തുമ്പിക്കും ശാന്തതക്കും വേണ്ടി
ഒരേ ആകാശം
വിവിധഭാവങ്ങളിൽ
പ്രവർത്തിക്കും വിധം
ഭാഷ കൂടെ
ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു
അനക്കാത്തതിന്
എല്ലാ ചെറുവിരലുകളുടേയും
നിശ്ചലതയോട് കലഹിക്കുന്നു
പ്രതിഷേധചന്ദ്രൻ്റെ കല
മാനത്ത്
അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം
ചരിച്ച്
പ്രതിഷേധകല എന്ന വിധം
മാനത്ത് മുകളിൽ
കലകളിൽ തുടരുന്ന
ചന്ദ്രൻ
ചിലപ്പോൾ മാഞ്ഞ്
ചിലപ്പോൾ മങ്ങി
എന്ന് തുടർച്ചകൾ
നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല
കലയിൽ നിന്ന് അടർന്ന് മാറി
അതിൻ്റെ
പുന:ചരിവുകൾ
ചരിയുന്നതിൻ്റെ കല മാനത്ത്
എന്ന് ഉറപ്പിക്കുന്നു
ചരിയുവാനുള്ള സ്വാതന്ത്ര്യം
സ്വതന്ത്ര ചരിവ്
കലകളുടെ മാനത്ത്
ഒരു ചരിവാകും സൂര്യൻ
ഒപ്പം സ്വാതന്ത്ര്യവും
ആൽബങ്ങളിൽ
ചരിവുകളുടെ കൂട്ടിവെപ്പ്
ഒരു ഒട്ടിച്ചുവെപ്പാവും കല
ചരിവുകളുടേത് മാത്രവും
ഒരു മുറി തേങ്ങയിൽ കൊള്ളുന്ന
ജീവിതം കല ചിരകിയെടുക്കുന്നു
ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ
ചരിവ് കലർത്തുന്നു
എടുത്തുകളയാൻ തൊട്ട വിരലിൽ
അന്തരീക്ഷത്തിൻ്റെ
ചരിവുകളുടെ നാരുകൾ
ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള
നാരകങ്ങൾ
ഉടലിൽ വ്യത്യസ്ഥമൂക്കുകൾ
പരിശീലിക്കുന്നു
ഭയക്കുവാനുള്ള സ്വാതന്ത്ര്യത്തിന്
വേണ്ടിയാവണം,
ചെയ്ത യുദ്ധങ്ങൾ
മനുഷ്യർ കൂടുതൽ മനോഹരമായ
മോഹിപ്പിക്കുന്ന ഭയങ്ങളിൽ
കയറിനിൽക്കുന്നു
കലാപചന്ദ്രൻ്റെ കല മാനത്ത്
മാനമേ വിവിധകലകളുടെ തീരുമാനമേ
ഏറ്റവും മനോഹരമായ കനൽ
വീണ് പൊള്ളിയിടം എന്ന് കാലം, പകലുകൾ മാറ്റി പണിയുന്നു
കാലം സൂര്യനേ എടുത്തുവെക്കുന്നു
സംശയങ്ങളുടെ
പുന:സ്ഥാപനമാകണം സൂര്യൻ
നിശ്ചലതയോട് ചേർന്ന്
ചരിഞ്ഞ്
നൃത്തം വെച്ച് പ്രതിഷേധിക്കുന്നു
ശിവൻ താണ്ഡവങ്ങളുടെ ആൽബമാകുന്നിടത്ത്
നടരാജ വിഗ്രഹങ്ങളുടെ ഒഴുക്ക്
നിശ്ചലതയിൽ പൊതിഞ്ഞ്
എടുത്ത് സൂക്ഷിക്കുന്നു.
വിഗ്രഹങ്ങൾ കൊണ്ട്
പൊതിയിട്ട ദൈവങ്ങളേ
കാലം ഉടച്ചുവാർക്കുന്നിടത്ത്
കലഹങ്ങളുടെ ആൽബമുണ്ടാക്കുന്നു
ഏറ്റവും അവസാനത്തെ കലഹം
ഉടലിനോട് ചേർത്ത് ചരിച്ച് ഒട്ടിച്ചു വെക്കുന്നു.
Comments
Post a Comment