Skip to main content

ആറിന് വെറുമൊരു അഞ്ചിന്റെ കുറവുള്ളത്

 ഋതു ആറിലും
പെടാത്ത ആഴ്ചയിലെ
ഏഴാമത്തെ ദിവസമായിരുന്നു
അത്

ഓരോ പക്ഷിത്തൂവലിനും
ഓരോരോ കിളികളെ വെച്ച്
അനുവദിച്ചു കൊടുക്കുന്നുണ്ടായിരുന്നു
പ്രഭാതം

പക്ഷിയ്ക്കും
തൂവലിനുമിടയിൽ
വല്ലാത്തൊരു ഭാരത്തോടെ
അനുവാദവും
പറന്നു നടക്കുന്നുണ്ടായിരുന്നു

അത്രയും മൃദുലമായി
പ്രഭാതവും
പക്ഷിത്തൂവലുകളാക്കപ്പെടുന്നു
ദിവസങ്ങൾക്ക്
വെളിയിൽ
പറന്നു നടക്കപ്പെടുന്നു

ഓരോ പക്ഷികളും
വെവ്വേറെആകാശങ്ങളെ
ക്കുറിച്ചുള്ള
ആശങ്കകൾ
കൂടുകൂട്ടുന്നുണ്ടായിരുന്നു

ആകാശത്തെ വേർതിരിക്കുവാൻ
അതിരായി
അത്രമേൽ സമാധാനപരമായി
ആകാശത്തേയ്ക്ക്
മരങ്ങൾ
അനുവദിക്കപ്പെടുന്നു!

- 2 -

മരങ്ങൾക്ക്
പുറത്ത്
ഇലകൾക്ക് വെളിയിൽ
ചില്ലകളേക്കാൾ
ഉയരത്തിൽ
പുതിയ ശിഖരങ്ങൾ
മുകളിലേയ്ക്ക്
നിർമ്മിക്കുന്ന
കൂടുകൾ

അവ തൂവലുകൾ
പോലെ
കളികൾക്ക്
കൈമാറുന്ന
മരങ്ങൾ

തൂവലുകൾ നിറയേ
ചില്ലകൾ അനുവദിക്കപ്പെടുന്നു
ചില്ലകൾ നിറയേ
കിളികൾ
കിളികളുടെ
പുറം നിറയെ ഇലകൾ

അവയ്ക്ക് പുതുപുത്തൻ
ആകാശങ്ങൾ;
ചിറകുകൾക്ക് പുറത്ത്
അനുവദിക്കപ്പെടുന്നു

ആകാശത്തിന്റെ ചുണ്ട് തിരഞ്ഞവ
വീണ്ടും
കിളിക്കുഞ്ഞുങ്ങളാക്കപ്പെടുന്നു

അവയുടെ കൊക്കുകളിൽ
പുതിയ അസ്തമയം
ഉൽപ്പാദിപ്പിക്കപ്പെടുന്നു

ദിവസന്തോറും
സ്ഥിരമായി
മാറ്റിവെയ്ക്കപ്പെടുന്ന
ഉദയം എന്ന
അവയവം

ഭാരക്കുറവ് കൊത്തി
തിന്ന്
ആദിവാസിക്കുഞ്ഞുങ്ങളെ
പോലെ
മേഘങ്ങളാക്കപ്പെടുന്ന
കിളിക്കുഞ്ഞുങ്ങൾ

അവ മീനുകളെ അനുകരിക്കുകയും
വെള്ളത്തിന് അടിമകളാക്കപ്പെടുകയും
ചെയ്യുന്നു

കൂടുകൾക്ക്
താഴെ
വേരോളം
മാഞ്ഞ് പോകുന്ന
മരങ്ങൾ

പുറത്ത് കാണാത്ത വിധം
പറക്കാൻ മാത്രം
പുറത്ത് വരും വിധം
അവിശ്വസനീയമാം വണ്ണം
വേരുകളിൽ
കൂടു കൂട്ടിയിരിക്കുന്ന
കിളികൾ !

- 3 -

മേഘങ്ങൾക്ക് മുകളിൽ
മിന്നാമിന്നികളുടെ
വല കെട്ടി
വെളിച്ചത്തിന്റെ ഇരപിടിച്ച നിലയിൽ
കാണപ്പെടുന്ന
നക്ഷത്രങ്ങൾ

അവയ്ക്ക്
താഴെ
ഇര പിടിക്കുന്ന മരങ്ങൾ

അതിൽ കുരുങ്ങിയ
ഇരകളെ
കിളികളായി
മരങ്ങൾ
ആകാശത്തേയ്ക്ക് പറത്തുന്നു

കാറ്റിന്റെ പേരിൽ
പച്ച നിറത്തിൽ
പീഡിപ്പിക്കപ്പെടുന്ന
ഇലകൾ

അവ വല്ലാതെ ഉലയുന്നു
ഉലയുന്ന ഇലകളെ
മഴകൊണ്ട് കെട്ടിയിടപ്പെട്ട നിലയിൽ
കണ്ടെത്തുന്ന
കാറ്റ്

കാറ്റടിയ്ക്കുന്നിടത്തെല്ലാം
പെയ്തു തോർന്ന പോലെ
'തെളിയുന്ന'
മഴയ്ക്കുള്ള സാദ്ധ്യതകൾ

- 4 -

രണ്ടുടൾ പൂക്കുന്ന
കുടയ്ക്ക് താഴെ
ഉയരം കുറച്ച് മഴ പെയ്തിരുന്നു

ദ്രവരൂപത്തിൽ താക്കോലുകൾ
പൂക്കുന്ന
ഉടൽ കിലുക്കങ്ങൾക്ക്
താഴെ
ആഴത്തിന്റെ പടവുകളിറങ്ങി
കടൽ

തലയിണയിലെ അക്വേറിയത്തിൽ
നീന്തുന്ന മീനുകൾ
വെള്ളത്തിന് വെളിയിൽ വന്ന്
ഉറങ്ങാത്തവരുടെ
ഉറക്കമുറങ്ങിക്കൊടുത്തിരുന്നു

ഉണരുന്നവർ
പതുപതുത്ത
വെളുത്തതൂവലുകൾ ഉള്ള
പകൽ പൊതിഞ്ഞെടുക്കുന്നു

എന്നിട്ടും


ഉറങ്ങുന്നവർക്കുള്ള
ചികിത്സ എന്ന നിലയിൽ
ഇടിയും മിന്നലുമുള്ള
മഴയുടെ ആവിർഭാവം

- 5 -

രോഗി എന്ന നിലയിൽ
മിന്നലിന്റെ തേൻ നുണഞ്ഞ
മഴത്തുള്ളികളെ
മുലകളാക്കുന്നതിനിടയിൽ
ഈശ്വരൻ കൈയ്യോടെ പിടിക്കപ്പെടുന്നു!

Comments

  1. ആ അഞ്ചിന്റെ കുറവ്
    തന്നെയാണ് ഒരു വല്ലാത്ത കുറവ്..!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഒരു നാളം

ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം  ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും  സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന്  ഇറ്റിനിന്ന ആകാശം  അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം  തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം  മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു,  പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ  മരം, നിലത്തിട്ട് ചവിട്ടിക്കെ...

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...