മുറുക്കിപ്പിടിക്കാനും
അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം
ചിലപ്പോഴെങ്കിലും
ഉടലിൻ്റെ അതിഭാവുകത്വങ്ങൾ
ഒരു അപ്പൂപ്പന്താടിയേപ്പോലെ
എടുത്ത് വെച്ച്
ഊതിപ്പറത്തി വിടാറില്ലേ,
ജീവിതം?
മുതിർന്നവരും
പങ്കെടുക്കുമെന്നേയുള്ളു,
മുതിർന്നാലും
അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള
അപ്പൂപ്പന്താടികൾ
വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ
കൈവിട്ടുപോകുന്നതിൻ്റെ
ഉൽസവങ്ങളിൽ
കുട്ടിയേപ്പോലെ,
കുട്ടികൾ മാത്രം പങ്കെടുക്കുന്ന
ഉത്സവങ്ങളിൽ
കാപ്പിക്കപ്പുകൾ
ബലൂണുകൾ ആവുന്ന
ബാൽക്കണിയിലെ ആഴങ്ങളിൽ
രണ്ട് ഉടലുകളേക്കുറിച്ച്
മുതിരുന്തോറും അവർ
കുടിക്കുന്തോറും കലങ്ങുന്ന വാചാലത
അവരുടെ കപ്പുകളിൽ
കാപ്പിപ്പൊടിയിൽ പാൽ കലരും
നിശ്ശബ്ദത അവരുടെ കണ്ണുകളിൽ
കാപ്പിക്കപ്പുകളുടെ
ബലൂണുകളിൽ തൂങ്ങി അവർ
നമ്മളായി
കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു
അഥവാ,
ഒരു കപ്പിൽ എടുക്കാവുന്ന
സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം
2
ചുണ്ടോടടുപ്പിക്കുമ്പോൾ
കാപ്പിക്കപ്പുകൾ എടുക്കും
തീരുമാനം
അത്രയും ചൂടുള്ളത്
ആവി പറക്കുന്നത്
വിയർക്കുവാൻ
തീരുമാനിക്കുമ്പോൾ മാത്രം
അവൾ ധരിക്കും
കാപ്പിപ്പൊടി നിറമുള്ള
കുപ്പായം
അതും അധികം കൈയ്യിറക്കമില്ലാത്തത്
ഒരു ബ്ലൗസിലേക്കോ
ശരാശരി റൗക്കയിലേക്കോ
അതിൻ്റെ വാക്കിൻ്റെ പഴക്കത്തേ അനുസ്മരിപ്പിക്കും വിധം
ഭാഷയിലേക്ക് തുളുമ്പുന്നത്
അത് ഒളിപ്പിക്കും
കാപ്പിപ്പൊടിനിറമുള്ള അവളുടെ രഹസ്യങ്ങൾ
അവൾ സുഗന്ധവിളകളുടെ തോട്ടം
അപ്പോൾ
മുതിർന്നവരുടെ രണ്ട് ഉടലുകൾ
ഹൈറേഞ്ചിലെ ഒരു മലഞ്ചരക്ക് വ്യാപാരിയെടുക്കും
തീരുമാനം
ചുണ്ടോടടുപ്പിക്കുമ്പോൾ
കാപ്പിപ്പൊടി നിറമുള്ള വാക്കുകൾ
അവളിൽ ഒളിപ്പിക്കും രഹസ്യങ്ങൾ
രഹസ്യങ്ങളുടെ
കാപ്പിപ്പൊടി നിറമുള്ള
കോടമഞ്ഞാണ് ചുറ്റിലും
എല്ലാ ഇടങ്ങളിലും
വളവുകളും തിരിവുകളും ധാരാളം ഉള്ളത്
എത്ര സഞ്ചരിച്ചാലും
വളവുകളും തിരിവുകളും ഒരിക്കലും
തീരാത്തത്
ഹൈറേഞ്ചുകൾ എന്നും
മഞ്ഞും വളവും
മഴയും കുളിരും മലയും കുന്നുകളും
സുഗന്ധവ്യഞ്ജനങ്ങളും
സൗന്ദര്യവുമെല്ലാം
ധൂർത്തടിച്ച് കളയും വിധം
എന്ന് ചുരുക്കാം വേണമെങ്കിൽ തൽക്കാലം
ശരിക്ക് പറയാമല്ലോ
ഒരു തീരുമാനവും എടുക്കാത്ത
വാക്കുകളുടെ ചുണ്ടോടടുപ്പിക്കലാണ്
ഒരുപക്ഷേ
കവിതയാകുമായിരിക്കും!
Comments
Post a Comment