Skip to main content

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ 
പ്രവേശിക്കും വിധം
കലണ്ടറിലെ ശൂന്യസ്ഥലികൾ
തീയതികൾ
ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ
വെപ്രാളം എടുത്തണിഞ്ഞ
അവയുടെ ശാന്തവള്ളികൾ

അവധികളുടെ ഉടലുള്ള കുതിര
കലണ്ടറിൽ
അതിൻ്റെ അടയാളപ്പെടുത്തൽ
അക്കങ്ങളിൽ,
നിറങ്ങളിൽ

ഒരു കടൽക്കുതിരയുടെ ചലനം
തീയതി കലണ്ടറിൽ 
അടയാളപ്പെടുത്തും വിധം

അതിൻ്റെ ചലനങ്ങളുടെ 
നിധിയിൽ നിന്നും ഒരു ചലനം 
എൻ്റെ കവിത കട്ടെടുക്കുന്നു

അവധികളും 
കടൽക്കുതിരയുടെ ചലനങ്ങളും 
എന്ന വിഷയത്തിൽ
ഇനിയും പൂർത്തിയാകാത്ത 
എൻ്റെ പഠനം

പൂർത്തിയാകുന്നില്ല ചലനങ്ങളും

അപ്പോഴും
ജീവിതത്തിൻ്റെ നിശ്ചലതക്ക്
കടൽക്കുതിരയുടെ ആകൃതി
വരച്ചുകൊടുക്കുന്നുണ്ട് ഞാൻ
അവയുടെ ചലനങ്ങൾക്കരികിൽ
വെറുതേയിരിക്കുന്നുണ്ട് ഞാൻ

ചലനത്തിൻ്റെ കൈയ്യിൽ,
മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ

ഓരോ തിരയും കടലിൻ്റെ കുതിര
എന്നായി, അപ്പോൾ എൻ്റെ നിശ്ചലത

ഞാൻ നാവികൻ
വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട്

നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ
അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു

കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം
തുരുമ്പിച്ച കപ്പൽപോലെ
കവിത എല്ലാ കിടപ്പുകളുടെയും അടിവശം 
തുരുമ്പിലേക്കുള്ള അതിൻ്റെ ജലജന്യ ഉലച്ചിൽ
ആയം

ഉലച്ചിലിൻ്റെ അടിവശമുള്ള കവിത
ജലത്തിൽ അതിൻ്റെ മുറുക്കം
കെട്ടിക്കിടപ്പുകളിലേക്ക് അതിൻ്റെ
ഉലച്ചിൽ
ഉലച്ചിലിൻ്റെ മട്ടിൽ ചെന്ന് തട്ടി
ഉലയാത്ത ഉടലിലേക്ക് 
അതിൻ്റെ തിരിച്ച് പോക്ക്
അതും ഉലഞ്ഞുലഞ്ഞ്

എൻ്റെ അവധികളും തീയതികളും
അവയേ 
കലണ്ടറിൽ അനുഗമിക്കുന്നു

ഒപ്പം
കുളമ്പടികളുടെ തണുത്ത ക്യൂബുകളും
അവയുടെ സ്വതന്ത്ര ആഖ്യാനങ്ങളും

താളമല്ല ജലം
ഒരു പക്ഷേ താളം ചേർക്കുമ്പോൾ ജലം ചെയ്യുന്നതെല്ലാം
തെളിഞ്ഞ് ഉലഞ്ഞ് കെട്ടിക്കിടന്ന്
വെള്ളം പോലുമാകും ജലം

താളം ജലത്തിൽ ഓളങ്ങൾ പോലെ
ജലം താളത്തിൽ, വെള്ളത്തിൽ വീഴും ഒച്ചകൾ
വെള്ളത്തിൽ പൊങ്ങി വരും
തണുപ്പിൽ അവയുടെ 
ലഹരിയുമായുള്ള ഒത്തുതീർപ്പും

മനുഷ്യരുടെ
വേറിട്ട പ്രതിഷേധവിഭാഗം എന്ന നിലയിൽ
ഓരോ പുഴുക്കളും അപ്പോഴും
സമയമെടുത്തിഴയുന്നു
കരയിലും അതിൻ്റെ ശബ്ദത്തിലും

ശബ്ദം പോലും എൻ്റേതല്ല
എന്നിട്ടും മതത്തിൻ്റെ കോളാമ്പിയായി
ഉടൽ വിട്ടുകൊടുക്കുന്നു
പാർട്ടി മണമുള്ള എൻ്റെ അണിവിരൽ
ഉടലിന് പുറത്ത് പോയി
അപ്പോഴും പ്രത്യയശാസ്ത്രങ്ങൾക്ക് വേണ്ടി
കിണഞ്ഞ് പ്രവർത്തിക്കുന്നു
ഉടൽ അണച്ച് കൂടെ ഞാനും

വിഷാദികൾ അവരുടെ ചുവരിൽ
തൂക്കുവാൻ ഉപയോഗിക്കും
ചന്ദ്രക്കല പോലെ 
വിഷാദത്തിൻ്റെ
വൃദ്ധിക്ഷയങ്ങൾ മാത്രം കാണിക്കും
വിഷാദത്തിൻ്റെ കലണ്ടർ
എൻ്റെ ചുവരിൽ അപ്പോഴും തുടരുന്നു

ഒരു പക്ഷേ എങ്ങും 
തലങ്ങും വിലങ്ങും ചുവരുകൾ

ഭംഗിയായിട്ടൊന്നിഴഞ്ഞിട്ടുണ്ട്
എന്നതിൻ്റെ രേഖപ്പെടുത്തലുകൾ
ഒന്നും ഇല്ലാതെ 
കൊലപ്പെടുത്തലിലൂടെ ഇഴഞ്ഞ്
കൊല്ലപ്പെട്ടവരെ മറികടന്ന്
എൻ്റെ പുഴു അപ്പോഴും സമയമെടുത്ത്
മരിക്കുന്നുമുണ്ട്

മഴ പെയ്യുമ്പോൾ വീടുകൾ, 
ഉള്ളിൽ തൂക്കും തുള്ളികളുടെ കലണ്ടർ തീയതികളുള്ള മഴ എന്ന്
കാറ്റടിച്ച് മറിയും കർക്കിടകം

എനിക്ക് ശലഭങ്ങൾ അവരുടെ
ചുവരുകളിൽ തൂക്കും 
പൊക്കി നോക്കാവുന്ന 
ആകാശത്തിൻ്റെ കലണ്ടറായാൽ മതി
എന്ന് തോന്നുന്നു

മേഘങ്ങൾ നിറങ്ങളിൽ വന്ന് നിൽക്കും
ഒന്നോ രണ്ടോ മേഘം നിറമില്ലാതെ ഇറങ്ങും
തീയതികളുടെ ബസ് സ്റ്റോപിലെ
ആഭ്യന്തരആകാശം

ദൈവങ്ങളുടെ കലണ്ടറിൽ
ദൈവങ്ങളുടെ തീയതിയായി
പണിയെടുക്കും മനുഷ്യരുണ്ടാകുമോ

കൂടെ ഇഴയുന്നുണ്ടോ ദൈവം ?
അവരുടെ വിശ്വാസം
ഒരോ വിശ്വാസിയുടേയും വേറിട്ട പ്രതിഷേധമാകുമോ ദൈവം?

കാരണം 
ഓരോ മനുഷ്യർക്കും അരോചകമാം
വിധം എൻ്റെ മതവും
മതേതരത്തത്തിൻ്റെ സമതലത്തിൽ
കുന്നുകൾ നിർമ്മിച്ച്
ആഴങ്ങൾ ഭേദിച്ച് ഇഴയുന്നു

കടുത്ത വേദനകൾ
വേദനകൾ ഒളിപ്പിക്കുവാൻ ഒരിടം
വേണം
അതിന് മനസ്സെന്ന പേര്
പുഴു എന്ന പേരിട്ട് മനസ്സ് അപ്പോഴും
പുറത്ത് പോയി ഇഴയുന്നു

അതിൻ്റെ ഇഴച്ചിൽ ഉടൽ ചവിട്ടിക്കെടുത്തുമോ എന്ന ഭയം 
ഉടൽ ഭയം എന്നിങ്ങനെ
അതിൻ്റെ ഇരട്ടകാലടികൾ

അതിന് മനസ്സെന്ന മുൻവിധി
തീയതികൾ കൊണ്ട് കൊരുക്കപ്പെടുമ്പോഴും 

ആഴമുള്ള
ചുഴികൾ കൊണ്ട് നിർമ്മിക്കും 
പുതിയ പുതിയ
കാലങ്ങളുടെ കലണ്ടറേ
അവയുടെ പറന്നുപൊങ്ങലേ

കൂടുതൽ കൂടുതൽ വിശുദ്ധരാകും
വെളുത്ത ചിറകടികളുള്ള പ്രാവുകൾ
ഇല്ലാത്ത പ്രാവുകളെക്കുറിളുള്ള ചിറകടികൾ, അപ്പോഴും 
ചാരനിറത്തിൽ തുടരുന്നു
ചാരനിറമുള്ള കലണ്ടറിൽ
പൂച്ചക്കണ്ണുള്ള യുദ്ധങ്ങൾ

ഇല്ലാതാകുന്നതിൻ്റെ ഭംഗി കൊണ്ട്
നിർമ്മിച്ചിരിക്കുന്നതൊക്കെയും
എന്ന ദൈവത്തിൻ്റെ നെടുവീർപ്പ്
ഇനിയുമെത്രനാൾകൂടി 
ശ്വാസത്തിൽ പൊതിഞ്ഞു
ഞാനെടുത്തുവെയ്ക്കും 
ജീവനിൽ?

Comments

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...