ഇനിയും വിരിയാത്ത പൂക്കളിലാണ്
വസന്തങ്ങൾ, അവയുടെ
പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക
അതറിയാഞ്ഞിട്ടല്ല
മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്
മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം
ചെറിയ ചൂടുള്ള പനി
ലളിതമായ മഞ്ഞുകാലങ്ങൾ
എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.
അവഗണിച്ചു എന്ന
വാക്കാണ് ആശ്വാസത്തിനോട്
കൂടുതൽ ചേർന്നുനിൽക്കുക
അതും അറിയാഞ്ഞിട്ടല്ല
ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും
പകൽവെളിച്ചം എടുത്തുവെക്കുവാൻ
ഇരുട്ടിനോട് ചട്ടം കെട്ടുന്നു
ദൈവം മഞ്ഞാകുവാൻ പോകുന്ന
താഴ്വരയിൽ
അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി
മഞ്ഞ് കാലത്തിൻ്റെ
നഗ്നതയുള്ള ദൈവം എന്ന തിരുത്ത്
അപ്പോൾ അരുവിയിൽ
കൂവലിൻ്റ മറുക്
കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം
ദൈവത്തിൻ്റെ നാഭി
ദൈവം കഴിഞ്ഞും കൂവുന്നു
ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ
കുയിലുകൾ പറ്റിപ്പിടിക്കും വിധം
എന്നാവണം
ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ
കേൾവിക്കൊപ്പം
തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം
അതും കേട്ടുകേൾവികൾക്കൊപ്പമുള്ള
തിരിഞ്ഞുനോട്ടങ്ങളിലാവണം
കൂടുതൽ നേരം ദൈവം
തങ്ങിനിൽക്കുന്നുണ്ടാവുക
വെള്ളാരങ്കല്ലുകൾക്കിടയിൽ ഇപ്പോൾ ദൈവത്തിൻ്റെ നനഞ്ഞ നഗ്നത
അത്രത്തോളം നനഞ്ഞ, പതിഞ്ഞ കാൽപ്പാടുകൾ നിലത്തും
ആന്തരീകമായ ഓരോ അവയവങ്ങളിലും
തുമ്പികൾ ചെന്ന് മുട്ടും വണ്ണം
ദൈവം തൻ്റെ നടത്തങ്ങൾ
ഇരുത്തം നൃത്തങ്ങൾ എന്നിവ അരുവിയിലും പുറത്തും പുന:ക്രമീകരിക്കുന്നു
ഋതുമട്ടിലുള്ള തീർത്ഥാടനങ്ങൾ
ഒരിടത്തും അടങ്ങികിടക്കാത്ത ദൈവം
എന്ന് പിന്നാലെ പിറുപിറുക്കും തുമ്പികൾ
ഒരു വെടിയുണ്ടയുടെ ഇന്നലെ
ഒരു പക്ഷേ
ചോര പുരണ്ട്
ഗാന്ധിജി ആയപോലെ
ഇനി ആരുടേയോ
തിരിഞ്ഞുനോക്കാത്ത ഇന്നലെ
ദൈവം എന്നാവുമോ
അല്ല
ദൈവം നിത്യതയുടെ,
ശാന്തതയുടെ ഇന്നലെ
എന്നാരോ
അതാവും കൂടുതൽ ശരി
ഒരു ഇലയുടെ ഇന്നലെ
ഒരു ജനാലയാവുന്നത് പോലെ
ശരികൾക്കുണ്ടാവുമോ ഇന്നലെകൾ
ഒരു പക്ഷേ അവ അന്നത്തെ കാലത്തെ ശരി തെറ്റുകൾ
ശിശിരത്തിൽ ഇലപോലെ
ദൈവം നഗ്നത പൊഴിക്കുന്നു
ഏകാന്തതകളിൽ മുങ്ങിനിവരും ദൈവം
തുടർന്നേ പറ്റു
ഒഴുക്ക് പിന്തുടരുന്ന ദൈവം
മുറിവുള്ള തള്ളവിരൽ പോലെ
ഇപ്പോൾ നഗ്നത നനയ്ക്കാത്ത ദൈവം
ഒരു നീലപ്പൊന്മാൻ അതിൻ്റെ നീലയിലേക്ക് മുങ്ങി
ഒരു മീൻ കൊത്തിപ്പറക്കുന്നത് പോലെ
ദൈവത്തിൻ്റെ മുങ്ങലിൽ എൻ്റെ
നഗ്നത പങ്കെടുക്കുന്നു
ആത്മാവ് കൊത്തിപ്പറക്കുന്നു
നീട്ടുന്നില്ല
പ്രലോഭനങ്ങളാണ് എന്നും വസന്തത്തിൻ്റെ ശരികൾ
ഞാൻ എൻ്റെ മന്ദാരങ്ങൾക്ക്,
അതിൻ്റെ പൂന്തോട്ടം തിരികേ നൽകാം എന്നൊരു പ്രലോഭനം,
മുന്നോട്ട് വെയ്ക്കുന്നു!
Comments
Post a Comment