Skip to main content

ജലം മുറിച്ചു പുഴ കടക്കുന്ന ഒരാൾ

ജലം
ആകുവാനാകാതെ
അവിടെയും ഇവിടെയും
ഒഴുകിനടക്കുന്ന
ഒരാൾ

പുഴയെന്നാരും
വിളിക്കാത്തയാൾ

തുഴഞ്ഞിട്ടും
കരയെത്താത്തയാൾ
എന്നിട്ടും
തോണിയെന്നാരും
വിളിക്കാത്തയാൾ

കൃത്യമായി പറഞ്ഞാൽ
ഉള്ള പേരുപോലും
വിളിയ്ക്കുവാൻ ആരും
ഇല്ലാത്തയാൾ

പേരിന്റെ പരോൾ ലഭിക്കാത്ത ഒരാൾ

ഒളിച്ചിരിക്കുവാൻ
ഏണിവെച്ച് കയറി
വെള്ളത്തിൽ
തുള്ളികൊണ്ടയാൾ
പണിയുന്ന
സുഷിരങ്ങൾ

തിരിച്ചിറങ്ങുവാൻ
കയറുമ്പോഴേ
അഴിച്ചുകളയുന്ന
ഏണിപ്പടികൾ

പണിയുന്ന സുഷിരത്തിലൂടെ
ഇരച്ചുകയറുന്ന
സുഷിരങ്ങളുള്ള
വെള്ളം

വെള്ളം കുറവുള്ള വെള്ളം
വെള്ളമെന്ന ആചാരം
നനവ്‌ എന്ന അനാചാരം

അതിൽ
അലിഞ്ഞു പോയേക്കാവുന്ന
അയാളുടെ ഭൂതകാലം

ഭാവികാലത്തിന് കാത്തുനില്ക്കാതെ
വർത്തമാനത്തിലലിയുന്നയാൾ

കുറച്ചു വെള്ളമെടുത്തു
നിലാവുണ്ടാക്കുന്നു
ബാക്കിവെള്ളം
ചന്ദ്രനുണ്ടാക്കുവാൻ
വൃത്തത്തിൽ
മാറ്റിവെയ്ക്കുന്ന
അയാൾ

എന്നിട്ടും
നിലാവെന്നു
വിളിക്കപ്പെടാത്തയാൾ

വിളിക്കപ്പെടാത്ത
വിളികളുടെ മൂർച്ചയിൽ
തുള്ളികളാക്കപ്പെടുന്നയാൾ

മഴയെന്ന് വിളിക്കപ്പെടാത്തയാൾ

ജലം കൊണ്ടുണ്ടാക്കിയ
ഓടക്കുഴൽ
എന്ന സാധ്യതയിലേയ്ക്ക്
നീണ്ടുപോകുന്ന സന്ധ്യകൾ

അതിലേയ്ക്ക്
പാതിവെള്ളമായ
മീനിന്റെ
രൂപത്തിൽ
പടർന്ന്പിടിക്കുന്ന തീ

തീയിൽ
ചുണ്ടുകൊണ്ട്
പല നിറങ്ങളിൽ
അയാൾ
ഇടാൻ ശ്രമിക്കുന്ന
സുഷിരങ്ങൾ

അതിലൂടെ കേൾക്കുന്ന
തീപിടിക്കുന്നപാട്ടുകൾ

പാട്ട് കേട്ട് കേട്ട്
തീ അണയ്ക്കാൻ ശ്രമിക്കുന്ന
കാതുകൾ

കുമിള പോലെ
ഭാവിയിൽ
അയാൾ
പണിഞ്ഞുവെയ്ക്കുവാൻ
ശ്രമിക്കുന്ന
മരണമെന്ന
സുഷിരം

പണിയുന്തോറും
ഇന്നലെകളിലേയ്ക്ക് പോയി
മഴയായ്‌ തീരുന്ന
പണിതീരാത്ത സുഷിരങ്ങൾ

ഓരോ തവണയും
ഇന്നലെയിലെയ്ക്ക് പോയി
മഴയുടെ
തോർച്ച പണിയുന്ന
അയാൾ

പണിഞ്ഞു പണിഞ്ഞു
സുഷിരങ്ങളാവുന്ന
അയാളുടെ വിരലുകൾ

വെള്ളമാകുന്ന കാലുകൾ
പാതിപുഴയാകുന്ന അയാൾ
പാതി ജലം കടന്ന്
ഉടലാൽ ഒഴുകിത്തുടങ്ങുന്ന അയാൾ

അപ്പോഴൊക്കെ
വെറും പണിക്കുറവാകുന്ന
കടൽ

കടൽ
പണിഞ്ഞു തീരാത്ത
തിരമാലകൾ

കൊത്തികൊത്തി
വെള്ളം പണിഞ്ഞു,
പണിത പുതുവെള്ളത്തിൽ
നീന്തിപോകുന്ന മീനുകൾ

തീ പൂർണമായി
പിടിക്കുന്ന പഴയമീനുകൾ

കത്താത്തമുള്ളിന്റെ
ആകൃതിയിൽ
പിടച്ചിൽ ഒഴിച്ചിട്ട്
തെളിവെള്ളത്തിൽ
പുഴ ഒരുക്കുന്ന
വെള്ളാരംകല്ലുകൾ

കുന്നുകൂടുന്ന
മീനിന്റെ കൂണുകൾ

ചുറ്റിയൊഴുകുന്ന പുഴകൾ

ഉയരത്തിന്റെ കുറവ്
കൊണ്ട്
മേഘങ്ങളാകുവാൻ
കഴിയാതെ പോയ പാറകൾ

അവയ്ക്ക്‌ സ്ഥലം ഒഴിച്ചിട്ട്
ഒഴുകുന്നപുഴകൾ

പകുതിപുഴയായ അയാൾ
എന്നിട്ടും പൂർണമായി
ഒഴുകിതീരാത്ത അയാൾ
ഒഴുക്കിൽ പെട്ട് മരിച്ചുപോകാത്തയാൾ
മരിക്കാത്തയാൾ

എന്നിട്ടും
മരിച്ചവനായി
പലരും വിളിക്കുന്നയാൾ

ഇനി മരണം എന്നത്
ജലം ഏതുനിമിഷവും
എല്ലാ സുഷിരങ്ങളോടും കൂടി
അയാളിൽ
എഴുതിയേക്കാവുന്ന
ചതുരകുമിളയാവും…

 

Comments

 1. ഒന്നുമാത്രം അറിയാം.
  ഈ കവിതകൾ ഇവിടെയൊന്നും ഒതുങ്ങിപ്പോകേണ്ടതല്ല

  ReplyDelete
 2. വെള്ളം കുറവുള്ള വെള്ളം
  വെള്ളമെന്ന ആചാരം
  നനവ്‌ എന്ന അനാചാരം

  ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സ്റ്റാറ്റസ് കവിതകൾ മൂന്നാം ഭാഗം

ഞാൻ മുള്ള്   നിന്നെ സ്നേഹിക്കുവാനായി  മാത്രം കൂർപ്പിച്ചവയാണ് ഭൂമിയിലെ എല്ലാ മുള്ളുകളും  എന്നെ പോലെ കണ്ണാടി നിന്റെ ചുണ്ടുകൾ  രഹസ്യമായി മുഖം നോക്കുന്ന  കണ്ണാടിയാണ്  എന്റെ കാതുകൾ തോരണം ഒഴുകുന്ന  പുഴയിൽ നിന്ന്  ഇരുകൈ കൊണ്ട്  ഉലയാതെ  കോരി എടുക്കണം  നിന്റെ നാണം കുണുങ്ങുന്ന  പ്രതിച്ഛായ  അതിൽ എനിക്കെന്റെ  മുഖം കൊണ്ട് തീർത്ത മഴമാല ചാർത്തണം ഒരിക്കലും അടങ്ങി കിടക്കാത്ത നിന്റെ കണ്‍പീലിയിൽ മഴവില്ലരച്ച് മയിൽപീലി വർണത്തിൽ മൈലാഞ്ചി പുതപ്പിക്കണം പിന്നെ എന്റെ കണ്ണിലെ ഇമകൾ തുറന്ന് എപ്പോഴും കാണുന്ന സ്വപ്നത്തിലെ മായാത്ത തോരണമാക്കണം മഴയിൽ കുഴിച്ചിടണം ആഴത്തിൽ കുഴിയെടുത്ത്  മഴയിൽ കുഴിച്ചിടണം  ജീവിച്ചു നശിപ്പിച്ച  ചവിട്ടി നിൽക്കേണ്ട മണ്ണുകൾ കണ്ണുകൾ കണ്ണുനീർ  തിളപ്പിക്കുന്ന അടുപ്പുകളാണ്  കണ്ണുകൾ വീടില്ലാത്ത വെയിൽ സന്ധ്യ ആയാലും  പോകുവാൻ  ഒരു വീട് പോലും ഇല്ലാത്ത  വെയിലുകളും ഉണ്ട്  അതാണ്‌ പിന്നെ ഏതെങ്കിലും  തെരുവ് വിളക്കുകളിൽ ബൾബോ ട്യൂബോ വിരിച്ചു  പ്രാണികളെയും ആട്ടി  ഉറക്കം വരാതെ  കിടക്കുന്നുണ്ടാവുക വെടിയുണ്ട തൊട്ടു തൊട്ടില്ല  എന്ന മട്ടിൽ വന്ന് മരണത്തിലേയ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്വർഗ്ഗസ്ഥൻ

സ്വർഗത്തിന് തൊട്ടടുത്തെത്തിയിട്ടും സ്വർഗ്ഗത്തിന്റെ വാതിൽ തേടി നടക്കുകയായിരുന്നു  സ്വർഗ്ഗസ്ഥൻ.. വലതു കാൽ വച്ച് അകത്തു കടക്കാൻ. ഇനിയിപ്പോൾ ഇടതു കാൽ വച്ച് കേറി സ്വര്ഗസ്ഥ ജീവിതം ആയാലും മോശം ആക്കണ്ടല്ലോ! വിശ്വാസം അല്ലെ എല്ലാം? അയാൾ ഓർത്തു. സ്വർഗ്ഗത്തിലെ ചിട്ടവട്ടങ്ങൾ ഒന്നും അറിയില്ല. പുതുതായി എത്തുന്ന എല്ലായിടത്തും ആദ്യം കാത്തിരിക്കുന്ന ഒരു അവഗണന അയാൾ അവിടെയും പ്രതീക്ഷിച്ചിരുന്നു. എന്നാലും  ഇവിടിപ്പോൾ അവഗണന പോയിട്ട് എന്തെങ്കിലും ഒന്ന് ചോദിയ്ക്കാൻ പോലും ഒരു ജീവിയെ  എങ്ങും കാണുന്നില്ല..  പലതവണ കറങ്ങിയിട്ടും ആളനക്കം തോന്നാതിരുന്ന  സ്വർഗത്തിന്റെ   വാതിൽ മാത്രം കണ്ടില്ല. എന്നാൽ പിന്നെ ജനലുണ്ടാവുമോ? അതായി അടുത്ത നോട്ടം.. ഭാഗ്യം അവസാനം അത് കണ്ടു പിടിച്ചു! തുറന്നിട്ടിരിക്കുന്ന ഒരു കൊച്ചു ജനൽ! അതിലൂടെ ഊർന്നിറങ്ങുമ്പോഴും കൂർത്ത എന്തൊക്കെയോ തറച്ചു കേറുമ്പോഴും വേദനിച്ചില്ല. സ്വർഗ്ഗത്തിൽ ഇല്ലാത്തതാണല്ലോ വേദന! അത് പിന്നെയാണ് ഓർമ വന്നത് . അകത്തു കടന്നപ്പോൾ പിന്നെയും ശങ്ക ബാക്കി ആയി.. ചെയ്തത് ശരിയായോ? ഒരു ജനൽ വഴി കടക്കുന്നത്‌ ചോരനല്ലേ? മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങി. ചെയ്തത് ശരി ആയോ? പിടിക്കപ്പ