നിന്നിലൊരു പുഴയുണ്ടെന്ന്
കണ്ടെത്തിയതിൽ പിന്നെ
കണ്ടെത്തലുകളുടെ
മീൻകണ്ണുള്ള ജലം
കണ്ടെത്തലുകളേ
മീൻമിനുക്കമേ
ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ
വെള്ളാരംകല്ലടുക്കേ
എന്നിങ്ങനെ,
അതിൻ്റെ മറികടക്കലുകളേ കുറിച്ച്
കൂടെയൊഴുകലുകളേ കുറിച്ച്
മാറിൽ പറ്റിച്ചേർന്ന് കിടന്ന്
മീനുകൾക്കൊപ്പം
ആലോചിക്കുന്നു
അരയോളം മീൻ ആലോചിക്കുന്നു
അരയ്ക്ക് താഴേക്ക് ജലം
എന്ന് മീനാലോചന
ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ
നാണത്തോടെ തൊടുമ്പോൾ
കവിത ഇടപെടുന്നു
വിശ്വസിക്കുമോ
മീനിൻ്റെ ആലോചനയോളം
മനോഹരമാണ് ഇപ്പോൾ ജലം
പ്രാവുകൾ കുറുകും പോലെ
മീനുകളുടെ നഗ്നതക്കരികിൽ ജലം
കുറുകുന്നു
അതും തുള്ളികളിൽ
പറന്ന് പറ്റിയിരുന്ന്
മീനിൻ്റെ ആലോചന വന്ന ജലം
എന്നെനിക്ക്
അത്രയും പ്രീയപ്പെട്ടെ ഒരാളോട്
അടക്കം പറയാമെന്ന്
തോന്നുന്നു
പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം
നിന്നോട് പറയുമെങ്കിൽ
നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം
ഒരു പക്ഷേ
നിൻ്റെ അരക്കെട്ടൊഴുക്ക്
നീ അടക്കിപ്പിടിക്കും വിധം
പൗരാണികതകൾ മറികടക്കുമ്പോൾ
പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി
അടക്കിപ്പിടിക്കുമ്പോലെ
നിന്നിൽ ഒരേ സമയം സംയമനം
പിന്നെ അതിൻ്റെ
പിറന്നപടിയുള്ള നിശ്ചലത
പിന്നെ അതിൻ്റെ അടക്കിപ്പിടിപ്പുകളും അതും കൈവിട്ട ഒഴുക്കിൻ്റെ
മുന്നിലേക്കും പിന്നിലേക്കും
അതിൻ്റെ ഉദയം മറികടന്നിരിക്കുന്നു
മുന്നിലെ സൂര്യൻ
പിന്നിലെ സൂര്യൻ
അതിൻ്റെ അസ്തമയം
നിൻ്റെ കണ്ണിൽ
സ്വപ്നം കാണുന്നു
നീന്തലിൻ്റെ ശാന്തതയുള്ള എൻ്റെ മീൻ
സൂര്യനിലെ അദ്വൈതഭംഗികൾ
ആസ്വദിക്കുന്നു
അസ്തമയത്തോളം കൊത്തുപണികൾ
ഒരു സൂര്യനിലും ഇല്ല
കല്ലുകൾ പോലെ വൈകുന്നേരം
വൈകുന്നേരങ്ങൾക്ക് മുകളിൽ
വെള്ളാരങ്കല്ലുകൾ പോലെ അസ്തമയം
സൂര്യൻ അതിനും മുകളിലൂടെയുള്ള വൈകിയൊഴുക്കും എന്നെഴുതാമെന്നു തോന്നി
ഭാഷക്കും ഉണ്ട് അനാദൃശ്യമായ
ഒഴുക്കും അദ്വൈതഭംഗിയും
ഏതെടുത്താലും വാക്ക്
അതിൻ്റെ പിന്നിലേക്കുള്ള നോക്ക്
ആശയവിനിമയ സാധ്യതകൾ
എന്നിങ്ങനെ അത് നീണ്ടു നിവർന്നുകിടന്നു
ധ്യാനത്തിൻ്റെ അച്ചുതണ്ടുള്ള
ഭൂമി
ധ്യാനത്തിൻ്റെ ശിൽപ്പഭംഗിയുള്ള
ജലം
തൻ്റെ അച്ചുതണ്ട് സാങ്കൽപ്പികമായതിൻ്റെ പരിഭവം,
ഭൂമി എടുത്തുവെക്കും വണ്ണം
ദൈവത്തിനുണ്ടോ പരിഭവം?
എല്ലാ പരിഭവങ്ങളും സാങ്കൽപ്പികം
ദൈവമേ, മനുഷ്യരുടെ പരിഭവമേ
എന്നൊരു ഉൾവിളി
കവിത എടുത്തുവെച്ചേക്കുമെന്ന് തോന്നി
ദൈവം ഉണ്ടെന്നുള്ളതിൻ്റെ തെളിവ്
ഒരച്ചുതണ്ടിൽ എടുത്ത് വെച്ച് അപ്പോഴും
ജീവിതം ഉരുളുന്നു
ജലം അതിൻ്റെ
സുതാര്യതയുടെ പാവാട
നനയാതെ
കൗതുകത്തിൻ്റെ കാല്
ഭാഷക്ക് മുകളിലേക്ക്
ഉയർത്തിപ്പിടിക്കുന്നിടത്ത്
കവിത അതിൻ്റെ
കൗതുകക്കാത് നെഞ്ചോട്
ചേർത്തുപിടിക്കുന്നു
മിടിപ്പിൻ്റെ പിടിയുള്ള കപ്പ് പോലെ
നെഞ്ചിൽ തുളുമ്പും
ഹൃദയം
ഭാഷയുടെ വടിയുള്ള മനുഷ്യൻ
വൃദ്ധരാവുന്നില്ല
എന്നിട്ടും കുത്തുവാൻ,
നിലത്തിടേണ്ടി വരുന്ന
ഒരുപിടി വാക്കുകൾ
എത്ര നിലത്ത് വീണിട്ടും
ഒരുപിടി മണ്ണാവുന്നില്ല
മണ്ണിന് പകരം പോലുമാവുന്നില്ല അത്
വിത്തിന് കിളിർപ്പ് വരച്ച്
വേരുകൾക്കും മടുത്തിരിക്കുന്നു
ഉയരങ്ങളേ ഉടുത്ത് വരയാടുകൾ
അവയുടെ നൃത്തം നിലത്തേക്ക്
അഴിച്ചിടും പോലെ
അഴിച്ചിടലാണ് ആഴങ്ങൾ
നെഞ്ചിലേക്കും നെഞ്ചിനും
പിന്നിലേയ്ക്കും
തുളുമ്പലിന് മുന്നിലേക്ക്
വിരലുകൾ മാറിമാറി ഞൊറിഞ്ഞുടുക്കുന്നു
നിലത്തേക്ക് വരികൾ അഴിച്ചിടുന്നു
ഭാഷക്കും ഭാരത്തിനും
ഇടയിലുള്ള ഭൂമി ഉരുളൽ
ഭാഷനനയൽ എന്നിങ്ങനെ കവിത തുടരുന്നു
ഭ്രമണത്തിൻ്റെ നാറാണത്ത് ഭ്രാന്തൻ
എന്ന് ഭൂമിയേ
അതിൻ്റെ കറക്കങ്ങളേ
അതിലെ സമയങ്ങളേ
അതിൻ്റെ കൂസലില്ലായ്മകളേ
അഭിസംബോധന ചെയ്യുന്നു
ശരി
കൃത്യനിഷ്ഠ അലക്കിത്തേച്ച
ഒരു വാക്കാണെന്ന്
ഓർമ്മിപ്പിച്ചിരുന്നല്ലോ
ഏതാ ഋതു ഓർക്കുന്നുണ്ടോ?
അലക്കിത്തേച്ച് വെക്കാവുന്ന
വാക്കായി
മാറിയിരിക്കുന്നു ഭാഷയിൽ മറവി
ഒരു പക്ഷേ വാക്കുകളുടെ
മടക്കുകൾ ഉള്ള മറവികൾ
നിൻ്റെ സൈക്കോ സ്വഭാവമുള്ള
ആകാശം അതിൻ്റെ ശൂന്യതകളേ
അടക്കിപ്പിടിക്കും വിധം
ഭാരത്തെ ഭ്രാന്താക്കി മാറ്റുന്ന
ജീവിതചാരുതയ്ക്കരികിലിരിക്കുന്നു
കണ്ടെത്തലുകൾ ഒഴുക്കി കളയുന്നു
വിരിയാൻ മറന്ന നാലുമണി ഉടൽ
തുറക്കാൻ മറന്ന ജനാല
നാല് മണിയിലേക്ക് ഊർന്ന് വീഴും അതിലെ നിലപാട് മറന്ന കൊളുത്ത്
നീ നിത്യം വിരിയുന്ന പൂക്കളിൽ
ഇതൾ വിരിച്ച് കണ്ടെത്തും പോലെ
നിൻ്റെ കണ്ണിലെ കണ്ടെത്തലുകളുടെ കല നോക്കിയിരിക്കുന്നു
കവിതയെഴുതിക്കഴിഞ്ഞാൽ ഉടൽ
ഒരു പുഴക്ക് കുറുകേ ഇടാവുന്ന മരപ്പാലമാണെന്ന പരാമർശം
ഞാൻ കവിതയിൽ നിന്നും പതിയേ പിൻവലിക്കുവാനൊരുങ്ങുന്നു
കുറുകലിൻ്റെ പാലമുള്ള പ്രാവ്
ചിറകടികളുടെ വേലികെട്ടി
അതിൻ്റെ ചാരനിറത്തേ നിഷ്ക്കളങ്കതകളേ സംരക്ഷിക്കുന്നത് പോലെ
എന്നെഴുതാൻ തുടങ്ങുകയായിരുന്നു
ചിറകടികളോ എഴുത്തോ
റദ്ദാക്കുവാനാകാത്ത വിധം കുറുകലോ
എൻ്റെ കവിത പ്രാവോളം
പറന്നുപൊങ്ങുന്നു
പിന്നെ പതിയേ
അതിൻ്റേതല്ലാത്ത നിലത്തിറങ്ങുന്നു
നടത്തത്തിൻ്റെ പാലങ്ങളിലേക്ക്
നടത്തത്തിൻ്റെ കുറുകലുകളിലേക്ക്
മറക്കലുകളുടെ ചിറകടികളിലേക്ക് അതിൻ്റെ തിരിച്ചിറക്കം
ഒരു
നിസ്സഹായവസ്ഥയാവണം
കവിതയെഴുത്ത്
പരിഭവങ്ങൾക്ക് കുറുകേയാണ്
വിഷാദമാണ് പാലം
എന്നാലും
സൂര്യൻ ഒരു ഒഴുക്ക്
അസ്തമയം ഒരു മരപ്പാലം
എന്ന് എഴുതിനിർത്താം എന്ന് തോന്നുന്നു
Comments
Post a Comment