Skip to main content

വീണ്ടും എന്ന വാക്കിലേയ്ക്ക് തിരിച്ചുപോകുന്ന രണ്ടുപേർ

നീയെന്തിനാണ് എന്റെ മരത്തിനെ
ഇങ്ങനെ
ചരിച്ച് പിടിച്ചിരിയ്ക്കുന്നത്?

അതിന്റെ തണലുകൾ
വഴിയാകെ ഇറ്റു വീഴുന്നത്
നീ കാണുന്നുണ്ടോ?

മുടി നരയ്ക്കുന്ന ശബ്ദത്തിൽ
സംസാരിയ്ക്കുന്ന ഒരാൾ
വിളിച്ചു ചോദിയ്ക്കുന്നു

ആ ചോദ്യം നിറയെ
കറിവേപ്പിലയുടെ അരികുകൾ
പച്ചനിറത്തിന്റെ മണം

മണ്ണിനോട് കലഹിച്ച്
എന്നോ പിഴുതു വീണ
ഒറ്റമരത്തിന്റെ
പത്തുവേരുകളാവണം
അയാളുടെ വിരലുകൾ

അയാളോട് പരിചയമുള്ള
മരങ്ങളെല്ലാം
എണ്ണം കൂട്ടിയും കുറച്ചും
പൗപ്പത്ത് വേരിലേയ്ക്ക്
മാറിയിരുന്നിരിയ്ക്കണം

മഴത്തൂണുകളിൽ
വെള്ളത്തിന്റെ
വള്ളിച്ചെടികൾ
ഒച്ചയെടുത്ത് വളരുന്നിടത്ത്
പതിയെ അവർ തിരിയുന്നുണ്ട്

അഥവാ
അവർ അവിടെ
വേർപിരിയുകയാവണം

പിന്നീട് അവർ കണ്ടുമുട്ടുമ്പോൾ
അവൾ മുലഞെട്ടിൽ
അയാളുടെ ശിൽപ്പം
കൊത്തിവെച്ചിട്ടുണ്ട്

മുലകളിൽ പായൽ പിടിച്ചിരിയ്ക്കുന്നു

ചുരങ്ങൾ മാന്തി
അവൾ ഒരു ഗുഹയുടെ
സത്ത കൂടി
എടുത്തിരിയ്ക്കുന്നു

മഴയിപ്പോൾ പെയ്യുന്നത്
അവരുടെ മേൽവിലാസത്തിലാണ്

പരസ്പരം ഒട്ടി
അവർ
അനന്തതയിലേയ്ക്കുള്ള
ശൂന്യതയുടെ രണ്ട്
തപാൽ സ്റ്റാമ്പുകളായിരിക്കുന്നു

വീണ്ടും എന്ന വാക്ക്
പരസ്പരം വഴുക്കി
അവർക്ക് വീഴുവാൻ
കാലമുണ്ടാക്കിയ
പച്ചപ്പിന്റെ തനി പകർപ്പായിരിയ്ക്കാം

അവളിപ്പോഴും
അതേ മരം നിവർത്തിപ്പിടിച്ചിരിയ്ക്കുന്നു

അയാളുടെ നൃത്തത്തിന്റെ
ഉറവിടം കണ്ടെത്തിയ മാതിരി
അവൾ കിതയ്ക്കുന്നുണ്ട്

ശ് ശ്
നിശബ്ദതയ്ക്ക്
വെളിച്ചം വെച്ചത് പോലെ
മിന്നാമിന്നികൾ താണ് പറക്കുകയാണ്
കാണുന്ന ഒച്ച പോലും
ഇമകളുണ്ടാക്കരുത്

അടുത്ത അഞ്ചു ദിവസത്തെ
നിലാവ്
മുൻകൂറെടുത്ത്
അവരവരുടെ
രാത്രികളിലേയ്ക്ക്
പുലരാത്ത
വിധം
അവർ
തിരിച്ചു പോവുകയാവണം!

Comments

  1. അയാളുടെ നൃത്തത്തിന്റെ
    ഉറവിടം കണ്ടെത്തിയ മാതിരി
    അവൾ കിതയ്ക്കുന്നുണ്ട് ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ