Skip to main content

ഉറക്കത്തിൻ്റെ എഡിറ്ററേ എന്നൊരു അഭിസംബോധന

ഉറക്കം വരുന്നു എന്ന പംക്തി 
ആരംഭിക്കുന്നു
ഉറക്കത്തിൻ്റെ എഡിറ്ററേ
എന്നൊരു അഭിസംബോധനക്ക്
കാവലിലിരിക്കുന്നു

ഉറക്കം തകിലിൻ്റെ ആകൃതി വലിച്ചിട്ടിരിക്കുന്നു
തോൽ വള്ളികൾ കൊണ്ട്
ഉറക്കത്തിൽ തട്ടിക്കൊട്ടി 
ഉടൽ അയച്ചു നോക്കുന്നു
ഉറക്കത്തിൻ്റെ തോല് 
ഉറക്കത്തിൻ്റെ വിരല്
ശബ്ദം കുറച്ച് വെച്ച്
പുരികങ്ങൾ പിന്നേയും ഉറക്കം മുറുക്കുന്നു

ഉറക്കം തലയിണകൾതോറും
കയറിയിറങ്ങുന്നു
ചുംബനങ്ങളിൽ ഉറക്കം തെന്നിമാറുന്നു
ഉറക്കം കൊളുത്തിൽ ഒരു നിമിഷം
തങ്ങുന്നു
പിന്നെ ജനൽ പതിയേ മുറിച്ച് കടക്കുന്നു

രാത്രിയുടെ സൈഡ് വ്യൂ മിറർ
എന്ന വണ്ണം ഉറക്കം
വീടിൻ്റെ അരികുകൾ
ഉറക്കത്തിൽ തട്ടാതെ നോക്കുന്നു
കോട്ടുവായകൾ പിന്നിട്ട്
ഉറക്കം പിന്നേയും മുന്നോട്ട് പോകുന്നു

ഇടുങ്ങിയ ഇടവഴികളിൽ
ഇന്നലെയിൽ തട്ടാതെ
ഉറക്കം പിന്നിലോട്ടെടുക്കുന്നു
ഉള്ളിലെ നിലാവിൻ്റെ 
റിയർവ്യൂ മിററിൽ നോക്കി എന്ന്
പിന്നേയും

സ്വപ്നം റിവേഴ്സ് എടുക്കുന്നു
എനിക്ക് വേണമെങ്കിൽ ഭാഷയും
മിന്നാംമിനുങ്ങിൻ്റെ മിനുക്കവും
ഇപ്പോൾ ഇത്തരുണം പിറകിലേക്കെടുക്കാം

അതേ സമയം ഉറക്കം തൊഴുത്തിൽ
പയ്യിൻ്റെ അകിടിൽ ഒരേ സമയം
ഉറക്കം ചുരത്തുന്നു
പിന്നെ ഉറക്കവും തൂങ്ങുന്നു

ഉറക്കത്തിനേ
പയ്യ് കിടാവായി
ആ പശുവിൻ ചോട്ടിലേക്ക് അഴിച്ചുവിടുന്നു
പാലുള്ള വീടുകൾ എന്ന്
പുലരികൾ


Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!