അനുഗമിക്കുന്നവരുടെ പകൽ
അനുഗമിക്കലുകൾ ഇട്ട് വെക്കുന്ന
ഇടം എന്നിങ്ങനെ
മനുഷ്യരെ
മടങ്ങിപ്പോക്കുകൾ കൊണ്ട് നിർമ്മിക്കുന്നു
പിന്നാലെ എന്ന വാക്കിലേക്ക്
കാല് നീട്ടി ഞാനിരിക്കുന്നു
നീളൻനിഴൽ കഴിഞ്ഞ്
ശ്വാസത്തിൻ്റെ ഫ്ലവർവേസ്
ഇരിക്കുന്നവരുടെ ഫ്ലവർവേസുകൾ
എനിക്കരികിൽ
നടക്കുന്നവരുടെ ഫ്ലവർവേസുകൾ എനിക്ക് മുന്നിൽ
കുരുവികൾ അവരെ
പിൻഭാഗം
കൊണ്ട് അനുഗമിക്കുന്നു
മൊട്ടുകളിൽ,
വസന്തം കടത്തും പൂക്കൾ
വിരിയിച്ചെടുക്കുവാൻ
മഞ്ഞുകളുടെ മൊട്ടുകൾ
നാളെയെന്ന വാക്ക് ഇപ്പോൾ അവൾക്കരികിൽ
ഇനിയും
ഒരു ഋതുവും ഒപ്പുവെക്കാത്ത,
ഋതുക്കളുടെ
അറ്റൻഡെൻസ് രജിസ്റ്റർ എന്നവൾ
ഒപ്പിടാതെ മടങ്ങിപ്പോകുന്ന ഒരു ഋതുവിനേ അവൾ
ഒളിഞ്ഞുനോക്കുന്നു
പ്രഭാതങ്ങളെ ഫ്രൈയിം ചെയ്ത് വെയ്ക്കുന്നു
പ്രഭാതത്തിലേക്കുള്ള വഴി
എന്നെഴുതിയ ഒരു മരപ്പലക,
ചൂണ്ടുവിരലിന് സമീപം
സൂര്യനാകുന്നു.
Comments
Post a Comment