കാറ്റിൽ ഇലയേപ്പോലെ
പങ്കെടുക്കുവാൻ ആയുകയും
തിരികേ മനുഷ്യനേപ്പോലെ
കാലുകളിലേക്ക് തന്നെ തിരിച്ചെത്തുകയും
ചെയ്യുന്ന അതേ മനുഷ്യനെ പരിചയപ്പെടുന്നു
പങ്കെടുക്കുന്നതിൻ്റെ മാത്രമല്ല
ആയുന്നതിൻ്റേയും
ഉലയുന്നതിൻ്റേയും ആനന്ദം
മരം ഇലകളിൽ സൂക്ഷിക്കുന്നു
മനുഷ്യൻ കാലുകളിലും
പലവട്ടം തിരിച്ചെത്തുന്നതിൻ്റേയും
ഒരിക്കൽ മാത്രം തിരിച്ചെത്താത്തതിൻ്റെ
ആനന്ദം അരക്കെട്ടിൽ.
നോക്കിനിൽക്കുമ്പോൾ മനുഷ്യനിൽ,
മനുഷ്യനെന്ന അതേ വാക്കിൽ
മനുഷ്യൻ വീഴ്ച്ചകളുടെ താക്കോലുള്ള കാലുകളുടെ സൂക്ഷിപ്പുകാരൻ
പ്രവാസം പോലെ
ആകാശത്ത്
ഇലകൾ സൂക്ഷിക്കുന്നതെല്ലാം
ഒരു പക്ഷേ ഞെട്ടിനും
സ്വാഭാവികതയ്ക്കും ഇടയിൽ
ഇല അതിൻ്റെ കലഹങ്ങൾ ഇട്ടുവെക്കുമിടം
മരമാകുന്നത് പോലെ
അത്രയും ലളിതം
ചെടി കടന്ന് വള്ളികൾ അലങ്കാരങ്ങൾ
മണ്ണിന്നടിയിലെ ശിൽപ്പങ്ങൾ,
വേരുകൾ മറിച്ചുനോക്കുന്നു
ചിത്രങ്ങൾ വകഞ്ഞ്
ശലഭങ്ങൾ വകഞ്ഞ് ആകാശവും
ഒരു സന്ദർശകൻ്റെ നടത്തം
പൂർത്തിയാക്കുന്നു
ഇലകൾ സന്ദർശനവും
ആകാശം ദൃശ്വവുമാകുന്നിടത്ത്
ഇലകൾ നടത്തം മാത്രം വകയുന്നു
ഉലച്ചിലുകൾ കരുതുന്നു
മണ്ണ് വകഞ്ഞ്
മരം ഉടച്ച്
ദൂരം ഉലച്ച്
ദൃശ്യങ്ങൾ ശിൽപ്പങ്ങൾ പുർത്തിയാക്കുന്നിടത്ത്
ദൃശ്യവും നടത്തവും ഉലയുന്നു
നടത്തം അതിൻ്റെ
അപൂർണ്ണതയുടെ ശിൽപ്പം
നടത്തം കാലുകളിൽ എടുത്തുവെച്ച്
എവിടെയും ചെല്ലാതെ
മനുഷ്യൻ കൊണ്ടുനടക്കുന്നു
ഒരു പക്ഷേ അവരുടേതായ ഇടങ്ങളിൽ
ഇടങ്ങൾ ഇലകളാവുന്നിടത്താണ്
അപ്പോഴും നഗരപിതാവെന്ന കല
ചന്ദ്രനിൽ
തിരിച്ചെത്താത്തതിൻ്റേയും കല
ഇടങ്ങളിലും
മനുഷ്യനല്ലാത്തപ്പോൾ
മരങ്ങളിൽ കാറ്റിൽ ഇലയാവാൻ
പോകുന്നു
ചെടികളിൽ മാത്രം ഉലയുന്നു
മനുഷ്യനിലേക്ക് തന്നെ അടർന്നുവീഴുമോ
എന്ന ഭയത്തിൻ്റെ അറ്റത്ത് നിൽക്കുന്നു
നടത്തത്തിൻ്റെ വിറക് അപ്പോഴും
കാലുകൾ വെറുതേ കീറുന്നു
ക്രിസ്തുമസ് ഒരിലയാണ്
ഡിസംബർ ഒരു മരവും
പിറന്നുവീഴുവാനുള്ള
ഒരു കുഞ്ഞിന് മാത്രം മഞ്ഞ്,
സ്ഥലം ഒഴിച്ചിടുന്നു
മഞ്ഞ് സ്ഥലമായേക്കാവുന്ന കാലം
ശിശിരം ഇലകൊഴിയും ഇടത്തെല്ലാം
ഒരു ഉടൽ
കൊണ്ടുനടക്കുന്നത് പോലെ
തിരിച്ചെത്താതിൻ്റെ കല
ഇലകളിൽ
പരിചയപ്പെടുത്തലുകൾ മാത്രം
അപ്പോഴും മരം ആഗ്രഹിക്കുന്നു
നടത്തങ്ങൾ കഴിഞ്ഞ്
നമ്മൾ നമ്മുടെ കാലുകളിൽ
ഒളിച്ചിരിക്കുന്നു
ഒരാളുമില്ലാതെ
നമ്മുടെ നടത്തങ്ങൾ നടന്നുപോകുന്നു
നടക്കുമ്പോഴും ഇരിക്കുമ്പോഴും
കിടക്കുമ്പോഴും നമ്മൾ നമ്മളുടെ കാലുകൾ പങ്കിടുന്നു
നിൽക്കുമ്പോൾ
ആരുമറിയാതെ നമ്മുടെ നിശ്ചലതയും
എവിടെയുമില്ല കരിയിലകൾ
മൈനകളുടെ ചന്തയിൽ
മൈനകൾ മഞ്ഞയിലേക്കായുന്നു
ഒപ്പം ഇലകളും
മുലഞ്ഞെട്ടുകളിലെ മൈനകൾ
തവിട്ടിൽ നിന്നുലയുന്നു
ഒരു മൈന മുലഞെട്ട് കൊത്തിയിടുന്നിടത്ത് വെച്ച്
ചിറകടികൾ എടുത്തുടുത്ത്
മുലകളുടെ ചിറകടികളിൽ ഇറങ്ങി
എൻ്റെ മൈന
അതിൻ്റെ തവിട്ട് കായുന്നു
മരങ്കൊത്തികൾ
നാരങ്ങയിലെ മൗനം
കൊത്തിയിട്ടേക്കാവുന്നതിൻ്റെ
തൊട്ടടുത്താണ്
എൻ്റേയും മൈനയുടേയും
മുലഞെട്ടുകൾ പറക്കൽ ഒതുക്കിവെച്ച്
നടത്തം നനയുന്നു
മഞ്ഞകൾ നനയ്ക്കുന്നു.
Comments
Post a Comment