ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി
എൻ്റെ ഏകാന്തത
ഓരോ അവിഹിതത്തേയും
സന്ദർശിക്കുന്നു
ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള
ഒരു ഗസറ്റഡ് ഓഫീസറാവണം
വിഷാദം
ഇനിയും ഇട്ടിട്ടില്ലാത്ത
ഒരു കോട്ടുവായ്ക്കരികിൽ അയാൾ,
അയാളുടെ ഉറക്കം,
രാവുകൾ തിരഞ്ഞുപോകുന്നു
ഏറ്റവും വിഷാദസ്ഥനായ
മേഘം ആവശ്യപ്പെടും ആകാശം
ഓരോ വാക്കിലും അയാൾ
വരക്കുന്നു നോക്കുകൾ കൊണ്ട്
വിവരിക്കുന്നു
നോക്കിനിൽക്കേ,
ആകാശത്തിൻ്റെ ശാന്തതയെ
വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു
നീലനിറം ആകാശമാകേ പരക്കുന്നു
ഇന്നിയും നേർക്കുവാനില്ലെന്ന
നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ
അയാൾ ചാരിയിരിക്കുന്നു
എൻ്റെ ഒറ്റനോട്ടത്തിൽ
ആകാശത്തിന് താഴേ
നീലനിറങ്ങൾക്ക് സമീപം
സമീപമേഘങ്ങൾക്കും അരികിൽ
മന്ദാരബുദ്ധനാവും അയാൾ
2
മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ
ഞാൻ
അവിഹിതത്തിന് പോകുന്നൂ, എന്ന്
സംശയിച്ചിരുന്നൂ, കുരുവികൾ
ഓരോ തളിര് വരുമ്പോഴും
കുരുവികൾ ഉണരും മുമ്പ്
ഞാൻ മന്ദാരയിലകൾ വെട്ടുന്നു
എത്ര വെട്ടിയാലും അതിൽ,
രണ്ടിലകൾ നിലനിർത്തുന്നതായി
കുരുവികളും മന്ദാരപ്പൂക്കളും
ഒരേസമയം, സംശയിച്ചുപോന്നു
ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ
എന്ന ക്രമത്തിൽ
അപ്പോഴും നടന്നൂ കാര്യങ്ങൾ
ഇലകളില്ലാതെ
കുരുവിച്ചോട്ടിൽ നിന്നൂ
മന്ദാരങ്ങൾ
ആദ്യം അവിഹിതങ്ങൾ
പിന്നെ കുരുവികൾ
പിന്നെ അവയുടെ സംശയങ്ങൾ
എന്ന നിലയിലേക്ക് മാറീ,
കാര്യങ്ങൾ
മുഴക്കങ്ങളുടെ ഷോക്കേയ്സുകളിൽ
പെയ്ത മഴയുടെ ശേഖരമുള്ള
വേഴാമ്പൽ.
പിന്നെ
അവിഹിതങ്ങളുടെ ഒപ്പിട്ട്
മന്ദാരമായി അന്ന് രാവിലെ
ചാർജെടുത്ത പൂവ്
ഇട്ട് കഴിഞ്ഞാൽ ഉടൻ,
ഉടലുകളായി അവിഹിതങ്ങളിലേക്ക് പടരും ഒപ്പുകൾ
അവിഹിതങ്ങളുടെ സാക്ഷ്യപ്പെടുത്തിയ
പകർപ്പുകളുമായി വന്നൂ പ്രണയങ്ങൾ
ഇനിയും നടക്കാത്ത അവിഹിതങ്ങളുടെ കണ്ണ് പൊത്തിനിന്നൂ,
ഋതുക്കൾ
തവിട്ട് നിറത്തിനേയാകെ സംശയിക്കും
മഞ്ഞയുടെ നഗ്നതയുള്ള
മൈനയുടെ ജാരൻ
എന്ന് കവിതകളിൽ പറന്നിറങ്ങി വാക്കുകൾ
കൊച്ചുകുട്ടികൾ നാണം വരുമ്പോൾ
കൈകൾ കൊണ്ട് നാണം പൊത്തുമ്പോലെ
നൃത്തം വെച്ച ഉടലിൽ മുദ്രകൾ
അവിഹിതം അവൾ കൈകൾ കൊണ്ട്
പൊത്തുന്നു
അവിഹിതത്തിൻ്റെ കണ്ണ്
കുരുവികളും മന്ദാരപ്പൂക്കളും
ചേർന്ന് പൊത്തുന്നത് ഞാൻ കാണുന്നു
മന്ദാരച്ചുവട്ടിലേ കാലടികൾ
എന്ന് കുരുവികൾ പൂക്കുന്നു
ക്രമപ്പെടുത്തിയ അവിഹിതങ്ങളുടെ
ടോക്കൻ നമ്പരുകൾ പോലെ
അവിഹിതങ്ങളുടെ പേരുകൾ
ഉറക്കേവിളിക്കും കുരുവികൾ
എൻ്റെ ഏകാന്തതയുമായി
അവിഹിതത്തിലായ കുരുവി
എന്നാവും കവിത ഇപ്പോൾ
പൊത്തുവാനാകുമോ
പേര്
വിളിക്കുമ്പോൾ ആരും കേൾക്കാതെ
നോക്കിനിൽക്കേ
എൻ്റെ കവിത കുരുവിയുടെ വായ പൊത്തുന്നു!
Comments
Post a Comment