Wednesday, 30 October 2013

സാഡിസ്ടിന്റെ ഗ്രീറ്റിങ്ങ്സ്


അവൾ ഒരു  മനോഹരമായ സ്വപ്നത്തിലായിരുന്നു..

ഒരു ക്രിസ്തുമസ് ആശംസാകാർഡിലെ മഞ്ഞുപോലെ അവൾ ആ സ്വപ്നത്തിൽ പാറിനടന്നു. പതിയെ ഒരുകാറ്റ് എവിടുന്നോ ഒരുനേർത്ത സുഗന്ധം പരത്തി കടന്നുവന്നു. അവൾ ഒരു മാലാഖയെ പോലെ അത് കണ്ണ് പാതിഅടച്ചു ആസ്വദിച്ച് നിൽക്കുമ്പോൾ ആ കാറ്റിന് ശക്തി കൂടി വന്നു. അവൾ പെട്ടെന്ന് ആശംസാകാർഡിലേക്ക് മഞ്ഞായി തന്നെ ഒളിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ എവിടുന്നോ ഒരു ലോറിയുടെ ഇരമ്പൽ കേട്ടു....  അത് കാറ്റിനേക്കാൾ വേഗത്തിൽ എവിടെനിന്നോ പാഞ്ഞെത്തി; പെട്ടെന്ന് കാര്ഡ് ആ ലോറിയുടെ ഭീമാകാരമായ ചക്രത്തിനടിയിൽ പെട്ടു.. ആ മനോഹരമായ കാർഡ്‌ നിമിഷനേരം കൊണ്ട്   വെറും ഒരു ടയറിന്റെ പാടായി മാറി.

അവൾ ഞെട്ടി ഉണര്ന്നു എല്ലാം ഒരു സ്വപ്നം ആയിരുന്നെന്നു വിശ്വസിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ അവൾ ഓർമയിലേക്ക് വഴുതി

അവളുടെ പേര് മേനി എന്നായിരുന്നു.. ആ പേര് എന്നും അവൾക്കു അപൂർണമായിരുന്നു.. മുഴുവൻ പേര് മേനിജീവൻ..

അവളുടെ എല്ലാമെല്ലാമായിരുന്നു ജീവൻ. അവളുടെ കളികൂട്ടുകാരൻ..
അവളുടെ ഫാന്റസി അവളുടെ സ്വപ്നം അവളുടെ ധൈര്യം അവളുടെ ജീവൻ പോലും അവനായിരുന്നു. അവളുടെ പ്രണയവും...
 വീട്ടുകാർക്കും അവരുടെ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നില്ല. ഒരുമാതിരി എല്ലാ ബന്ധങ്ങളിലും വില്ലനായി കടന്നു വരാറുള്ള ജാതക പ്പോരുത്തം പോലും നോക്കിയത് ഒരു രസത്തിനായിരുന്നെങ്കിലും അത് നോക്കണമെന്ന് പറഞ്ഞത് അവനായിരുന്നു  അവര്ക്ക്  അത് ഉത്തമവും ആയിരുന്നു ...

എങ്കിലും ഒളിച്ചോടാം എന്നും... അതിന്റെ അനുഭവം അറിയണമെന്നും നിര്ബന്ധിച്ചത് അവനായിരുന്നു.. വീട്ടുകാരെ വേദനിപ്പിക്കുന്നതിന്റെ സുഖം അതിന്റെ പിന്നിൽ ഉണ്ടെന്നു അവൾ അപ്പോൾ അറിഞ്ഞിരുന്നില്ല.  അതിന്റെ ആവേശം മാത്രമായിരുന്നു അവളുടെ ഉളളിൽ. ഒളിചോടുമ്പോൾ ഒരുമിച്ചു മറ്റാരും അറിയാതെ ചെയ്യുന്ന സാഹസം അവന്റെ തീരുമാനങ്ങളോട് ഒട്ടി നിൽക്കുന്നതിന്റെ പൊരുത്തവും ഒരുമയും അവരുടെ ഭാവി ജീവിതം കൂടുതൽ ദൃഡമാക്കും എന്നവൾ വിശ്വസിച്ചു. അതിലെ ഫാന്റസി അവളെ ഉന്മത്തയാക്കി.

അവളുടെ ഓരോ ഫാന്റസിക്കും അവന്റെ സാഡിസ്റ്റ് ചിന്തകൾ ചേരുമ്പടിചേർന്ന് കൊണ്ടിരുന്നു. ആദ്യ രാത്രിയിൽ പോലും അവളുടെ ഫാന്റസി അവന്റെ സാഡിസവും ആയിട്ടായിരുന്നു രതി പങ്കിട്ടത്. ഒരു കുട്ടിക്കളി പോലെ ഒളിഞ്ഞും തെളിഞ്ഞും തുടങ്ങിയ അനാച്ചാദനകർമം പല ഘട്ടത്തിലും ഒരു വസ്ത്രാക്ഷേപത്തിന്റെ നിലയിലേക്ക് തരം താണിരുന്നു. അപ്പോഴക്കെ അവൾക്കു ദ്രൌപദിയുടെ ശ്ചായ തോന്നി. അവൻ ഒരേ സമയം ദുശ്ശാസനനും കൃഷ്ണനും ആയിട്ടും അവൾക്കു തോന്നി. രാത്രിക്ക് ലഹരി ഉണ്ടെന്നു പോലും അവൾക്കു തോന്നി.. രതി രാത്രിയുടെ ലഹരി ആണെന്ന് അവൾ സങ്കല്പ്പിച്ചു.
പിന്നെ പിന്നെ പ്രണയം ഒരു വൃണം പോലെ അവളിലേക്ക്‌  മാത്രം ഒതുങ്ങുന്നതും ആഴ്ന്നിറങ്ങുന്നതും  ഒരു സുഖമുള്ള വേദനയോടെയാണ് അവൾ തിരിച്ചറിഞ്ഞത്. കാരണം ജീവൻ പലപ്പോഴും അവളിൽ അവശേഷിപ്പിച്ചത് പാടുകൾ തന്നെ ആയിരുന്നു. ആദ്യം സ്പര്ശനപ്പാടുകൾ പിന്നെ ച്ചുംബനപ്പാടുകൾ പിന്നെ മുറിപ്പാടുകൾ പിന്നെ വെറും ഒരു പാടായി തന്നെ അവൻ മാഞ്ഞു പോകുന്നത് വരേയ്ക്കും 

ഞാൻ നിന്റെ ആരാണ്?

മധുവിധുവിന്റെ നിമിഷങ്ങളിലൊന്നിൽ ചോദിച്ചത് അവളായിരുന്നു.

അവനു ഉത്തരമായി പറയുവാൻ വാക്കുകൾ  അധികം ഒന്നും ഉണ്ടായിരുന്നില്ല.

വലിച്ചു കീറിയ അവളുടെ അടിവസ്ത്രത്തിൽ ചുംബിച്ചു അവൻ അതിനു ഉത്തരമായി വസ്ത്രം.... എന്ന് മന്ത്രിക്കുമ്പോൾ അവളുടെ ചെവിയിൽ ഒന്ന് അമര്ത്തി കടിച്ചിരുന്നു. ശരീരം മുഴുവൻ അനുഭവപെട്ട സുഖമുള്ള വേദനയിൽ പലയിടത്തും നീറ്റൽ അനുഭവപെട്ടെങ്കിലും അവന്റെ ചൂടുള്ള ശ്വാസം അവിടങ്ങളിൽ പതിഞ്ഞപ്പോൾ ഒരു സുഖം തോന്നി. ശരീരം ചൂടോടെ ചായ ആയി കുടിക്കുന്നതിന്റേയും തണുപ്പിച്ചു ശീതളപാനീയമായി സ്ട്രാ വച്ച് വലിച്ചു കുടിക്കുന്നതിന്റെയും സാദ്ധ്യതകൾ അവൾ തിരിച്ചറിഞ്ഞു.. പിന്നെ പിന്നെ ആ വേദനയും അതിന്റെ നീറ്റലും കല്ലിച്ച പാടുകളും തല്ലും തലോടലും അവൾക്കു  നിത്യസംഭവമായി ..

അതവൾക്ക്‌ പരിചയമുള്ളതുമായിരുന്നു കുട്ടിക്കാലം മുതൽ അവൻ അവളെ അങ്ങിനെ നുള്ളിയും പിച്ചിയും തോല്പ്പിച്ചും പറ്റിച്ചും കരയിപ്പിച്ചും ചിരിപ്പിച്ചും വേദനിപ്പിച്ചും ആശ്വസിപ്പിച്ചും  ആണ് കൂടെ കൊണ്ട് നടന്നിട്ടുള്ളത് പക്ഷെ എപ്പൊഴും കൂടെ വേണം അത് അവനു എത്ര പിണങ്ങിയാലും നിർബന്ധവും ആയിരുന്നു   

ആ ഇഷ്ടവും അടുപ്പവും പലപ്പോഴും കാണിക്കാറുള്ള ആത്മാർഥതയുമാണ്‌ അവൾക്കു അവനോടുള്ള പ്രണയവും വിശ്വാസവും ആയി മാറിയതും

മധുവിധുവിന്റെ ഉഷ്ണക്കാറ്റിൽ എപ്പോഴോ ആണ് അവർ ഒന്നിച്ചു ഒരു സിനിമ കണ്ടത് അതിലെ നായികയുടെ ഒരു രംഗം കണ്ടപ്പോൾ അവൾ തന്നെയാണ് അവന്റെ കയ്യിൽ അമര്ത്തി പിടിച്ചത്. പിന്നെ അവൾക്കു ആ നായികയുടെ വേഷം കെട്ടേണ്ടി വന്നു ഒരു ചിത്രം പോലെ കുളിച്ചൊരുങ്ങി, ചുവന്ന ബ്ലൌസ് ഇട്ടു, മുടി അഴിച്ചിട്ടു, മുല്ലപ്പൂ ചൂടി.. കാച്ചെണ്ണ കരയുള്ള വെള്ള മുണ്ട് ഉടുത്തു.... നെറ്റിയിൽ വലിയ സിന്ദൂര പൊട്ടിട്ടു കണ്ണെഴുതി നില്ക്കണം. പിന്നെ കടും നിറമുള്ള ബ്ലൗസുകൾ മാറിയിരുന്നു പക്ഷെ വേഷം അത് തന്നെയായിരുന്നു . പിന്നെ പിന്നെ ഫ്രെമുകൾ കൂടുതൽ ഇരുണ്ട നിറത്തിലായി അവ അരണ്ട വെളിച്ച്ത്തിലായി അവളെ പൂജിക്കാനെന്ന പോലെ വിവിധ നിറങ്ങളിൽ മദ്യക്കുപ്പികൾ അവളുടെ മുമ്പിലെത്തി അവളെ പോലെ തന്നെ അവ പിന്നെ വിവസ്ത്രരാക്കപ്പെട്ടു. അവന്റെ കാലുകൾ  കുപ്പിയുടെ വസ്ത്രത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച്   ലാസ്യ നൃത്തം വെയ്ച്ചു. അതിനിടയിലൂടെ അവൻ ഊതി വിട്ട പുക അവരുടെ മുമ്പിൽ  ഒരു മായിക ലോകം സൃഷ്ടിച്ചു. അത് രാവേറും തോറും ഒരു ഹോമാക്കളമായി മാറി. അതിൽ അവൾക്കു ശ്വാസം മുട്ടുമ്പോൾ അവന്റെ കണ്ണുകൾ മദ്യം പോലെ തിളങ്ങി. അവന്റെ ശ്വാസം നുര പോലെ പൊന്തി..  ആ മാറ്റങ്ങൾ അവൾക്കു അറിയാവുന്ന "അവനിൽ" നിന്ന് അപരിചിതനായ മറ്റൊരു ആളിലേക്കുള്ള ഒരു മാറ്റമായിരുന്നു ഒറ്റവാക്കിൽ അവനിൽ നിന്നും അയാളിലേക്കുള്ള മാറ്റം
ചിരിപ്പിച്ചു പൊട്ടിച്ചിരിച്ചിരുന്ന അവനിൽ നിന്നും... വേദനിപ്പിച്ചു ചിരി  പോലും ഐസ് ഇട്ടമാതിരി  നേർപ്പിച്ചിരുന്ന അയാളിലേക്കുള്ള മാറ്റം..വാതോരാതെ സംസാരിച്ചു കൊണ്ടിരുന്ന അവനിൽ നിന്നും   പല മൌനങ്ങൾ കൂട്ടി വച്ച് വാക്കുകൾ ഏച്ചു കെട്ടി വാചകങ്ങൾ തീർത്തിരുന്ന അയാളിലേക്കുള്ള ദൂരം ..അതിനിടയിലെ ഇടവേളകളിൽ വാക്കുകൾ കൂർപ്പിക്കുവാൻ ശ്രദ്ധിച്ചിരുന്ന പോലെ നാക്ക്‌ ദുർബലമായിരുന്നെങ്കിലും അതിൽ നിന്നും വരുന്ന വാക്കുകൾ അവളുടെ ശരീരത്തിനെ പോലെ മനസ്സിനെയും നോവിക്കുവാൻ ശ്രമിച്ചിരുന്നു...    അവസാനം അവളുടെ നെറ്റിയിലെ സിന്ദൂരം അയാളുടെ നാവു കൊണ്ട് മായ്ച്ചു കളയുന്നത് വരെ പലപ്പോഴും ആ ചടങ്ങുകൾ നീണ്ടു

അതിനിടയിൽ അണലികൾ ദേഹത്തിഴഞ്ഞു അവ വെട്ടിയിട്ടതുപോലെ പലപ്പോഴും നിലത്തു വീണു.. അവിടെ കിടന്നു തന്നെ അവ ഇഴഞ്ഞു മയങ്ങി   അതിനിടയിൽ അവളുടെ ദേഹത്ത് നാണയ വലിപ്പത്തിൽ ദംശനങ്ങളുടെ പാട് രക്തതുടിപ്പുകളോടെ പ്രത്യക്ഷപ്പെട്ടു. അതിൽ അവൻ പിറ്റേന്ന് പൂജയുടെ തെളിവുകൾ കണ്ടു. അവളുടെ ഫ്രൈമുകൾ രാവിൽ നിന്ന് പകലിലേക്ക് നീണ്ടു. പകലുകൾ ഓരോ ദിനാന്ത്യത്തിലും സ്ഫടിക ഗ്ലാസ്സുപോലെ അവളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നതും അതിൽ അവന്റെ ഉള്ളിലുള്ള നന്മ മുഴുവൻ ഒരു ഐസ് പോലെ  തണുത്തു ഉറയുന്നതും അതിന്റെ മുകളിൽ രാവിന്റെ മങ്ങിയ നിറം മദ്യം പോലെ പറക്കുന്നതും അതിൽ ഐസ് കഷ്ണങ്ങൾ പിടഞ്ഞു മുങ്ങി ഇല്ലാതാവുന്നതും രാവിന്റെ തിന്മ അവനെ കീഴടക്കുന്നതും അവൾ കണ്ണീരോടെ കണ്ടുനിന്നൂ 


അവളുടെ ദിവസങ്ങൾ പകലെന്ന ഫ്രൈമിലും രാവെന്ന ചിത്രത്തിലും തളയ്ക്കപ്പെട്ടു അതിൽ രതി എന്ന ആസ്വാദനക്കുറിപ്പുകൾ കൂര്പ്പിച്ചു എഴുതപ്പെട്ടു.. എന്നാലും ആ ഫ്രൈമിനുള്ളിൽ അവൾക്കു അനുഭവപ്പെടുന്ന ഒറ്റപ്പെടൽ ചിലപ്പോൾ സുരക്ഷിതത്വത്തിന്റെയും മറ്റു ചിലപ്പോൾ ഏകാന്തതയുടെ അരക്ഷിതാവസ്ഥയും മാറിയും തിരിഞ്ഞും തീർത്തു..  പകലത്തെ വർത്തമാനകാലങ്ങൾക്കും  രാത്രിയിലെ  ഭൂതകാലങ്ങൾക്കും ഇടയിലൂടെ  ഘടികാര സൂചികൾ പലവേഗത്തിൽ ഇഴഞ്ഞു..അതിനിടയിൽ അവളുടെ അവനിൽ നിന്ന് മദ്യത്തിന്റെ അയാളിലേക്ക് ജീവൻ കൂടുതൽ അടുത്തിരുന്നു അവളെക്കാൾ കൂടുതൽ സമയം മദ്യക്കുപ്പികളെ വിവസ്ത്രയക്കുന്നതിൽ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. അവൾ കൂടുതൽ വസ്ത്രങ്ങളിലേക്ക് മറയ്ക്കപ്പെട്ടു മറക്കപ്പെട്ടു തുടങ്ങിയിരുന്നു

നന്മയിലെ അവസാന ഐസും ഉരുകി തീരുന്ന ഏതോ നിമിഷത്തിലാണ് ഒരു തിരിച്ചുപോക്ക് അവൻ ആഗ്രഹിച്ചത്‌. രക്ഷപെടുവാനുള്ള ഒരു വഴി എന്ന നിലയിലാണ് അവൻ ചിത്ര രചന തുടങ്ങിയത്.  അപ്പോൾ പകലിനും രാത്രിയിക്കും ഇടയിലുള്ള സന്ധ്യയായിരുന്നു പകലിലേക്ക് ഇനി ഒരു തിരിച്ചു പോക്ക് രാത്രിയിൽ കൂടിയേ സാധ്യമാകൂ എന്ന് തോന്നിയത് അങ്ങിനെയാണ്. കുറെ ദിവസങ്ങൾക്കു ശേഷം ഒരു ദിവസം ജീവൻ പഴയ അവനായി തന്നെ ഒരു രാത്രി അവളോടൊപ്പം ഒരു പാട് കാര്യങ്ങൾ സംസാരിച്ചിരുന്നതും അവൻ വരച്ച പല ചിത്രങ്ങളും യഥാർത്ഥത്തിൽ ദിവസങ്ങളോളം നീണ്ടു നിന്ന മുറിവുകളായിരുന്നെന്നു അവൻ തിരിച്ചറിഞ്ഞതും

എന്നിട്ടും അവൻ സ്വയം ഒരു ഉണങ്ങാത്ത മുറിവായി മാറുമെന്നു അപ്പോഴും അവളോട്‌ ഒരു സൂചന പോലും കൊടുത്തുമില്ലായിരുന്നു..

അതിനടുത്ത ദിവസം അവൻ വരച്ചത് ഒരു സന്ധ്യയായിരുന്നു അതിൽ ഒരു ഒറ്റയടി പാതയുണ്ടായിരുന്നു അത് അങ്ങ് അകലെ ചക്രവാളത്തിൽ ചുംബിച്ചിരുന്നു അതിൽ ഒരു അസ്തമയ സൂര്യനുണ്ടായിരുന്നു അതിനു ചോരയുടെ നിറമായിരുന്നു..ഇത് നിന്റെ അവസാനത്തെ മുറിവാണെന്നും നിന്റെ എല്ലാ മുറിവും ഈ ചോരകൊണ്ട് ഉണങ്ങും എന്നും പറഞ്ഞു  അതിൽ അവന്റെ  വിരൽ ചേർത്ത് ഒരു മുറിവുണ്ടാക്കി. അപ്പോൾ അവൾ ശ്രദ്ധിച്ചിരുന്നു അത്  അവൻ തന്നെ ആയിരുന്നു.. അവളുടെ പഴയ ജീവൻ അവന്റെ രക്തത്തിൽ അവളുടെ കണ്ണീർ ചാലിച്ചു  അവൻ അതിൽ ഒരു റെയിൽവേ പാളം വരച്ചു ചേർത്തു അതിൽ കുറുകെ വരച്ച വരകൾക്ക് ആരുടെയോ വാരിയെല്ലിന്റെ ചായ തോന്നി. ചിത്രം പൂര്ത്തിയാകുന്തോറും അവൻ അയാളായി മാറുന്നുണ്ടായിരുന്നു അവസാനം   ശൂളം വിളിച്ചു ഒരു ട്രെയിനിന്റെ ശബ്ദം കേൾപ്പിച്ച് അയാൾ അവളുടെ ജീവിത നിന്ന് അന്ന് ഇറങ്ങി പോയി.

ആ രാത്രി ഉരുട്ടി വെളുത്തപ്പോൾ അവൾ അന്ന് വരെ മനസ്സിലാക്കി വച്ചിരുന്ന പല വാക്കുകളുടെയും അർഥം വിപരീതത്തിലേക്ക് മാറിയിരുന്നു എന്നിട്ടും ഒരു വാക്ക് അപ്പോഴും അതിൽ പെടാതെ പുതുതായി കടന്നു വന്നു..കൂട്ടം എന്ന ആ വാക്കും പതിയെ  അവളുടെ അർത്ഥത്തിൽ നിന്ന് വിപരീതത്തിലേക്ക് മാറിയപ്പോഴാണ് അവൾ അവൻ വരച്ചിട്ടു പോയ  മുറിവിന്റെ ചിത്രം  ആഴത്തിൽ അറിഞ്ഞത്

പിന്നെയും  അവിടെ സൂര്യനുദിച്ചിരുന്നു പക്ഷെ അത് പതിവ് പോലെ ആയിരുന്നില്ല അവളുടെ ഹൃദയത്തെ കീറി മുറിച്ചു കൊണ്ടായിരുന്നു

പിന്നെ അവളുടെ ദേഹത്ത് മുറിവുകൾ ഉണ്ടായില്ല . പക്ഷെ മനസ്സിലൊരു ഉണങ്ങാത്ത മുറിവ് ഉണ്ടായിരുന്നു. ഏതോ ഒരു സാഡിസ്റ്റ് വികലമാക്കിയ ചിത്രം പോലെ അവൾ ജീവിതചുമരിൽ  കൊളുത്തിയിടപ്പെട്ടു

പെട്ടെന്ന് അവൾ ഓര്മയുടെ ചിന്തയിൽ നിന്ന് ഉണര്ന്നു. കണ്ട സ്വപ്നം ഓര്മ വന്നു അവള്ടെ ദേഹത്ത് മുറിവ് പോലെ മൈലാഞ്ചി പാട് കണ്ടു ഞെട്ടി അത് ഒരു ടയറിന്റെ പാട് പോലെ മനോഹരമായിരുന്നു. പെട്ടെന്ന് മേശപ്പുറത്തിരിക്കുന്ന ഒരു ആശംസ കാര്ഡ് അവളുടെ കണ്ണിൽ പെട്ടു. അവൾ അറിയാതെ അവളുടെ കൈ മേശ വരെ നീണ്ടു. മഞ്ഞിന്റെ തണുപ്പുള്ള ആശംസ കാർഡിൽ മഞ്ഞു കണങ്ങൾ ഉരുണ്ടു കൂടിയിരുന്നു.. അതിൽ വിരൽപാടുകൾ പതിഞ്ഞപ്പോൾ വെള്ളത്തുള്ളികൾ കണ്ണുനീര് പോലെ താഴേക്ക്‌ പതിച്ചു. അവളുടെ കയ്യിലിരുന്നു കാര്ഡ് തണുത്തു വിറച്ചു  അവളുടെ ശ്വാസം പോലും വിറയ്ക്കുവാൻ തുടങ്ങി. ശ്വസിക്കുവാൻ ശ്രമിക്കുന്നത് പോലെ  കാർഡ് പകുതി തുറന്നിരുന്നു അതിൽ കോടമഞ്ഞിൽ നില്ക്കുന്ന മരങ്ങളെ പോലെ ചില അക്ഷരങ്ങൾ തെളിഞ്ഞു വന്നു അന്തരീക്ഷത്തിൽ പടരുന്ന മഞ്ഞു... കണ്ണുനീർ പോലെ വകഞ്ഞു അവൾ അത് വായിച്ചു ... അതിൽ ഇങ്ങനെ എഴുതിയിരുന്നു.

"ജീവിക്കുവാനുള്ള ഒരു അവസരവും പാഴാക്കരുത്.. കാരണം ജീവിതം തന്നെ ഒരു അവസരമാണ്" - നിന്റെ ജീവൻ

8 comments:

 1. മേനിയും ജീവനും
  മേനിയില്ലാതെ ജീവനും ജീവനില്ലാതെ മേനിയും എന്ത്?

  ReplyDelete
 2. ഇത്തവണ ബിംബാത്മകമായ ഒരു കഥ. വേറിട്ട രചന.
  നന്നായിരിക്കുന്നു. ആശംസകൾ.

  ReplyDelete
 3. ഉപയോഗിച്ച ഭാഷ ആകര്‍ഷകമാണ്....

  ReplyDelete
 4. കഥയും കവിതയും ഒരുപോലെ വഴങ്ങുന്നു.....

  ReplyDelete
 5. അജിത്ഭായ്
  ഡോക്ടർ
  കാത്തി
  പ്രദീപ്‌ ഭായ്
  നിധീഷ്
  സ്നേഹപൂർവ്വം നന്ദി

  ReplyDelete
 6. പ്രണയമായാലും അമിതമായാല്‍ അതും ഒരപകടമാവും , സങ്കല്‍പ്പങ്ങള്‍ കൊണ്ട് തീര്‍ത്ത കഥ ഒരിക്കല്‍ കൂടി വായിക്കേണ്ടിയിരിക്കുന്നു. ( അക്ഷര തെറ്റുകള്‍ കുറച്ചു വന്നിട്ടുണ്ട്, അത് പോലെ അക്ഷരങ്ങളുടെ വലിപ്പവും കുറച്ചു കൂട്ടിയിരുന്നു എങ്കില്‍ വായന സുഖം കൂട്ടും എന്ന് തോന്നുന്നു, ആശംസകള്‍

  ReplyDelete
  Replies
  1. ഫൈസൽ വളരെ സന്തോഷം ഈ ക്രീയാത്മക നിര്ദ്ദേശത്തിന്
   രണ്ടും ഇനിയും ഇതിലും തിരുത്തിയേക്കാം
   വായനക്കും അഭിപ്രായത്തിനും വളരെ സന്തോഷവും നന്ദിയും അറിയിക്കട്ടെ

   Delete