എനിക്ക് സൂര്യനേ
ഒരു കിളിയാക്കുവാൻ
പകലിൻ്റെ
ഒരു ചെറിയ ചിറകടി കൂടി മതി, എന്ന് കരുതിയിരുന്നു ഞാൻ
ആഷ്ട്രേക്കരികിലെ പകൽ
വിരലുകൾക്ക് ഉള്ളിലേക്ക് എരിയും കനലുകൾ
സമയങ്ങളിൽ ചെന്ന് തട്ടി വിരലുകൾ
അത്, ചാരമെന്ന തീരുമാനം
നിലത്തേക്ക് തട്ടി
പക്ഷേ വേനലിലേക്ക് പറന്നിറങ്ങിയ കിളി
എന്നൊരു വരി കൂടി
ആവശ്യപ്പെടും അദൃശ്യസൂര്യൻ
ഏറ്റവും നിശ്ശബ്ദമായ സൂര്യൻ്റെ വേനൽ
അരക്കെട്ടിലെ പുഴയേ
നിരന്തരം അനുഗമിക്കുന്ന മീനുകൾ
പഴയ കാലങ്ങളിലെ സൂര്യനാണ്
കൂടുതൽ ഉന്മാദങ്ങളുടെ ചൂടും ചൂരും ചലനങ്ങളും
ആകാശം ഒരു താപസ്സൻ
മേഘങ്ങൾ അയാളുടെ തപസ്സ്
എന്ന കാൽപ്പനികതയേ
ആകാശം ഒരു ന്യായാധിപൻ
ദിവസങ്ങൾ അയാളുടെ വിധി
എന്ന പൊള്ളയായ വിശ്വാസം കൊണ്ട്
തിരുത്താമെന്ന് കരുതി
ജനലുകളുടെ പതാകകൾ ഉള്ള വീടുകൾ
വാതിലുകൾ സ്വതന്ത്രരാജ്യങ്ങൾ
എന്ന് കണ്ടെത്തി
മീനുകൾക്ക് പങ്കില്ല, ഒരു പുഴയിലും അതിൻ്റെ ഒഴുക്കിലും
കെട്ടിക്കിടക്കലാണ്
ഇനിയും കീറിക്കൊടുക്കാത്ത
അതിൻ്റെ രസീതികൾ
ഉറപ്പില്ല,
പകലിൻ്റെ പൂർണ്ണതക്ക് ഇനി, നിശ്ശബ്ദതയുടെ ഇര
എന്നൊരു ഒത്തുതീർപ്പിന്
ഞാനും സൂര്യനും കിളിയും കൂടി വഴങ്ങേണ്ടിവരുമെന്ന് തോന്നുന്നു
Comments
Post a Comment