Skip to main content

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും
അത്രയും തീവ്രതയിൽ
പ്രാർത്ഥനകളാവുന്ന 
ഒരു സാധാരണദിവസമായിരിക്കണം
അത്

കാൽവിരൽക്കനലുകളുള്ള
ഉന്മാദികളുടെ ദൈവം
ഉണർന്നാലുടൻ
നാണത്തോടെ പരതും 
ഉന്മാദികളുടെ പ്രാർത്ഥന

ഉന്മാദിയായ ആകാശം
പറക്കുന്ന പക്ഷികളേ വെച്ച്
ഏറ്റവും ഒടുവിലെ നാണം 
ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്,
പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം
ദൈവീകമായ നാണത്തിൻ്റെ ആഴം

എത്ര വൈകിയാലും
ഒരിക്കലും അവസാനിക്കാത്ത
വിഷാദികൾകളുടെ വൈകുന്നേരങ്ങൾ

വിഷാദികൾക്ക് 
ഏതുനേരവും
വൈകുന്നേരങ്ങൾ
അഥവാ വൈകുന്നേരം 
മാത്രമുള്ള വിഷാദികൾ

എടുത്ത് വെക്കും മുമ്പ് 
തീർന്നുപോകും അവരുടെ
പകലുകൾ

മൂന്ന് നേരവും 
അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ

സായാഹ്നങ്ങൾ 
സായാഹ്നങ്ങൾ
സായാഹ്നങ്ങൾ
അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം
ദൈവമാകുവാൻ തുടങ്ങുന്നു

ക്ഷമിക്കണം
ഉന്മാദികളുടെ ദൈവം എന്നല്ല
ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം
അതും അകക്കണ്ണുകൊണ്ട്

അതേ
അതേ ദൈവം
ഏകാന്തതയുടെ 
സൈഡ് വ്യൂ മിറർ മാത്രം നോക്കി
വിഷാദികളേ ഓവർടേക്ക് ചെയ്യും
അതേ ദൈവത്തിൻ്റെ
സായാഹ്നവളവുകൾ

വിഷാദികളും കൊടുംവളവുകളും 
എന്ന് മാത്രം
ദൈവത്തിന് മുന്നിൽ
കണ്ണാടിയുടെ രസത്തിൽ
അതിൻ്റെ 
ശാന്തമായ പ്രതിഫലനങ്ങൾ

അതും
പലപ്പോഴും
ദൈവത്തിൻ്റെ ഏതെങ്കിലും ഒരു അലസനോട്ടത്തിന്
തൊട്ടുമുന്നിൽ
അല്ലെങ്കിൽ എല്ലാം കഴിഞ്ഞ് തൊട്ടുപിന്നിൽ

അമ്പിളിക്കല
പിന്നിലേക്ക് പിന്നിയിട്ട രാവുകളിൽ
ഒന്നിൽ
ഹെഡ്ലൈറ്റുകളുടെ തീവ്ര പ്രകാശത്തിന്
പിന്നിൽ അതേ ദൈവം
ദൈവത്തിൻ്റെ
അതേ ദിനചര്യകൾ

ചരിവുകളും അവയുടെ സൂക്ഷമതകളും
കടുംപിടിത്തങ്ങളും
വേഗതകളുടെ കൊടുംബൈക്കുകളും 
ഉള്ള അതേ ഉന്മാദിയായ ദൈവം 

ഇരുചക്രവാഹനങ്ങളുടെ
ദൈവം എന്ന് അപ്പോഴും അരികിൽ
കൈവിട്ട വിഷാദം

ഒരിക്കലും 
വിഷാദം ഒരു ഇന്ധനമല്ല
എന്നാലും ലിറ്റർ കണക്കിന് വിഷാദം
ഇന്ധനമായി ഉൾക്കൊള്ളും
ഫ്യൂൽ ടാങ്കിന് ഇരുവശത്തേക്കും
കാലുകളിട്ട്
അഡ്രീനാലിൻ്റെ ആക്സിലറേറ്ററുകൾക്ക്
തീ കൊടുത്ത്
പല ബൈക്കുകളിലായി ദൈവം
തുടകൾ മുറുക്കുന്നു
കൈകൾ അയക്കുന്നു

കൈകൾ കൊടുക്കും എടുക്കും വിധം
ദൈവം മുറുകേ പിടിക്കും
അതിവേഗങ്ങൾ 
സഡൻബ്രേക്കുകളിലേക്ക്
കൊറ്റികൾക്കൊപ്പം പറന്നിറങ്ങും
ദൈവത്തിൻ്റെ കാലുകൾ

വിഷാദികൾ
അപ്പോഴും ദൈവനടത്തങ്ങൾ എടുത്തുവെക്കുന്നു
സ്വന്തം കാലിൽ
നടക്കുന്നു

വിഷാദികളുടെ സ്പീഡോമീറ്ററിൽ
ഇനിയും തെളിയാത്ത
സെറോടോണിൻ, നോർഎപൈനെഫ്രൈൻ, ഡോപാമൈൻ
തുടങ്ങിയ
ന്യൂറോട്രാൻസ്മിറ്ററുകളുടെ സൂചികൾ

ഓ എന്ന് നീട്ടി അവഗണിക്കാമെങ്കിൽ
കൂടുതൽ ഒന്നുമില്ല
ഉടലിൻ്റെ കെടുകാര്യസ്ഥകളോട്
ഭാഷയുടെ ഒരു ഇളംനീലനിറമുള്ള
ഇടപെടൽ
അത്രമാത്രം

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

ഹൈക്കുവിൽ ഒരു കൈ

1) എനിക്ക് നിന്നിലേയ്ക്കെത്തുവാൻ മാത്രം  മഴയിലെ  താഴെ വീഴാത്തൊരു തുള്ളിയാകണം 2) ഉറക്കത്തിനും മരണത്തിനും  ഇടയിൽ ഗുളികയുടെ  ഒരു   കിടക്ക 3) നിർത്തിയിട്ടിരുന്ന മരത്തിന്റെ തണലിൽ കയറാതെ ഓടിക്കൊണ്ടിരിക്കുന്ന വെയിലിന്റെ ചൂടിലേയ്ക്ക് ചാടി കയറുന്നു  നിഴൽ കാത്തു നിന്ന് തളർന്ന ബസ്‌ സ്റ്റാന്റ് 4) വിഷം ഇല്ലാതെ കയറെടുക്കാതെ  കുറച്ചു സമയം മാത്രം എടുത്തു  സ്ലോ മോഷനിൽ ഹൃദയത്തിന്റെ ആത്മഹത്യാ 5) ജീവിച്ചു ജയിക്കുമെന്നുറപ്പായപ്പോൾ  തോൽവിഒഴിവാക്കുവാൻ തുറുപ്പു ചീട്ടിറക്കുന്നു മരണം 6) നെഞ്ചിൽ കൊത്തിയ  രണ്ടു മീസാൻ കല്ലുകൾക്കിടയിൽ  സ്ത്രീത്വത്തെ അടക്കി കാലം 7) തിരയുടെ കൈ പിടിച്ചു  കരയുടെ തിണ്ണ നിരങ്ങുന്നു കണ്ണീരോടെ കടൽ 8) വിറച്ച ചുണ്ടുകൾ ഒരു ചുംബനം  പുതച്ചുറങ്ങുന്നു 9) പ്രണയിനിയുടെ മുഖം മേഘം പോലെ സൂര്യ ചുംബനത്തിൽ  ചിരി വെയിൽനാളം പോലെ 10) പിറന്ന ഉടനെ  മുട്ടിലിഴഞ്ഞു മണ്ണ് തിന്നുന്നു  കുഞ്ഞി മഴ 11) വൈബ്രേഷൻ മോഡിൽ ഹൃദയം  എടുക്കുവാൻ മടിച്ചു  മരണം 12) ത...