Sunday, 23 June 2013

കസേര


ണ്ട് പണ്ട് അങ്ങ് അർഷേഷ്യ എന്ന സ്ഥലത്ത് സാത്വികരായ കുറേ മനുഷ്യർ താമസിച്ചിരുന്നു. അവർ തങ്ങളുടെ സാത്വികതയുടെ പ്രതീകമായി ഒരു മരം നട്ടു. ധ്യാനവും സംരക്ഷണവും ഒക്കെ ആയി അവർ മരത്തിന്റെ കൂടെ ചിലവിട്ടു. അങ്ങിനെ സാത്വികത പെരുമരമായി, ഫല വൃക്ഷമായി തണൽ മരമായി. തണലേറ്റും ഫലം ഭുജിച്ചും അവർ ജീവിച്ചു വന്നപ്പോൾ.. അവിടേക്ക് വഴി യാത്രക്കാരും കടന്നു വന്നു. സാത്വിക മരം ഇഷ്ടപെട്ട അവർ മരത്തിനെ ഉപദ്രവിക്കാതെ തന്നെ തണലേറ്റും ഫലം ഭുജിച്ചും ക്ഷീണം അകറ്റി.  അതിൽ കുറേ പേര് തിരിച്ചു പോയി.. കുറെ ഏറെ പേര് അതിനടിയിൽ കൂടി.. സാത്വികമായി തന്നെ ജീവിച്ചു. 

നട്ടവരും വന്നവരും കുടുംബങ്ങൾ പോലെ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞു. അതിൽ പിന്നെ അവർ പല ഗോത്രങ്ങളായി. അതിനിടെ അവിടെ ഒരു നായാട്ടു സംഘം വന്നു ചേർന്നു. മരം കണ്ടു വളരെ അധികം  ഭ്രമിച്ചു പോയ അവർ എങ്ങിനെ എങ്കിലും ആ മരം സ്വന്തമാക്കുവാൻ കൊതിച്ചു. മരത്തിന്റെ തൈ കൊണ്ട് പോയി നട്ടു നോക്കൂ എന്ന് സാത്വികർ പറഞ്ഞിട്ട് അത്രക്കൊന്നും മിനക്കെടാനോ കാത്തിരിക്കാനോ അവര്ക്ക് താല്പര്യം ഉണ്ടായിരുന്നില്ല. നായാട്ടുകാർക്ക്  ഒരിക്കലും സാത്വികരാകാൻ കഴിയില്ലെന്ന് സാത്വികർ ഒട്ടു മനസ്സിലാക്കിയും ഇല്ല. മരം സ്വന്തമാക്കിയാൽ പിന്നെ തൈ എന്തിനെന്നായിരുന്നു  അവർ സാത്വികരോട് ചോദിക്കാതെ ചോദിച്ച ചോദ്യം. അത് സാത്വികർ ഒട്ടു മനസ്സിലാക്കിയും ഇല്ല!

മരം ആയാൽ അത് സംരക്ഷിക്കപ്പെടെണ്ടാതാണെന്ന് അവർ തോക്ക് ചൂണ്ടി മരത്തിൽ ഇരുന്ന ഒരു കിളിയെ വെടി വെച്ചിട്ടുകൊണ്ട് പറഞ്ഞപ്പോൾ സാത്വികർക്ക് പിന്നെ ചോദ്യം ഉണ്ടായില്ല. വെടി ഒച്ച നിലക്കും മുമ്പ് അവർ മുള്ള് ചെടികൾ കൊണ്ട് അവിടെ വേലി  കെട്ടി തിരിച്ചു.  മരത്തിനു ചുറ്റും. ഇത്രനാളും വേലി ഉണ്ടായിരുന്നില്ലല്ലോ എന്നുള്ള ഏതോ ഒരു മുതിർന്ന സ്വാതികന്റെ ചോദ്യം അവർ ഉത്തരം ആക്കി. അതേ  മരം ആയാൽ വേലി വേണം.  

പിന്നെ വേലി വളർന്നു. വേലി വളരാൻ മരത്തിന്റെ അത്ര താമസം വേണ്ട എന്ന് ഗോത്രങ്ങൾക്കു അപ്പോഴാണ് മനസിലായത്. മരത്തെ ആദ്യം ഗോത്രങ്ങളിൽ നിന്ന് വേലി കെട്ടി തിരിച്ചു, പിന്നെ വേലി ഗോത്രങ്ങൾക്കിടയിലേക്ക് വളർന്നു. മരത്തിലേക്കും ഗോത്രങ്ങളിലേക്കും തങ്ങൾക്കു മാത്രം ആയി വഴി ഇടാൻ നായാട്ടുകാർ ഒട്ടു മറന്നുമില്ല!. ഗോത്രങ്ങളോ തങ്ങൾക്കു കിട്ടിയ വഴികളും അടച്ചു സ്വന്തമാക്കി തുടങ്ങി മരം പോയാലും വഴി  സ്വന്തം ആകട്ടെ  എന്ന് തീരുമാനിച്ചു മറ്റു ഗോത്രക്കാർ നടക്കാതിരിക്കുവാൻ! വളര്ത്തി വലുതാക്കിയ മരം കാണാതായപ്പോൾ അവരിലെ സ്വതികതയും മറന്നു തുടങ്ങി. അപ്പോഴേക്കും നായാട്ടുകാർ ബുദ്ധി ഉപയോഗിച്ച് തങ്ങളുടെ വഴി എല്ലാവർക്കും വേണ്ടി തുറന്നു കൊടുത്തു ഒരു ഔദാര്യം പോലെ. അവർ  സരവ സമ്മതരായി  മാറുവാൻ വേണ്ടി.  അപ്പോഴേക്കും വൈകി എങ്കിലും ഗോത്രങ്ങൾക്കു കാര്യം പിടികിട്ടി. അപ്പോഴേക്കും വേലികൾ വളര്ന്നു കഴിഞ്ഞിരുന്നു. വളര്ന്ന വേലികൾക്കിടയിലൂടെ  ഗോത്രങ്ങൾ തങ്ങളുടെ ആശങ്ക പങ്കു വച്ച്. മരം തങ്ങൾക്കു അന്യമാകുന്നു എന്ന് അവര്ക്ക് മനസ്സിലായി. ആശങ്ക ആവലാതി ആയി.

ഗോത്രങ്ങളെ അകറ്റാനായി മാത്രം കെട്ടി ഉയര്ത്തിയ വേലി തന്നെ ഗോത്രങ്ങളെ ഒന്നിപ്പിക്കുന്നു എന്ന് നായാട്ടുകാർ ബോധവാൻമാരായി. അതിനിടയിൽ ആശങ്കകൾ ആകുലതകളായി, ആകുലതകൾ സമരങ്ങളായി. സമരങ്ങളിൽ ഗോത്ര നേതാക്കൾ ഉയർന്നൂ വന്നു. സമരങ്ങൾ തീക്ഷ്ണങ്ങളായി. നില്ക്കക്കള്ളി ഇല്ലെന്നു കണ്ടപ്പോൾ നായാട്ടുകാർ ഉപായം ഇറക്കി. ഗോത്രങ്ങളെ ഉദ്ബുദ്ധരാക്കി. അവർ സൂത്രം പ്രയോഗിച്ചു മരം കിട്ടില്ല. തങ്ങൾക്കു കിട്ടാത്ത മരം ഇനി ഇവിടെ നില്ക്കുവാൻ പാടില്ല അവരും ഉപയോഗിക്കണ്ട. 

മരം നിങ്ങള്ക്ക് വിട്ടു തരാം അവർ പ്രഖ്യാപിച്ചു പക്ഷെ ആര്ക്ക്? കാറ്റ് വീശി മരം ആടി ഉലഞ്ഞു. മരത്തിന്റെ വേദന ആരും കണ്ടില്ല. വേദന കാണാതെ മരം കണ്ട നായാട്ടുകൾ അതും വിദ്യ യാക്കി.. അവർ ഗോത്ര തലവൻ മാരെ മാത്രം വിളിച്ചു വരുത്തി  നോക്കു മരം വല്ലാതെ ആടി ഉലയുന്നുണ്ട്. ഇനി ഈ മരം എന്തിനു? ഞങ്ങൾ നായാട്ടുകാർ ഞങ്ങളുടെ തോക്കിന്റെ ബലത്തിൽ മരം ഇത്ര കാലം ഞങ്ങൾ സംരക്ഷിച്ചു. ഇപ്പോൾ നിങ്ങൾ പറയുന്നു മരം ഞങ്ങൾ സ്വന്തം ആക്കി എന്ന്. മരം ഞങ്ങള്ക്ക് വേണ്ട. മരം തിരിച്ചു തരാൻ ഞങ്ങൾ തയ്യാറാണ്. ഞങ്ങള്ക്ക് നിങ്ങളുടെ സന്തോഷം മാത്രം മതി. മരം സംരക്ഷിക്കാം കഴിയും എന്ന് നിങ്ങള്ക് ഉറപ്പുണ്ടോ? വേണമെങ്ങിൽ ആ ഉറപ്പിനു വേണമെങ്കില നിങ്ങള്ക് ഞങ്ങളുടെ അറിവും  തരാം നായാട്ടിന്റെ മതം പകര്ത്തി തരാം. മറുപടി പറയാൻ തുടങ്ങുന്നതിനു മുമ്പ് അവൻ സമവാക്യം അവരുടെ മുന്നില് വച്ചു. നോക്കൂ നിങ്ങൾ ഗോത്ര തലവൻ മാര്. നാളെ നിങ്ങൾ വേണം ഈ ഗോത്രങ്ങൾ നോക്കാൻ ഈ മരം നോക്കാൻ അപ്പോൾ ഇപ്പോൾ നിങ്ങൾക്ക് വേണ്ടത് ഒരു കസേരയാണ്. എല്ലാ ആഡംബരതോടും ഇരുന്നു ഭരിക്കുവാൻ നല്ല ഉറപ്പുള്ള ഒരു കസേര. ഈ മരം മുറിച്ചാൽ അതിനുള്ള കസേര കിട്ടും ഈ മരത്തിന്റെ തടി ആയതു കൊണ്ട് നിങ്ങളുടെ കസേരക്ക് നല്ല ബലവും ഉറപ്പും പോരാത്തതിനു ഈ മരത്തിനോടുള്ള സ്നേഹവും ബഹുമാനവും കിട്ടും. നിങ്ങൾക്ക് വേണമെങ്കിൽ എത്ര വേണമെങ്കിലും പുതിയ മരവും നടാം. അതിന്റെ പേരും വിലയും നിങ്ങള്ക്ക് കിട്ടുകയും ചെയ്യും. ആരോ നട്ട ഈ മരം നമുക്ക് മുറിക്കാം മുറിച്ചു കസേര ആക്കം. ഗോത്രതലവാൻ മാര് പരസ്പരം നോക്കി. നായാട്ടുകാർ ഗോത്രതലവൻ മാരെ നോക്കി കണ്ണിറുക്കി. മരം വീണ്ടും ആടി ഉലഞ്ഞു. കഥ അറിയാതെ ഗോത്രങ്ങൾ എരിപിരി കൊണ്ടു. പെട്ടെന്ന് കൊടും കാറ്റടിച്ചു. മരം ആടി ഉലഞ്ഞു. നോക്കൂ മരം ഇതു നിമിഷവും പുഴുതുവീഴാം നിലം പൊത്താം.. അതിനു മുമ്പ് ഇത് മുറിച്ചു കസേര ആക്കാം. നിങ്ങൾ ഗോത്രങ്ങളോട് പറയൂ അവര്ക്ക് ആ കസേരയുടെ അടിയിൽ വിശ്രമിക്കാം, കസേര തൊട്ടു നോക്കാം. സ്ഥാനാരോഹണം ആഘോഷിക്കാം ഒരു ഉത്സവം ആയി കൊണ്ടാടാം ആനന്ദിക്കാം.. പിന്നെ ഗോത്ര നേതാക്കളുടെ ചെവിയിലായി പറഞ്ഞു പ്രലോഭിപ്പിക്കാം തിരഞ്ഞെടുപ്പ് നടത്തിക്കാം അവരെ കൊണ്ടു തന്നെ നിങ്ങളുടെ പേര് പറയിപ്പിക്കാം നിങ്ങൾ നിന്ന് കൊടുക്കുന്നു അവര്ക്ക് വേണ്ടി എന്നെ അവര്ക്ക് തോന്നാവൂ, അതിനു നിങ്ങളുടെ ആൾക്കാർ ഗോത്രതിലുണ്ടാവണം ഒരു സാധാരണ അംഗം പോലെ തിരിച്ചറിയാതെ. പക്ഷെ കസേര ഒരിക്കലും വിട്ടു കൊടുക്കരുത്. നിങ്ങൾ കാലാകാലം ഇരുന്നു ഭരിക്കണം മടുക്കുമ്പോൾ നിങ്ങളുടെ കാലശേഷം നിങ്ങളുടെ മക്കൾ കൊച്ചു മക്കൾ ചെറുമക്കൾ അവർ പരക്കമുട്ടുന്നതു വരെ നിങ്ങൾ നിശ്ചയിക്കുന്ന ഏതെങ്കിലും വിശ്വസ്തനായ കാര്യസ്ഥൻ.

പക്ഷെ എത്ര കസേര? അത് ചോദിച്ചതാരാണെന്നു പോലും നോക്കാതെ നായാട്ടുകാരൻ ചിരിച്ചു പിന്നെ  ഉത്തരം പറഞ്ഞു. നിങ്ങൾ എത്ര പേരോ അത്ര കസേരകൾ. ഗോത്ര തലവർ പൊട്ടി ചിരിച്ചു കൊണ്ടു എഴുന്നേറ്റു. കണ്ണുരുട്ടി ഗോത്രങ്ങൾക്കു നേരെ നോക്കി വേറെ ആരെങ്കിലും കസേരക്ക് അധികാരത്തിനു കണ്ണ് വയ്ക്കുന്നുണ്ടോ? ഗോത്രങ്ങൾ പേടിച്ചു തല കുനിച്ചു. യോഗം തീർന്നപ്പോൾ പാതിര, സമയം നോക്കിയില്ല ആദ്യ വെട്ടു എന്നൊന്നും ഉണ്ടായില്ല എല്ലാ വെട്ടും ആദ്യ വെട്ടായി കുറെ വെട്ടു ഗോത്രത്തിലെ അംഗങ്ങൾ; അവര്ക്കും കിട്ടി! കുറെ പേര് മരിച്ചു വീണു. വെട്ടു കഴിഞ്ഞപ്പോൾ തടി ആയി വീഴേണ്ട മരം വിറകായോ എന്ന് ചിലരെങ്കിലും സംശയിച്ചു. വിറകെങ്കിൽ വിറകു കസേര മതി! കസേരകൾ ഒരുങ്ങി. ആദ്യം തയ്യാറായ കസേര വലിച്ചിട്ടു ഒരു ഗോത്ര തലവൻ തന്റെ സ്ഥാനാരോഹണം പാതിരാത്രി തന്നെ നിർവഹിച്ചു. കസേര പണി വൈകിയാലും തന്റെ കസേര മറ്റു ഗോത്ര തലവനേതിനേക്കാൾ ഉറപ്പുണ്ടായിരിക്കണം എന്ന് വാശി കൂടിയ ഗോത്ര തലവന്റെ കസേര പിന്നെയും വൈകി ഒന്ന് രണ്ടു ദിവസം. അങ്ങിനെ രണ്ടു കസേരകൾ മരം നിന്ന സ്ഥലത്ത് ഉയര്ന്നു. പക്ഷെ മരം പോയിട്ടും വേലി പൊളിക്കാൻ ഗോത്രങ്ങൾ തയ്യാറായില്ല. മരം ഇല്ലാത്ത വേലി കടന്നു രണ്ടു ഗോത്ര നേതാക്കല്ക്ക് ബാക്കി വന്ന ഉണ്ടയും തോക്കും വീതം വച്ചു നായാട്ടുകാർ ബാക്കി വന്ന തടിയും ചില്ലയും വിറകും ആയി യാത്ര ആയി. ഗോത്രങ്ങൾ അപ്പോഴേക്കും സ്ഥാനാരോഹണം ആഘോഷിക്കുക ആയിരുന്നു കസേര ചുമന്നും കണ്ടും കസേരകൾ മോടി  പിടിപ്പിച്ചും. പിന്നെ അവിടെ ഒരു മരം കിളിച്ചിട്ടും ഇല്ല കസേര ഇപ്പോഴും ശക്തമായി നിലനില്കുന്നു. മരത്തിനേക്കാൾ ശക്തിയായി ആടി കൊണ്ടു മരം ഇല്ലാത്തതു കൊണ്ടു കാറ്റുള്ളപ്പോൾ ഗോത്രങ്ങൾ കസേരയിൽ പിടിച്ചു സ്വരക്ഷ തേടുന്നു. ഗോത്രങ്ങൾ മുറുകെ പിടിക്കുന്നത്‌ കൊണ്ടു എത്ര കാറ്റടിച്ചാലും സുരക്ഷിതമായി കസേര ഇന്നും ഏതു കാറ്റും അതി ജീവിച്ചു നിലനില്ക്കുന്നു
സാത്വികത നട്ട മരത്തിന്റെ തടി ആയതു കൊണ്ടു ഇന്നും കസേരകൾ  ദ്രവിക്കാതെ  നില്ക്കുന്നു. തണൽ തേടി ഇപ്പോഴും ഗോത്രങ്ങൾ കസേര ചുമക്കുന്നു ...

 
കഥയിൽ ഇല്ലാത്തതു 

(അർഷേഷ്യ  ഇന്ന് ചരിത്രത്തിലില്ല എന്നോ ചരിത്രത്തോടൊപ്പം കടലെടുത്തു)

4 comments:

 1. മരം വെട്ടി കസേരയാക്കി അതിലിരിപ്പ് ഉറ്പ്പിച്ചവർ, മരം സംരക്ഷിക്കേണ്ടവർ അതിന്റെ പേരിൽ കൂടുതൽ കസെരകൾ പണിയുന്നു.

  ReplyDelete
 2. കിസാ കുര്‍സീ കാ....

  ReplyDelete
  Replies
  1. അന തര്തീഫ് ഇന്ത മാഫി മാലൂം

   Delete