എൻ്റെ ഭാഷ തീയാണ്
അതണക്കാൻ പോകുന്ന ഫയറെഞ്ചിൽ
മാത്രമാവുകയാണ് കവിത
വരൂ, നിശ്ശബ്ദത കൊണ്ട്
സൈറണുണ്ടാക്കുന്ന ഒരു വാക്കിനെ
പരിചയപ്പെടു
അങ്ങിനെ പരിചയപ്പെട്ടതാവണം
ഉമ്മയെ
മുതിരുന്തോറും
കാതുകൾക്ക് തീയിട്ട്
ചുണ്ടുകൾ തീ കായുവാനിരിക്കും
ഒരു വാക്ക്
ഉമ്മ ഒരു മാനമാണെങ്കിൽ
ചുണ്ടുകൾ രണ്ട് പക്ഷികൾ
ദൈവത്തിന് മുകളിൽ അമ്പിളിക്കല പോലെ
ചിലപ്പോൾ
ഉമ്മക്ക് മുകളിൽ ചുണ്ടുകൾ
വെച്ചു കഴിഞ്ഞാൽ ഉമ്മ,
ഒരു വ്യക്തിയാവും സമൂഹം
ഇനി
നൂല്കെട്ട് മാമോദീസ
സുന്നത്ത്കല്യാണം പോലെ
ഒരുമാതിരി എല്ലാ മതപരമായ ചടങ്ങുകളും
പൂർത്തിയാക്കുന്നുണ്ടാവുമോ
അത്?
അറിയില്ല,
എന്നിട്ടും മതേതരമായി
ഉമ്മകൾ സമൂഹത്തിൽ തുടരുന്നു
എന്നെങ്കിലും ഉണ്ടാവുമോ
ഉമ്മകൾക്ക് തുടർച്ച
വേണ്ട,
ഉമ്മകളുടെ പകർച്ചപ്പനി
വെച്ച് പൂർത്തിയാക്കാത്ത ഉമ്മകൾ
നിരന്തരം ഉമ്മയെ ഗർഭം ധരിക്കും സമൂഹം
ദൈവം
നദിയേക്കുറിച്ച് ചിന്തിക്കുന്നതിനും മുന്നേ
ഉമ്മകളുടെ ദൈവം
ആഴത്തിൽ ചുണ്ടുകൾ കടക്കുന്നു
ചുണ്ടുകളുടെ നദി
ഉടലുകൾ തോണികൾ
ഉമ്മകളുടെ കടൽ എന്നിങ്ങനെ
നീളും ഉമ്മകൾ
പാമ്പ് പടം പൊഴിക്കുന്നത് പോലെ
രതിയുടെ പടമുള്ള ഉടൽ
പാമ്പായി തുടരുവാൻ മാത്രം
ഉപമയും ഉടലും പടം പൊഴിക്കുന്നു
ഉമ്മകളുടെ രൂപകം ധരിക്കുന്നു
ചിലപ്പോഴൊക്കെ കടുത്ത
സദാചാരവാദികളാവും
ഉമ്മകൾ
അത് ഉമ്മ വെച്ചിട്ടില്ലാത്ത ചുണ്ടുകളെ ഇടവഴികളിൽ പിന്തുടരുന്നു
ചിലപ്പോൾ
നഗരത്തിരക്കിൽ
ഊടുവഴികളിൽ
സമൂഹമാധ്യമങ്ങളിൽ പോലുമേ
വെച്ചിട്ടില്ലാത്ത ഉമ്മകൾക്ക്
ദൈവത്തോടൊപ്പം
ഉടലുകളുടെ തിക്കും തിരക്കും
ഉമ്മകൾ ഉമ്മകളുടെ തിക്കിന്നും തിരക്കിനും ഉടലെടക്കാതെ കാവൽനിൽക്കുന്നു
ഉമ്മകളുടെ തോക്ക് അപ്പോഴും ചുണ്ടുകളേ ലക്ഷ്യംവെക്കുന്നു
ചുണ്ടുകളുടെ കൊള്ളയടി
ഉമ്മകളുടെ കൊള്ളക്കാർ
ഉമ്മകളുടെ മലക്കുകൾ
എന്ന് അപ്പോഴും ദൈവം ചുണ്ട് കടിക്കുന്നു
ചുംബനം ഒരു മണിവാട്ടിയാന്നെങ്കിൽ
ചുണ്ടുകൾ അവയുടെ
ഇനിയും പൂർത്തിയാക്കാത്ത ഒപ്പന
ഉമ്മകൾ പിച്ച വെക്കുന്ന ഭാഷയിൽ
ചുണ്ടുകൾ കുഞ്ഞുങ്ങൾ
ഉമ്മ വെച്ചിട്ടില്ലാത്ത ദൈവമേ
എന്ന് അപ്പോഴും ചുണ്ടുകൾ
അവയുടെ പഴക്കത്തിൻ്റെ പാതിയിൽ ആഴത്തിൽ
ആദ്യം വെക്കപ്പെട്ട ഉമ്മകളുടെ
സൂക്ഷിപ്പ്കാരനാവും ദൈവം
ആത്മീയതകളിൽ നിന്നും പുറത്താക്കപ്പെടും ദൈവം
കവിതകളിൽ മതങ്ങളിൽ മാട് പോലെ പണിയെടുക്കും ദൈവം
ചുണ്ടുകൾ നടത്തുന്ന ധർണയിൽ മുദ്രാവാക്യം വിളിച്ച് പങ്കെടുക്കുന്ന മുതിർന്ന ചുംബനങ്ങൾ ഒരു പക്ഷേ രാഷ്ട്രീയപ്രവർത്തകരാവണം
ഉമ്മകളുടെ അർദ്ധകായ പ്രതിമ പോലെ
എന്നെങ്കിലും ഇനി തെരുവിൽ
സ്ഥാപിക്കപ്പെടുമോ
പാതിയിൽ നിർത്തിയ ഉമ്മകൾ
എല്ലാവിധത്തിലും ഉമ്മകൾ
അവയുടെ അർദ്ധകായ പ്രതിമകൾ
സ്ഥാപിക്കപ്പെടും മുമ്പ് അതിൽ
നടത്തിയേക്കാവുന്ന പുഷ്പാർച്ചന
അടക്കിപ്പിടിച്ച നിറങ്ങളിൽ
അടക്കിപ്പിടിച്ച ശബ്ദങ്ങളിൽ
ഉടലും ഉമ്മയും
തെരുവുകളിൽ കൊണ്ടുനടക്കുന്നു
പ്രതിമകൾ അതിൻ്റെ നിശ്ചലത
മറികടക്കും പോലെ
വാകപ്പൂക്കളിൽ ചോപ്പ്
പൂത്ത് കഴിഞ്ഞാൽ ചുവപ്പ്
അതിൻ്റെ നിശ്ചലത
എല്ലാ പൂക്കളിലും
ഋതുക്കൾ അവയുടെ നിശ്ചലത
പൂക്കളേ ഉപയോഗിച്ച് മറികടക്കും വിധം
ഉടലുകൾ ഉമ്മകളെ ഉപയോഗിച്ച്
അവയുടെ ഉലയലുകളും
നിശ്ചലതകളും ഒരേ സമയം മറികടക്കുന്നു
നനുത്ത മല്ലിയില,
ചുണ്ടുകളിൽ മുറിച്ചിട്ട ഉമ്മകൾ
ഉലയുമ്പോൾ ഉമ്മകൾ
ഉടലുകളിൽ അവയുടെ നിശ്ചലത
ഇനി പതിനാറ് കഴിഞ്ഞ്
രണ്ട് ചുണ്ടുകൾ
പിരിഞ്ഞ് പോകുന്നത് പോലെ
മരണം പോലും അത് പൂർത്തിയാക്കുന്നുണ്ടാവുമോ
ചുംബനത്തിൻ്റെ ബൈനറികളിൽ ചുണ്ടുകൾ രണ്ട് ഡിജിറ്റൽ ക്ലോക്കുകൾ
അത് ഉമ്മകളിൽ,
ഉടലുകളിൽ സമയം കഴിഞ്ഞും
മിടിക്കുന്നു
പനിക്കൂർക്കയുടെ ഇലകൾ
പനികളിൽ,
അരച്ചിടും മുമ്പ് തൊടും വിധം,
ഇനി
കൈയ്യിലിരിക്കുന്ന
അരച്ചിടാവുന്ന രക്തത്തിൻ്റെ അവസാന പാടുള്ള മൈലാഞ്ചിച്ചെടിയാകുമോ
ചുംബനം കഴിഞ്ഞ ഉടൽ
വെച്ച് തീരാത്ത ഉമ്മ പോലെ
അരച്ചിടും മുമ്പുള്ള തൊടലാണ്
ഒരു കവിത പാതിയിൽ നിർത്തുന്നു
ചുംബനത്തിൻ്റെ ഖബറിന്നരികിൽ
ചുണ്ടുകൾ രണ്ട് മീസാൻ കല്ലുകൾ!
Comments
Post a Comment