Skip to main content

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ
ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി

ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു

ഒഴിഞ്ഞ കാൻ പോലെ
ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ 
തട്ടിത്തെറിപ്പിച്ച് പാട്ടുകൾ 
ഒന്നൊന്നായി കടന്നുപോയി
ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ
കാനുകൾ എന്ന പോലെ

പിന്നേയും
ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന് 
അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി

കെട്ടിക്കിടക്കുന്ന വെള്ളം 
പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ
വെള്ളം തെറിപ്പിക്കുന്നത് പോലെ
ചുംബനം കഴിഞ്ഞ് മുഖം 
കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു

കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ
വാഹനങ്ങൾ
വേഗത കുറക്കുന്നത് പോലെ
ചുംബനം പെട്ടെന്ന് 
അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു

ശാന്തതയോടെ ചുണ്ടുകൾ  
ഉടലിലൂടെ കടന്നുപോകുന്നു
ഹൃദയത്തിലേക്ക് ഒരു 
മിടിപ്പിറക്കുന്നത് പോലെ 
ഒരു പക്ഷേ അതിലും പതിയേ,
സാവകാശം

ശംഖുപുഷ്പങ്ങളിൽ കാറ്റ് 
കയറി ഇറങ്ങുമ്പോലെ 
പൂക്കളേ അവിടെ നിർത്തി
വള്ളികൾ മാത്രം എന്ന്
ഒന്ന് ഉയർന്നുതാണു
ഒപ്പം നിർന്നിമേഷതയുടെ ഋതുവും

നഗരത്തിൻ്റെ എല്ലാ തിരക്കിൻ്റെയും
ഓരത്ത് വന്ന് നിന്ന്
തിരക്കുകൾ മാടിയൊതുക്കി
പ്രണയത്തിലേക്ക് വന്ന്
അതിൻ്റെ അവധാനതകളിലേക്ക്
ചേർന്ന് നിന്ന് 
മറ്റൊരു തിരക്കിലേക്ക്
തിരക്കിട്ട് ഓടിക്കയറേണ്ടവരാണ്
നമ്മൾ

നമ്മൾ ചുംബനങ്ങളിൽ പോലും
നിന്ന് യാത്ര ചെയ്യുന്നു
എന്നായി കാതുകൾ

ചുംബനങ്ങളുടെ വയലറ്റ് സെൾഫികൾ ഉടലുകൾക്കൊപ്പം പാറിപ്പോയി

തൊട്ട് തൊട്ട് നമ്മുടെ ഖേദവിരൽത്തുമ്പ്
അവയുടെ അവസാനം കെട്ടിയിട്ട സ്പർശനങ്ങളിൽ ചെന്ന് തട്ടിനിൽക്കുന്നു

ചുംബനങ്ങൾ വൈകുന്നതിനുള്ള
ക്ഷമാപണങ്ങൾ എന്നായി അവൾ
അടുത്ത ചുംബനത്തിൽ ഞാനത്
നിശ്ശബ്ദം ശരിവെച്ചു

നിങ്ങൾ ചെയ്തില്ലെങ്കിലും
തെറ്റുകൾ അവിടുണ്ട് എന്നായി
ഉടലുകൾ

നമ്മൾ തെറ്റ് ചെയ്യാത്ത രണ്ട് പേരായി
പൂക്കളിൽ പോയി വിരിയുന്നു

ഞാനും അവളും എന്ന് 
എല്ലാ ചുംബനങ്ങൾക്കും പിന്നാലെയാവുന്ന ഞങ്ങൾ

വേർപെടും മുമ്പ്
ശരദിന്ദു മലർദീപനാളം നീട്ടി
എന്ന പാട്ട് അവസാനിക്കും പോലെ
നമ്മൾ ഒരു ചുംബനത്തിൽ വീണ്ടും
ചാരി നിൽക്കുന്നു

Comments

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

വിഷാദത്തിൻ്റെ കുറുകലുകൾ ഉള്ള അസ്തമയത്തിൻ്റെ പ്രാവുകൾ

നിന്നിലൊരു പുഴയുണ്ടെന്ന് കണ്ടെത്തിയതിൽ പിന്നെ കണ്ടെത്തലുകളുടെ  മീൻകണ്ണുള്ള ജലം കണ്ടെത്തലുകളേ മീൻമിനുക്കമേ ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ വെള്ളാരംകല്ലടുക്കേ എന്നിങ്ങനെ,  അതിൻ്റെ മറികടക്കലുകളേ കുറിച്ച് കൂടെയൊഴുകലുകളേ കുറിച്ച് മാറിൽ പറ്റിച്ചേർന്ന് കിടന്ന് മീനുകൾക്കൊപ്പം ആലോചിക്കുന്നു അരയോളം മീൻ ആലോചിക്കുന്നു അരയ്ക്ക് താഴേക്ക് ജലം എന്ന് മീനാലോചന  ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ  നാണത്തോടെ തൊടുമ്പോൾ കവിത ഇടപെടുന്നു വിശ്വസിക്കുമോ മീനിൻ്റെ ആലോചനയോളം മനോഹരമാണ് ഇപ്പോൾ ജലം പ്രാവുകൾ കുറുകും പോലെ മീനുകളുടെ നഗ്നതക്കരികിൽ ജലം കുറുകുന്നു അതും തുള്ളികളിൽ  പറന്ന് പറ്റിയിരുന്ന് മീനിൻ്റെ ആലോചന വന്ന ജലം എന്നെനിക്ക്  അത്രയും പ്രീയപ്പെട്ടെ ഒരാളോട് അടക്കം പറയാമെന്ന് തോന്നുന്നു പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം നിന്നോട് പറയുമെങ്കിൽ നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം ഒരു പക്ഷേ നിൻ്റെ അരക്കെട്ടൊഴുക്ക് നീ അടക്കിപ്പിടിക്കും വിധം പൗരാണികതകൾ മറികടക്കുമ്പോൾ പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി അടക്കിപ്പിടിക്കുമ്പോലെ  നിന്നിൽ ഒരേ സമയം സംയമനം പിന്നെ അതിൻ്റെ  പിറന്നപടിയുള്...