Wednesday, 5 October 2016

വായനയുടെ മൃതദേഹം

 മരിയ്ക്കാത്ത എന്റെ മൃതദേഹമാവണം
ഓരോ തീയതിയും

വായന പോലെ
നിനക്കത്
കടന്നു പോകാനാവുമെങ്കിൽ മാത്രം
എന്റെ രാത്രികൾക്കായി നീ
സാരിയെടുത്തുടുക്കുക

എന്റെ കലണ്ടറിൽ പതിയ്ക്കുന്ന
നിലാവാവുക...

ഇന്നലെകളുടെ മുല്ലപ്പൂ ചൂടിയ
ജനാലകളാവണം
നാളെ മുതൽ
നിന്റെ ദിവസങ്ങൾ
ഒരു പക്ഷേ തീയതികൾ
ഇല്ലാത്തത്

എന്നാലും
ഈശ്വരൻ
നിമിഷങ്ങളെ പോലെ
ഒളിച്ചുതാമസിയ്ക്കുന്ന ഘടികാരത്തിലും

ദൈവമില്ലാതെ
ഒഴിഞ്ഞുകിടക്കുന്ന ദേവാലയത്തിലെ
അഴിഞ്ഞു പോയ മണി
നിശ്ശബ്ദം
മേഞ്ഞിട്ട് വരുന്ന
ഓരോ രാത്രിയിലും

പത്രങ്ങൾ പോലെ
എല്ലാ മിന്നാമിന്നികളും
നക്ഷത്രങ്ങൾ വരുത്തുന്ന
യാമങ്ങളിലും

ഓരോ ചുവന്നചുംബനങ്ങളിലും
അറിവ് പോലെ
പുതുക്കപ്പെട്ട്
നീ
എന്റെ ചുണ്ടിൽ പച്ചകുത്തപ്പെടുന്ന
സൂഫീസംഗീതമാവുക!

4 comments:

  1. വായന മൃതദേഹപ്പെട്ടോ??

    ReplyDelete
  2. മരിയ്ക്കാത്ത മൃതദേഹമായി
    ജീവിക്കുന്ന ഇന്നത്തെ കാലത്തെ
    ഏതൊരാൾക്കും സമർപ്പിക്കാവുന്ന കവിത

    ReplyDelete
  3. വായനയുടെ വാതായനങ്ങള്‍...
    ആശംസകള്‍

    ReplyDelete
  4. അവസാനം ഒരു ചുടു ചുംബനത്തിൽ

    ReplyDelete