കവിതാ ടോക്കീസിൽ
കഴുത്തിലെ
കിണർവെള്ളത്താലി,
ഒഴുകിയിറങ്ങുമിടം
എൻ്റെ കൊളുത്തുള്ള ദാഹം
അതും ഉടൽകൊളുത്തുള്ള
കൊഴുത്തദാഹം
എല്ലാ മഴയുടലുകളും ഭേദിക്കുന്നു
മേൽമറയില്ലാത്ത
കിണർ കഴിഞ്ഞ് അതിൻ്റെ
ആഴങ്ങൾ കഴിഞ്ഞ്
നാലുമണി കപ്പിയും
അതിന് മുമ്പുള്ള
കപ്പിയില്ലാത്ത കാലവും കഴിഞ്ഞ്
എണ്ണയില്ലാത്ത വരൾച്ചയും
വരൾച്ചയുടെ കറക്കവും
അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ്
പഴയകാല പാള
കിണറ്റിൽ വീഴുന്നതിൻ്റെ
ഭാരമില്ലായ്മയും കഴിഞ്ഞ്
കിണർ വെള്ളത്തിലെ തണുപ്പും
സന്ധ്യകലർന്ന ഇരുട്ടും
പുലർകാലവും
പാളയിലേക്ക് കയറും അനുഭവവും
കഴിഞ്ഞ്
കോട്ടിയ പാളയുടെ ഭാരമില്ലായ്മ
വെള്ളത്തിലേക്കും
വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം
ചരിഞ്ഞ്
പാളയിലേക്കും കയറിയതിന് ശേഷം
പന്നലിൻ്റെ ഇലകളും
പായലിൻ്റെ വഴുക്കലും
ഇടിഞ്ഞ തൊടികളും
ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ്
ആശാൻ കവിതയിലെ ദാഹവും
മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ്
ബുദ്ധഭിക്ഷുവായി ജലം
മുകളിലേക്ക് കയറിവരുന്നിടത്ത്
ദേഹിയായി ദാഹം
അപ്പോഴും തുടരുന്നിടത്ത്
ശരിക്കും
ആനന്ദൻ എന്ന് ദാഹവും
മാതംഗി എന്ന് ദേഹിയും
ഒരിക്കലും
കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു
ഒരു പക്ഷേ ഇന്നും
ജാതിയും മതവും ചോദിച്ചാലും ചോദിച്ചില്ലെങ്കിലും പറഞ്ഞും
പറയാതെയും
പക്ഷേ അവിടെ എനിക്ക് കണ്ണടക്കേണ്ടതുണ്ട്
എരിയുമ്പോൾ മെഴുകുതിരികൾ
ഉലയുന്ന വണ്ണം
ഭാഷയുടെ ഒഴുക്കിന് വേണ്ടി
കവിതയുടെ ആന്തരീക വരൾച്ച
മറികടക്കുവാൻ വേണ്ടി
നിലവിലില്ലാത്ത ദേശത്തിൻ്റെ
നിലനിൽപ്പിന് വേണ്ടി
നാല് മണി പൂക്കളുടെ തുടർവിരിയലിന്
വേണ്ടി
തെളിഞ്ഞ കിണർവെള്ള ഭംഗിയേ
ഒഴുക്ക് കഴിയുമ്പോഴും
കഴിയുന്നില്ല കെട്ടിക്കിടപ്പ്
കഴിയുന്നില്ല
കവിയുന്ന ഒഴുക്കും
പകൽ മുഴുവൻ
ദിവസം മുഴുവൻ
നാലുമണിപ്പൂക്കളുടെ തടവിൽ കിടക്കുന്ന
നാട് കണ്ടിട്ടുണ്ടോ?
കവിത മാത്രം സ്വതന്ത്രമാകുന്ന
കലയുടെ
കവിതകളുടെ റിപ്പബ്ലിക്കുകൾ
കവിത കവിഞ്ഞ് ഉടലിലേക്ക് സമയവും സന്ധ്യയും ഒഴുകിത്തുടങ്ങുന്നു
മറ്റ് പൂക്കളായി വിരിയാൻ കൊടുത്ത നാലുമണിയുടൽ
ചെടിയോട് അത്രയുംചേർന്നുനിന്ന്
പൂക്കളിൽ നിന്ന് മാത്രം, ഇറുത്തെടുക്കുന്നു
നൃത്തം പഠിപ്പിച്ച് വിത്തിനേ തിരികേ
വെക്കുന്നിടത്ത്
വിരലുകളുടെ പടർപ്പറിയാതെ
നിശ്ശബ്ദതയുടെ പദാർത്ഥം തിരഞ്ഞ്
പോകുന്ന മറ്റൊരു വാക്ക്
പൊന്മാനേ നീലപ്പകർപ്പേ
പുഴ കഴിഞ്ഞ്
രണ്ട് കുരുവികളുമായി ഇറങ്ങി വരും
ഒഴുക്കിൻ്റെ തട്ടാൻ ജലം
ഒരു തട്ടാനായിട്ടുണ്ട് കവിതയും
അത് വാക്കുകൾ ഉരുക്കുന്നു
ദാഹം കഴിഞ്ഞ് ജലം
ഉടലുകളിലേക്ക്
വിളക്കിച്ചേർക്കുന്നു
അരികിൽ
വരികളിൽ
നിർത്താതെ എരിയും കവിതയുടെ തീ
പിന്നിലേക്ക് പിന്നിലേക്ക് തെന്നും
ഇന്നലെയുടെ പായൽ
എന്നിട്ടും അതിലെ വീഴ്ച്ച നാളെയുടെ
കുളത്തിലേക്ക്
അതിൻ്റെ ആഴത്തിലേക്ക്
കയത്തിലേക്ക്
കുളത്തിലേക്ക് വന്ന്
വൈകിയും വിരിയും
മഴയാമ്പൽ എന്ന വാക്ക്
എത്ര പുറത്ത് കാണിക്കാതിരുന്നാലും ഉള്ളിൽ,
ഉടലിൽ പ്രാർത്ഥനകൾ
അടങ്ങിയിരിക്കുന്നത് പോലെ
രൂപകങ്ങളിൽ ഉപമകൾ,
ഉപമകളുടെ കൂപ്പുകൈ
ഏതെങ്കിലും ഒരു നിർത്തിൻ്റെ മറവിൽ
വാക്കുകൾ എല്ലാം ഇറങ്ങിപ്പോയ
ഏകാന്തതയുടെ നിഘണ്ടു
അതിൽ
ആകാശത്തെ തൃപ്തിപ്പെടുത്തുന്ന
നഗ്നതയിൽ തളച്ചിട്ട
എൻ്റെ നനുത്ത മേഘത്തെ
അവളുടെ നൃത്ത നഗ്നതയിലേക്ക്
ആരുമറിയാതെ തുറന്നുവിടുന്നു
കാതിൽ നിന്നും പാട്ട് കറന്നെടുക്കും
അവളുടെ കറവക്കാരൻ മേഘം
മഴയകിടുകൾ വകഞ്ഞ്
കാതിൻ തുഞ്ചത്ത്
തളിക്കുന്ന കുടുക്കഴിഞ്ഞ ജലം
അതും പാടിക്കഴിഞ്ഞ ചുണ്ടുകളുടെ
നനവുള്ളത്
അവളുടെ കാതുകളുടെ നിഘണ്ടു
എൻ്റെ ശബ്ദം, മാത്രം
തുറന്നുനോക്കുന്നു
അവൾ ഉടലിൽ
ആടുകളേ മേയ്ക്കും
കറുത്ത ഇടയത്തി
നൃത്തം എന്നു പേരുള്ള അവളുടെ ആട്ടിൻകുട്ടികൾ അവളുടെ ഉടലിൽ
ശാന്തമായി ശബ്ദമില്ലാതെ മേയുന്നു
അതും കാലങ്ങളില്ലാതെ
അനാദിയായി
ശബ്ദങ്ങളെ ചുംബനങ്ങൾ
നിശ്ശബ്ദമായി മേയ്ക്കും വിധം
ഞങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ
രണ്ടുടലുകളുടെ ആർക്കൈവുകൾ
ഒരു ആട്ടിടയനാകും അവളുടെ
കാടിനോളം പഴക്കമുള്ള മൂക്കൂത്തി
മേച്ചിൽ കഴിഞ്ഞ്
വിശ്രമിക്കും വിധം അവളുടെ ചുണ്ടുകൾ
മാനം തൽക്കാലം
നീലനിറമുള്ള പക്ഷികളുടെ തട്ടാൻ
അവ ആദ്യം സമയം നിർമ്മിക്കുന്നു
പിന്നെ തൽക്കാലം എന്ന വാക്ക് മുൻനിർത്തി എപ്പോഴും
ലജ്ജയോടെ സമയം തട്ടിപ്പറിക്കുന്നു
അത് പിന്നേ ഏതോ അദ്യശ്യചുംബനം
സ്ഥിരപ്പെടുത്തുന്നുണ്ടാവണം
കാലങ്ങളിലേക്ക്
കാലമേ
നീലനിറത്തിൻ്റെ തട്ടാനേ എന്ന് കടൽ
അപ്പോഴും
ആഴവും ജലവും തട്ടിപ്പറിക്കുന്നു
കാലത്തിൻ്റെ നീല
ഓരോ ചെടിയിലും മരങ്ങളിലും
വള്ളിപ്പടർപ്പുകളിലും ഇലകൾ
മറികടക്കുന്നു
ഒരു മേഘത്തിൻ്റെ കൊളുത്തഴിക്കും
മാനത്തിൻ്റെ തട്ടാൻ
ഒപ്പം അത് വേനലും ഉരുക്കുന്നു
അവൾ ആട്ടിൻകുട്ടികളെ
ഉടലിൽ പ്രത്യേകം മേയ്ക്കുന്നു
മേഞ്ഞ ആട്ടിൻകുട്ടികളെ അവൾ
പിന്നെ ഉടലിൽ അണിയുന്നു
ആട്ടിൻകുട്ടികളുടെ ഉമ്മകളേ അവൾ പ്രത്യേകം കരുതുന്നു
ഉമ്മകൾ മേഘങ്ങളാവുന്നിടത്ത്
കുരുക്കുത്തിമുല്ലകളുടെ എത്തിനോട്ടം
വകഞ്ഞ്
അവളും അവൾ വെച്ച ഉമ്മകളും
ആട്ടിൻ കുട്ടികൾക്കൊപ്പം
വിശ്രമിക്കുന്നു
പഴയകാലത്തിൻ്റെ തൂവലിൽ
അവൾ പ്രണയം വിളമ്പുന്നു
കിളിയായും ആകാശമായും
അവൾ ഉടൽ പകുക്കുന്നു
തൂവലുകൾ എല്ലാം താലിയായ
കിളി എന്നവളെ ആകാശം
മഴവെള്ളങ്ങൾ പരമ്പരാഗതമായി
താലി തിരഞ്ഞ് വരുന്നു
മാറിൽ താലിയില്ലാത്ത പെണ്ണേ
എന്ന് അവളെ നനഞ്ഞ ചുണ്ടുകളാൽ
ഞാനും കാലവും
ഓമനിക്കുന്നു
Comments
Post a Comment