റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട്
ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ
കാതുകൾ നീക്കിയിട്ട്
തീ കായുവാനിരിക്കും ശബ്ദങ്ങൾ
പാതിസംപ്രേക്ഷണം ചെയ്ത
കലയായി മാനത്ത് ചന്ദ്രൻ
ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ
കഴിയുന്ന പരിധിയായി
അതിന് ചുറ്റം കാണപ്പെടും ആകാശവും
കാതുകളുടെ തീ കായലുകൾ
പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ
തീയിൽ കാണിച്ച ഇരുമ്പ് പോലെ
എരിയുന്ന പാട്ടുകൾക്കിടയിൽ
പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ
ഉടലിലെ
അതിൻ്റെ ഉള്ളടക്കവും
ശ്വാസത്തിളക്കവും
ഉടലിൻ്റെ ഉല
ഈണങ്ങളിൽ നീക്കിയിട്ട്
ഓരോ പാട്ടിനും ഒപ്പവും
ഓരോ പാട്ടിനും ശേഷവും
താളത്തിൽ കാതെരിയുന്നു
വിരലുകൾക്ക് താഴേ
കായലുകളുടെ തീ
തോണി നിറയേ പാട്ടുകൾ
കേൾക്കുന്ന പാട്ടുകൾക്കരികിൽ
കായലുകൾ
നാടുകൾ കടന്നും രൂപപ്പെടും വിധം
അതിലെ ഇനിയും രൂപപ്പെടാത്ത
ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു
അവളേ ഇരുത്തി തുഴയുന്നിടം
എന്ന് ചുണ്ടുകൾ
അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ
കാതുകളുടെ തോണി
ഉടൽ നിറയേ പാട്ടുകൾ
അവളുടെ ഉടൽ നിറയേ
പാട്ടുകളുടെ കലവറ
ഇനി പാട്ടുകളുടെ മൊട്ടുകൾ
കാതുകൾ പൂക്കൾ
ഒരേ ഉടലുകൾ
വള്ളികളിൽ പിടിച്ചിട്ടാൽ
ഇലകൾക്ക് അനുഭവപ്പെടുന്ന
അകലങ്ങളിൽ പിടിച്ച്
പാട്ടുകൾ ഉടലുകൾ കൊണ്ട് പോകുന്നു
സംഗീതത്തിലൂടെ കടത്തിവിട്ട്
അത് പിന്നെ അവളുടെ ചുണ്ടുകളായി
മാറ്റിയെടുത്തേക്കും
അടുത്ത പാട്ട്
അനന്തരം
ഉടലുകളുടെ റേഡിയോനിലയം
ചുംബനങ്ങളിൽ നിരന്തരം
ചുണ്ടുകൾ സംപ്രേക്ഷണം ചെയ്യുന്ന
മാതിരി
നമ്മുടെ ഉടലിൽ
തടമെടുക്കുന്നു
വളമിടുന്നു
ഒരു അടുത്ത ഹമ്മിങ്ങിന്ന്
വിത്തിടുന്നു
പാട്ടുകൾ
ഓർക്കെസ്ട്രയുടെ നടുക്കുള്ള
ഉടലുകൾ നയിക്കും രതികൾ
ഇനി ഉണ്ടാവുമോ
അദൃശ്യ ഓർക്കെസ്ട്രകൾ
രതിക്കും കനലുകൾ
വയലിനുകളുടെ കനൽ
ഗിറ്റാറുകളുടെ കനൽ
സിന്തസൈസറുകളുടെയും
മിക്സറുകളുടേയും
കീബോഡുകളുടേയും കനലുകൾ
കനലില്ലായ്മകൾ
ഡ്രമ്മുകൾ മാത്രം
കാലുകൾക്ക് ചോട്ടിൽ തിരയുന്നു
ഉടൽ രണ്ട് പാട്ടുകൾ പകുക്കും
ബിജിഎമ്മുകളുടെ താഴ്വര
എല്ലാ സംഗീതോപകരണങ്ങളുടേയും
കനൽ
കരിക്കട്ട കൊണ്ട് വരച്ച ഇരുട്ട്
പുലരി ഒഴിച്ച് കെടുത്തും വിധം
ഓരോ ഉടലും
കാതിൽ കൊളുത്തുവാൻ
അപ്പോഴും പുതിയ പാട്ട് തിരയുന്നു
ഒഴുക്ക് കൂട്ടിയിട്ട
ഒരു നദിക്കട്ട
ഉളം കൈയ്യിലേക്ക് തുളുമ്പും
വിരൽനദി
ഇനി
രണ്ട് പാട്ടുകളുടെ ഇടവേളയാകുമോ
ഉടൽ
Comments
Post a Comment