Skip to main content

Posts

Showing posts from 2025

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

ഒരു മേഘത്തിനേ കേട്ടിരിക്കുന്നു

ആകാശം പെറ്റ കുഞ്ഞായി ഒരു മേഘത്തിൻ്റെ  അരികിൽ കിടക്കുകയായിരുന്നു വരൂ എന്ന്  ഞാൻ മേഘങ്ങളെ തെറ്റിദ്ധരിക്കുവാൻ ക്ഷണിക്കുന്നു സാംസ്ക്കാരികമായി ഔന്നിത്യം നഷ്ടപ്പെട്ട മേഘങ്ങൾ എന്ന് താഴെ നിങ്ങും മനുഷ്യരെ മേഘങ്ങൾ തെറ്റിദ്ധരിക്കുകയുണ്ടായി തെറ്റിദ്ധാരണകൾ മേഘങ്ങൾ ധാരണകൾ അവയുടെ ശകലങ്ങൾ അതിൻ്റേതായ മാനത്ത്  അവയും മേഘങ്ങൾ മേഘങ്ങൾ യാന്ത്രികമായി നീങ്ങിത്തുടങ്ങിയ ശേഷം കുറേക്കൂടി യാന്ത്രികമാകും ആകാശം ലിബർട്ടി എന്ന ശിൽപ്പം അടക്കിപ്പിടിച്ച സ്വാതന്ത്ര്യം  തങ്ങളുടെ അരിക് തട്ടി നിലത്തുവീഴുമോ എന്ന് ഓരോ മേഘങ്ങളും ഭയക്കുന്നു ഓരോ വിമാനങ്ങളേയും ഭയക്കും കെട്ടിടങ്ങൾ എന്ന് മേഘങ്ങൾ തമ്മിൽ അടക്കം പറയുകയുണ്ടായി ഭയം മേഘമായ കാലത്തും ലിബർട്ടി എന്ന ശിൽപ്പം എൻ്റെ ആരുമല്ല ഞാൻ ഓരോ മേഘങ്ങളോടും ആണയിടുന്നു ലബനോണിൽ സിറിയയിൽ ഉക്രൈയിനിൽ പലസ്റ്റെനിൽ  യമനിൽ ഇറാനിൽ  ഇസ്രായേലിൽ ഇറാക്കിൽ തുടങ്ങിയ ഒട്ടനേകം നാടുകളിൽ മേഘങ്ങളില്ല, എന്ന് ആണയിടാനായി അവിടുത്തെ മാനം എന്നോ  വന്ന് പോയത് എൻ്റെ ശൂന്യത ഓർത്തെടുക്കുന്നു മതങ്ങൾ മേഘങ്ങളല്ല അത് ഒരു മനുഷ്യരെയും ഭൂമിയിൽ തട്ടാറില്ല ഞാൻ ആണയിടുന്നു രാഷ്ട്രങ്ങൾ മേഘങ്ങളാണോ അത് ഭ...

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.

തിരക്കിയിറങ്ങുന്നു

പൂക്കളുടെ പാറാവ്  ഉദ്യാനം വേണ്ടെന്ന് വെച്ചതിൽ പിന്നെ അവൾ ഉദ്യാനമാണോ  പൂവാണോ എന്ന്  എൻ്റെ ഭരണഘടന  സംശയിക്കുന്നിടത്ത് ശലഭങ്ങളുടെ  ഭരണഘടന മാത്രമാണ് ആകാശം, അവൾ മാത്രം  അതൊരു ബുക്കാക്കി കവിതയിൽ  കൊണ്ടുനടക്കുന്നു എന്ന്  തോന്നിയിരുന്നു അവൾ നേർപ്പിച്ച ആകാശത്തിൻ്റെ കുഴമ്പ് പക്ഷികൾക്കിട്ട് കൊടുക്കുന്നു നേർപ്പിക്കാത്ത ആകാശം എന്നവളെ പക്ഷികൾ, സംശയത്തോടെ നോക്കുന്നു മേഘങ്ങൾ പൂർത്തിയാക്കി ആകാശം മടങ്ങുന്നിടത്ത് അസ്തമയം മാത്രമാണ് പ്രതിക്കൂട്ടിൽ ശരിക്കും ഒരു ഭരണഘടനയായിത്തുടങ്ങിയിട്ടുണ്ട് സംശയങ്ങൾ തത്തയുടെ കള്ളത്താക്കോലിട്ട് തത്തകൾ മഞ്ഞയുടെ ശരിക്കുമുള്ള താക്കോലിട്ട് മൈനകൾ അവയുടെ തവിട്ടാകാശങ്ങളിൽ പ്രവേശിക്കുന്നിടത്ത് വൈകുന്നേരങ്ങളിലേക്ക് അടർന്നു വീഴും പടിഞ്ഞാറ് ആരും തുറക്കാതെ നാണത്തിൻ്റെ താഴ് കിഴക്ക് തന്നെ തുടർന്നു മരണത്തിന്  ഏതു നിമിഷവും വന്നേക്കാവുന്ന  നാണം  വാർദ്ധക്യമായി എടുത്തുവെക്കുന്ന നാടാണ് എന്ന് തോന്നി വൈകുകയാണ് നേരവും ഓരോ താളുകൾ കൊണ്ട് ഉടലിൻ്റെ ഭരണഘടനയും അവളുടെ കവിതയിൽ മാത്രം  ശലഭങ്ങൾ, പറന്നുപറ്റുന്നതിൻ്റെ കാരണം ഞാൻ തിരക്കിയിറങ്ങുന്നു.

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

നർത്തകി നിൻ്റെ നൃത്തമാതൃത്വം

നൃത്തത്തിൻ്റെ കൈക്കുഞ്ഞുള്ള സ്ത്രീ നിൻ്റെ നൃത്തമാതൃത്വം  താരാട്ട് നീയുടുക്കും പട്ടുസാരി നിൻ്റെ പാട്ടിന് താരാട്ടിൻ്റെ ഇഴ നീ കാതെഴുതി കൊടുക്കുന്നതെല്ലാം പാട്ടാവുന്നു കണ്ണെഴുതുന്നിടത്ത് നിന്ന്  ഉടൽ തുടങ്ങുന്നു ക്ലാസിക്കൽ നർത്തകി നിൻ്റെ നൃത്ത ഉത്ക്കണ്ഠ  ഏത് ചുവടിൽ  ഏത് മുദ്രയിൽ നീ ഇറക്കിവെക്കുമെന്ന്  ജനാലകൾ ഉടുത്ത് ഞാൻ ആശങ്കപ്പെടുന്നു എനിക്ക് മുന്നിൽ പറന്നുകാണിക്കും ദൈവം വെറും കിളിയാണെന്ന് ബോധ്യപ്പെടുത്തുവാനുള്ള നിൻ്റെ ശ്രമങ്ങൾ എന്നെ കൂടുതൽ മനുഷ്യനാക്കുന്നു നർത്തകീ നിൻ്റെ നൃത്തം അസ്തമയം ഒരു താളമാണെങ്കിൽ സൂര്യൻ ഒരു രാഗം നിൻ്റെ നൃത്തം അസ്തമയത്തിൽ തട്ടുമോ നിൻ്റെ മൂക്കൂത്തിയാകുമോ എൻ്റെ വിഷാദം എന്ന്  നമ്മുടേതല്ലാത്ത വൈകുന്നേരങ്ങൾ വെറുതേ സംശയിക്കുന്നു നീ വൈകുന്നേരങ്ങളെ ആശംസാ കാർഡിലെ ചിത്രങ്ങളാക്കുന്നു അസ്തമയം കൊണ്ട് പകൽ പൊതിഞ്ഞെടുക്കുന്നു സൂര്യനെ പൊതിയും അസ്തമയം നീ നൃത്തം വെച്ച് അപ്പോഴും അഴിച്ചെടുക്കുന്നു ദൈവം മതത്തിൻ്റെ കൂടുള്ള കിളി എന്ന് നിൻ്റെ ഓരോ നൃത്തവും മനുഷ്യനിലേക്ക് മാത്രം തുളുമ്പുന്നു മാതൃത്വവും കൈക്കുഞ്ഞിലേക്ക് പാൽമണമോടെ തിരിയുന്നു നിന്നിലെ എരിയും നൃത്ത നാള...

കൈയ്യടികൾ അഴിച്ചിടും വിധം

എല്ലാ പ്രാർത്ഥനകളും തിരസ്ക്കരിച്ച ദൈവത്തിനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങുവാൻ  എൻ്റെ ദൈവത്തെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു ആ വിളി മാത്രം കേട്ട ദൈവം എന്ന് കാണികളിലൊരുവനായി കൺമിഴിക്കും ഞാൻ ഏറ്റുവാങ്ങുവാനുള്ള ഇനിയും പൂർത്തിയായിട്ടില്ലാത്ത ഫലകം ഒരു കവിതയായിരിക്കും എന്ന് ദൈവത്തിന് വേണ്ടി വിചാരിക്കുന്ന ഒരാൾ പതിയേ വേദിയിലേക്ക്  കടന്നുവരുന്നു കാണികളിൽ ഒരാളായി അപ്പോഴും സദസ്സിൽ, നിസ്സംഗതയോടെ തുടരുന്ന ദൈവത്തെ ഞാൻ മനസ്സിൽ ആരാധിച്ച് തുടങ്ങുന്നു എങ്ങും അഴിച്ചിട്ട കൈയ്യടികൾ!

അന്തർമുഖനായ ടാക്സിക്കാരൻ

അന്തർമുഖനായ ടാക്സിക്കാരൻ അയാളുടെ അന്തർമുഖത്ത്വം തന്നെ അയാൾ ഓടിക്കും ടാക്സിയാണെങ്കിൽ എൻ്റെ പ്രണയിനിയുടെ ഭാഷ അതിൽ യാത്രക്കാരിയാവും ദിവസം കൈ കാണിച്ച് നിർത്തിയാൽ കൂടെക്കയറും അവളുടെ കൈയ്യക്ഷരം അവളുടെ കുഞ്ഞ് നോവ് ഒപ്പം ഒരു വട്ടം മാത്രം, മുഖം തുടച്ച തൂവാലയും ഇനിയും പൊടിയാത്ത വിയർപ്പുകണങ്ങൾ അവളുടെ കുഞ്ഞ് വട്ടപ്പൊട്ട് അവളോടൊത്ത് ഞെരുങ്ങിക്കയറും ഉറപ്പ് ഒപ്പം പ്രണയവും അപരിചിതരോട് അധികം മിണ്ടാത്ത അവളുടെ ഭാഷ അവൾ ഇനിയും എഴുതിയിട്ടില്ലാത്ത കവിത, അവളുടെ അടുത്തിരിക്കും അതും ഉറപ്പ് മഞ്ഞ് ഒരു ടാക്സിയാവുമെങ്കിൽ അതിൽ സഞ്ചരിക്കും യാത്രക്കാരൻ അന്ന് മാത്രം ആരായിരിക്കും? കവിത, ഒരു  ഊട് വഴിയാണെന്ന് വിശ്വസിക്കുന്ന ടാക്സിഡ്രൈവർ ഒരുപക്ഷേ അന്ന് മാത്രം ഞാനല്ല ഏത് യാത്രയും എടുത്ത് അരികിൽവെക്കും അന്തർമുഖത്ത്വമുള്ള ദൂരം സഞ്ചരിച്ച ദൂരം ആകാശം എടുത്തുവെച്ച് ഒരു നക്ഷത്രമാക്കുമെങ്കിൽ അല്ലല്ല, എടുത്തുവെയ്ക്കുന്നത് ആകാശമാണെങ്കിൽ അത് പക്ഷിയാക്കുമെന്ന് തർക്കിക്കുമോ അവർ ആകാശം വിളിക്കുന്ന ടാക്സി അന്ന് മാത്രം മേഘമാവുമോ? അതിൻ്റെ നീല മാത്രം എടുത്ത്  അരികിൽ വെക്കുമോ ആകാശം ഒരു പക്ഷേ അന്ന് മാത്രം? കൂലിക്കെന്ന വണ്ണം സഞ്ചരിച്ച ദ...

പ്രണയത്തിലേക്ക് കയറിനിൽക്കും രണ്ട് അപരിചിതർ

അപരിചിതത്ത്വം നിലനിർത്തി പരിചയപ്പെടുകയായിരുന്നു  അവൾ അപരിചിത എന്നോരു ചിരി ചിരിച്ചു ഒന്നും മിണ്ടാത്ത ചുണ്ടുകൊണ്ട് ഞാനതേറ്റുവാങ്ങി കഴിഞ്ഞ ജന്മത്തെ  പൊന്മാനായിരുന്നു ഞാൻ അത്,  അതിൻ്റെ ജലത്തെ കണ്ടെത്തി ആഴത്തിനും ഉയരത്തിനും  ഇടയിൽ നീലനിറത്തിൽ ഞാൻ തുടർന്നു അവൾ മൈന  തവിട്ടുനിറത്തെ എനിക്ക് പരിചയപ്പെടുത്തുവാൻ മറന്നവൾ എന്ന് പറന്നു മഞ്ഞ അപ്പോഴും എന്നിൽ  നിന്നും അവൾ മറച്ചു എൻ്റെ നാഭി നീല പൂത്തിട്ട് പന്ത്രണ്ട് വർഷമായെന്ന കുറിഞ്ഞി എൻ്റെ ഓർമ്മ കുറിഞ്ഞികൾ പൂക്കുന്ന  പന്ത്രണ്ട് വർഷങ്ങൾ എന്നിൽ ബാക്കി വെച്ചു ഉടൽ അപ്പോഴും നീലനിറത്തിൽ അവൾ എൻ്റെ നാഭിയിൽ  ആഴം കലർത്തി പൂക്കൾ കൊത്തുന്നു ഞാൻ വിരിഞ്ഞ് തുടങ്ങുന്നു അരികിലെ തടാകത്തിൽ ഞാൻ കലരും ഓളങ്ങൾ അവൾ അവളിൽ ഞാൻ വിരിയും ഋതു അതിൻ്റെ അപരിചിതത്ത്വങ്ങളിൽ നിന്നും ഇറുത്തെടുത്ത പനിനീരുപോലെ പ്രണയം ഞങ്ങൾക്കിടയിൽ നിന്നു ഒരു പക്ഷേ ഒരൽപ്പം അകന്നു മാറി അകലങ്ങളുടെ ഇതളുകളുള്ള പനിനീരുകൾ  നമ്മുടെ ഭാവികാലങ്ങളിൽ വന്നു വിടരുന്നു അലക്ഷ്യമായി സൂക്ഷിക്കാവുന്ന പ്രണയങ്ങളും ഉണ്ട് അവൾ തുടർന്നു ഒന്നിലും തുടരാത്ത ഒരുവളും  അവിളിൽ ഒളിച്ചു പാർക്ക...

ക്ഷമയുടെ അറ്റം

കസേരക്കാലുകൾ ഉരച്ച് സമയത്തിന് തീ കൊളുത്തി അപ്പോൾ ഉണ്ടായ പ്രകാശത്തിൽ ഇരുന്നു ജനിച്ചുവീണ കുഞ്ഞിനെ പ്പോലെ തെരുവിന്നരികിൽ നഗരം  പുകവലിച്ച പുക പോലെ പൂച്ച ഉടലിനെ അതിൻ്റെ തവിട്ട് കലർന്ന ചാരനിറത്തിൽ ഉരുമി ഒരു മുറി അത് ഇരിക്കുന്നയാളെ ഉരുമുവാനെടുക്കുന്ന നേരം വീടാകുന്നു ഇരിക്കുവാനെടുക്കുന്നു നിലവാരമുള്ള നിശ്ശബ്ദത, പുലർത്തുകയായിരുന്നു നഗരം പാട്ടില്ല മുദ്രാവാക്യങ്ങളില്ല കാതടപ്പിക്കുന്ന ശബ്ദങ്ങൾ എങ്ങുമില്ല കാതിൻ്റെ തന്നെ ആവശ്യമില്ലാത്ത വിധം നിശ്ശബ്ദത മനുഷ്യരുടെ തന്നെ ആവശ്യമില്ലാത്ത വിധം നഗരം കാലത്തിന് മുന്നിൽ  മുട്ടിലിഴയുന്നു നഗരം ചെതുമ്പലുകൾ കളഞ്ഞ് സമയ നിഷ്ഠത വരഞ്ഞ് വൃത്തിയാക്കി വെച്ചിരിക്കുന്ന മീനാകുന്നു വൈകുന്നുണ്ട് എന്നാലും ഏത് നിമിഷവും വെളിച്ചത്തിൽ ഇട്ട്  വറുത്തെടുത്തേക്കാം എന്തും ചവിട്ടിക്കെടുത്താവുന്ന കാലമാവണം ഒരു പാട്ട് മുന്നിൽ  താഴെ ഒരാൾ  അതും സാധാരണക്കാരൻ കേട്ട് തീരാറായ പാട്ടിൻ്റെ ഈണം കാണാവുന്ന വിധം  നിലത്തിട്ട് ചവുട്ടിക്കെടുത്തുന്നു. ഒരു പക്ഷേ ക്ഷമയുടെ അറ്റമാവണം!

ഉപേക്ഷിക്കപ്പെടുന്ന മേഘവുമായി ഒരു നീക്ക്പോക്ക്

ഉപേക്ഷിക്കപ്പെട്ട ആകാശത്തിലെ ഉപേക്ഷിക്കപ്പെടുന്ന മേഘവുമായി ഒരു നീക്ക്പോക്ക്  അതായിരുന്നു തുടക്കം ഒരു പക്ഷേ കൃത്യത ആവശ്യമില്ലാത്ത അക്കങ്ങൾ അക്ഷരങ്ങളിലേക്ക്  ഉപേക്ഷിക്കുന്നത് പോലെ തന്നെ നിമജ്ജനത്തിൻ്റെ മറവിൽ ഒരോ പ്രതിമയിലും ഉപേക്ഷിക്കപ്പെടും ദൈവത്തേപ്പോലെ ഓരോ ധ്യാനത്തിലും ഉപേക്ഷിക്കപ്പെടുന്നുണ്ടാവണം ബുദ്ധനും ഒന്നിനുമല്ലാതെ, വെറുതെ ഉപേക്ഷിക്കപ്പെടുന്നതൊക്കെ എടുത്തുവെച്ച് ദൈവമാക്കുന്ന  ഇടമാവുന്നു.

വിഷാദിയുടെ കാലടികൾ

കാലടികൾ കൊണ്ട് എന്തൊക്കെ ചെയ്യാം  കാലടികൾ കൊണ്ട് ദൂരമുണ്ടാക്കാം അതിലൂടെ നടക്കാം എന്നൊക്കെയായിരുന്നു ധാരണ എങ്കിലും ഞാൻ കാലടികൾ കൊണ്ട് സ്ലേറ്റുണ്ടാക്കാം അതിൽ നടത്തം എന്നെഴുതാം എന്ന് കരുതി രണ്ട് താളുകളായി കാലടികൾ മഴ പെയ്യുമ്പോൾ മഷിത്തണ്ട് ചെടിയാവും ഉടൽ അരക്കെട്ടിൻ്റെ കുത്തിക്കെട്ടുള്ള നടത്തത്തിൻ്റെ പുസ്തകം എന്ന് മഴ, തുള്ളികളിൽ തിരുത്തി  ഓരോ മഴയത്തും മഴക്കാലത്തും വഴിയിൽ വീണു കിളിർത്തു ഉടലാകെ നടത്തത്തിൻ്റെ തളിര് ഞാൻ നടത്തത്തിൻ്റെ ആൽബം സൂക്ഷിക്കുന്ന ഒരാൾ ഇപ്പോൾ എനിക്ക് കഴിയുന്നു, ആകാശം ഒരു സസ്യമല്ല എന്ന് പക്ഷികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ പക്ഷികൾ മനസ്സ് സൂക്ഷിക്കുവാൻ എന്നെ ഏൽപ്പിക്കുന്നു ചിറക് എൻ്റെ നോവല്ല എന്നായി പക്ഷികൾ ഹൃദയത്തിൻ്റെ വള്ളിച്ചെട്ടിക്ക് പടരുവാൻ മിടിപ്പിൻ്റെ മരം നട്ടതിന്നരികിൽ പക്ഷിക്കൊതി കൊണ്ട് നിർമ്മിച്ച ആകാശം കട്ടെടുക്കുകയായിരുന്നു അതും ഒരു പക്ഷിപ്പൊതി വെയ്ക്കുവാൻ ആകാശത്തിൻ്റെ ദയ എന്ന  പക്ഷിക്കിടാൻ വെച്ചിരുന്ന പേര് കട്ടെടുക്കും പക്ഷിക്കുടുക്കകൾ കട്ടെടുപ്പുകളുടെ കുടുക്ക അരക്കെട്ടുകൾ കൊണ്ട് പൊട്ടിക്കുന്നു ഒരു നടത്തം എടുക്കുന്നു ചുണ്ടിൽ ഒലീവില പോലെ ആകാശത...

മഞ്ഞിനേ നിയമിക്കുന്നു

ഒരു അടർന്ന് വീഴൽ ഇതിലും മനോഹരമായി വലിച്ചിഴക്കുവാനാകില്ലതന്നെ എടുത്തുവെയ്ക്കുവാനാകില്ല പൂവിൽ കൊള്ളില്ല ഒരിലക്കുമ്പിളിൽ ആയതിനാൽ  കുതിർത്ത് മെടയും മുമ്പ്  ഒരു തുമ്പി പൂരിപ്പിച്ച് വിടും അതിൻ്റെ വിട്ടുവിട്ടു പറക്കലിൽ ചെന്ന് മുട്ടുന്നു പിന്നേ തിരികേവരുന്നു ഒരു കൊഴിഞ്ഞുവീഴലിൽ ഋതു എടുത്തുവെച്ചതെല്ലാം പൂക്കളാവുന്ന പോലെ വസന്തത്തിൻ്റെ മേൽവിലാസം അവൾ വസന്തത്തിൻ്റെ മേൽവിലാസമുള്ള കത്തായിരുന്നു എന്നും, എന്നാകിലും ഒരു ഓലേഞ്ഞാലിക്കുരുവി അടക്കിപ്പിടിക്കും അതിൻ്റെ ആത്മരഹസ്യം  അത് കാതിൽ പറഞ്ഞ പോലെ കാറ്റിൻ്റെ ഓരോ അടരിലും  അതിൻ്റെ പാതിയുലച്ചിൽ മഴ മെടയും തുരുമ്പുമണമുള്ള ജലത്തിനോടാണ് വാരിയിൽ നിന്നും ഇറ്റുവീഴും മുമ്പ് തോരുന്നതിൻ്റെ നോവിട്ടു വെച്ച മൺകലത്തിൽ അതിൻ്റെ അവസാനതുള്ളികളോട് മഴയുടേയും ഓലയുടേയും തള്ളവിരൽക്കാലങ്ങൾ കൃത്യമായിപ്പറഞ്ഞാൽ അമ്മജലം കൊഴിഞ്ഞ് വീഴലുകൾ അവിടെ നിർത്തി പൂക്കൾ ഇതളുകൾ  വിരിയലുകൾ ഞൊറിഞ്ഞുടുക്കുന്നു അടർന്ന് വീഴലുകൾ അടക്കിപ്പിടിച്ച് മണം പൊതിഞ്ഞെടുത്ത് വെളുപ്പിൽ ഒരു മുല്ലപ്പൂ എടുക്കും ഭാരം, അതിലും പതിയേ നിലത്തിടുന്നു കുഞ്ഞുമഞ്ഞപ്പൂക്കളിൽ, മഞ്ഞ്, കാലവുമായി വെച്ച ഉടമ്പടിയി...

അതിഥി എന്ന വിധം ദൈവം

ഒരു അതിഥിക്ക് ഒരു മുറി കൊടുക്കുന്നത് പോലെ ദൈവത്തിന് ഒരു ഉറപ്പ് കൊടുക്കുന്നു (അപ്രതീക്ഷിതമായി വന്നത് എന്നത് അതിഥിയിൽ നിന്നും  കവിത ഇവിടെ മറച്ച് വെക്കുന്നുണ്ട്) എന്നിട്ടും ദൈവം അപ്രതീക്ഷിതം എന്ന വാക്ക് മാറ്റി വെച്ച് മുറി ഉപയോഗിക്കുന്നു ഉറപ്പ് എങ്ങിനെ ഒരു മുറിയായെന്ന് കവിതക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല കവിതക്ക് പുറത്ത് നിൽക്കും വീടിനും പൂജാമുറി എന്ന ഉറപ്പിൽ ഒരതിഥി എങ്ങനെ ദൈവമായി എന്ന് ഞാനും ചോദിക്കുന്നില്ല ചോദ്യങ്ങൾ അതിഥികളല്ല  ഉത്തരങ്ങൾ ആതിഥേയരും എല്ലാ ചോദ്യങ്ങൾക്കും ഉറപ്പുകൾക്കും പുറത്ത് നിൽക്കും ദൈവം എന്നിട്ടും ദൈവം  ചോദ്യം ചെയ്യുവാൻ പാടില്ലാത്ത അടച്ചുറപ്പുള്ള മുറിയിൽ തുടരുന്നു (എല്ലാ ഉറപ്പുകളും മറച്ച് വെക്കേണ്ടതാണെന്ന് എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്) എനിക്കൊപ്പം മുറിയും ഇപ്പോൾ വീടിനുള്ളിൽ പരുങ്ങുന്നു ജനലിലൂടെ നോക്കുമ്പോൾ പിൻവശം മാത്രം കാണാവുന്ന മീൻകാരിയുടെ കൊട്ടയിലെ മീനുകളായിരിയ്ക്കുന്നു ഉറപ്പ് എന്നിട്ടും ജെൻ്റർന്യൂട്രാലിറ്റി എവിടെ എന്ന് ദൈവം ചോദിക്കുന്നില്ല ഉടുക്കാവുന്ന ഒരു സാംസ്കാരിക ദ്രാവകമാവും കൈലി ദൈവം അതിൽ ചിത്രകാരൻ്റെ ബ്രഷിനാൽ കളങ്ങളുടെ സ്ട്രോക്കിടുന്നു മീൻകാരിയ...

കാതുകൾ വിഷാദികൾ

വിഷാദത്തിന് പഠിക്കുന്നു വിഷാദത്തിൻ്റെ ടെക്സ്റ്റ്ബുക്കാവും പാട്ടുകൾ കാതുകൾ വിഷാദികൾ കാതുകൾ നാടകവണ്ടികളിൽ സഞ്ചരിക്കുന്നു ഓരോ കാതിനും ഓരോ ജാലകങ്ങൾ പാട്ടുകൾക്ക് നാടകവണ്ടിയുടെ  ചമയങ്ങൾ ഇട്ടുകൊടുക്കുന്നു വൈകുന്നേരത്തിന് അസ്തമയത്തിൻ്റെ ചമയങ്ങൾ ഒരു പക്ഷേ അനാവശ്യമായത് വിഷാദകാലങ്ങളുടെ ജപമാലയാവും മഞ്ഞ് വണ്ടികൾ നാടകങ്ങളെ കൊണ്ട് പണിയെടുപ്പിക്കുന്നു ഒരു കാതിൻ്റെ പാതിയിൽ ഈണത്തിൻ്റെ നൂലിട്ട് കെട്ടിയ തെറുത്ത പാട്ട് വീണ്ടും തിരുകിവെക്കുന്നു കാതുകളെ മാറ്റിയിരുത്തുന്നു നീലക്കാത് അതിന് നീലനിറമുള്ള തുണികൊണ്ട് ഒരു തൊട്ടിൽ വേണമെന്ന് തോന്നുന്നു നീലപ്പൊന്മാനുകളെ ഉണർത്തി കാതിൻ്റെ കാടുകളിലേക്ക് പറഞ്ഞുവിടുന്നു പൊന്മാനിൻ്റെ ഓർമ്മയിൽ ഉണർന്നിരിക്കുന്നു ദുഃഖം പൊന്നാണെന്ന് അതിൽ കമ്മലുകൾ  എത്രവേണമെങ്കിലും ഡിസൈൻ ചെയ്യാമെന്ന് അപ്പോഴും വിഷാദം കാതുകളുടെയും ഭൂതകാലത്തിൻ്റേയും തട്ടാൻ എന്നാലും  എത്ര കൂട്ടി വെച്ചാലും  ഒരു മൂക്കുത്തിക്കുള്ള പൊന്ന് ദുഃഖത്തിൽ തികയില്ലെന്ന് വിഷാദകാലങ്ങളുടെ തട്ടാൻ ഒരു ജീവിതത്തിനും തികയാത്ത പൊന്നാവണം പ്രണയം  വിഷാദകാലത്തിലെ യുഗ്മഗാനങ്ങൾ അപ്പോഴും വരികൾ ഊതി കത്തിക്കുന്നു കാതുകൾ ഈണ...

വീഴ്ച്ചയുടെ കാലുള്ള പൂച്ച വിപണിയിൽ ഇടപെടും വിധം

ഒരു പായ്ക്കപ്പലാവും മനസ്സ് ഉടൽ അതിൻ്റെ കാറ്റും സൂര്യൻ ഒരു കവർപാലാണെന്ന് എൻ്റെ പകലിനെ ബോധ്യപ്പെടുത്തുവാനുള്ള ശ്രമങ്ങൾക്കിടയിൽ എൻ്റെ ശലഭക്കുഞ്ഞുങ്ങൾ അവയ്ക്ക് ഇളംനീല  ആവോളം ആസ്വദിച്ച്  കോരിയൊഴിച്ച് കളിക്കാവുന്ന വിധം ആകാശം ശൂന്യതയുടെ പിടിയുള്ള മഗ്ഗായി പതിയേ അതിൻ്റെ സാവകാശത്തെ അതിലും പതിയേ ആകാശം മറികടക്കും വിധം രണ്ട് സാവകാശങ്ങളുണ്ടായി ആദ്യത്തെ സാവകാശം ഞാനായി രണ്ടാമത്തേത് അവളും ഞങ്ങൾ സാവകാശങ്ങളുടെ  സാധ്യതകളുള്ള രണ്ട് ബൂത്തുകളായി ഞങ്ങൾക്ക് മുകളിലൂടെ മേഘങ്ങൾ കടന്നുപോയി പുതുക്കത്തിനായി അവയുടെ മത്സരങ്ങൾ നിശ്വാസങ്ങളുണ്ടായി ഒട്ടും ധൃതിയില്ലാത്ത നെടുവീർപ്പുകളുണ്ടായി ഒട്ടും ധൃതിയില്ലാതെ സൂര്യൻ  വെയിലിൻ്റെ പിടിയുള്ള കപ്പായി  പകലിനും താഴെ ഞങ്ങളുടെ മേഘങ്ങൾ ചൂടില്ലാത്ത വെയിൽ കോരിയൊഴിച്ച്  കളിയുമായി ഒരു വൈക്കോൽത്തുറുവാകും ഭാഷ വാക്കുകൾക്കിടയിൽ മേയും മോരിലെ പുളിയുടെ ഉടലുള്ള പശു ശരിക്കും എനിക്ക് പാല് വേണ്ട  പകരം ഒരു കവിളിൽ കൊള്ളുന്ന തണുപ്പ്  അതുമല്ലെങ്കിൽ ഒരു കവറിൽ കൊള്ളുന്ന പ്രഭാതം  അതുമതി കുമ്പിൾ എന്ന വാക്ക് എവിടേയും തിരഞ്ഞില്ല ഞാനും അവളും പാലുപോലെ കവറിൽ വരും പ്...

ഇലയേപ്പോലെ ഉപമയിലേക്കായുന്നു രൂപകത്തിലേക്ക് തിരികേയെത്തുന്നു

കാറ്റിൽ ഇലയേപ്പോലെ  പങ്കെടുക്കുവാൻ ആയുകയും തിരികേ  മനുഷ്യനേപ്പോലെ കാലുകളിലേക്ക്  തന്നെ തിരിച്ചെത്തുകയും ചെയ്യുന്ന അതേ മനുഷ്യനെ പരിചയപ്പെടുന്നു പങ്കെടുക്കുന്നതിൻ്റെ മാത്രമല്ല ആയുന്നതിൻ്റേയും ഉലയുന്നതിൻ്റേയും ആനന്ദം മരം ഇലകളിൽ സൂക്ഷിക്കുന്നു മനുഷ്യൻ കാലുകളിലും പലവട്ടം തിരിച്ചെത്തുന്നതിൻ്റേയും  ഒരിക്കൽ മാത്രം തിരിച്ചെത്താത്തതിൻ്റെ ആനന്ദം അരക്കെട്ടിൽ. നോക്കിനിൽക്കുമ്പോൾ മനുഷ്യനിൽ, മനുഷ്യനെന്ന അതേ വാക്കിൽ  മനുഷ്യൻ വീഴ്ച്ചകളുടെ താക്കോലുള്ള കാലുകളുടെ സൂക്ഷിപ്പുകാരൻ പ്രവാസം പോലെ  ആകാശത്ത്  ഇലകൾ സൂക്ഷിക്കുന്നതെല്ലാം ഒരു പക്ഷേ ഞെട്ടിനും സ്വാഭാവികതയ്ക്കും ഇടയിൽ ഇല അതിൻ്റെ കലഹങ്ങൾ ഇട്ടുവെക്കുമിടം  മരമാകുന്നത് പോലെ  അത്രയും ലളിതം ചെടി കടന്ന് വള്ളികൾ അലങ്കാരങ്ങൾ മണ്ണിന്നടിയിലെ ശിൽപ്പങ്ങൾ, വേരുകൾ മറിച്ചുനോക്കുന്നു ചിത്രങ്ങൾ വകഞ്ഞ് ശലഭങ്ങൾ വകഞ്ഞ് ആകാശവും ഒരു സന്ദർശകൻ്റെ നടത്തം പൂർത്തിയാക്കുന്നു ഇലകൾ സന്ദർശനവും ആകാശം ദൃശ്വവുമാകുന്നിടത്ത് ഇലകൾ നടത്തം മാത്രം വകയുന്നു ഉലച്ചിലുകൾ കരുതുന്നു മണ്ണ് വകഞ്ഞ് മരം ഉടച്ച് ദൂരം ഉലച്ച് ദൃശ്യങ്ങൾ ശിൽപ്പങ്ങൾ പുർത്തിയാക്കുന്നി...

മഴ തിരയും വാക്ക്

അപകർഷതാബോധമുളളവൻ എഴുതും കവിതകളൊന്നും ഒരു കാലത്തും ലളിതമായിരിക്കില്ല നിരൂപകൻ നിരീക്ഷിക്കുന്നു പെയ്യുന്ന മഴ കണ്ണാടിയിൽ കണ്ട് പ്രതിബിംബങ്ങളോടിടഞ്ഞ് അതിൻ്റെ അടരുകളോട് അഭിമുഖം നടത്തുകയായിരുന്നു ഞാൻ തോരുവാൻ പുറത്ത് വട്ടം കൂട്ടും മഴ അഭിമുഖത്തോളം മഴ തുടരുന്നു പ്രതിബിംബങ്ങൾ അതിൽ,  തല തുവർത്തുന്നു  മഴ അഭിമുഖം തുടയ്ക്കുന്നു നനയാതെ ഒരു വാക്കിൽ കയറി  കവിത നിൽക്കുന്നു പുറത്ത് തവണകളായി തോരും മഴ  സാഹിത്യത്തിലെ മഴ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഞാൻ ചോദ്യം നീട്ടുന്നു മഴ ചോദ്യം കേട്ടില്ലെന്ന് നടിക്കുന്നു പൊതുവേ കൊടുങ്കാറ്റുകൾ ശാന്തതയിൽ നിന്നും രൂപം കൊള്ളുന്നു കവിത നിരീക്ഷിക്കുന്നു കൊടുങ്കാറ്റുകൾ കൊണ്ട് മനുഷ്യർക്കുള്ള ഉപയോഗങ്ങൾ? നിരൂപകൻ തുടരുന്നു പതിയേ അധ്യാപകൻ തോൽപ്പിച്ച കുട്ടിയാവും കവിത കൊടുങ്കാറ്റുകളും ശാന്തതയും കൊണ്ട് നിർമ്മിച്ച സീബ്രാ ക്രോസിങ്ങിൽ കവിതയിലെ ഒരു വാക്ക് നിൽക്കുന്നു തോർന്ന മഴ പിന്നെയും പ്രാചീനമായ എന്തിനോ തിരക്ക് കൂട്ടുന്നു ഇരയ്ക്കും വേട്ടയാടലിനും ഇടയിൽ മൃഗത്തിൻ്റെ വായിൽ നിന്നും, നിലത്ത് വീണ ഒരു വാക്കിൽ മുരൾച്ച കലരുന്നു തോരുവാനോളം ഉള്ള തിരക്ക്, പെയ്യുവാനില്ല ഒരു മഴയ്ക്കും ...