ഈർപ്പം എന്നെഴുതുവാൻ
ആവശ്യമായ ജലം,
പരതുകയായിരുന്നുന്നു ഞാൻ
ജലം എന്ന വാക്കിലിരുന്ന്
ജലം വറ്റുന്നു
നീലയുടെ അരികിലിരുന്ന്
ആകാശം വറ്റുന്നത് പോലെ തന്നെ
വാക്കിൻ്റെ കൈവെള്ള പിടിച്ച്
തുറന്നു നോക്കുന്നു
വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട്
കിടക്കും മുമ്പ് തൂവലുകൾ എല്ലാം
ഊതിയണക്കും കിളി
ജനാലകൾ ഊതിയണച്ചാലും
അപ്പോഴും
ചിത്രങ്ങളിൽ അധികം വരും
ഇണചേരലുകൾ മുനിഞ്ഞ് കത്തും
വീട്
ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ
കിളി അതിൻ്റെ നോക്കിനിൽപ്പ്
ഇണചേരുന്നത് ചിത്രമാണെങ്കിൽ
നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ
അതിൻ്റെ മായ്ച്ച് കളയൽ
ഒരു കിളി ഇപ്പോൾ
അതിൻ്റെ ചേക്കേറൽമാത്രകൾ
പിന്നെ, അതിൻ്റെ പറന്ന
മാനത്തിൻ്റെ ഊതിയണപ്പും
പക്ഷം പിടിക്കുന്നതിൻ്റെ കല
ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത്
അതും രാത്രിയിൽ ഇണചേരുന്നതിനിടയിൽ
ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി
ചിതറിയിട്ടുണ്ട്
അത്ര എളുപ്പമല്ല
നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള
ചിതറൽ
ഇണചേരുന്നവർ
ചിതറുന്ന
അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത്
മാനം ഓരോ രാത്രിയും
പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു
വഴക്കുകൂടുന്നവർ പക്ഷികളാവുന്നു
എന്ന പൊതുബോധത്തിൽ
ആകാശം ഇടപെടും വണ്ണമാവണം
പകലിൽ നിന്നും പിടിച്ച് മാറ്റിയ ആകാശം
മേഘങ്ങളുടെ ഉന്തിലും തള്ളിലും
ഇടപെടാതെ
നീലയിലേക്കുള്ള
അതിൻ്റെ മാറിനിൽപ്പ്
അപ്പോഴും മിടിപ്പുകൾ മാറ്റിനിർത്തി ആകാശത്തിനായി
കെഞ്ചും, മാറിലെ മേഘം
ചേക്കേറി കഴിഞ്ഞാൽ
ആകാശത്തിൻ്റെ നോക്കി നിൽപ്പ്
ഓരോ കിളിയും അതിൻ്റെ കണ്ണിൽ നിന്നും മായ്ച്ച് കളയുന്നുണ്ടാവണം
രാത്രിയായിട്ടില്ല
ഇപ്പോൾ ഞാൻ ആകാശത്തെ
പിടിച്ച് മാറ്റുന്നു
അത് കുറച്ച് പക്ഷികളുടെ
വഴക്ക് കൂടലിൽ
ഇടപെട്ടേക്കുമെന്ന് തോന്നി
Comments
Post a Comment