ഒരു തീയതിയാണ് ഉടൽ
കലണ്ടറിൽ
കലണ്ടറിനും ഉടലിനും ഇടയിൽ
ഭിത്തിയിൽ ചാരിയിരിക്കും
ശ്വാസം
സമയത്തിൽ ചാരിയും
ചാരാതെയും
ഉടലിൽ ചാരി വെക്കാവുന്ന
തമ്പുരു എന്ന വണ്ണം
ശ്രുതികളുമായി ശക്തമായി ഇടപഴകി
കാതുകൾ
ഒരു തീയതിയാണോ ഉടൽ
എന്ന സംശയം,
സംശയം അല്ലാതെയായി
ഒരു സംശയമായി
ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി
മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി
ഉദിക്കുന്നത് ഉഴപ്പി അപ്പോഴും
സംശയങ്ങളുടെ സൂര്യൻ
വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം
സൂര്യരഹിത അസ്തമയങ്ങളുണ്ടായി
വിരലിൻ്റെ അറ്റത്ത് വന്ന്
ഇറ്റിനിന്ന ആകാശം
അടർന്ന്
നിലത്ത് വീഴാൻ മടിച്ചു
പകരം അവ ഇലകളെ അടർത്തി
നിലത്ത് വീഴൽ കുറച്ചു
കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ
ശരീരത്തിൽ കുറച്ച് നേരം
തങ്ങിനിൽക്കുമ്പോലെ
സമയത്തിൽ തങ്ങിനിൽക്കുവാൻ
തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി
പരിവർത്തനങ്ങളുടെ തീർത്ഥാടനം
അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ
വരിയിട്ടു
പിടിച്ചുനിന്നത് കൊണ്ട് മാത്രം
മരം എന്ന കുറ്റം ചെയ്തത് പോലെ
കുറേ നേരം കാറ്റിനേ കേട്ടുനിന്നു,
പിന്നെ,
കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ
മരം,
നിലത്തിട്ട് ചവിട്ടിക്കെടുത്തുന്നു
രതി കഴിഞ്ഞ ഉടൽ രതിയിൽ നിന്നും
വേർപെടുത്തുമ്പോലെ
ആടി ഉലച്ചിലുകൾ കുത്തിക്കെടുത്തി
രതിക്ക് മുമ്പുള്ള ഉടലിലേക്ക്
മനുഷ്യൻ്റെ തിരിച്ചുപോക്ക്
കേട്ട പാട്ട് ഉടലിൽ,
ഓർമ്മയിൽ മനസ്സിൽ കെട്ട് പിണഞ്ഞ്
കിടക്കുന്നത് പോലെ
പാട്ടിനെ ഉടലിൽ നിന്നും വേർപെടുത്തുന്നു
ചുണ്ടുകൾ കൊണ്ടും
വിരലുകൾ കൊണ്ടും
ഓരോ പാട്ടുകളുടേയും ഉടക്കറുപ്പ്
ഈണങ്ങൾ മാത്രം കെട്ടിവെക്കുന്നു
ഈണം ചേർത്ത്
പാട്ടിലേക്ക് പുലരികൾ കെട്ടിവെക്കും
പാട്ടുകളുടെ വീട്ടമ്മ
പാട്ടിലേക്ക് കെട്ടിവെക്കും
പാട്ടുകളുടെ ഉറക്കച്ചടവുകൾ
സാൾട്ടും പെപ്പറും പോലെ
മേശപ്പുറത്തിരുന്ന
ഹമ്മിങ്ങുകളുടെയും
ബി ജി എം കളുടേയും കുപ്പി എടുത്ത് പാട്ടിലേക്ക് ചെറുതായി തട്ടുന്നു
കാതുകൾ കൊണ്ട് കഴിക്കുന്നു
പാട്ടുകനം ഉളള ചുണ്ടുകൾ
കേൾവിക്കനം തൂങ്ങും കാതുകൾ
എന്ന് തലേന്നത്തെ ചുംബനങ്ങൾ
പടരുന്നവള്ളികൾ അറ്റത്തിടും
കുണുക്കുകൾ പോലെ
വെയിലുകളുടെ വള്ളികളിൽ
ഒരു വേനലിനും
അടർത്തിയെടുക്കുവാൻ
ആവാത്ത വണ്ണം
കുരുങ്ങിക്കിടക്കുന്ന സൂര്യനെ
പകലിൻ്റെ അറുപത്തിനാല് കലകളിലേക്ക്
ശൈത്യകാലവിരലുകൾ അറുത്തിടുന്നു
ശ്വാസത്തിന് മുകളിൽ
ഭീഷ്മാചാര്യർ സ്വച്ന്ദമൃത്യു എന്നെഴുതി
ശ്വാസം ഊതി അണക്കുന്നത് പോലെ
കുരുങ്ങിക്കിടക്കലുകളും
പിടിച്ചുനിൽപ്പുകളാണ്
എനിക്ക് ലോകത്തുള്ള എല്ലാ മേഘങ്ങളോടും
അതീവസ്നേഹം തോന്നുന്നു
കൈ വെള്ളയിൽ മേഘത്തോട് ചേർന്ന്
പുതിയത് എന്ന് തോന്നാത്ത ഒരാകാശം പണിഞ്ഞുവെക്കുന്നു
എനിക്ക് മേഘങ്ങളേ കേൾക്കുവാൻ
കാത് തരൂ എന്ന് ൻ്റെ ആകാശം
മഞ്ഞിൻ്റെ ഹെഡ്ഫോൺ വെച്ച്
പാട്ടുകളുടെ ദൈവം
മേഘത്തിൻ്റെ മട വീണ ആകാശം
മേഘങ്ങളുടെ ഒഴുകിപ്പരക്കൽ
ആകാശം ഊറി വരുന്നിടത്ത്
എൻ്റെ പക്ഷി അതിൻ്റെ ഉറവ
പാട്ടുകളുടെ മേഘം
ഭ്രമണകണികകൾ കൂട്ടിവെച്ച് എൻ്റെ ഭൂമി
ഭ്രമണമണിയുന്നവളേ എന്ന
എൻ്റേതുമാത്രമായ
ആന്തൽ
തുടർച്ചകളുടെ അതിനീല
ഇനിയും ആകാശമാകാത്ത നീലനിറമുള്ള ശ്വാസം
മഴ ശരശയ്യ
ഭീഷ്മമേഘങ്ങൾ എന്നാകാശം
പാട്ടുകളുടെ കാവിൽ
വിളക്ക് വെക്കുവാൻ പോകുന്നവൾ
അണയാതെ കൊണ്ട് പോകും കാത്
ആദ്യം ഒരു വാക്കും
പിന്നെ
കാതുകളുടെ കെടാവിളക്കും
ആവുമ്പോലെ
അവൾ കൊളുത്തുന്നുണ്ടാവണം
പാട്ടുകളിലേക്ക്
അവളുടെ മാത്രം ചുണ്ടുകളും
തടഞ്ഞു നിർത്തുന്നു
കാറ്റിനെ തെറുത്ത്
തിരിയിട്ട്
ഒരു ശബ്ദത്തിൻ്റെ
നാളം കൊളുത്തിവെക്കുന്നു
ഒരു നാളം
എരിയുന്നതിൻ്റെ
നാലായിരം ഉപമകൾ!
Comments
Post a Comment