Skip to main content

Posts

പ്രണയത്തിലേക്ക് കയറിനിൽക്കും രണ്ട് അപരിചിതർ

അപരിചിതത്ത്വം നിലനിർത്തി പരിചയപ്പെടുകയായിരുന്നു  അവൾ അപരിചിത എന്നോരു ചിരി ചിരിച്ചു ഒന്നും മിണ്ടാത്ത ചുണ്ടുകൊണ്ട് ഞാനതേറ്റുവാങ്ങി കഴിഞ്ഞ ജന്മത്തെ  പൊന്മാനായിരുന്നു ഞാൻ അത്,  അതിൻ്റെ ജലത്തെ കണ്ടെത്തി ആഴത്തിനും ഉയരത്തിനും  ഇടയിൽ നീലനിറത്തിൽ ഞാൻ തുടർന്നു അവൾ മൈന  തവിട്ടുനിറത്തെ എനിക്ക് പരിചയപ്പെടുത്തുവാൻ മറന്നവൾ എന്ന് പറന്നു മഞ്ഞ അപ്പോഴും എന്നിൽ  നിന്നും അവൾ മറച്ചു എൻ്റെ നാഭി നീല പൂത്തിട്ട് പന്ത്രണ്ട് വർഷമായെന്ന കുറിഞ്ഞി എൻ്റെ ഓർമ്മ കുറിഞ്ഞികൾ പൂക്കുന്ന  പന്ത്രണ്ട് വർഷങ്ങൾ എന്നിൽ ബാക്കി വെച്ചു ഉടൽ അപ്പോഴും നീലനിറത്തിൽ അവൾ എൻ്റെ നാഭിയിൽ  ആഴം കലർത്തി പൂക്കൾ കൊത്തുന്നു ഞാൻ വിരിഞ്ഞ് തുടങ്ങുന്നു അരികിലെ തടാകത്തിൽ ഞാൻ കലരും ഓളങ്ങൾ അവൾ അവളിൽ ഞാൻ വിരിയും ഋതു അതിൻ്റെ അപരിചിതത്ത്വങ്ങളിൽ നിന്നും ഇറുത്തെടുത്ത പനിനീരുപോലെ പ്രണയം ഞങ്ങൾക്കിടയിൽ നിന്നു ഒരു പക്ഷേ ഒരൽപ്പം അകന്നു മാറി അകലങ്ങളുടെ ഇതളുകളുള്ള പനിനീരുകൾ  നമ്മുടെ ഭാവികാലങ്ങളിൽ വന്നു വിടരുന്നു അലക്ഷ്യമായി സൂക്ഷിക്കാവുന്ന പ്രണയങ്ങളും ഉണ്ട് അവൾ തുടർന്നു ഒന്നിലും തുടരാത്ത ഒരുവളും  അവിളിൽ ഒളിച്ചു പാർക്ക...

ക്ഷമയുടെ അറ്റം

കസേരക്കാലുകൾ ഉരച്ച് സമയത്തിന് തീ കൊളുത്തി അപ്പോൾ ഉണ്ടായ പ്രകാശത്തിൽ ഇരുന്നു ജനിച്ചുവീണ കുഞ്ഞിനെ പ്പോലെ തെരുവിന്നരികിൽ നഗരം  പുകവലിച്ച പുക പോലെ പൂച്ച ഉടലിനെ അതിൻ്റെ തവിട്ട് കലർന്ന ചാരനിറത്തിൽ ഉരുമി ഒരു മുറി അത് ഇരിക്കുന്നയാളെ ഉരുമുവാനെടുക്കുന്ന നേരം വീടാകുന്നു ഇരിക്കുവാനെടുക്കുന്നു നിലവാരമുള്ള നിശ്ശബ്ദത, പുലർത്തുകയായിരുന്നു നഗരം പാട്ടില്ല മുദ്രാവാക്യങ്ങളില്ല കാതടപ്പിക്കുന്ന ശബ്ദങ്ങൾ എങ്ങുമില്ല കാതിൻ്റെ തന്നെ ആവശ്യമില്ലാത്ത വിധം നിശ്ശബ്ദത മനുഷ്യരുടെ തന്നെ ആവശ്യമില്ലാത്ത വിധം നഗരം കാലത്തിന് മുന്നിൽ  മുട്ടിലിഴയുന്നു നഗരം ചെതുമ്പലുകൾ കളഞ്ഞ് സമയ നിഷ്ഠത വരഞ്ഞ് വൃത്തിയാക്കി വെച്ചിരിക്കുന്ന മീനാകുന്നു വൈകുന്നുണ്ട് എന്നാലും ഏത് നിമിഷവും വെളിച്ചത്തിൽ ഇട്ട്  വറുത്തെടുത്തേക്കാം എന്തും ചവിട്ടിക്കെടുത്താവുന്ന കാലമാവണം ഒരു പാട്ട് മുന്നിൽ  താഴെ ഒരാൾ  അതും സാധാരണക്കാരൻ കേട്ട് തീരാറായ പാട്ടിൻ്റെ ഈണം കാണാവുന്ന വിധം  നിലത്തിട്ട് ചവുട്ടിക്കെടുത്തുന്നു. ഒരു പക്ഷേ ക്ഷമയുടെ അറ്റമാവണം!

ഉപേക്ഷിക്കപ്പെടുന്ന മേഘവുമായി ഒരു നീക്ക്പോക്ക്

ഉപേക്ഷിക്കപ്പെട്ട ആകാശത്തിലെ ഉപേക്ഷിക്കപ്പെടുന്ന മേഘവുമായി ഒരു നീക്ക്പോക്ക്  അതായിരുന്നു തുടക്കം ഒരു പക്ഷേ കൃത്യത ആവശ്യമില്ലാത്ത അക്കങ്ങൾ അക്ഷരങ്ങളിലേക്ക്  ഉപേക്ഷിക്കുന്നത് പോലെ തന്നെ നിമജ്ജനത്തിൻ്റെ മറവിൽ ഒരോ പ്രതിമയിലും ഉപേക്ഷിക്കപ്പെടും ദൈവത്തേപ്പോലെ ഓരോ ധ്യാനത്തിലും ഉപേക്ഷിക്കപ്പെടുന്നുണ്ടാവണം ബുദ്ധനും ഒന്നിനുമല്ലാതെ, വെറുതെ ഉപേക്ഷിക്കപ്പെടുന്നതൊക്കെ എടുത്തുവെച്ച് ദൈവമാക്കുന്ന  ഇടമാവുന്നു.

വിഷാദിയുടെ കാലടികൾ

കാലടികൾ കൊണ്ട് എന്തൊക്കെ ചെയ്യാം  കാലടികൾ കൊണ്ട് ദൂരമുണ്ടാക്കാം അതിലൂടെ നടക്കാം എന്നൊക്കെയായിരുന്നു ധാരണ എങ്കിലും ഞാൻ കാലടികൾ കൊണ്ട് സ്ലേറ്റുണ്ടാക്കാം അതിൽ നടത്തം എന്നെഴുതാം എന്ന് കരുതി രണ്ട് താളുകളായി കാലടികൾ മഴ പെയ്യുമ്പോൾ മഷിത്തണ്ട് ചെടിയാവും ഉടൽ അരക്കെട്ടിൻ്റെ കുത്തിക്കെട്ടുള്ള നടത്തത്തിൻ്റെ പുസ്തകം എന്ന് മഴ, തുള്ളികളിൽ തിരുത്തി  ഓരോ മഴയത്തും മഴക്കാലത്തും വഴിയിൽ വീണു കിളിർത്തു ഉടലാകെ നടത്തത്തിൻ്റെ തളിര് ഞാൻ നടത്തത്തിൻ്റെ ആൽബം സൂക്ഷിക്കുന്ന ഒരാൾ ഇപ്പോൾ എനിക്ക് കഴിയുന്നു, ആകാശം ഒരു സസ്യമല്ല എന്ന് പക്ഷികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ പക്ഷികൾ മനസ്സ് സൂക്ഷിക്കുവാൻ എന്നെ ഏൽപ്പിക്കുന്നു ചിറക് എൻ്റെ നോവല്ല എന്നായി പക്ഷികൾ ഹൃദയത്തിൻ്റെ വള്ളിച്ചെട്ടിക്ക് പടരുവാൻ മിടിപ്പിൻ്റെ മരം നട്ടതിന്നരികിൽ പക്ഷിക്കൊതി കൊണ്ട് നിർമ്മിച്ച ആകാശം കട്ടെടുക്കുകയായിരുന്നു അതും ഒരു പക്ഷിപ്പൊതി വെയ്ക്കുവാൻ ആകാശത്തിൻ്റെ ദയ എന്ന  പക്ഷിക്കിടാൻ വെച്ചിരുന്ന പേര് കട്ടെടുക്കും പക്ഷിക്കുടുക്കകൾ കട്ടെടുപ്പുകളുടെ കുടുക്ക അരക്കെട്ടുകൾ കൊണ്ട് പൊട്ടിക്കുന്നു ഒരു നടത്തം എടുക്കുന്നു ചുണ്ടിൽ ഒലീവില പോലെ ആകാശത...

മഞ്ഞിനേ നിയമിക്കുന്നു

ഒരു അടർന്ന് വീഴൽ ഇതിലും മനോഹരമായി വലിച്ചിഴക്കുവാനാകില്ലതന്നെ എടുത്തുവെയ്ക്കുവാനാകില്ല പൂവിൽ കൊള്ളില്ല ഒരിലക്കുമ്പിളിൽ ആയതിനാൽ  കുതിർത്ത് മെടയും മുമ്പ്  ഒരു തുമ്പി പൂരിപ്പിച്ച് വിടും അതിൻ്റെ വിട്ടുവിട്ടു പറക്കലിൽ ചെന്ന് മുട്ടുന്നു പിന്നേ തിരികേവരുന്നു ഒരു കൊഴിഞ്ഞുവീഴലിൽ ഋതു എടുത്തുവെച്ചതെല്ലാം പൂക്കളാവുന്ന പോലെ വസന്തത്തിൻ്റെ മേൽവിലാസം അവൾ വസന്തത്തിൻ്റെ മേൽവിലാസമുള്ള കത്തായിരുന്നു എന്നും, എന്നാകിലും ഒരു ഓലേഞ്ഞാലിക്കുരുവി അടക്കിപ്പിടിക്കും അതിൻ്റെ ആത്മരഹസ്യം  അത് കാതിൽ പറഞ്ഞ പോലെ കാറ്റിൻ്റെ ഓരോ അടരിലും  അതിൻ്റെ പാതിയുലച്ചിൽ മഴ മെടയും തുരുമ്പുമണമുള്ള ജലത്തിനോടാണ് വാരിയിൽ നിന്നും ഇറ്റുവീഴും മുമ്പ് തോരുന്നതിൻ്റെ നോവിട്ടു വെച്ച മൺകലത്തിൽ അതിൻ്റെ അവസാനതുള്ളികളോട് മഴയുടേയും ഓലയുടേയും തള്ളവിരൽക്കാലങ്ങൾ കൃത്യമായിപ്പറഞ്ഞാൽ അമ്മജലം കൊഴിഞ്ഞ് വീഴലുകൾ അവിടെ നിർത്തി പൂക്കൾ ഇതളുകൾ  വിരിയലുകൾ ഞൊറിഞ്ഞുടുക്കുന്നു അടർന്ന് വീഴലുകൾ അടക്കിപ്പിടിച്ച് മണം പൊതിഞ്ഞെടുത്ത് വെളുപ്പിൽ ഒരു മുല്ലപ്പൂ എടുക്കും ഭാരം, അതിലും പതിയേ നിലത്തിടുന്നു കുഞ്ഞുമഞ്ഞപ്പൂക്കളിൽ, മഞ്ഞ്, കാലവുമായി വെച്ച ഉടമ്പടിയി...

അതിഥി എന്ന വിധം ദൈവം

ഒരു അതിഥിക്ക് ഒരു മുറി കൊടുക്കുന്നത് പോലെ ദൈവത്തിന് ഒരു ഉറപ്പ് കൊടുക്കുന്നു (അപ്രതീക്ഷിതമായി വന്നത് എന്നത് അതിഥിയിൽ നിന്നും  കവിത ഇവിടെ മറച്ച് വെക്കുന്നുണ്ട്) എന്നിട്ടും ദൈവം അപ്രതീക്ഷിതം എന്ന വാക്ക് മാറ്റി വെച്ച് മുറി ഉപയോഗിക്കുന്നു ഉറപ്പ് എങ്ങിനെ ഒരു മുറിയായെന്ന് കവിതക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല കവിതക്ക് പുറത്ത് നിൽക്കും വീടിനും പൂജാമുറി എന്ന ഉറപ്പിൽ ഒരതിഥി എങ്ങനെ ദൈവമായി എന്ന് ഞാനും ചോദിക്കുന്നില്ല ചോദ്യങ്ങൾ അതിഥികളല്ല  ഉത്തരങ്ങൾ ആതിഥേയരും എല്ലാ ചോദ്യങ്ങൾക്കും ഉറപ്പുകൾക്കും പുറത്ത് നിൽക്കും ദൈവം എന്നിട്ടും ദൈവം  ചോദ്യം ചെയ്യുവാൻ പാടില്ലാത്ത അടച്ചുറപ്പുള്ള മുറിയിൽ തുടരുന്നു (എല്ലാ ഉറപ്പുകളും മറച്ച് വെക്കേണ്ടതാണെന്ന് എനിക്കിപ്പോൾ മനസ്സിലാവുന്നുണ്ട്) എനിക്കൊപ്പം മുറിയും ഇപ്പോൾ വീടിനുള്ളിൽ പരുങ്ങുന്നു ജനലിലൂടെ നോക്കുമ്പോൾ പിൻവശം മാത്രം കാണാവുന്ന മീൻകാരിയുടെ കൊട്ടയിലെ മീനുകളായിരിയ്ക്കുന്നു ഉറപ്പ് എന്നിട്ടും ജെൻ്റർന്യൂട്രാലിറ്റി എവിടെ എന്ന് ദൈവം ചോദിക്കുന്നില്ല ഉടുക്കാവുന്ന ഒരു സാംസ്കാരിക ദ്രാവകമാവും കൈലി ദൈവം അതിൽ ചിത്രകാരൻ്റെ ബ്രഷിനാൽ കളങ്ങളുടെ സ്ട്രോക്കിടുന്നു മീൻകാരിയ...

കാതുകൾ വിഷാദികൾ

വിഷാദത്തിന് പഠിക്കുന്നു വിഷാദത്തിൻ്റെ ടെക്സ്റ്റ്ബുക്കാവും പാട്ടുകൾ കാതുകൾ വിഷാദികൾ കാതുകൾ നാടകവണ്ടികളിൽ സഞ്ചരിക്കുന്നു ഓരോ കാതിനും ഓരോ ജാലകങ്ങൾ പാട്ടുകൾക്ക് നാടകവണ്ടിയുടെ  ചമയങ്ങൾ ഇട്ടുകൊടുക്കുന്നു വൈകുന്നേരത്തിന് അസ്തമയത്തിൻ്റെ ചമയങ്ങൾ ഒരു പക്ഷേ അനാവശ്യമായത് വിഷാദകാലങ്ങളുടെ ജപമാലയാവും മഞ്ഞ് വണ്ടികൾ നാടകങ്ങളെ കൊണ്ട് പണിയെടുപ്പിക്കുന്നു ഒരു കാതിൻ്റെ പാതിയിൽ ഈണത്തിൻ്റെ നൂലിട്ട് കെട്ടിയ തെറുത്ത പാട്ട് വീണ്ടും തിരുകിവെക്കുന്നു കാതുകളെ മാറ്റിയിരുത്തുന്നു നീലക്കാത് അതിന് നീലനിറമുള്ള തുണികൊണ്ട് ഒരു തൊട്ടിൽ വേണമെന്ന് തോന്നുന്നു നീലപ്പൊന്മാനുകളെ ഉണർത്തി കാതിൻ്റെ കാടുകളിലേക്ക് പറഞ്ഞുവിടുന്നു പൊന്മാനിൻ്റെ ഓർമ്മയിൽ ഉണർന്നിരിക്കുന്നു ദുഃഖം പൊന്നാണെന്ന് അതിൽ കമ്മലുകൾ  എത്രവേണമെങ്കിലും ഡിസൈൻ ചെയ്യാമെന്ന് അപ്പോഴും വിഷാദം കാതുകളുടെയും ഭൂതകാലത്തിൻ്റേയും തട്ടാൻ എന്നാലും  എത്ര കൂട്ടി വെച്ചാലും  ഒരു മൂക്കുത്തിക്കുള്ള പൊന്ന് ദുഃഖത്തിൽ തികയില്ലെന്ന് വിഷാദകാലങ്ങളുടെ തട്ടാൻ ഒരു ജീവിതത്തിനും തികയാത്ത പൊന്നാവണം പ്രണയം  വിഷാദകാലത്തിലെ യുഗ്മഗാനങ്ങൾ അപ്പോഴും വരികൾ ഊതി കത്തിക്കുന്നു കാതുകൾ ഈണ...

വീഴ്ച്ചയുടെ കാലുള്ള പൂച്ച വിപണിയിൽ ഇടപെടും വിധം

ഒരു പായ്ക്കപ്പലാവും മനസ്സ് ഉടൽ അതിൻ്റെ കാറ്റും സൂര്യൻ ഒരു കവർപാലാണെന്ന് എൻ്റെ പകലിനെ ബോധ്യപ്പെടുത്തുവാനുള്ള ശ്രമങ്ങൾക്കിടയിൽ എൻ്റെ ശലഭക്കുഞ്ഞുങ്ങൾ അവയ്ക്ക് ഇളംനീല  ആവോളം ആസ്വദിച്ച്  കോരിയൊഴിച്ച് കളിക്കാവുന്ന വിധം ആകാശം ശൂന്യതയുടെ പിടിയുള്ള മഗ്ഗായി പതിയേ അതിൻ്റെ സാവകാശത്തെ അതിലും പതിയേ ആകാശം മറികടക്കും വിധം രണ്ട് സാവകാശങ്ങളുണ്ടായി ആദ്യത്തെ സാവകാശം ഞാനായി രണ്ടാമത്തേത് അവളും ഞങ്ങൾ സാവകാശങ്ങളുടെ  സാധ്യതകളുള്ള രണ്ട് ബൂത്തുകളായി ഞങ്ങൾക്ക് മുകളിലൂടെ മേഘങ്ങൾ കടന്നുപോയി പുതുക്കത്തിനായി അവയുടെ മത്സരങ്ങൾ നിശ്വാസങ്ങളുണ്ടായി ഒട്ടും ധൃതിയില്ലാത്ത നെടുവീർപ്പുകളുണ്ടായി ഒട്ടും ധൃതിയില്ലാതെ സൂര്യൻ  വെയിലിൻ്റെ പിടിയുള്ള കപ്പായി  പകലിനും താഴെ ഞങ്ങളുടെ മേഘങ്ങൾ ചൂടില്ലാത്ത വെയിൽ കോരിയൊഴിച്ച്  കളിയുമായി ഒരു വൈക്കോൽത്തുറുവാകും ഭാഷ വാക്കുകൾക്കിടയിൽ മേയും മോരിലെ പുളിയുടെ ഉടലുള്ള പശു ശരിക്കും എനിക്ക് പാല് വേണ്ട  പകരം ഒരു കവിളിൽ കൊള്ളുന്ന തണുപ്പ്  അതുമല്ലെങ്കിൽ ഒരു കവറിൽ കൊള്ളുന്ന പ്രഭാതം  അതുമതി കുമ്പിൾ എന്ന വാക്ക് എവിടേയും തിരഞ്ഞില്ല ഞാനും അവളും പാലുപോലെ കവറിൽ വരും പ്...

ഇലയേപ്പോലെ ഉപമയിലേക്കായുന്നു രൂപകത്തിലേക്ക് തിരികേയെത്തുന്നു

കാറ്റിൽ ഇലയേപ്പോലെ  പങ്കെടുക്കുവാൻ ആയുകയും തിരികേ  മനുഷ്യനേപ്പോലെ കാലുകളിലേക്ക്  തന്നെ തിരിച്ചെത്തുകയും ചെയ്യുന്ന അതേ മനുഷ്യനെ പരിചയപ്പെടുന്നു പങ്കെടുക്കുന്നതിൻ്റെ മാത്രമല്ല ആയുന്നതിൻ്റേയും ഉലയുന്നതിൻ്റേയും ആനന്ദം മരം ഇലകളിൽ സൂക്ഷിക്കുന്നു മനുഷ്യൻ കാലുകളിലും പലവട്ടം തിരിച്ചെത്തുന്നതിൻ്റേയും  ഒരിക്കൽ മാത്രം തിരിച്ചെത്താത്തതിൻ്റെ ആനന്ദം അരക്കെട്ടിൽ. നോക്കിനിൽക്കുമ്പോൾ മനുഷ്യനിൽ, മനുഷ്യനെന്ന അതേ വാക്കിൽ  മനുഷ്യൻ വീഴ്ച്ചകളുടെ താക്കോലുള്ള കാലുകളുടെ സൂക്ഷിപ്പുകാരൻ പ്രവാസം പോലെ  ആകാശത്ത്  ഇലകൾ സൂക്ഷിക്കുന്നതെല്ലാം ഒരു പക്ഷേ ഞെട്ടിനും സ്വാഭാവികതയ്ക്കും ഇടയിൽ ഇല അതിൻ്റെ കലഹങ്ങൾ ഇട്ടുവെക്കുമിടം  മരമാകുന്നത് പോലെ  അത്രയും ലളിതം ചെടി കടന്ന് വള്ളികൾ അലങ്കാരങ്ങൾ മണ്ണിന്നടിയിലെ ശിൽപ്പങ്ങൾ, വേരുകൾ മറിച്ചുനോക്കുന്നു ചിത്രങ്ങൾ വകഞ്ഞ് ശലഭങ്ങൾ വകഞ്ഞ് ആകാശവും ഒരു സന്ദർശകൻ്റെ നടത്തം പൂർത്തിയാക്കുന്നു ഇലകൾ സന്ദർശനവും ആകാശം ദൃശ്വവുമാകുന്നിടത്ത് ഇലകൾ നടത്തം മാത്രം വകയുന്നു ഉലച്ചിലുകൾ കരുതുന്നു മണ്ണ് വകഞ്ഞ് മരം ഉടച്ച് ദൂരം ഉലച്ച് ദൃശ്യങ്ങൾ ശിൽപ്പങ്ങൾ പുർത്തിയാക്കുന്നി...

മഴ തിരയും വാക്ക്

അപകർഷതാബോധമുളളവൻ എഴുതും കവിതകളൊന്നും ഒരു കാലത്തും ലളിതമായിരിക്കില്ല നിരൂപകൻ നിരീക്ഷിക്കുന്നു പെയ്യുന്ന മഴ കണ്ണാടിയിൽ കണ്ട് പ്രതിബിംബങ്ങളോടിടഞ്ഞ് അതിൻ്റെ അടരുകളോട് അഭിമുഖം നടത്തുകയായിരുന്നു ഞാൻ തോരുവാൻ പുറത്ത് വട്ടം കൂട്ടും മഴ അഭിമുഖത്തോളം മഴ തുടരുന്നു പ്രതിബിംബങ്ങൾ അതിൽ,  തല തുവർത്തുന്നു  മഴ അഭിമുഖം തുടയ്ക്കുന്നു നനയാതെ ഒരു വാക്കിൽ കയറി  കവിത നിൽക്കുന്നു പുറത്ത് തവണകളായി തോരും മഴ  സാഹിത്യത്തിലെ മഴ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഞാൻ ചോദ്യം നീട്ടുന്നു മഴ ചോദ്യം കേട്ടില്ലെന്ന് നടിക്കുന്നു പൊതുവേ കൊടുങ്കാറ്റുകൾ ശാന്തതയിൽ നിന്നും രൂപം കൊള്ളുന്നു കവിത നിരീക്ഷിക്കുന്നു കൊടുങ്കാറ്റുകൾ കൊണ്ട് മനുഷ്യർക്കുള്ള ഉപയോഗങ്ങൾ? നിരൂപകൻ തുടരുന്നു പതിയേ അധ്യാപകൻ തോൽപ്പിച്ച കുട്ടിയാവും കവിത കൊടുങ്കാറ്റുകളും ശാന്തതയും കൊണ്ട് നിർമ്മിച്ച സീബ്രാ ക്രോസിങ്ങിൽ കവിതയിലെ ഒരു വാക്ക് നിൽക്കുന്നു തോർന്ന മഴ പിന്നെയും പ്രാചീനമായ എന്തിനോ തിരക്ക് കൂട്ടുന്നു ഇരയ്ക്കും വേട്ടയാടലിനും ഇടയിൽ മൃഗത്തിൻ്റെ വായിൽ നിന്നും, നിലത്ത് വീണ ഒരു വാക്കിൽ മുരൾച്ച കലരുന്നു തോരുവാനോളം ഉള്ള തിരക്ക്, പെയ്യുവാനില്ല ഒരു മഴയ്ക്കും ...

ബുദ്ധനിൽ നിന്നും ഊറിവരും ആട്ടിൻകുട്ടിയെ പോലെ മഞ്ഞ് കാലം

മഞ്ഞിൻ്റെ മൂലകങ്ങളുള്ള  ഒരു ആവർത്തനപ്പട്ടികയാവും പകൽ മഞ്ഞുകാലത്തിൻ്റെ സകല മൂലകങ്ങളും അതിൻ്റെ ആറ്റമികഭാരം രേഖപ്പെടുത്തി അതിൽചാരി ഇരിക്കുന്നു മഞ്ഞു കൊണ്ട് ബോഗിയും  മഞ്ഞു കൊണ്ടുള്ള  ജാലകങ്ങളും നിർമ്മിച്ച്  കാലം ഒരു തീവണ്ടിയായി മുന്നിൽ വന്ന് നിൽക്കുന്നു മഞ്ഞ് കൊണ്ട് നിർമ്മിച്ച അവ്യക്തതയുടെ ഭംഗിയുള്ള  റെയിൽവേ സ്റ്റേഷൻ മഞ്ഞുകാലങ്ങളുടെ സ്റ്റേഷൻമാസ്റ്റർ അയാൾക്ക് വീശുവാനുള്ള കൊടി മഞ്ഞിൽ നിർമ്മിച്ച്  മഞ്ഞ് മാറിനിൽക്കുന്നു നിരുത്തരവാദിയായ മഞ്ഞുകാലം എന്ന് കാലം അയാളെ ശകാരിക്കുമോ? മഞ്ഞ് കൊണ്ടുണ്ടാക്കിയ ശകാരങ്ങൾ മഞ്ഞ് കാലം കേൾക്കുന്നു കാണുന്നത് കുറച്ച് മഞ്ഞ് മഞ്ഞിനെ കേട്ടിരിക്കുന്നു മഞ്ഞ് കൊണ്ട് നിർമ്മിച്ച കാത് മഞ്ഞ് കൊണ്ട് നിർമ്മിച്ച പാട്ട് മഞ്ഞ് കാലത്തിൻ്റെ ഹമ്മിങ് മഞ്ഞിനും മുന്നേ പോകുന്നു മഞ്ഞ് ചാരി എൻ്റെ ഉടൽ മഞ്ഞുകാലത്തിൽ നിന്നും പുറത്തിറങ്ങുന്നു എൻ്റെ മഞ്ഞ് ചാരി ഉടൽ എന്ന് മഞ്ഞ് പാട്ടിനേ ഇന്നലേയിലേക്ക് ഇറങ്ങുന്ന ചെറുപ്പക്കാരനെ പ്പോലെ ഇന്നലെയുടെ തീയിട്ട് എൻ്റെതല്ലാത്ത ഉന്മാദങ്ങൾ  മഞ്ഞ് കായുവാനിരിക്കുന്നു ഓരോ മഞ്ഞും അതിൻ്റെ മാത്രം കവിതക്ക്  ആളാത്ത തീയിടുന്നു മ...

ഉമ്മകളെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല ഉമ്മ എന്നല്ലാതെ

എൻ്റെ ഭാഷ തീയാണ് അതണക്കാൻ പോകുന്ന ഫയറെഞ്ചിൽ മാത്രമാവുകയാണ് കവിത വരൂ, നിശ്ശബ്ദത കൊണ്ട് സൈറണുണ്ടാക്കുന്ന ഒരു വാക്കിനെ പരിചയപ്പെടു അങ്ങിനെ പരിചയപ്പെട്ടതാവണം ഉമ്മയെ മുതിരുന്തോറും കാതുകൾക്ക് തീയിട്ട് ചുണ്ടുകൾ തീ കായുവാനിരിക്കും ഒരു വാക്ക് ഉമ്മ ഒരു മാനമാണെങ്കിൽ ചുണ്ടുകൾ രണ്ട് പക്ഷികൾ ദൈവത്തിന് മുകളിൽ അമ്പിളിക്കല പോലെ ചിലപ്പോൾ ഉമ്മക്ക് മുകളിൽ ചുണ്ടുകൾ വെച്ചു കഴിഞ്ഞാൽ ഉമ്മ, ഒരു വ്യക്തിയാവും സമൂഹം ഇനി  നൂല്കെട്ട് മാമോദീസ  സുന്നത്ത്കല്യാണം പോലെ ഒരുമാതിരി എല്ലാ മതപരമായ  ചടങ്ങുകളും പൂർത്തിയാക്കുന്നുണ്ടാവുമോ അത്? അറിയില്ല, എന്നിട്ടും മതേതരമായി ഉമ്മകൾ സമൂഹത്തിൽ തുടരുന്നു എന്നെങ്കിലും ഉണ്ടാവുമോ ഉമ്മകൾക്ക് തുടർച്ച വേണ്ട, ഉമ്മകളുടെ പകർച്ചപ്പനി വെച്ച് പൂർത്തിയാക്കാത്ത ഉമ്മകൾ നിരന്തരം ഉമ്മയെ ഗർഭം ധരിക്കും സമൂഹം ദൈവം നദിയേക്കുറിച്ച് ചിന്തിക്കുന്നതിനും മുന്നേ ഉമ്മകളുടെ ദൈവം ആഴത്തിൽ ചുണ്ടുകൾ കടക്കുന്നു ചുണ്ടുകളുടെ നദി ഉടലുകൾ തോണികൾ ഉമ്മകളുടെ കടൽ എന്നിങ്ങനെ നീളും ഉമ്മകൾ പാമ്പ് പടം പൊഴിക്കുന്നത് പോലെ രതിയുടെ പടമുള്ള ഉടൽ പാമ്പായി തുടരുവാൻ മാത്രം ഉപമയും ഉടലും പടം പൊഴിക്കുന്നു ഉമ്മകളുടെ രൂപകം ധരിക്...

വിരലുകളുടെ മ്യൂസിയം

പാകത്തിന് ചേർക്കുന്ന ഉപ്പ് പോലെ പാകം മാത്രമാവുകയായിരുന്നു ഭാഷ കൊന്തുന്ന കാലിന്നരികിൽ കല്ലായ് കടലിനെത്തൊട്ട് കിടന്നു ഇനിയും ചേർക്കാത്ത ഉപ്പ് അവിടെ തന്നെ തുടർന്നു  ആകാശം അതും  അനശ്വരതയുടെ മ്യൂസിയം പോലെ നശ്വരത കല്ലായി  കടൽ കിടപ്പായി ഇനി കിടക്കുന്നതിൻ്റെ മ്യൂസിയമാകുമോ കടൽ? സംശയം അതിൻ്റെ ഉറപ്പിനെ വെറുതേ ചെന്ന്  കൊന്തിത്തൊട്ടുവന്നു  വെറുംവെറുതേ വേനലിൻ്റെ സൂര്യമഗ്ഗ് സൂര്യൻ വേനലുകളുടെ മ്യൂസിയം എൻ്റെ വിരലുകൾ, കൊന്തിത്തൊടലുകൾ എടുക്കാതെ ചെന്ന് അതിൻ്റെ ചാരത്തിൽ തൊടുന്നു എൻ്റെ പ്രണയം അതിൻ്റെ പഴക്കം ഞാൻ പഴക്കങ്ങളുടെ റാന്തൽ ഒപ്പം അവയുടെ മ്യൂസിയവും മ്യൂസിയങ്ങളാവണം വിരലുകളും തുടർച്ചകളുണ്ടായി മേഘത്തിന്  മേഘങ്ങളുടെ മ്യൂസിയം എന്ന ആശയം എങ്ങും തൊടാതെ നിന്നു ആകാശത്തിൽ ഇനി അവിടെ ഉണ്ടാകുമോ മരിച്ചുപോയവർക്കും സന്ദർശകർക്കും പ്രവേശനമില്ല എന്ന ബോർഡ് അതും പൊടിപിടിച്ച് പൊടികൾ പൊടികളുടെ മ്യൂസിയം അവയുടെ സൂക്ഷമതകൾ മാത്രം അവിടെ സന്ദർശകർ കൊന്തുന്ന കാലിന്നരികിൽ  അന്തരീക്ഷം  ഒപ്പം കിടന്നു കല്ലും ഇടങ്ങളും ചതുരംഗത്തിലെ കരുപോലെ തുമ്പികൾ മാത്രം അവയുടെ നീക്കം നീക്കി നീക്കി വെക്കുന്നു ഞാൻ തു...

മരം ഒരുറക്കംതൂങ്ങലിനെ വേരാക്കും വിധം

വീഴുന്നതിന് മുമ്പ് ഒരിലയുടെ പാളിനോട്ടം ഉറങ്ങുന്നതിന് മുമ്പ് ഒരു താരാട്ടിലേക്ക് അതും കേൾക്കുന്നതിന് മുമ്പിലേക്ക് കേൾക്കുന്നതിൻ്റെ തൂവൽ പോലെ താരാട്ടിന് മുന്നിലേക്ക് വന്ന് വീഴും ഉറക്കത്തിൻ്റെ ഒരില ഒരു പാളിനോട്ടമുണ്ട് ഉറക്കത്തിനും, കേട്ട താരാട്ടിലേക്കും കുഞ്ഞിലേക്കും അതും ഉറങ്ങിയതിന് ശേഷവും  ഉറങ്ങുന്നതിന് മുമ്പും ഒരു പക്ഷേ ഒരമ്മയോളം മുകളിൽ വെള്ളമൊഴിച്ച് ചന്ദ്രൻ മാറ്റിവെക്കും കലകളുടെ താരാട്ട് അതും ഇരുട്ടുന്നതിനും തൊട്ട് മുമ്പ് ഉറക്കം കൺപോളകളിൽ കുറിച്ചുവെച്ച് താരാട്ടിൽ ഒഴുകിപ്പോകും രണ്ടിലകൾ കുഞ്ഞിൻ്റെ കാലടികൾ ഉറക്കുന്നത് ഒരമ്മയാണെങ്കിലോ എന്നും ഉറക്കിക്കൊണ്ടിരുന്ന കുഞ്ഞ് അരികിലില്ലങ്കിലോ ഞെട്ടുകൾ അഴിച്ചിട്ട് തുമ്പുകൾ വാരിക്കെട്ടിവെച്ച് ചില്ലകൾ കഴുകിക്കമഴ്ത്തിയ മരങ്ങൾക്ക് ചോട്ടിലേക്ക് ചേക്കേറും ഇലകൾ തൂവലുകൾ എല്ലാം ഉറക്കി ഒരു കിളിയുടെ ഉറക്കംതൂങ്ങലുകൾ ഏറ്റുവാങ്ങും മരം ഉറക്കം കിനിയും മുലഞ്ഞെട്ട് പാലൊച്ച കേൾപ്പിക്കാതെ മുലഞ്ഞെട്ടിൻ്റെ വാൽസല്യത്തിലേക്ക് അതിൻ്റെ മടങ്ങിപ്പോക്ക് അപ്പോഴും അമ്മമണങ്ങളിൽ കൺപോളയോളം തങ്ങിനിൽക്കും  ഒരു കുഞ്ഞ്താരാട്ട് അതിൻ്റെ നക്ഷത്രത്തിൽ കണ്ണടച്ച് കിടക്കും ഡിസംബർ, ആക...

കൗതുകത്തിൻ്റെ കലപ്പകൾ

ജീവിതത്തോടുള്ള കൗതുകം നഷ്ടപ്പെടാതിരിക്കുവാനായി വേണ്ടി മാത്രം കൗതുകം,  ഇനിയും ഒട്ടിക്കാത്ത  ഒരു വശം, ഒരു മൂല ജലമായ സ്റ്റാമ്പായി, സങ്കൽപ്പിച്ചു നോക്കി മേൽവിലാസങ്ങളുമായി,  കലഹിക്കും ഒരു തപാൽ ഉരുപ്പടിയാകും  ദുഃഖം. പതിയേ പ്രണയസുഷിരങ്ങളുള്ള ഒരു സ്റ്റാമ്പായി നനഞ്ഞാൽ ഒട്ടാവുന്ന പശ, ഒരു വശത്ത് ജലത്തിൻ്റെ പതിവുകൾ  മറുഭാഗത്ത് ഒരു മേൽവിലാസമായിരുന്നോ ഭ്രമണം ഒരു തപാൽഉരുപ്പടിയായിരുന്നോ ബുദ്ധൻ എന്നൊക്കെ സംശയിച്ചു നോക്കി പ്രണയത്തിൻ്റെ തീപ്പൊരി ചിതറും ഇടങ്ങളിൽ ചുണ്ടോട് ചേർത്ത്  ഒരു പിൻകഴുത്ത്, വെൽഡ് ചെയ്ത് ചേർക്കാവുന്ന വിധം കൗതുകങ്ങളുടെ വെൽഡറാവുകയായിരുന്നു കുരുവി അതിൻ്റെ ചുണ്ടിനെ പൂക്കളോട് ചേർക്കുമ്പോൾ അരക്കെട്ടിൻ അരികിലേ വിരിഞ്ഞ ചെമ്പരത്തികൾ കൗതുകങ്ങളിലേക്ക് ചിതറും വിധം അവൾ ടാറ്റുവിൻ്റെ ചകിരിയിൽ പിൻ കഴുത്തിൽ ഓർക്കിഡ് പുഷ്പങ്ങൾ നട്ടുവളർത്തുന്നവൾ ചകിരിയും ടാറ്റുവും  ഓർക്കിഡ് പുഷ്പനിറങ്ങളിൽ അവളുടെ പിൻകഴുത്തിൽ വന്ന് വിരിയുന്നു ധ്യാനത്തിൻ്റെ ടാറ്റു ചെയ്ത ബുദ്ധൻ ആകാശത്തിൻ്റെ ടാറ്റു ചെയ്ത അവളുടെ നാഭിക്കരികിലെ കിളി ഇലകൾ വകഞ്ഞ്  അടിവയറിനോട് ചേർന്ന് അതിൻ്റെ ചേക്കേറൽ ചില്ലകൾ...

നൃത്തവാങ്മൂലങ്ങൾ

നൃത്തം ചെയ്തവരിൽ നിന്ന് മുദ്രകൾ മാത്രമല്ല, നൃത്തവും ഉടലോടെ പിടിച്ചെടുക്കും പിടിച്ചെടുത്ത ഉടലുകൾ തിരിച്ചെടുക്കുവാനെന്ന വണ്ണം ഉടലുകളുമായി ബന്ധപ്പെടുവാനുള്ള എൻ്റെ ശ്രമങ്ങൾ ഒരു നൃത്തച്ചുവടുകളും  തിരിച്ചറിയുന്നില്ല വിശ്വസിക്കുമോ നൃത്തം വെച്ചിട്ടില്ല എന്നുള്ള സത്യവാങ്മൂലങ്ങൾ മാത്രമാവുകയാണ് എൻ്റെ നടത്തം!

നിശ്ശബ്ദതയുടെ അറുപത്തിനാല് കലകൾ

ഒരു വായനക്കാരൻ്റെ പരാതി ഞാൻ ചെയ്ത തെറ്റായതിന് ശേഷം യാഥാർത്ഥ്യത്തിൻ്റെ കഠിനതടവുകാരനാവുകയും സങ്കൽപ്പങ്ങളുടെ പരോൾ അപ്രീതിക്ഷിതമായി അനുവദിക്കപ്പെടുകയുമായിരുന്നു, അതും കവിതയിൽ ഋതു ഏതോ ഒരു പൂവിൻ്റെ  തടവുകാരനായതിൽ പിന്നെ സൂര്യൻ  വിഷാദത്തിൻ്റെ സുഗന്ധം ഒഴിച്ചു വെക്കും അസ്തമയത്തിൻ്റെ അത്തറുകുപ്പി എന്നും അത്തറാകാത്തപ്പോൾ വിഷാദം, സുഗന്ധത്തിൻ്റെ ചിറകടികളുള്ള കിളികൾ എന്നും സങ്കൽപ്പിക്കുവാൻ എനിക്കായിട്ടുണ്ട് സങ്കൽപ്പത്തിൽ ഞാൻ ചേക്കേറുവാൻ ഒരു കിളിയുടൽ കടം വാങ്ങിക്കുന്നു ഉണരുമ്പോൾ ഉടൽ തിരികേ മേടിക്കുവാൻ കിളികൾ  അവയുടെ യാഥാർത്ഥ്യങ്ങളിൽ വന്ന് ചിറകടിക്കുന്നു വ്യത്യസ്ഥമായി പൂക്കൾ വിരിയുന്നത് എങ്ങിനെ എന്ന് നിരീക്ഷിക്കുകയായിരുന്നു വ്യത്യസ്ഥമായ ആവൃത്തികളിൽ ചന്ദ്രനെ എടുത്തുവെച്ച് ആകാശത്തിൻ്റെ പ്രതികരണങ്ങൾ നിരീക്ഷിച്ചു. ചായയിൽ ഏലക്കയുടെ രുചി  കലരുന്നത് പോലെ കാലുകൾ നടത്തത്തിൽ, ഉടൽ അതിൻ്റെ വെറുതേയിരുപ്പിൽ കലർന്നു വേനലിൽ നിന്ന് വെയിൽ, തിരികേയെടുത്തു മടങ്ങുകയാവണം സൂര്യൻ വെറുതേയിരിപ്പിൽ നിന്നും ഉടൽ തിരികേയെടുക്കുന്നു ഏലക്കാ മണമുള്ള കാലുകൾ എന്ന് നടത്തം നിരീക്ഷിക്കുന്നു യാഥാർത്ഥ്യത്തിനും സങ്കൽപ്പത്ത...

ഓണബുദ്ധൻ

ഓണബുദ്ധൻ നിറങ്ങൾ ഉപേക്ഷിക്കുന്ന ഇടം ഓണം ചാരി ഭാഷക്ക് പുറത്തിറങ്ങി ഒരു വാക്കാവും മാവേലി മഹാബലിയെ ഉണർത്താതെ വാക്കുകളുടെ കനമെടുക്കാതെ വശങ്ങളിലൂടെ  പൂക്കളുടെ കാലടിപ്പാടുകളുള്ള ഓണം കടന്നുപോകുന്നു ഓരോ നിറങ്ങൾക്ക് മുന്നിലും കാലടികളുടെ ഇലയിട്ട് അപ്പോഴും മാവേലിയിരിക്കുന്നു ഏറ്റവും പഴക്കമുള്ള നിലാവൊഴിച്ച് പതിവ് പോലെ ഒരു രാത്രി ഓണമെടുക്കുന്നു പുഴ ഒരു വെള്ളാരംങ്കല്ലിൻ്റെ അതിഥിയാവുന്നിടത്ത് ഇനിയും നൂൽക്കാത്ത നൂലിൻ്റെ ഓണനൂൽ ചർക്കകൾ ഇനിയും ചവിട്ടിതാഴ്ത്താത്ത കാലടികളുടെ നെയ്ത്തുകാരനാവും മാവേലി മാവില മണം പൂക്കുല താളങ്ങൾ അന്തിത്തിരി ഉരുകലുകൾ ഇനിയും ഓണം ആഘോഷിക്കാത്ത നാലുമണിപ്പൂക്കളുടെ വിരിയുന്ന തിരക്കിന്നരികിൽ വിരിയുന്നതിൻ്റെ ആവർത്തനങ്ങൾ, ഓണമെണ്ണുന്നു മാവേലി, ഒപ്പം അയാളുടെ ഓണക്കല്ലെടുത്തു തഴമ്പിച്ച വാമനൻ തുമ്പിയും കാലുകളുടെ തീർത്ഥം ഓരോ പൂക്കളും നിറങ്ങളിൽ ഏറ്റു വാങ്ങുന്നിടത്ത് ശംഖ് ആകൃതിയുള്ള കാലത്തെ ശബ്ദം കൊണ്ട് പുതുക്കിപ്പണിത്, ആഘോഷിക്കാതെ പോയ ഓണത്തിൻ്റെ നിശ്ശബ്ദതയിരിക്കുന്നു അലിയുന്ന കൂടത്തിൻ്റെ തമിര് തീയുടെ ചൂട് തൻ്റെ ശബ്ദത്തിനരികിൽ അനാദികാലങ്ങളുടെ ഓണക്കൊല്ലൻ ഏത് വിഷാദത്തിൻ്റെ അതിഥിയാവും ഇത്തവണയും...

തൽസമയം നീലനിറം

കാട് സ്വന്തമായുള്ള അമ്പ് കടം വാങ്ങിയ വേടൻ ദേഹത്തിൻ്റെ തിരിച്ചടവ് മുടങ്ങിയ ആത്മാവ് സ്വന്തമായുള്ള കൃഷ്ണൻ വയസ്സായ കാലുകൾ വയസ്സായ പീലികൾ ഓരോ നോക്കിലും വയസ്സാവും ധർമ്മവും പ്രായത്തിൻ്റെ അമ്പുകൾ കൃഷ്ണനേ ഉന്നം വെക്കുന്നു അപ്പോഴും ലക്ഷ്യം  പ്രായം  എന്നിങ്ങനെ സാധൂകരണങ്ങൾ കൃഷ്ണന് മുന്നിൽ  മാനെന്നും വേടനെന്നും  കുലയ്ക്കപ്പെടും അമ്പുകൾ കൃഷ്ണൻ തൽസമയം ഇര  വേട്ടക്കാരൻ എന്ന തരിശ്ശ് 2 പ്രായത്തിൻ്റെ അമ്പുകൾക്ക്  വേടനും കൃഷ്ണനും ഒരേസമയം മൂർച്ചകൂട്ടുന്നു അരികിൽ കാഴ്ചക്കാരനാകും വേട്ടക്കാരൻ ദാഹത്തിൻ്റെ ഭാഷയിൽ  ചിറകടിക്കും വേഴാമ്പലുകൾ കൃഷ്ണൻ അതിൽ ഇനിയും ഉയരാത്ത ഏതോ വേഴാമ്പലിൻ ചിറക് 3 പഴക്കമുള്ള കാലുകൾകൊണ്ട് കൃഷ്ണൻ, വെച്ചുതീരാത്ത നൃത്തംവെയ്ക്കുന്നു അതിൻ്റെ ചലനങ്ങളിലേക്കും മുദ്രകളിലേക്കും ചാരി, അതിൻ്റെ നിശ്ചലതക്കും അരികിലിരിക്കുന്നു വേടനിൽ നിന്നും വേട്ടക്കാരനിലേക്ക് ഇനിയും പുറപ്പെടാത്ത ഒരമ്പിൻ്റെ അകലം വില്ലിൻ്റെ ഞാണൊലി ഇനിയും കൊള്ളാത്ത ഒരമ്പിൻ്റെ ദൂരം ഒപ്പം ഭാരവും കൃഷ്ണൻ വഹിക്കുന്നു ഇനിയും പുറപ്പെടാ അമ്പിൽ ചാരി വേട്ടക്കാരനും നിൽക്കുന്നു 4 എല്ലാ ചലനങ്ങളും കഴിഞ്ഞ് ലക്ഷ്യവും നിശ്ച...

ഇനി ശരിക്കും

ജലത്തിലേക്ക് നീന്താനിറങ്ങുന്നത് പോലെ നടക്കുവാനിറങ്ങുന്നു ജലം കാലമാകുന്നു ഉടലിൻ്റെ മണ്ണ് മാന്തി ജലം നീന്തെലെന്ന്  മുന്നിൽ നീലനിറമുള്ള മണ്ണ് ഉടൽ നിറയേ മഞ്ഞപ്പൂക്കൾ സൂര്യകാന്തിഭരണി ചരിക്കുന്നു വിരലുകളുടെ താറാക്കുഞ്ഞുങ്ങൾ കാലിൽ വന്ന് പകൽ കൊത്തുന്നു വിരലുകൾ അതിൽ, പതിയേ ചരിയുന്നു പഴയ പാട്ടുകൾ കൊടുക്കുവാനുണ്ടോ എന്നൊരുവൾ അവൾക്ക് പഴയകാതുകൾ, പഴയ ജമന്തികൾ തൂക്കിവാങ്ങും ഋതുകൾ അവൾക്ക് പഴയ  ചെന്തമിഴെടുക്കും മൊഴികൾ അവൾ, കറുത്തകുപ്പിവളകളണിഞ്ഞ്, ഏത് നിമിഷവും ഒരു, തമിഴത്തിയായേക്കാവുന്നവൾ അവൾക്ക് മുന്നിൽ എഴുത്തച്ഛൻ തുമ്പികൾ അരികിൽ ഭാഷമുല്ലകൾ എൻ്റെ ഋതു അതിൻ്റെ പഴക്കം അവയ്ക്ക് കൊടുക്കുവാനുണ്ടാകണം പൂക്കൾപഴക്കം  എനിക്കിപ്പോൾ മുറ്റം നിറയേ നിറം നഷ്ടപ്പെടും പൂക്കൾ മന്ദാരങ്ങൾ ജാതിമുല്ലകൾ ജമന്തികൾ സങ്കടമല്ലികൾ  ഏത് നിമിഷവും ആശ്രമത്തിൻ്റെ സന്ദർശകരജിസ്ട്രറിൽ, അവൾ വെച്ചേക്കാവുന്ന ഒപ്പ് എനിക്ക് മുന്നിൽ നിറം കടുപ്പിച്ച് ജമന്തിയാകുന്നു സന്ന്യാസിയല്ല എന്ന എൻ്റെ ഉറപ്പ് എനിക്ക് പിന്നിൽ ഒരു പൂവുമാകാതെ ഒരു മൊട്ടിലും തട്ടാതെ എൻ്റെ ഉറപ്പ് അതിൻ്റെ സ്വാതന്ത്ര്യത്തിൽ പറക്കൽ കുറച്ച് വെച്ച്  അവളുടെ കൂടെ നടക...