Skip to main content

വഞ്ചന

ഈ വൈകിയ വേളയിൽ.... ഞാൻ ആ സത്യം തിരിച്ചറിയുന്നു..
അവൾ എന്നെ വഞ്ചിക്കുകയായിരുന്നു.
അതെ അവൾ... എന്റെ പുഴ.. ഞാൻ ജീവന് തുല്യം സ്നേഹിച്ച എന്റെ പുഴ, എന്റെ മാത്രം പുഴ!
അവൾ എന്നെ വഞ്ചിക്കുകയായിരുന്നു.. ജീവന് തുല്യം നിന്നെ സ്നേഹിക്കുന്നെന്ന് കാതിൽ കെട്ടിപ്പിടിച്ചു പറയുമ്പോഴും അവളെന്നെ ചതിക്കുകയായിരുന്നു..

നിനക്കിഷ്ടം എന്നെയോ എന്നിലെ വെള്ളത്തെയോ അതോ അടിയിലെ മണലിനെയോ? എന്നവൾ കളിയായി ചോദിക്കുമ്പോഴും.. ഞാൻ എന്റെ മുഖം തോണി കൊണ്ട് മറച്ചു അവളുടെ മാറിൽ തുഴയെറിഞ്ഞ് പരിഭവം കാണിച്ചു.

അവൾ മുങ്ങി പൊങ്ങുമ്പോൾ എല്ലാം, അവൾ കുടിച്ച വെള്ളം കുടിച്ചു വറ്റിച്ചു.. അവളുടെ ജീവന് വേണ്ടി..

ആഴം കുറയുമ്പോൾ എല്ലാം അവളുടെ വയറിൽ പതിയെ തടവി ഇക്കിളി ഇട്ടു ചിരിപ്പിച്ചു, അവൾ ശർദ്ദിച്ച മണൽ അവളറിയാതെ കോരി കളഞ്ഞു വൃത്തി ആക്കി.. എന്നിട്ടും അവളെ രക്ഷിക്കാനായ്‌ പിടിച്ചു കെട്ടുമ്പോഴും എനിക്ക് അസുഖമൊന്നുമില്ല ഞാൻ രോഗിയല്ല ഞാൻ ഭ്രാന്തി യാണോ ഇങ്ങനെ പിടിച്ചു കെട്ടാൻ എന്ന് അവൾ അലറി കുതറുന്നുണ്ടായിരുന്നു.

പിന്നെ സമൂഹം ഇവൾക്ക് ഭ്രാന്താണെന്ന് വിധി എഴുതുമ്പോഴും.. ഇനി അധികം ആയുസ്സില്ലെന്ന് അടക്കം പറയുമ്പോഴും അവൾ പൊട്ടി കരഞ്ഞു എന്നെ കെട്ടിപ്പിടിച്ചു.. എന്നെ വിട്ടു കൊടുക്കല്ലേ എന്നെ കൊണ്ട് പോകരുതെന്ന് പറയൂ.....എന്ന് പറഞ്ഞു അവൾ അലമുറ ഇട്ടു.

അവസാനം അവളുടെ കരവലയത്തിൽ വീണുറങ്ങുമ്പോൾ അവളുടെ ഏങ്ങലുകൾക്ക്, അവളുടെ വീർപ്പുമുട്ടലുകൾക്ക് ഒരു ആശ്വാസം പോലെ അവളിൽ പറ്റിച്ചേർന്നു കിടന്നു..

എത്രനേരം  അങ്ങനെ കിടന്നു എന്നോർമയില്ല..

അബോധത്തിനും മരണത്തിനും ഇടയിലെ നേർത്തനിമിഷങ്ങൾക്കിടയിൽ. കണ്‍പോള ബലമായി തുറക്കാൻ ശ്രമിക്കുമ്പോൾ അറിയാത്ത കടൽക്കരയിലെത്തിയിരുന്നു!

ജീവനുണ്ടോ എന്ന് സ്വയം നോക്കാൻ നീട്ടിയ കയ്യിൽ അവളുടെ തണുത്ത വിറങ്ങലിച്ച ശരീരം!.. അപ്പോഴും അവൾ എന്നെ ഇറുകെ പുണർന്നിരുന്നു... അവളെപ്പോഴോ മരിച്ചിരുന്നു!.. മരണത്തിലും അവൾ എന്നെ കൈവിട്ടിരുന്നില്ല! മരണത്തിനു മുമ്പേ ഞാൻ അവളെ കൈവിട്ടല്ലോ എന്ന് ഓർക്കുന്നതിനിടയിൽ  ബാലിക്കാക്കയും കടൽക്കാക്കകളും കർമങ്ങൾക്ക് തിരക്ക് കൂട്ടുന്നത്‌ ഞാൻ അറിഞ്ഞു.

അവനോ, അവൾക്കോ ആദ്യം ശ്രാദ്ധം എന്ന് അവർ തർക്കിക്കുമ്പോൾ.. ആരോ ആ സംശയം ഉയർത്തി.. ചടങ്ങ് നടത്താൻ വരട്ടെ. കൊന്നത് അവനോ?   അതോ... അവളോ? 

Comments

  1. പുഴപോലെ എത്രയെത്ര ജീവിതങ്ങള്‍ ..
    നന്നായി എഴുതി..ആശംസകള്‍

    ReplyDelete
    Replies
    1. ആദ്യ വായനക്കും അകമഴിഞ്ഞ പ്രോത്സാഹനത്തിനും വല്യ നന്ദി
      സ്നേഹപൂർവ്വം

      Delete
  2. പുഴയെന്നാല്‍ എന്താ....??
    അടുത്ത തലമുറയിലെ മനുഷ്യര്‍ അങ്ങനെ ചോദിച്ചേക്കാം.

    ReplyDelete
    Replies
    1. അജിത്‌ ഭായ്? എങ്കിൽ അടുത്ത തലമുറ ഉണ്ടാവുമോ? ആ ചോദ്യം ചോദിയ്ക്കാൻ? അമ്മയില്ലാത്ത കുട്ടികൾ ഉണ്ടാവുമെങ്കിൽ ക്ലോണ്‍ ചെയ്യാൻ കഴിഞ്ഞാൽ അല്ലെ?

      അജിത്‌ ഭായ് കണ്ണ് നനഞ്ഞു. അമ്മയില്ലാതെ ക്ലോണ്‍ ചെയ്തു എനിക്കൊരു തലമുറ ഇനി ജീവിചിരിക്കണ്ട അജിത്ഭായ്.. അമ്മ ഒരു പുഴയാ അല്ലേ? സംസ്കാരങ്ങൾ പെറ്റു കൂട്ടിയ പുഴ. നമ്മൾ സംസ്കരിക്കുന്ന പുഴ

      Delete
  3. പുഴയെന്നും ഒരു നിത്യകാമുകിയായിരുന്നു....അവള്‍ നമ്മളെയല്ല... നമ്മള്‍ അവളെയാണ് വഞ്ചിച്ചത്

    ReplyDelete
    Replies
    1. വഞ്ചിക്കുന്നവൻ എന്നെങ്കിലും അത് തുറന്നു പറയുമോ? വഞ്ചിക്കുമ്പോഴും, ആ വഞ്ചനയുടെ കുറ്റം പോലും നമ്മൾ ഏറ്റെടുക്കാൻ തയ്യാറല്ല..മാത്രമല്ല ആ പഴി തിരിച്ചു ചാരാനും ആണ് ശ്രമിക്കുന്നത്

      അത് തന്നെയാണ് ഞാൻ പറയാൻ ശ്രമിച്ചതും

      ഇഞ്ചി ഇഞ്ചായി കൊല്ലുമ്പോഴും നമ്മൾ നല്ല പിള്ള തന്നെ

      നന്ദി അനു രാജ്

      Delete
  4. കൊള്ളാം എനിക്കിഷ്ടപെട്ടു

    ReplyDelete
    Replies
    1. അഭിപ്രായവും പേരും എനിക്കും... നന്ദി

      Delete
  5. പുഴയുടെ കഥ കൊള്ളാം. നന്നായിരിയ്ക്കുന്നു....

    ReplyDelete
    Replies
    1. വിനോദ് ആദ്യമായിട്ടാണ് വിനോദിന്റെ ഒരു കയ്യൊപ്പ് കാണുന്നത് ഈ ബ്ലോഗിൽ
      ആദ്യ വായനക്കും അകമഴിഞ്ഞ പ്രോത്സാഹനത്തിനും നന്ദി അറിയിക്കട്ടെ

      Delete
  6. പുഴയുടെ മരണം മനോഹരമായി അവതരിപ്പിച്ചു. ഇനി ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് വേണ്ടത് .കൂട്ടുനിന്നവരെയും കുറ്റവാളികളെയും എവിടെയും തിരയേണ്ട. നാമോരോരുത്തരും കൂട്ട്പ്രതികള്‍ തന്നെ..

    ReplyDelete
    Replies
    1. നന്ദി ഉദയപ്രഭൻ സാമൂഹിക പ്രസക്തികൂടി കണക്കിലെടുത്ത് വായനക്കും അഭിപ്രായത്തിനും വളരെ വലിയ നന്ദി ഉണ്ട് ഇതിൽ കൂട്ട് പ്രതി സ്ഥാനം എത്റെടുക്കുന്നതിനെക്കാൾ നമ്മൾ ഓരോരുത്തരും തെറ്റ് കാരനെന്നു തിരിച്ചറിയുന്നതാണ് കേസ് ദുര്ബലം ആകാതിരിക്കാൻ നല്ലത്. ഒറ്റയ്ക്ക് ഒറ്റയ്ക്ക് എല്ലാവരും നല്ലവര ഒരു സമൂഹം ആവുമ്പോൾ ചിലപ്പോള ഒരുമിച്ചു മോശം ആകുന്ന ഒരു പ്രവണത അവൻ ചെയ്യട്ടെ നീ ചെയ്യ് എന്ന് പറയുമ്പോലെ ഒരു സോഷ്യൽ ഇഷ്യൂ കൂടി ഞാൻ പങ്കു വക്കുന്നു ഈ സംവേദനത്തിന് വളരെ നന്ദി സ്നേഹപൂർവ്വം

      Delete
  7. പുഴയുടെ കഥ ഇഷ്ടമായി....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം