പാദങ്ങൾ മുക്കി
എനിക്ക്
നടത്തം എന്ന് എഴുതണമെന്നുണ്ട്
ഒന്നും തടയുവാനില്ലാത്തത് കൊണ്ട്
ഒരു നിറവും എടുക്കാതെ
ബ്രഷുകളുടെ പണികൂടി എടുക്കുന്ന
കാലുകൾ എന്ന്
വഴികളുടെ കാൻവാസുകളേ
ബോധ്യപ്പെടുത്തുക മാത്രം ചെയ്തു
മുകളിൽ എവിടെയോ
എഴുതാതെ വിട്ട
വെറുതേ എന്ന വാക്കിൽ കുറേനേരം
ചാരിയിരുന്നു വർണ്ണങ്ങൾ
എന്താരു ക്യാൻവാസാണ്
ഇന്നലെ
അതിലെ ഒരു നിറവും പണിയെടുക്കാത്ത
ഋതു
എന്ന മുറുമുറുപ്പ്,
വിരലിന്നറ്റത്ത് വന്നിരുന്നു
കുറേനേരം കുറുകി
പിന്നെ എപ്പോഴോ
പ്രാവുകളായി ചിറകടിച്ച് പറന്നുപോയി
ഇന്നലെയുടെ ക്യാൻവാസുകളിൽ
നിറങ്ങൾ അധികം ചേർക്കാതെ
അപ്പോഴും ചുരുണ്ടുകൂടി
ഭൂതകാലങ്ങൾ
പരിചയപ്പെടുത്തലിൻ്റെ ജലം
അവഗണനക്കും പരിഗണനക്കും
ഇടയിലൂടൊഴുകി
പുതുക്കി നിറങ്ങൾ ഋതുക്കൾ
നോക്കിയിട്ടുണ്ടാവും
ഓർക്കുന്നില്ല
ജലം ചേർത്ത്
നാരുകളിലേക്ക് ഉടലുകൾ
മടങ്ങുന്നതിനെ കുറിച്ച്
മറഞ്ഞുനിന്ന് മണ്ണിന്
ക്ലാസെടുക്കുന്ന
ഋതുവിനെ
മാഞ്ഞുപോകുന്നതിൻ്റെ കല
അപ്പോഴും ചന്ദ്രനിൽ നിന്ന്
മണ്ണിന് നിറം വെറും
മറവിയാവുന്നിടത്ത്
ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന
വസന്തങ്ങളുടെ
ഹേമന്തകലഹങ്ങളോട്
താഴ്വാരങ്ങളിൽ വീഴും
ആഴങ്ങൾ കൊണ്ട് നിർമ്മിച്ച
വെയിലിനോട്
ഒരു തുമ്പിയായി സൂര്യൻ
ഇന്നലെകളിൽ വന്നിരിക്കുമ്പോലെ
സൂര്യന്നോരങ്ങളിലെ
ഉറവകളിലൂടെ തുമ്പികളെ ഒഴുക്കിവിടുന്നു
അതും വ്യത്യസ്ഥതകളുടെ
ഒരായിരം നിലാവുകളിലേക്ക്
പറന്നതിൻ്റെ മറവി
ചിറകുകൾ തുടച്ച്
തുമ്പികൾ എടുത്തു വെക്കുമ്പോലെ
അത്രയും ശാന്തമായി
തുമ്പിക്കൊപ്പം എൻ്റെ ഋതുക്കൾ
അതിൻ്റെ ഇന്നലെയുടെ ശാന്തത
ആകാശമായി തുടരുവാൻ
ആവശ്യമായ ഇന്ധനം
നീലനിറം തുടച്ച് മാറ്റാതെ
കരുതുന്നുണ്ടാവണം
അപ്പോഴും ശൂന്യത
വീട്ടമ്മ എന്ന തുമ്പി
അടുക്കളയിൽ
ഒഴിഞ്ഞുകിടക്കുന്ന സ്വീകരണ മുറികളിൽ
നിരത്തിൽ ഓരോ തിരക്കുകളിലും
മുനിഞ്ഞു കത്തുന്ന
തിരിനാളങ്ങളിലും
അതും ഒരേ സമയം
ഒരു പക്ഷേ പറന്നുപറ്റലിൻ്റെ കല
ഉടലുകൾ പറയുന്ന സുഖമെന്ന
നുണ
അപരൻ്റെ ചുണ്ടുകളിൽ
തുമ്പിയായി
പറന്നുപറ്റുന്ന നാടാണ്
ഇലകൾ മണങ്ങളിൽ
വകയുമ്പോൾ
അപരനാരകങ്ങൾക്ക്
പൂക്കണം എന്ന്
അപരഅഭിസംബോധനകളെ
തൽക്കാലം പുറത്ത്നിർത്തുന്നു
സായാഹ്നത്തിൻ്റെ ജനലുള്ള കുരുവി
എന്നപരനേ
ഉടലുകൾ മനുഷ്യരായി ഒഴുകിപ്പരക്കുന്നിടത്ത്
കാലുകൾ കലുങ്കുകൾ
പൊടുന്നന്നെ അവിടെ പ്രത്യക്ഷപ്പെടും
ഒഴുക്കുള്ള ജലം
മനുഷ്യരേ മനുഷ്യരായി ഇരുത്തുന്നു
പക്ഷികളായി,
പ്രാവുകൾ പറന്നുപോകുന്നു
ഒരു പക്ഷേ പ്രായവും ആവാമത്
ചിറകടികളുടെ മടക്കത്തപാലിൽ
പഴയകാലത്തിൻ്റെ
പോസ്റ്റ്മാനാവുകയാണ് ആകാശം
കാത്തിരിപ്പിൻ്റെ പഞ്ഞി വെച്ച
മുറിവുകൾ വിശേഷങ്ങളാവുന്നു
മേൽവിലാസമുള്ള അജ്ഞാതർ എന്ന് ഗൃഹാതുരത്വങ്ങളിലേക്ക്
മനുഷ്യർ ഒഴുകിപ്പരക്കുന്നിടത്ത്
എല്ലാ മനുഷ്യരും വൈകുന്നേരങ്ങളാവുന്നു
ഒരു പക്ഷേ
വൈകുന്നേരത്തിൻ്റെ
കാക്കി യൂണിഫോം
അണിഞ്ഞും അണിയാതെയും
ഒരേസമയം അസ്തമയം ഉള്ളിൽ ഒളിപ്പിക്കുന്നവർ
അസ്തമയത്തിൻ്റെ നാളങ്ങളുള്ള
അപരമെഴുകുതിരി എന്ന് അരണ്ട വെളിച്ചങ്ങൾ പിന്നെ തിരുത്തുന്നത്
ഒഴുകിവന്ന നദീ എന്നവളുടെ
ഏകാന്തതയേ വർണ്ണിക്കുവാൻ
എടുക്കുകയായിരുന്നു
അവളുടെ ഏറ്റവും പ്രീയപ്പെട്ട ഏകാന്തതേ എന്ന്
ഒരു സായാഹ്നം അപ്പോഴും ചേർത്തുനിർത്തുന്നു
ഇപ്പോൾ ചേർത്ത്നിർത്തുവാൻ
തോന്നുന്നതൊക്കെ അവിടെ
നിൽക്കട്ടെ
ഒന്നോർത്താൽ
എല്ലാ ഏകാന്തതകളും
കവിതകളാണ്
മനുഷ്യനിർമ്മിതം എന്ന വാക്കിൻ്റെ
ഓരത്തുകൂടി
ഒഴുകിപ്പോകും നദീ എന്ന്
എനിക്ക് എല്ലാ ഏകാന്തതകളേയും കവിതകളേയും
വിളിക്കുവാൻ തോന്നുന്നു.
Comments
Post a Comment