരുടെ എണ്ണം കൂടുന്നു. ഞാനിപ്പോൾ മുറി മുറിച്ചുകടക്കുന്ന ഒരാൾ തൊട്ടുനക്കുവാൻ മുറി നിറയെ അച്ചാറിട്ട തീവണ്ടികൾ അടർത്തിയെടുത്തിട്ടുണ്ട് കടന്നുപോയ തീവണ്ടിയുടെ ഒരു ജാലകം മുറ്റത്ത് നട്ടു വെച്ച ഒരു മുറി ശൂന്യതയ്ക്ക് പകരം കിളിർത്തു വരുന്ന ചെടിയേ തൊടുന്നു വളർത്തുവാൻ നല്ലതാണ് തോന്നലുകൾ അവ അവയ്ക്കിഷ്ടപ്പെട്ട പാടുകൾ പുറത്ത് വളർത്തി ഉള്ളിൽ മൃഗമായി കിടന്നുറങ്ങുന്നു ദേശീയത തന്നെ മൃഗമായ രാജ്യമാണ് അവിടുത്തെ രക്തം കുറഞ്ഞ പ്രജയാണ് ഇനി ഉള്ളത് ചലനത്തിന്റെ അവസാന കരു എന്ന നിലയിൽ കുറച്ച് ശ്വാസങ്ങൾ നീക്കി നീക്കിവെയ്ക്കണം മരിയ്ക്കുവോളം മെരുങ്ങുമായിരിയ്ക്കും...

സൈനികനിലാവ്

വയലിൻ വായിക്കുന്ന മീനിനെ തൊട്ടുതൊട്ടുകിടക്കുന്നു.. കിടക്കുമ്പോൾ മീൻ മടികളുടെ കാട് മീനിന്റെ കണ്ണിൽ അവൾ സ്വരത്തിൽ അവളുടെ മൈലാഞ്ചിയിട്ട പാട്ടുകൾ ദൂരെ തിരമാലകളുടെ കൊത്തുപണികൾ കേൾക്കുന്നപാട്ടിൽ ചെയ്യുന്ന രണ്ടുപേർ. അവരുടെ ഘടികാരങ്ങളിൽ നനയുന്ന സമുദ്രം കാത്തിരിപ്പിന്റെ നാലുമണി കണ്ണുകളിൽ, ഒരോ ലേഞ്ഞാലിനിലാവിന്റെ നിശ്ശബ്ദത സൈനികനാവുന്നു ചന്ദ്രനൊരു ഏകാന്ത കാന്തത്തിന്റെ ഭ്രാന്തൻ കർഷകനും..

പിരിയൻ സുതാര്യതയേക്കുറിച്ച്

അത്രമേൽ ആഴത്തിൽ നിന്നും പൊട്ടിച്ചെടുത്ത നിശ്ശബ്ദതയുമായി നിശ്ശബ്ദതയുടെ ഖനിയിൽ നിന്നും കയറിവരുന്ന മനുഷ്യൻ നോവ്, ടാറിടാത്ത ഒരു റോഡ് അയാൾക്ക് തുടർന്നുനടക്കേണ്ടത്. ചെല്ലേണ്ടത് ഇനിയും എടുക്കാത്ത തീരുമാനം എന്ന ഇടത്തേയ്ക്ക് നോക്കിനിൽക്കേ ഉടൽ കടന്നുപോയിരിക്കുന്നു അയാളുടെ മനസ്സ് ഇനിയുള്ള നടത്തം കുറച്ച് ഉയരത്തിലേയ്ക്ക് കയറിപ്പോകുന്തോറും അയാൾ കയറുന്ന വാക്കിന്റെ കുഞ്ഞാവുന്നു അപ്പോൾ അയാൾ വായിക്കുന്ന വാക്ക് നിലത്തുവെയ്ക്കുന്നു കാണുന്നതെല്ലാം മനുഷ്യരെന്ന അവകാശവാദങ്ങൾ അവരുടെ കൈയ്യിൽ ആരും കൈപ്പറ്റാനില്ലാത്തവരുടെ സമൻസുകൾ ചിലവാക്കുകൾ പ്രയോഗം കൊണ്ട് ഉപയോഗിയ്ക്കുന്ന സമയത്തെ ഒപ്പിയെടുക്കുന്നതാവുന്നു സമൻസ് ഒരു വാക്കാണ് അത് കൈപ്പറ്റാതിരിയ്ക്കുവാനുള്ള സന്ദർഭത്തെ പൊതിഞ്ഞെടുത്തിരിയ്ക്കുന്നു വാക്ക് അധികം അഴിയ്ക്കുവാനാകാത്ത പൊതിയാവുന്നു വായിലിട്ട് ചില സന്ദർഭങ്ങൾ മാത്രം ചവച്ചുനോക്കുന്നത്. തീയതികളുടെ വെള്ളച്ചാട്ടമുള്ള കലണ്ടർ മുറുക്കം പുതച്ചുകിടക്കുന്ന ഒരാണി ആഴ്ച്ചകളുടെ താഴ്ച്ചകളിൽ ഒഴിവാക്കിയത് എല്ലാം ചുവരുകളായതാവണം അറിയില്ല ഇനി എന്തോരം നടക്കണം വെറുതെ എന്ന വാക്ക് ചേർക

തുടക്കം

എല്ലാ നിലാവിനും നാലുതുടക്കങ്ങളുണ്ടെന്ന് വിശ്വസിയ്ക്കും അതിൽ ഉപേക്ഷിക്കപ്പെട്ട മൂന്നുതുടക്കങ്ങളും ശേഷം നാലാമത്തെ തുടക്കത്തിന് തൊട്ടുമുമ്പ് ഇമകളുടെ തൊട്ടിലാട്ടി താരാട്ടും പുരട്ടി അവളുടെ പുരികത്തിന്റെ ചോട്ടിൽ ചെന്നുകിടക്കും ഒരിടത്തും തികച്ചെത്താൻ കഴിയാത്ത പകുതിദൂരത്തിന്റെ സഞ്ചാരിയായിരുന്നു എന്നും ഇപ്പോൾ സ്വന്തം ചിറകടികളിൽ തൂക്കിയിടപ്പെട്ട രണ്ടു തത്തകൾ ഒരു തൊടൽ മിണ്ടിയും പറഞ്ഞും ഒരായിരം തലോടലുകളുടെ രണ്ടുടലുകൾ ഇടവും വലവും വെളിച്ചവും മുലപ്പാലും ഒരൊറ്റതിരിഞ്ഞുനോട്ടത്തിൽ ആകാശം അളന്നെടുത്തുവെച്ച രണ്ടുപനികളുടെ ഉടൽറാന്തലുകൾ കാലങ്ങൾ കൊണ്ട് എല്ലാ കലകളുടേയും കരയ്ക്കടിഞ്ഞ രണ്ട് ശവങ്ങൾ ഇനി ഉണർന്നോ ഉറങ്ങിയോ നേരംവെളുത്തോ ആരറിയാൻ..

ഒരു തുള്ളി അരുത്

പേരുകൾ പൂക്കുന്ന ഇടങ്ങളിൽ തീയതികൾ അടർത്തി നിനക്ക് ഞാൻ ഡിസംബർ എന്ന് പേരിടും ഇറ്റുവീഴുന്നതെല്ലാം ചുവപ്പിൽ പൂക്കളുടെ അഞ്ചുതുള്ളികളാവുന്നിടത്ത് വസന്തത്തിന്റെഭാഷയിൽ പ്രണയം പകരും ഒരു മൊട്ടുവന്ന് നിന്നിൽ ഉളളിൽ നിന്ന് തൊടും വരെ നിന്റെ വിരലുകളിൽ ജീവിച്ചിരിയ്ക്കും എന്നൊക്കെ പറയണമെന്നുണ്ടായിരുന്നു അങ്ങിനെ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല ഡിസംബർ അണച്ചുവെച്ച ഒരു കുതിരയാണെന്നും കലണ്ടർ അതിന്റെ കുളംമ്പടിയൊച്ചയാണെന്നും മാത്രം പറഞ്ഞു നോക്കിനിൽക്കേ പങ്കിട്ടെടുത്ത രതിയിലെ കാലം കരുതിവെച്ച നോവിലെ ഒരു തുള്ളി അരുതാവുകയായിരുന്നു അവൾ...

മറുകുകളുടെ ഹർത്താൽ

നിന്റെ ഉടലിലെ ഇന്നലെയിലെ മറുകുകളുടെ ഹർത്താൽ മറുകുകളോരോന്നും തുറക്കാതെ അടച്ചിട്ടിരിയ്ക്കുന്നു ഇരുന്നിരുന്ന് ഉടലും മനസ്സും ഇന്നലേയും ഓരോ മറുകുകളായിരിയ്ക്കുന്നു ഇനിയും തുറന്നിട്ടില്ല, ഇന്നലേയും മനസ്സും . ആരും കാണാതെ വായനയുടെ മറവിൽ സാഹിത്യത്തിന്റെ മറുക് മാത്രം കറുപ്പ് കുറച്ച് തുറന്നുവെച്ചിരിയ്ക്കുന്നു..

കലയുടെ ചാരം

നിന്നെ തെറുത്ത് വലിയ്ക്കുന്ന ബീഡി തലയാട്ടി മാത്രം കെട്ടാൻ കഴിയുന്ന അതിന്റെ നൂല് അതും വലിച്ച് അണയുന്നതിന് തൊട്ടുമുമ്പ് ഒന്നുകൂടി മുറുക്കി, ഉടൽ കൊണ്ട് തെറുത്ത് വിരൽ കൊണ്ട് പിരിച്ചുകെട്ടുന്നത് ഒരു ബീഡിയുടെ ചാരം വീണുടയുന്ന ഒച്ച അതേ മഷിയുടെ തീ കെടാത്ത രണ്ടാം ചാരം മറന്നേക്കൂ പുക വകഞ്ഞു മാറ്റിയാൽ കാണാനാവുന്നുണ്ടോ? എന്നിൽ നിന്നും വെന്ത കല പാലിയ്ക്കുന്ന അകലം..

ആത്മഹത്യയുടെ പിൻകഴുത്തുള്ള ജീവിതം

കല്ലിനും വെള്ളത്തിനും ഇടയ്ക്കുള്ള കാക്കയാണ് എത്ര ദാഹമുണ്ടെങ്കിലും ഒരു ഓളത്തിനും വിട്ടു കൊടുക്കാൻ വയ്യ ഈ കറുപ്പ്.. വാർദ്ധക്യം, ഒരു വരയ്ക്കും വിട്ടുകൊടുക്കാത്ത അണ്ണാനെ പോലെ മൂന്ന് നരയും എടുത്തുവെയ്ക്കുന്നു എല്ലാ കെട്ടിപ്പിടിത്തങ്ങളേയും ഒഴിവാക്കി കിടന്ന കടലാണ് ഒരു കെട്ടിപ്പിടിത്തങ്ങളും ഒഴിവായിട്ടില്ലെന്നറിയുന്നു വെള്ളം ചേർത്ത് വല്ലാതെ നേർപ്പിക്കപ്പെട്ടിട്ടുണ്ട് എല്ലാ കെട്ടിപ്പിടിത്തങ്ങളും അത്രമാത്രം ഒരു തകർന്ന കെട്ടിപ്പിടിത്തം പോലും ആടിയുലയുന്ന കപ്പൽ മാത്രമാകുന്നു അതിന്റേതായ ഉലച്ചിലിൽ പിടിച്ചുനിൽക്കാൻ ശ്രമിയ്ക്കുന്നു തിരിഞ്ഞുനോക്കുമ്പോൾ വീണ്ടും വീണ്ടും ആത്മഹത്യയുടെ പിൻകഴുത്തുള്ള ഒന്നാവുന്നു ജീവിതം ചന്ദ്രന് മാത്രമല്ല ഉടലിനും ഉണ്ടായിരുന്നെങ്കിൽ, അതേ അമാവസി ദിവസങ്ങൾ..

പലതായി മുറിഞ്ഞ ഒരാൾ

ഒരു തിരക്കേറിയ തെരുവ് മുറിച്ചുകടക്കുമ്പോലെ ഒരേ മുറിവിലേയ്ക്ക് രണ്ടുവട്ടം നോക്കി അലറും പോലെ ഉറപ്പുവരുത്തി വേദനിയ്ക്കുകയായിരുന്നു പൊടുന്നനേ ലോകം ഒരു ഭ്രാന്താശുപത്രിയായി മാറുന്നു നിറയെ ജാലകങ്ങൾ വെച്ചുകെട്ടിയ നാടകവണ്ടിയിൽ വന്നിറങ്ങുന്ന സൈക്യാട്രിസ്റ്റിറ്റിന്റെ മുഖമുള്ള നാരങ്ങാമണമുള്ള ദൈവം ഒന്നിനുമല്ലാതെ എനിയ്ക്കയാളെ രണ്ടായി മുറിയ്ക്കണമെന്നുണ്ട് പക്ഷേ മുറിയ്ക്കപ്പെട്ട നാരങ്ങയിലെ കുരുക്കുൾ പോലെ അയാൾ മുറിയിലൊക്കെ വീണുകിളിർക്കുമോ എന്ന് ഞാൻ ഭയക്കുന്നു. ഇപ്പോൾ അതേ മുറിയുടെ പുറത്തുള്ള മൂലയിൽ ചുരുണ്ടുകൂടിയിരിയ്ക്കുന്ന ഒരു ജീവിയിലേയ്ക്ക് എന്നേ പരാവർത്തനം ചെയ്യുകയാണ് രണ്ടായി മുറിഞ്ഞ ദൈവം കുറച്ചധികം പഴക്കം ചെന്ന മഞ്ഞനിറത്തിന്റെ കറയുള്ള പുസ്തകത്തിലെ കുറച്ച് കീറിത്തുടങ്ങിയ കടലാസിന്റെ ശരീരകോശങ്ങളുള്ള രണ്ടാൾക്കാരെ കണ്ട് അന്തിച്ചു നിൽക്കുന്ന ചിതലിന്റെ അരികിലിരിയ്ക്കുന്നു ഞാനും പലതായി മുറിഞ്ഞദൈവവും...

സ്ഥലകാലങ്ങളെ കുറിച്ച്

സ്ഥലകാലങ്ങളിൽ തെറ്റിയ സമനിലകളിൽ നൃത്തത്തെ ഉമ്മവെച്ച് നിശ്ചലമാക്കുന്ന ഇടങ്ങളിൽ ജീവിച്ചിരിയ്ക്കുവാൻ ഒരിത്തിരി സ്ഥലം മതി സ്വയം ഒരു ഭ്രാന്തന് സ്ഥലം സമയമാക്കുന്ന കലയാണ് അതുകൊണ്ട് ഭ്രാന്ത് പലപ്പോഴും ഒരു തെരഞ്ഞെടുപ്പാവുകയാണ് പലർക്കും ഇറക്കി വെയ്ക്കാൻ കൂടെ കാണും ആകെ നോട്ടങ്ങളുടെ ഒരു കെട്ട് 2 ഇവിടെ ഭ്രാന്ത് ഒരു കവലയാണ് നിരോധിക്കപ്പെട്ട ഇടത്തേയ്ക്കോ അനുവദിക്കപ്പെട്ട വലത്തോട്ടൊ സ്റ്റേറ്റ് എന്ന അവസ്ഥ നിശ്ചയിച്ചിരിയ്ക്കുന്ന അളവിൽ അനിയന്ത്രിതമായി തിരിയാനും നിയന്ത്രിതമായി ചിരിയ്ക്കാനും ശബ്ദം പുരട്ടി നിശ്ശബ്ദമായി മാത്രം കരയാനും അനുവാദമുള്ള ഇടം എത്രത്തോളം ഭ്രാന്തനെന്ന വിളിയ്ക്ക് ഉടമയാണെങ്കിലും എത്രമാത്രം ഭ്രാന്തിന്റെ ദൗർബല്യങ്ങൾക്ക് അടിമയാണെങ്കിലും ചുറ്റുമാരുമില്ലെന്ന് ഉറപ്പാക്കേണ്ട കടമ ഭ്രാന്തന്റെ മാത്രം തോളിൽ ഇവിടെ ഭ്രാന്ത് ഉം എന്ന വാക്കും കൂട്ടി മുറുക്കി വീണ്ടും വീണ്ടും ഒരാളുടെ കഴുത്തിൽ മാത്രം ഉച്ചത്തിൽ മുറുക്കാവുന്ന കുരുക്കാവുന്നു ഒരു കൂട്ടം ആൾക്കാർക്ക് വായിൽ ഒരുമിച്ചിട്ട് ചവയ്ക്കാവുന്ന മുറുക്കാനും തുപ്പാനുള്ള ഇടം മാത്രം സാവകാശം എന്ന് പറയാവുന്ന അവകാശ

കടൽ എന്ന വാക്കിൽ കവിത

അവളെ കാത്തിരിയ്ക്കുന്ന ഇടവേളകളിൽ ഒരു തിരമാലയുടെ വേഷം കെട്ടി കടലിൽനിന്നും പതിവായ് മോഷ്ടിക്കുന്ന നെടുവീർപ്പുണ്ടായിരുന്നു അത് പാത്തിരുന്ന് കണ്ടുപിടിച്ച ഒരു കുറുമ്പുപിടിച്ച മീനിനെ എണ്ണിയെണ്ണി എന്റെ കവിതയിലെ വിരൽകണ്ണി വാക്കാക്കിയത് കടൽ തന്നെയാവണം ഇപ്പോൾ അവളുടെ വേഷം കെട്ടി എന്റെ അടുത്തുവന്നുകിടക്കുന്ന എല്ലാ നെടുവീർപ്പുകളും മോഷണം പോയ കടൽ കവിത പതിവെന്ന ഉപ്പുപുരട്ടിയ വാക്കില്ലാതെ കാത്തിരിപ്പുകളെല്ലാം മീനുകളാക്കിയ സ്വകാര്യകടലായിരിക്കുന്നു മീനുകളോ കലാപരമായി രണ്ടുപേർ മാത്രം പതിവായി മോഷണം പോകുന്ന ഒരാൾക്കൂട്ടവും...

ഒച്ച

നിന്നെ തരംഗിണി കാസെറ്റായി ഞാനെന്റെ വീടിനെ പരിചയപ്പെടുത്തും വീടൊരു ടേപ്പ് റെക്കോർഡറായി മാറുന്നത് കണ്ടുനിൽക്കും... കേൾക്കുന്നുണ്ടാവുമോ നീ അകലെ ശബ്ദമുണ്ടാക്കുന്ന കലയിലേയ്ക്ക് നടന്നുപോകുന്ന കാക്ക എന്റെ ഉടലിലേയ്ക്കുള്ള മൂന്നാമത്തെ വളവ് ഉപേക്ഷിക്കുന്ന ഒച്ച..

നോവ്

ആദ്യമായി ഒരാളുടെ കവിത വായിക്കുന്നയാൾ ചെയ്യുന്ന ഒരു പാപമുണ്ട് അത് നീ ചെയ്യുവാൻ കാത്തിരിയ്ക്കുന്ന ഒരാളാകുന്നു, ഞാനും എന്റെ ഇന്നലത്തെ സൂര്യനും.. എന്നിട്ടും നീയും നിന്റെ പാപങ്ങളും മാത്രമറിയുന്നു എന്റെ ഓരോ കവിതയും ഇന്നലത്തെ സൂര്യന്റെ ആത്മാവാകുന്ന നോവ്...