Skip to main content

ഒരു നാട് അതിൻ്റെ ഒരു ഓർമ്മ പെയ്ത്ത് ഭാഷയെ അനുവദിക്കുന്ന വിധം



1

അവൾക്കിഷ്ടമുള്ള സങ്കൽപ്പവുമായി
എൻ്റെ മീനുകളുടെ മൺകുടം
അവയുടെ കാത്തിരിപ്പുകളുടെ
നീന്തികടപ്പ്

കടവിലെ പടവുകൾ 
അവൾ നടന്നുകയറുമ്പോൾ
അവളുടെ തള്ളവിരലിൽ നിന്നും തെറിക്കും 
മീനിൻ്റെ ആകൃതിയുള്ള നിയമങ്ങൾ
അവൾ അത്
നടന്ന് തെറ്റിക്കും വിധം

നീന്തലുകൾ മീനുകൾ ഇട്ടുവെക്കും
ജലത്തിൽ
നീന്തലുകൾ തെറ്റിക്കുന്ന മീനുകൾ
അവളുടെ നടത്തം ജലത്തിൽ
തൊട്ടുവരും വിധം
അത് പാലിക്കാത്ത മീനുകൾ
നീന്തലുകൾ ഉടലിൽ കലർത്തും വിധം

മൺസൂൺതണലിൽ കയറി നിൽക്കും
മേഘം
ഉടലിൻ്റെ വാഴപ്പോളയിൽ
ഇട്ട് കെട്ടിവെക്കും
ജീവൻ എന്ന വാക്ക്

ഇടവപ്പാതിക്കാടിൽ
അച്ചടക്കപ്പെയ്ത്തുള്ള ഒരു മൃഗം
പതിയേ മഴയാകുന്നതാവണം

പകൽ നുറുങ്ങുകൾ
പെയ്ത്തനുകൂലികളുടെ പ്രകടനം,
മഴയും കടന്ന് പോകുന്നു

പെയ്ത്തുടലിനേ, 
അതിൻ്റെ അച്ചടക്കത്തേ
വീടിനോട് ചേർന്ന്
മുറ്റവും വാരിയും 
നട്ട് കെട്ടിവെക്കുനിടത്ത് ഓരോ തുള്ളിയേയും
മഴ നക്കിത്തുടയ്ക്കുന്നു

പാക്കുവെട്ടികൾ 
അടക്കനുറുക്കുന്നത് പോലെ 
പിന്നെ ഒരു കഷ്ണം മഴ
അതിൻ്റെ ഛന്നം പിന്നം
അതിൻ്റെ പെയ്ത്ത് നുറുക്ക്
ഒരു കഷ്‌ണം ചരിത്രം എന്നിവ 
അതിൻ്റെ അരികിൽ
മുറിച്ച് വെയ്ക്കുന്നു

നടക്കുന്തോറും തിടമ്പ് പെയ്യും
കൊമ്പൻ
കത്തിച്ച് വെച്ച രണ്ട് തീവട്ടികൾക്കിടയിലൂടെ
ഒരു ശീവേലിയുടെ ശാന്തതയിലേക്ക്
നടന്നുകയറി പിന്നെ കടന്നുപോകും വിധം

വേനലേ ഏറ്റവും ലളിതമായ കാലമേ
എന്ന ഋതുവികാരധാര
മൊട്ടുകളുടെ വിരൽതട്ടലറിയാതെ
പൂക്കളുടെ മൃദംഗങ്ങൾ
ഇട്ടുവെക്കുന്നുണ്ടാവണം
നിറങ്ങളിൽ 

മുലഞെട്ടുകളുടെ സൂര്യൻ പൊള്ളിക്കും
നെഞ്ചുകൾ
എല്ലാ നുണഞെട്ടുകൾക്കും 
വാ തുറക്കുന്നു

പകൽഞെട്ടുകളുടെ പരതലാണ്

കിലുക്കം മുറിഞ്ഞ ഒരു ചങ്ങല
തെങ്ങിൻ ചുവട്ടിൽ ബാക്കിയാവും
കാലം

ശബ്‌ദം വെച്ച് 
പൊടുന്നനെ വന്നടയാനുള്ള ഒരു ജനൽപ്പാളിയുടെ
ആഗ്രഹം
അരികിൽ മുറിച്ച് വെക്കുന്നു
മനസ്സ് മാത്രം വന്നടയുന്നു!

2

മീനുകൾ ജലത്തിൽ വൈകുന്നു
ജലം സമയമാകും വിധം
മീനുകൾ ജലം കൊത്തിയഴിക്കുന്നു
കണ്ടെടുക്കുന്നുണ്ടാവുമോ
സമയത്തിൻ്റെ നാനാർത്ഥങ്ങൾ 

ഒഴുക്കിൻ്റെ മുലക്കച്ചകൾ
ജലത്തിൽ തൊടുമ്പോലെ
സമയത്തിൻ്റെ മുലക്കച്ച മീനുകൾ
കൊത്തിയഴിക്കുന്നു
ജലം മുലക്കച്ച നഗ്നത എന്നിവയിൽ
മീനുകൾ സമയമെടുത്ത് ഇടപെടുന്നു

നാഭികൾ പൊങ്ങിക്കിടക്കും
ജലത്തിൽ
മുലഞെട്ടുകളുടെ കൊത്തിയഴിപ്പാണ്
ഒരു വാക്കുമില്ലാതെ അത് തടയും ഭാഷ
മീനുകൾ അപ്പോഴും ജലത്തിൽ
മാതൃഭാഷ തിരയുന്നു

ദേശവും ഭാഷയും നീന്തി 
മീനുകൾ മനുഷ്യരെ മറികടക്കുന്നിടത്ത്
ഓരോ വാക്കിനും നേരെ
മാറിൽ കിടക്കും മീനുകൾ വാ തുറക്കുന്നു 
ചുണ്ടുകൾ നീട്ടുന്നു 
നാവുകൾ നനയ്ക്കുന്നു

എൻ്റെ പെയ്ത്ത് ഭാഷയെ 
നിരന്തരം നനയ്ക്കും ദേശവും കാലവും
പകലിന് താഴേക്ക് പെയ്യും
ഉടലിൻ്റെ കലർപ്പുള്ള മൺസൂണുകൾ

കാൽപ്പനികതകളേ അനുവദിക്കുന്ന
മാസമേ
കതിരുകൾ നിറയേ ജലം നിറയും
ഒരിലയും ഇറുക്കാത്ത 
കൃഷ്ണതുളസിച്ചെടിയാണ് ജൂൺ എന്ന് സങ്കൽപ്പിക്കുവാൻ
എന്നേ അനുവദിക്കൂ....

Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!