ഈ നല്ല ഭൂമിയിൽ
വിരിയാൻ കൊതിക്കുമെല്ലാം
എടുത്ത്,
വിരിയുന്നിടത്ത് വെച്ച്
ഋതുവായി മാറിനിൽക്കും ദൈവം
മാറിനിൽക്കുന്നതിലെല്ലാം
കയറിനിന്ന്
കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി
വിരിയാൻ മറക്കും
ദൈവം
ദൈവത്തിൻ്റെ കൈ കാണിക്കലുകൾ
പലപ്പോഴും അവഗണിച്ചും
ചിലപ്പോഴെങ്കിലും എടുത്തുവെച്ചും
വിരിയുന്നതിലേക്ക് എല്ലാം
പൂക്കളുടെ ടാക്സി വിളിച്ച്
ഓടിയെത്തും
എൻ്റെ പുലരികൾ
വഴിയിൽ
ചെമ്പകങ്ങൾ
പൂക്കളിൽ നിന്നടർന്ന്
ആരുടെയൊക്കെയോ ഉടലുകളിൽ കയറി
നടന്ന് പോയ പാടുകൾ
ഹായ് ഹായ് എന്ന് അത് കണ്ട്
വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം
മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു
മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും
മാറിപ്പോകുന്നു
വഴികാട്ടികളിൽ
അനുഭവപ്പെടും കൊടുംതണുപ്പ്
കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന്
ചിരികളിലേക്കും വിളികളിലേക്കും
മാറിമാറി ആയുന്നത് പോലെ
ദൈവം ഓരോ പുലരികളിലേക്കും
പ്രതീക്ഷകളിലേക്കും ആയുന്നു
മൈനകളുടെ മുകളിൽ
കൈകൾ വിരിച്ച് അപ്പോഴും അവൾ
തീ കായുന്നു
എൻ്റെ എന്ന വാക്ക്
വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ
എന്ന ദൈവത്തിൻ്റെ പരാതി
അവളോടൊപ്പം തീ കായുന്നു
ഏത് പരാതിക്കും കായാവുന്ന തീയായി
അവളും ദൈവവും
പുലരിയിൽ എരിയുന്നു
എല്ലാ പരാതികൾക്കും ശേഷം
അവളുടെ ചിരി
ഏറ്റവും മനോഹരമായ
കൊതിപ്പിക്കുന്ന
കപ്പൽപ്പായ എന്ന് ദൈവം
ഓരോ കപ്പലിലും നൗകയിലും
കെട്ടിനോക്കുന്നു
ദൈവത്തിന് മുന്നിൽ കടൽ കൂടുതൽ
കൂടുതൽ പുരാതനമാകുന്നു
ഒരു പക്ഷേ ദൈവത്തേക്കാൾ
പിന്നെ ദൈവം അവളേ
അവളുടെ ചിരികളിൽ നിന്നും
എന്നേ എൻ്റെ ഉലച്ചിലുകളിൽ നിന്നും ഒന്നിനുമല്ലാതെ അഴിച്ചെടുക്കുന്നു
പ്രണയം,
ഉടലൊഴിച്ച് വെക്കും ഇടങ്ങളിൽ
ഞാൻ നടത്തങ്ങളിൽ കാലുകൾ കെട്ടുന്നു
ഇരുത്തങ്ങളുടെ തീ
ദൈവത്തോടൊപ്പം കായുന്നു
ഏറ്റവും ശക്തമായ കപ്പൽപ്പായകളിൽ
ദൈവത്തിൻെ ചിരി അപ്പോഴും
കിളിയായി പറന്നുപറ്റുന്നു
ഏറ്റവും മനോഹരമായ കാറ്റ്
ആദ്യം കടലിന്നെ
പിന്നെ കപ്പൽപ്പായകളേ
ഏറ്റവും ഒടുവിലായി കപ്പലുകളേ ഉലയ്ക്കുന്നു
ഏറ്റവും മനോഹരമായ കൗതുകം
കൊണ്ട് നിർമ്മിച്ച വെയിൽ
എന്ന് നോക്കി
ഊറി നിൽക്കും ദൈവം
അപ്പോൾ ദൈവം ഏറ്റവും
ശാന്തമായ പകലിൽ
ഉലാത്തലുകൾ ഒന്നുമില്ലാതെ
എനിക്ക്
നൃത്തത്തിൻ്റെ അരികുകൾ, അവളുടെ ഉടലിലാകെ വെട്ടിയൊട്ടിക്കുവാൻ
തോന്നുന്നു
അതിൻ്റ കൗതുകങ്ങളിൽ നോക്കിയിരിക്കുവാൻ തോന്നുന്നു
പരിഭവങ്ങൾ കരുതലുകൾ
പരിഭവക്കരുതലുള്ള ദൈവം എന്ന് അവൾ
മഞ്ഞമടിയുള്ള വൈകുന്നേരങ്ങൾ
അവൾ മൈനയേ പിടിച്ച് മടിയിൽ കിടത്തി
മൈനക്ക് മഞ്ഞ നിറമുളള
കണ്ണെഴുതി കൊടുക്കുന്നു
അവൾ പവിഴമല്ലികളിൽ
കൊഴിച്ചിലുകൾ എടുത്തു വെക്കുന്നു
സന്ധ്യ എന്ന് അതിൽ
തൊട്ടുതൊട്ടിരിക്കുന്നു
ചേക്കേറൽചുവപ്പുകൾ എന്ന്
ഓരോ പവിഴമല്ലികൾക്കും മണമെഴുതി
കൂട്ടിരിക്കുന്നു
അരികിൽ
ഭാഷാമല്ലികൾ
അതിൽ
അവളെന്നും ഞാന്നെന്നും
മിഴിയനക്കങ്ങൾ എഴുത്തുകൾ
വൈകിയിട്ടുണ്ടാവണം
കണ്ണിലെ കൗതുകം വകഞ്ഞ്
ദൈവം ഇപ്പോൾ,
ഏത് നൃത്തത്തിൻ്റെ ക്ഷണക്കത്ത്
എന്ന് ഞാൻ അവളേ മാറോട് ചേർത്ത്
അനക്കങ്ങൾ പൊട്ടിച്ച് നോക്കുന്നു.
Comments
Post a Comment