Skip to main content

തോർന്ന മഴയുടെ മൊത്തവ്യാപാരി

ഉടലെടുക്കാതെ
ഒരാൾ
കടലെടുത്ത കരയുടെ
തീരത്തുകൂടെ
തനിയേ
നടന്നു പോകുന്നു

അയാൾ എടുക്കാതെ
പോയ
ഉടലിൽ നിറയെ
കത്തിക്കിടക്കുന്ന
തെരുവ് വിളക്കുകൾ

അവയിൽ നിന്നും ഇറ്റുവീഴുന്ന
വിയർപ്പിന്റെ മണമുള്ള
ബൾബിന്റെ തുള്ളികൾ

ആയ കാലത്ത്
അയാൾ
ധാരാളം ചെമ്പരത്തി മൊട്ടുകൾ
കത്തിച്ച് വലിയ്ക്കുകയും
ചുവന്ന നിറമുള്ള പുക
പുറത്തുവിടുകയും
ചെയ്തിരുന്നു

അവസാന കാലത്ത്
ഒരു
നിറമില്ലാത്ത ചുമയിലേയ്ക്കോ
കാലി ചായയിലേയ്ക്കോ
പോലും
പോയിരുന്നത്
പുക കുത്തിയായിരുന്നു

നല്ല നിലയിൽ ജീവിച്ചിരുന്നപ്പോൾ
അയാളുടെ
ഉടലിന് പുറത്തായിരുന്നു
എന്നും
ശ്വാസകോശവും അന്നനാളവും

അന്നൊക്കെ
വ്യാവസായിക അടിസ്ഥാനത്തിൽ
നാക്കിൽ
മുള്ളുകൾ
വളർത്തിയിരുന്നതായും
അവ
വൻതോതിൽ
മറിച്ച്
പനിനീർച്ചെടികൾക്ക്
കൊടുത്തിരുന്നതായും
എതിരാളികൾ
പറഞ്ഞു നടന്നിരുന്നു

എപ്പോഴും
മുൻ കാലുകൾ ഉയർത്തി മാത്രം
സഞ്ചരിച്ചിരുന്ന
രണ്ട് കുതിരകളിൽ
ഒരേ സമയം നാലുദിശകളിലേയ്ക്ക്
പാഞ്ഞു പോയിരുന്നത്
കണ്ടവരുണ്ട്

അന്നൊക്കെ
അയാൾ
തോർന്ന മഴയുടെ
മൊത്തവ്യാപാരിയായിരുന്നു

ഇന്നയാൾ
ആർക്കും വേണ്ടാത്ത
ഭൂമിയുടെ ഗോളാകൃതിയുടെ
വെറും
ചില്ലറ വ്യാപാരി!

Comments

  1. ആയ കാലത്ത് അയാൾ
    ധാരാളം ചെമ്പരത്തി മൊട്ടുകൾ
    കത്തിച്ച് വലിയ്ക്കുകയും ചുവന്ന നിറമുള്ള പുക
    പുറത്തുവിടുകയും ചെയ്തിരുന്നു

    അവസാന കാലത്ത് ഒരു
    നിറമില്ലാത്ത ചുമയിലേയ്ക്കോ
    കാലി ചായയിലേയ്ക്കോ പോലും
    പോയിരുന്നത് പുക കുത്തിയായിരുന്നു...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ