Skip to main content

പ്രണയത്തിലേക്ക് കയറിനിൽക്കും രണ്ട് അപരിചിതർ

അപരിചിതത്ത്വം നിലനിർത്തി
പരിചയപ്പെടുകയായിരുന്നു 
അവൾ അപരിചിത എന്നോരു ചിരി ചിരിച്ചു
ഒന്നും മിണ്ടാത്ത ചുണ്ടുകൊണ്ട്
ഞാനതേറ്റുവാങ്ങി

കഴിഞ്ഞ ജന്മത്തെ 
പൊന്മാനായിരുന്നു ഞാൻ
അത്, 
അതിൻ്റെ ജലത്തെ കണ്ടെത്തി
ആഴത്തിനും ഉയരത്തിനും 
ഇടയിൽ നീലനിറത്തിൽ
ഞാൻ തുടർന്നു

അവൾ മൈന 
തവിട്ടുനിറത്തെ എനിക്ക് പരിചയപ്പെടുത്തുവാൻ മറന്നവൾ
എന്ന് പറന്നു
മഞ്ഞ അപ്പോഴും എന്നിൽ 
നിന്നും അവൾ മറച്ചു

എൻ്റെ നാഭി നീല
പൂത്തിട്ട് പന്ത്രണ്ട് വർഷമായെന്ന
കുറിഞ്ഞി എൻ്റെ ഓർമ്മ
കുറിഞ്ഞികൾ പൂക്കുന്ന 
പന്ത്രണ്ട് വർഷങ്ങൾ എന്നിൽ ബാക്കി വെച്ചു ഉടൽ അപ്പോഴും നീലനിറത്തിൽ

അവൾ എൻ്റെ നാഭിയിൽ 
ആഴം കലർത്തി പൂക്കൾ കൊത്തുന്നു
ഞാൻ വിരിഞ്ഞ് തുടങ്ങുന്നു
അരികിലെ തടാകത്തിൽ
ഞാൻ കലരും ഓളങ്ങൾ

അവൾ അവളിൽ ഞാൻ വിരിയും ഋതു

അതിൻ്റെ അപരിചിതത്ത്വങ്ങളിൽ നിന്നും
ഇറുത്തെടുത്ത പനിനീരുപോലെ പ്രണയം
ഞങ്ങൾക്കിടയിൽ നിന്നു
ഒരു പക്ഷേ ഒരൽപ്പം അകന്നു മാറി

അകലങ്ങളുടെ ഇതളുകളുള്ള
പനിനീരുകൾ 
നമ്മുടെ ഭാവികാലങ്ങളിൽ
വന്നു വിടരുന്നു

അലക്ഷ്യമായി സൂക്ഷിക്കാവുന്ന പ്രണയങ്ങളും ഉണ്ട് അവൾ തുടർന്നു
ഒന്നിലും തുടരാത്ത ഒരുവളും 
അവിളിൽ ഒളിച്ചു പാർക്കും വിധം 
അവൾ എന്നെ നോക്കി

നോട്ടങ്ങൾക്ക് തുടർച്ചകൾ
അവയ്ക്ക് കാത്തിരിക്കുന്നവരുടെ ചിത്രങ്ങൾ

ചിരാതുകൾ കൊളുത്തി
കുറുകുന്ന പ്രാവുകൾ
അരികിൽ വെച്ചു അവൾ

അപരിചിതയുടെ ഹൃദയ മിടിപ്പ് സൂക്ഷിക്കുന്ന ഒരുവൾ എന്ന് 
അവളുടെ ഹൃദയം എന്നിൽ വന്ന് കുറുകി

എൻ്റെ ഹൃദയം
പനിനീർപ്പൂക്കൾ സന്ദർശകരായ
പ്രണയ മ്യൂസിയത്തിലെ ശിൽപ്പം
എന്നായി അവൾ

അപരിചിതത്ത്വത്തിൻ്റെ ശിൽപ്പമെന്നോണ്ണം
പ്രണയ മ്യൂസിയങ്ങളുടെ സന്ദർശകർ
എന്ന വിധം അപരിചതരായിരുന്നു
നമ്മൾ 
തുടർന്നുവോ ഞാൻ
മന്ത്രിച്ചുവോ അവൾ

അപരിചിതത്ത്വങ്ങളുടെ കട്ടെടുപ്പ്
വീണ്ടെടെടുപ്പുകൾ ഇട്ടുവെക്കുവാനും
വേണ്ടേ ഒരിടം?

പകൽ, വെളുപ്പാൻകാലങ്ങൾ ഒളിപ്പിക്കുന്നു
അപ്പോൾ രാത്രിയോ
രാത്രി നമ്മളെ എന്നവാം എന്നവൾ

അറിയില്ല എന്ന വാക്കിൻ്റെ
വീണുടയൽ തന്നെയല്ലേ പ്രണയം

പലവട്ടം ഉടഞ്ഞ ഉടൽ
ഒരിക്കൽ കൂടി ഉടയാനുള്ള
വിട്ടുകൊടുപ്പ് 

അപരിചിതത്ത്വം
പ്രണയിക്കുമ്പോൾ മനസ്സ് വെക്കുന്ന ഒരിടം എന്നാവാം അവൾ

നിശ്ശബദ്ത ഇറക്കിവെച്ച കല്ലുപോലെ
ചാരനിറമുള്ള കാലം

മോഷ്ടിക്കുന്നവർക്ക് എപ്പോഴും ധൃതിയാണ് എന്നവൾ
ഞാൻ പ്രണയം മോഷ്ടിച്ചുവോ
എന്ന് സംശയിക്കുവാനൊരുങ്ങും ഞാൻ

പ്രണയത്തിൻ്റെ മോഷണമുതൽ പോലെ
അവൾ

ശരിക്കും സമയം മോഷ്ടിക്കുന്നത്
പോലെ ഞാൻ അവളെ മോഷ്ടിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

ഒരു കുമ്പിൾ ഉടൽ

പൂർത്തിയാക്കുവാനായില്ല ഇന്നലെ, ഇന്ന് കൊടുക്കാമെന്നേറ്റ ആകാശം കെട്ടിക്കിടപ്പാണ് ചുറ്റിലും  ഇറക്കുമതി ചെയ്ത ശൂന്യതയുടെ അസംസ്കൃതവസ്തുക്കൾ കുറവ് വന്നേക്കും  ഒരിത്തിരിയാകാശം എന്ന മുന്നറിയിപ്പ്  കിളികൾക്ക് ഒഴിച്ചുകൊടുക്കുന്നു മേഘങ്ങളോട് മിണ്ടാതിരിക്കുന്നു പൂക്കൾ കാട്ടി എല്ലാ ശലഭങ്ങളിൽ നിന്നും  മുന്നറിയിപ്പുകൾ മറച്ചുപിടിക്കുന്നു പനിക്കിടക്കയിൽ പോലും ഒരു മുന്നറിയിപ്പായിട്ടില്ല നാഭി പൂർത്തിയായിട്ടുണ്ട് മതങ്ങൾ പൂർത്തിയാക്കുവാനിയിട്ടില്ല ഇനിയും മതേതരത്വം പൂർത്തിയായ മതങ്ങൾ അക്കാര്യം രാഷ്ട്രത്തിൻ്റെ തലക്കിട്ട് കൈയ്യും കെട്ടി നോക്കിനിൽക്കുന്നു മതേതരത്തത്തിന് വേണ്ടി പ്രവർത്തിച്ച മതങ്ങൾ മനുഷ്യർ അത് അവർ  ജാതി ചോദിക്കുമ്പോഴും ചോദിച്ച് വാങ്ങുന്നില്ല  അവർക്ക് അർഹമായ ബഹുമാനം തല കുമ്പിടുന്ന ഭംഗി എന്നാണിപ്പോൾ കുത്ത് വാക്ക് അതും ഈർക്കിൽ പോലെ തുളച്ച് കയറുമ്പോഴും മഴക്കു മുമ്പും കുമ്പിൾ മഴക്ക് ശേഷവും കുമ്പിൾ രണ്ടും ഒരു പക്ഷേ കേടാകാതെ ഇനി കേടാവുമോ മനസ്സ് അറിയില്ല മതേതരത്തത്തിൻ്റെ തൂങ്ങിക്കിടപ്പാണ് അതും മതങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കാനൊന്നും വയ്യ  അതും ഒരു വായനയിലും കടിച്ചുതൂങ്ങി പ...