Skip to main content

ആരവങ്ങൾ ഉണ്ടാവുന്ന വിധം



ബുദ്ധന്റെ മജ്ജയിൽ നിന്നും
ഇറ്റുവീഴുന്ന കാട്ടുതീയുടെ ഒരു തുള്ളി

ബോധി മരത്തിന്റെ
അസംഖ്യം ഇലകളിലൊന്നിൽ
മാത്രം
പച്ച നിറത്തിൽ
തീപിടിയ്ക്കുന്നു.

ഒന്നുമുണ്ടായില്ല
ബുദ്ധനുണരുന്നു
ഒരു കനലെരിയുന്നത് പോലെ
കണ്ണുയരുന്നു
പുരികം ചിതറുന്നു

കണ്ണുകൾക്ക്
ശിവന്റെ ഛായ

മരങ്ങളിൽ ആദ്യമായി
ബോധിമരത്തിൽ
പുതിയൊരു
തണലുണ്ടാവുന്നു

തണൽ വീണു വീണ്
തീയണയുന്നു

തീ പിടിയ്ക്കും
എന്ന് കരുതിയ ബോധിയിൽ
പിടിച്ചുതുടങ്ങുന്ന
ഇന്നലെയുടെ കായ്കൾ

അന്നത്തെ കാലത്തിലൂടെ
കുറച്ച് വൈകി കടന്നുപോകുന്ന
അനേകം ജാലകങ്ങളുള്ള
ഇന്നത്തെ തീവണ്ടി

അതിന്റെ
അവസാനബോഗിയിൽനിന്നും
പുറത്തേയ്ക്ക്
തെറിച്ചുവീണ വെളിച്ചത്തിൽ
അന്നത്തെ രാത്രിയ്ക്ക്
ചെറിയ ഒരു പൊള്ളലോടെ
ഇന്ന് പുതുതായി തീ പിടിയ്ക്കുന്നു

ഒറ്റ മുറിവിന് തീയിട്ട്
എരിയുന്ന നാളങ്ങൾ ഓരോന്നായി
അന്ന് ഇരുന്ന്
ഊതിയണയ്ക്കുന്ന
നിർവ്വാണ ബുദ്ധൻ

ഓർമ്മയെന്ന നിലയിൽ
ബോധിമരം
ബോധോദയത്തോടൊപ്പം
ബുദ്ധനിൽ നിന്നും
ഒരു നിമിഷം
റദ്ദു ചെയ്യപ്പെടുന്നു

ചോദ്യചിഹ്നങ്ങളുടെ
ഒരു പിടിച്ചാരം

വിരലുകളുടെ വേലി കെട്ടിത്തിരിച്ച
രണ്ടുടുലുകളിലൊന്നിൽ
പുതിയ ബുദ്ധന്റെ പാതി

അതിൽ അർദ്ധബുദ്ധന്
പാതിനനഞ്ഞ ഗണപതീഛായ

ഏകാന്തതയുടെ വിഗ്രഹത്തെ
എടുത്തുകൊണ്ട് പോകുന്ന
ആൾക്കാരുടെ ഒരു കൂട്ടം

നിമജ്ജനം ചെയ്യാൻ
ബുദ്ധന്റെ ഉടലിൽ കടലിന്റെ ഒരു ശിൽപ്പം
ചെയ്യുന്നതിന്റെ സാധ്യതകൾ
അവർ ഉറക്കെ ആരായുന്നതിന്റെയാവാം;
ഉയരുന്ന ആരവങ്ങൾ!

Comments

  1. ഉത്തരം വേണ്ടാത്ത ചോദ്യാരവങ്ങളല്ലോ ചൂറ്റും....
    ആശംസകള്‍

    ReplyDelete
  2. തീ പിടിയ്ക്കും എന്ന് കരുതിയ
    ബോധിയിൽ പിടിച്ചുതുടങ്ങുന്ന ഇന്നലെയുടെ കായ്കൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ