Skip to main content

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു
സൂര്യനൊരു കൊക്കൂൺ
വിഷാദമൊരു കിളിക്കൂട്
എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ

പക്ഷേ കഴിഞ്ഞില്ല 
ജമന്തിനിശ്വാസങ്ങളും
വേനലും പക്കമേളങ്ങളും
എന്ന് ചുരുക്കി
ബാക്കിയായി പെരുക്കങ്ങൾ 

ഒരു തബലയാവും വെയിൽ
അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ
ഒപ്പം പുതിയൊരു തബലയും

സംഗീതത്തിൽ നിന്ന് 
ഒരൽപ്പം മാറി
താളങ്ങൾ ഏതുമില്ലാതെ
ഒരു തബലയാവും സൂര്യൻ
ഈണവെയിൽ
എന്നൊക്കെ കുറിക്കുവാൻ തോന്നി

ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി

ശബ്ദങ്ങൾ പുരട്ടി
ഓരോരുത്തരും കൊണ്ട് വരും 
വിരൽ
വെയിലിൽ തട്ടുന്നു
നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ

വെയിൽ തുടച്ച് 
തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു

മഞ്ഞുകാലം,
ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു

ഉടൽകൊണ്ട് ഉടലിനേ, 
കൊണ്ട് നടക്കുന്നു
വെയിൽ കൊണ്ട് വെയിലിനേ
അടച്ചുവെക്കുന്നു
കാറ്റത്തും മഴയത്തും എന്ന പോലെ

കറുത്ത ശബ്ദത്തിൻ്റെ
കുറുകിയ തോൽ
വിരലുകൾ സൂര്യനേ തബലകളിൽ
ഒഴിച്ചുവെക്കുന്നു
നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ

സിഗററ്റിൽ നിന്നും 
ചാരത്തേ എന്ന പോലെ 
തബലയുടേതല്ലാത്ത ശബ്ദത്തെ
ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു

സൂര്യൻ്റേതല്ലാത്ത വെയിലിനെ
വിരൽ കൊണ്ട്, 
പകൽ തട്ടുന്ന പോലെ തന്നെ

കടുത്തചെമ്പരത്തിക്കാലങ്ങൾ
തബലപുഷ്പങ്ങൾ വിരിയുമിടം
എന്നിങ്ങനെ

തടയുന്നുണ്ടാവുമോ വെയിൽ
മറ്റൊരു കടുത്തവെയിലിനെ ?

ഒരു ചുവന്ന 
തെരുവാകും അസ്തമയം
സൂര്യൻ, 
നാണംകുണുങ്ങിയായ
ഒരു ഇടപാടുകാരൻ
സൂര്യൻ്റെ നാണം 
അതിൻ്റെ കുണുക്കങ്ങൾ മറ്റൊരു
ഇടപാടുകാരൻ എന്ന വിധം
പെരുകീ,
വൈകുന്നേരങ്ങൾ 

അസ്തമയത്തേ ദിവസത്തിൻ്റേതല്ലാത്ത
സൂര്യൻ അനുഗമിക്കുന്നു

ആരുമില്ലാത്ത ഒരിടപാടായി
വിഷാദം തുടരുന്നിടത്താണ്

കടൽത്തീരങ്ങളിലേക്ക്
അതിൻ്റെ നാണത്തിൻ്റെ ചരിവുള്ള
അസ്തമയങ്ങൾ

ഒറ്റയ്ക്കൊറ്റക്കുള്ള ആൾക്കാരായും
ആൾക്കൂട്ടമായും
വൈകുന്നേരം ചിതറുന്നു

സൂര്യനൃത്തങ്ങളിൽ 
വൈകുന്നേരം പങ്കെടുക്കും വിധം
കൊലുസ്സുള്ള 
കൊറ്റികാലുള്ള വൈകുന്നേരങ്ങൾ
എന്നാവണം കിലുക്കങ്ങൾ

അക്കരെക്ക് കടക്കുവാൻ,
കാത്തുനിൽക്കുന്ന കൗതുകം 
ചെമ്പകത്തിനുള്ളിലാക്കി
കാതിനെ പാട്ടുകളിലേക്ക്
പതിയേ ഒഴുക്കിവിടുന്നു

ഇനി,
സൂര്യനൊരു കൂക്ക്
അസ്തമയം ഒരു തോണി
എന്നല്ലാതെന്ത്?

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

ഹൈക്കുവിൽ ഒരു കൈ

1) എനിക്ക് നിന്നിലേയ്ക്കെത്തുവാൻ മാത്രം  മഴയിലെ  താഴെ വീഴാത്തൊരു തുള്ളിയാകണം 2) ഉറക്കത്തിനും മരണത്തിനും  ഇടയിൽ ഗുളികയുടെ  ഒരു   കിടക്ക 3) നിർത്തിയിട്ടിരുന്ന മരത്തിന്റെ തണലിൽ കയറാതെ ഓടിക്കൊണ്ടിരിക്കുന്ന വെയിലിന്റെ ചൂടിലേയ്ക്ക് ചാടി കയറുന്നു  നിഴൽ കാത്തു നിന്ന് തളർന്ന ബസ്‌ സ്റ്റാന്റ് 4) വിഷം ഇല്ലാതെ കയറെടുക്കാതെ  കുറച്ചു സമയം മാത്രം എടുത്തു  സ്ലോ മോഷനിൽ ഹൃദയത്തിന്റെ ആത്മഹത്യാ 5) ജീവിച്ചു ജയിക്കുമെന്നുറപ്പായപ്പോൾ  തോൽവിഒഴിവാക്കുവാൻ തുറുപ്പു ചീട്ടിറക്കുന്നു മരണം 6) നെഞ്ചിൽ കൊത്തിയ  രണ്ടു മീസാൻ കല്ലുകൾക്കിടയിൽ  സ്ത്രീത്വത്തെ അടക്കി കാലം 7) തിരയുടെ കൈ പിടിച്ചു  കരയുടെ തിണ്ണ നിരങ്ങുന്നു കണ്ണീരോടെ കടൽ 8) വിറച്ച ചുണ്ടുകൾ ഒരു ചുംബനം  പുതച്ചുറങ്ങുന്നു 9) പ്രണയിനിയുടെ മുഖം മേഘം പോലെ സൂര്യ ചുംബനത്തിൽ  ചിരി വെയിൽനാളം പോലെ 10) പിറന്ന ഉടനെ  മുട്ടിലിഴഞ്ഞു മണ്ണ് തിന്നുന്നു  കുഞ്ഞി മഴ 11) വൈബ്രേഷൻ മോഡിൽ ഹൃദയം  എടുക്കുവാൻ മടിച്ചു  മരണം 12) ത...