Monday, 23 December 2013

ഡിസംബറിലെ ആറ്

വർഷത്തിലെ
എല്ലാ മാസങ്ങളിലൂടേയും
ഒഴുകി പരന്നു കിടന്ന
ഒരു ആറുണ്ടായിരുന്നു
അത് ഒരു കലണ്ടറിൽ ഉറച്ച
ഓർമയായി പോയത്
ഒരു ഡിസംബർ ആറിനു
ശേഷമായിരുന്നു

മേഘം പോലെ
മകുടം ഉയർത്തിനിന്ന
ഒരു തണലുണ്ടായിരുന്നു
അത് പെയ്യാൻ അനുവദിക്കാതെ
തകർത്തു
കുറച്ചു കണ്ണീർ കണങ്ങൾ
ബാക്കി വെച്ച്
തുടച്ചു  മാറ്റിയത്
ഒരു ആറിന്റെ കരയിലായിരുന്നു

മതം ഇല്ലാതേയും ജീവിക്കുവാൻ
മതം പകുത്ത
ഒരു രാജ്യമുണ്ടായിരുന്നു
അതിനു മതേതരത്വം
എന്ന് പേരിട്ടു വിളിച്ചത്
അർദ്ധരാത്രിയിൽ ഉദിച്ച
സ്വതന്ത്ര സൂര്യന്റെ
വെള്ളിവെളിച്ചത്തിലായിരുന്നു

ജനിച്ച മതം ഏതായാലും
ജീവിക്കുവാൻ
അദ്ധ്വാനവിയര്പ്പിന്റെ
സുവർണനൂൽ ധരിച്ചു
അഴിമതി ചുമക്കേണ്ട
ജനങ്ങൾ ഉണ്ടായിരുന്നു
അവരെ എണ്ണൽ സഖ്യ പോലെ
ഒരുമിച്ചുകാണാതെ
അഞ്ചിന്റെ ന്യൂനപക്ഷം എന്നും
ഏഴിന്റെ ഭൂരിപക്ഷം എന്നും
വിഭജിക്കുവാൻ
ഒരു ആറു വേണമായിരുന്നു
അത് ഉത്ഭവിച്ചത്‌
ഏതോ ഒരു
തണുത്ത മനസ്സിലെ
അധികാര മോഹത്തിന്റെ
കാണാത്ത
കൊടുമുടിയിൽ നിന്നായിരുന്നു

ഭരിക്കുന്നവർക്ക് ഇരിക്കുവാൻ
അധികാരത്തിന്റെ
ഒരു കസേര വേണമായിരുന്നു
ആ കസേരക്ക് വേണ്ടി
അതിന്റെ അടിയിൽ
മിണ്ടാതെ ഇരിക്കുവാൻ
വാടകയ്ക്കെടുത്ത
ഒരു ചുണ്ട് വേണമായിരുന്നു
അതിൽ ഒട്ടിച്ചു വച്ചിരുന്ന
നിസ്സംഗ മൌനത്തിനെ
ദുരുപയോഗം ചെയ്തത്
ഡിസംബർ മാസത്തിലെ
അതേ ആറിൽ വെച്ചായിരുന്നു

കസേര മോഹിച്ചു
അധികാരം
സ്വപനം കണ്ടവര്ക്ക്
കസേരയിൽ എത്തുവാൻ
ചോരച്ചാൽ ഒഴുക്കുവാൻ
ഒരു പുഴ വേണമായിരുന്നു
അതിനു അവർ തിരഞ്ഞെടുത്തത്
ത്രേതായുഗത്തിലും ഒഴുകിയിരുന്ന
ഇതേ ആറിനെ തന്നെ ആയിരുന്നു

ഇരുകരകളെയും കൂട്ടി ഇണക്കി
ജീവജലം പകർന്നു തന്നിരുന്ന
ആറു മുറിച്ചപ്പോൾ
കരയിൽ ഒരു വശം നിന്ന
ന്യൂനപക്ഷം
നിമിഷ സൂചി പോലെ
നിയന്ത്രണം വിടാതെ
ഓടിയപ്പോൾ
അത് കണ്ടു മറുവശം നിന്ന
ഭൂരിപക്ഷം
മണിക്കൂർ സൂചി പോലെ
അനങ്ങിയപ്പോൾ
ഭാരതത്തിന്റെ
സമയം തെറ്റാതെ കാത്തത്
രണ്ടു സൂചികളുടെയും
മിടിക്കുന്ന ഹൃദയം
ഒന്നായത് കൊണ്ട് മാത്രമായിരുന്നു!

15 comments:

 1. ഡിസംബര്‍ ആറു ,പതിനാറു ,ഇരുപത്തി ആറു എല്ലാം നമ്മുക്ക് പ്രശ്നം ആയിരുന്നു.ഈ കവിതയുടെയും അവതരണം നന്നായി എല്ലായിടത്തും ഓടിയെത്തിയിരിക്കുന്നു.

  ReplyDelete
  Replies
  1. അനീഷ്‌ ആദ്യ അഭിപ്രായത്തിനു പ്രോത്സാഹനത്തിനു വളരെ സന്തോഷം എണ്ണി കിട്ടുന്ന അവധിയുടെ തിരക്കിനിടയിലും ഓടി എത്തിയതിനു പ്രത്യേക നന്ദി

   Delete
 2. മതം ഇല്ലാതേയും ജീവിക്കുവാൻ
  മതം പകുത്ത
  ഒരു രാജ്യമുണ്ടായിരുന്നു
  അതിനു മതേതരത്വം
  എന്ന് പേരിട്ടു വിളിച്ചത്
  അർദ്ധരാത്രിയിൽ ഉദിച്ച
  സ്വതന്ത്ര സൂര്യന്റെ
  വെള്ളിവെളിച്ചത്തിലായിരുന്നു

  ReplyDelete
 3. ആറൊക്കെ ഒഴുക്ക് നിര്‍ത്തി അഴുക്കായപ്പോള്‍ ആറും ഏഴുമെല്ലാം നടുക്കം തുടങ്ങി

  ReplyDelete
 4. ചില ആറുകളെങ്കിലും ആവര്‍ത്തിക്കാതിരുന്നെങ്കില്‍... അല്ലേ..

  നന്നായി എഴിതിയിട്ടുണ്ട് കേട്ടോ...

  ReplyDelete
 5. വളരെ നന്നായിരിക്കുന്നു ‘ആറു’കളുടെ കവിത.
  ആശംസകൾ......

  ReplyDelete
 6. അവസാനത്തിലെ ആറ്
  ചിലയിടങ്ങളില്‍ കറുപ്പ് പുതച്ചും
  ചിലയിടങ്ങളില്‍ കാവിയുടുത്തും
  ചിലയിടങ്ങളില്‍ ചുവപ്പൊലിച്ചും....

  അതേസമയം,
  വായനശാലയില്‍ മാത്രം ആറൊരു മാര്‍ക്കാണ്,
  കഴുത്തു വളച്ച്,
  വഴി തടഞ്ഞ് വിലങ്ങനെ നില്‍ക്കുന്ന ഒന്ന്.!

  ReplyDelete
 7. ആറാമിന്ദ്രിയം.....
  ആശംസകള്‍

  ReplyDelete
 8. ഹാ.. ഇങ്ങനെയും പറയാം ലേ?? ഇഷ്ടായി ട്ടോ ഒത്തിരി :)

  ReplyDelete
 9. ഭായീ..
  നിങ്ങൾക്ക്‌ ആറിൽ ആറും മാർക്ക്‌
  നല്ല കവിത
  സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.  ശുഭാശം സകൾ....

  ReplyDelete
 10. മനോഹരമായ കവിത. അഭിനന്ദനങ്ങള്‍..

  ReplyDelete
 11. നന്നായിരിക്കുന്നു.. ആശംസകൾ.

  ReplyDelete
 12. ഒരുപാട് ഇഷ്ടമായ്

  ReplyDelete
 13. വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുമനസ്സുകൾക്കും സ്നേഹപൂർവ്വം നന്ദി

  ReplyDelete