Skip to main content

ആകാശം ശൂന്യതയെ അരികിൽ കിടത്തി

1
ഒരു കൂക്കിൻ്റെ അറ്റത്ത് ചെന്ന്
ഒളിച്ചിരിക്കും കിളി
ഒരു പക്ഷേ കൂവലുകൾ വാരിവലിച്ചിട്ട്

കൂക്കുകൾ ചരിയുന്നു
കക്കുകൾ പോലെ 
കൂക്കുകൾ നിലത്തിട്ട്, 
കിളി അതിന്നിടയിലൂടെ കൊന്തുന്നു

നീന്തുന്ന വെയിൽ പാതി ചരിയുന്നു
ചരിഞ്ഞ സൂര്യൻ
പാതി വെയിൽ കുരുവിയിൽ,
എടുത്തു വെക്കുന്നു

പാതി വെയിൽ ചരിയുന്നു
ചരിഞ്ഞ വെയിലിലൂടെ 
നിലത്തേക്ക് ഊർന്ന് നിരങ്ങി  ഇഴഞ്ഞുവരും കുട്ടിയാവും സൂര്യൻ

കൂവൽ ചരിച്ചിട്ട്, 
ഇനിയും പെയ്യാവെയിൽ
കിളിയെ എടുക്കുന്നു
ചില്ലയിൽ വെക്കുന്നു
ആകാശത്തിൻ്റെ പീള എൻ്റെ കണ്ണിൽ

ഇമകളുടെ കരു നീക്കിവെച്ച്
കൃഷ്ണമണികൾ 
ചെസ് കളിക്കുവാനിരിക്കും വൈകുന്നേരം

കണ്ണുകളുടെ കരു,
ചരിച്ചിട്ടുണ്ടാവണം കാക്കകളും അന്ന്, എപ്പോഴെങ്കിലും

മൈനകൾ അപ്പോഴും 
തവിട്ടുനിറത്തിൽ,
തവിട്ടുനിറത്തിൻ്റെ പട്ടണങ്ങളിൽ

ഇരുട്ട് മറ്റൊരു മനുഷ്യൻ
ഞാൻ ഇരുട്ടുന്നു
എൻ്റെ വിരൽ ഇരുട്ടുന്നു
തവിട്ട് നിറമുള്ള ഇരുട്ട്
ഇരുട്ടിനെ സുഖിപ്പിക്കുവാൻ
നീല കലർത്തുന്നു

നീലയെ നാലായി വിഭജിച്ച്
നാലാമത്തെ നീലയേ നീലയിൽ
നിന്നും ഇരുട്ട് പുറത്താക്കുന്നു

ഇരുട്ടിനെ വെളുപ്പിച്ച്
വെള്ള പുതപ്പിച്ച്
ഇരുട്ടിനെ പുറത്താക്കുന്നത്
പോലെ സ്വാഭാവികം

കാത് മാത്രം ഉടലില്ലാതെ
പാട്ട് കേട്ട് പുലരുന്നു
വറ്റിപ്പോയ ഉടൽ
ഉടലൊഴുക്കിൻ്റെ പാടുകൾ ഇരുട്ട്, മറച്ചുവെക്കുന്നു

മൈനകൾ ഇരുട്ടിൽ
തവിട്ടുനിറത്തിൻ്റെ ടിപ്പർലോറികൾ
അവയിൽ ചുഴികൾ, മഞ്ഞകൾ
നിശ്ശബ്ദം പണിയെടുക്കുന്നു

അസ്തമിക്കുന്ന സൂര്യൻ
നാളെ ഉദിക്കുവാനുള്ള
സൂര്യനെന്ന കുരുവിയുടെ 
വെറുമൊരു കൂടാവണം
അതിൽ നാളെയുടെ നാരുകൾ
പ്രതീക്ഷ മറ്റൊരു കൂടും

വൈകുന്നേരത്തിൻ്റെ ചിറകുള്ള
കിളിയാകും അസ്തമയം

ഒച്ചവെക്കരുത് നിറങ്ങളിൽ  
ചേക്കേറുന്ന സ്വപ്നം
എൻ്റെ കിളികൾ കാണുന്നു

അവയുടെ കണ്ണുകളിൽ 
ആലസ്യത്തിൻ്റെ മഞ്ഞുകാലം

2

വെട്ടിമാറ്റാവുന്ന മറ്റു കരുക്കൾ പോലെ
സായാഹ്നവും അസ്തമയവും  

ചെസ്സ് കളിക്കാനിരിക്കും
ഗഹനആലോചനയുടെ ആകാശമുള്ള
കടുംനിറചക്രവാളമുള്ള
ലോകത്തിൻ്റെ തന്നെ എതിർകളിക്കാരനാവും സൂര്യൻ
ഒരു പക്ഷേ ജാലകത്തിൻ്റേതും

വളരെ നിർണ്ണായകമാകും വിധം
പ്രധാനപ്പെട്ട ഒരു കരുവിനെ 
വെട്ടിമാറ്റാവുന്ന നീക്കത്തിന് തൊട്ട് മുമ്പ് 
വിരലുകൾ ആവശ്യപ്പെടും സാവകാശം
അത് കഴിഞ്ഞ് വിരലുകൾ എടുത്തണിഞ്ഞേക്കാവുന്ന ധൃതിയും
വലിയ ലഹരിയാകുന്നിടത്ത്

ബീവറേജസ് കോർപ്പറേഷന് മുന്നിലെ
കൗണ്ടറിന് തൊട്ടുമുന്നിൽ എത്തുന്നത് വരെയുള്ള 
കാത്തുനിൽപ്പ് പോലെ
ഒരു നിലയും വിലയും ഇല്ലാത്ത 
ഒന്നാണ് ഉടലെങ്കിൽ,
കാത്ത്നിൽപ്പ് കഴിഞ്ഞ് 
ഊഴമെത്തുമ്പോൾ
നിന്നതിനേക്കാൾ വിലയുമായി  അകത്തേക്കിടും കൈയ്യുകൾ

അതൊരു പക്ഷേ,
സ്വന്തമാകണമെന്നില്ല കൈകൾ
സ്വതന്ത്രമാകണമെന്നില്ല, 
ഉടലും

സന്ദർഭം പോലെ മറ്റാരുടേതുമെങ്കിലുമാകാം
അപ്പോഴും ഉടലും കൈകളും 
ഊഴവും കാത്തുനിൽപ്പും

ഇനി
ഒരു കൗണ്ടർ ആണ് മനസ്സെങ്കിൽ
ഏറ്റവും വലിയ ലഹരി എന്ന നിലയിൽ ശൂന്യത
പേശലില്ലാത്ത വിധം 
കടലാസിൽ പൊതിഞ്ഞ്
കൊടുക്കുന്ന ഇടം

അതൊരു പക്ഷേ കവിതയുമാകാം
പിന്നീടെപ്പോഴെങ്കിലും

കൂവലിലിൻ്റെ ദ്വാരത്തിലൂടെ കൈയിട്ട്
എൻ്റെ കിളി
ആകാശം പൊതിഞ്ഞ് വാങ്ങുന്നു

അതും മറ്റാരുടേയോ 
ചിറകുകളിൽ പൊതിഞ്ഞ്
പറക്കലിൽ നിന്നും മറഞ്ഞുനിന്ന്
മറ്റാരുടേയോ ആകാശം
എന്ന മട്ടിൽ

3

 വില കൊടുത്ത് വാങ്ങാവുന്ന ശലഭം, 
ഒരു വിഷാദമാണെങ്കിൽ

വാങ്ങിയ ശേഷം ശലഭം
അതിൻ്റെ 
നിറങ്ങളിൽ നിന്നിറങ്ങി
ചിറകടികളിൽ കയറി
നിറമില്ലാത്ത മറ്റൊരിടത്തിറങ്ങുന്നു

ഇല്ലാത്ത ഇടങ്ങൾ കൂട്ടിവെക്കുന്നതൊക്കെയും
കൂക്കിൻ്റെ സാക്ഷ നീക്കി
കിളി പുറത്തിറങ്ങും വരെ
എൻ്റെ മാനം അതിൻ്റെ നീലയിൽ
കാത്തുനിൽക്കുന്നു

4

നിലാവിൻ്റെ നൂല് കൊണ്ട്
അമ്പിളികലയേ കണ്ടെടുക്കുന്നത് പോലെ

ശരിയെന്ന വാക്ക് 
ആകാശത്ത് പോയി
അതും അൽപ്പനേരം തങ്ങി
അമ്പിളിക്കലയാകുമോ

നൂലിൻ്റെ ഒരറ്റം തിരഞ്ഞു
ഒരു നൂലുണ്ട നിലത്ത് വീണ്
അതിൻ്റെ ഉരുണ്ടുരുണ്ട് പോകലിൽ
എല്ലാ കാണാതെ പോകലും
അതിൻ്റെ തിരച്ചിലുകളും മാനവും
പങ്കെടുക്കുന്നത് പോലെ

ഒരേ സമയം
പങ്കെടുക്കലുകളുടേതും ഉരുളലുകളുടേതും
ഒപ്പം കാണാതെ പോകലുകളുടേതും
തുടക്കം, 
കൂടാതേ
അവയുടെ എല്ലാ തിരിച്ചിലുകളുടേതും അവസാന വാക്കും

അതേ പോലെയാവാം കവിതയും
അതിൻ്റെ തിരഞ്ഞുപോക്ക് 
അവസാന വാക്ക് എന്നിങ്ങനേ

ഒരു നൂല്
അത് നിലത്തുവീഴുന്നു
പങ്കെടുപ്പുകളിൽ കൊരുത്ത്
സൂചികൾ തിരഞ്ഞുപോകുന്നു

ഒരു കൂക്കിൻ്റെ അറ്റം തിരയൽ
അതിൻ്റെ നിലത്ത് വീഴൽ
കിളിയെ നിലത്ത് വെക്കുന്നു
ഒരു കരു പോലെ

വീണത് നിലത്ത് മാനമാണെങ്കിൽ
കിളി ഒരു നൂല്
കൂക്കിൽ സൂക്ഷിച്ച് 
അതിൻ്റെ അറ്റം,
തിരഞ്ഞ് പോകുന്നത് പോലെ
കിളിയുടെ രൂപം എടുത്തണിഞ്ഞ്
അതിൻ്റെ പറന്നുപൊങ്ങലിൽ മാത്രം
മാനവും മൗനവും പങ്കെടുക്കുന്നു

മാനത്തിൻ്റെ സൈറൺ മാത്രം
അപ്രതീക്ഷിതമായി ഉയരുന്നു
എല്ലാ മാനവും മിന്നലുള്ളപ്പോൾ
പൊടുന്നനേ ആമ്പുലൻസ് ആവുന്നു

തിരയുന്നതിൻ്റെ ചൂണ്ട നിലത്തിട്ട്
അതിൽ ഒരനക്കം വന്ന് കൊത്തുന്നതിൻ്റെ കാത്തിരിപ്പ്
കവിതക്ക്

5

മേഘങ്ങൾ കോഴിയമ്മകളല്ല
ആകാശത്തിൻ്റെ പുഴുക്കൾ
കൊത്തിത്തിന്നുവാനെന്ന വണ്ണം
അവ എങ്ങും ചിക്കിത്തിരയുന്നില്ല

ഉരുണ്ട് പോകുവാനുള്ള ഇടങ്ങളുടെ
തമ്പുരു
അതിൽ കൊരുത്തു തിരഞ്ഞുപോകും ഈണങ്ങളുള്ള വിരലുകൾ

തുളുമ്പിപ്പോകാതെ മയിൽപ്പീലിയിൽ
നിറങ്ങൾ
തുളുമ്പിപ്പോകാതെ അവയിൽ നൃത്തങ്ങൾ

വെള്ളമെന്ന പോലെ
താമരയിലയിൽ 
തുളുമ്പിപ്പോകാതെ ഉടലുകൾ
ചലനങ്ങളുടെ മയിലുകൾ 
നൃത്തങ്ങൾ കൊത്തിത്തിന്നുന്നു

സുതാര്യതയിൽ
അതിൻ്റെ ചലനങ്ങളിൽ 
നഗ്നതയുടെ ഇട്ടുവെയ്പ്പുകൾ
വെള്ളത്തുള്ളികളേ പ്പോലെ
ജലത്തിന് മുകളിൽ ഇലകളിൽ
അതിൻ്റെ തുളുമ്പൽ

വെള്ളത്തുള്ളികളുടെ ഗോളങ്ങളിൽ
അവയുടെ ഉരുളലുകൾ
ചലനങ്ങളുടെ വാർക്കപ്പണിയേ
നൃത്തം എന്ന് വിളിക്കുന്നത് പോലെ
ആ വിളിയിലേക്ക് 
ഉടലാകെ ഉരുളും വിധം
തുളുമ്പും വിധം
നഗ്നത മാത്രം ഉൾക്കൊള്ളും വിധം
വെള്ളം കോരിയൊഴിക്കുന്നു
തുളുമ്പുന്നു

താമരത്തണ്ടിനെ സാക്ഷിയാക്കി
ഇലയേ മുൻ നിർത്തി
ചലനങ്ങളുടെ ചൂണ്ട് വെള്ളം
ഉടലിൽ

ഞായറാഴ്ച്ചകൾ തുളുമ്പി
ഒരു പള്ളിയാവുന്നത് പോലെ
മറ്റൊരു തുളുമ്പലിൽ അതിൻ്റെ
കുർബാന മാത്രം കൈക്കൊള്ളുന്നു
തുളുമ്പലുകൾ ഉടുത്ത് മടങ്ങുന്നു

6

കാത്തുനിൽപ്പുകൾ കൊണ്ട് നിർമ്മിച്ച സാക്ഷകൾ
ജീവിതമാകും താഴ്
താക്കോൽപ്പഴുതുകൾ

ഒരു കൂക്കുമായുള്ള അതിൻ്റെ ഇണചേരൽ കാണാതെ 
നോക്കാതെ
കൂക്കിൻ്റെ താക്കോലിട്ട്
തുറന്ന്, ഒരു കിളിയേ സ്വതന്ത്രമാക്കൽ

ആകാശം അതിൻ്റെ ശൂന്യതയെ
അരികിൽ കിടത്തി
ഉറക്കുന്ന മട്ടിൽ, ഒരു കൂക്കിനെ
അതിൻ്റെ കിളിയുടെ അരികിൽ 
കിടത്തുന്നു
ഉറക്കുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...