Skip to main content

ഒന്നിനും രണ്ടിനുമിടയിൽ മൂന്നിന്റെ സാധ്യതകൾ

നിലാവ് കീറിയുടുത്തവനാകണം
അവൻ

അവന്റെ തുടയിലൂടെ
ഒരു പഴുതാരയിഴയുന്നു

പഴുതാര നഗ്നൻ

പഴുതാരയ്ക്കും
അതിന്റെ അസംഖ്യം
കാലുകൾക്കുമിടയിൽ
അവൻ പാടിയ ഒരു പാട്ട്
മടി പിടിച്ച് കിടക്കുന്നു

അവന്റെ ഉള്ളിൽ നിന്നും
പിടിച്ച തീയാകണം
പഴുതാരയുടെ കാലുകളിൽ
കെടാതെ
കത്തിക്കിടക്കുന്നു

ആരും തൊടാനില്ലാത്തത് കൊണ്ടാവണം
അവന്റെ വിരലുകളിൽ
പിടിച്ചു കിടക്കുന്ന
വാടാത്ത തൊട്ടാവാടികൾ

കൈയ്യാകെ
മൂർച്ച കൂട്ടി മുരളുന്ന മുള്ളുകൾ

ആരും കെട്ടിപ്പിടിക്കാനില്ലാത്തത് കൊണ്ടാവും
ചുടുകട്ട ഇട്ട് കെട്ടിയ മാതിരി
അങ്ങിങ്ങ്
ഉടൽ
വിണ്ട് കീറി തുടങ്ങിയിരിയ്ക്കുന്നു

അവനാവില്ല
ആരോ
പരതി നോക്കിയിരിയ്ക്കുന്ന
പാടുകൾ
മനസ്സും എന്നോ ഉപയോഗിച്ച് തീർന്നിട്ടുണ്ടാവണം

പതിവായി വരുന്ന പത്രക്കാരൻ
വലിച്ചെറിഞ്ഞതാവും
അടുത്ത് തുറക്കാതെ കിടക്കുന്നുണ്ട്
രണ്ട് കണ്ണുകൾ

അവനെ കണ്ടാൽ പേടിച്ചേക്കാവുന്ന
ഒരു പൂച്ച
അതിന്റെ അരണ്ട കണ്ണിലൂടെ
അവനെ നോക്കുകയാണ്

നോക്കുമ്പോൾ
അവനും
വെള്ളത്തിനുള്ളിലെ
ഓരോ മൂന്നാമത്തെ മീനും
ഒരേ മുള്ള് പങ്കിടുന്നതായി കാണുന്നു!

Comments

  1. ബൈജുച്ചേട്ടാ,

    ഞാൻ പേടിച്ചുപോയല്ലോ!!

    ഇതെന്നാ കവിതാവാരാചരണം ആയിരുന്നോ??

    ReplyDelete
    Replies
    1. ഏതായാലും ചെലവ് തന്നെ തിരിച്ച് വരവ് ഒരിത്തിരി കട്ടികൂട്ടി എടുത്തതാ...

      Delete
  2. അരണ്ട കണ്ണിലൂടെ ഇമവെട്ടാതെ നോക്കുകയാണ്...
    പിടികിട്ടുന്നില്ലല്ലോ?!!
    ആശംസകള്‍

    ReplyDelete
    Replies
    1. മൂന്നാംലിംഗ പരിമിതികളാണ് പകർത്താൻ ശ്രമിച്ചത് തങ്കപ്പേട്ടാ ഓണം ഈദ് ആശംസകൾ കൂടി സ്നേഹപൂർവ്വം

      Delete
  3. പഴുതാര നഗ്നൻ ...
    അവനെ കണ്ടാൽ പേടിച്ചേക്കാവുന്ന
    ഒരു പൂച്ച അതിന്റെ അരണ്ട കണ്ണിലൂടെ
    അവനെ നോക്കുകയാണ്...

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം