ഓണബുദ്ധൻ നിറങ്ങൾ ഉപേക്ഷിക്കുന്ന ഇടം
ഓണം ചാരി ഭാഷക്ക് പുറത്തിറങ്ങി
ഒരു വാക്കാവും മാവേലി
മഹാബലിയെ ഉണർത്താതെ
വാക്കുകളുടെ കനമെടുക്കാതെ
വശങ്ങളിലൂടെ
പൂക്കളുടെ കാലടിപ്പാടുകളുള്ള
ഓണം കടന്നുപോകുന്നു
ഓരോ നിറങ്ങൾക്ക് മുന്നിലും
കാലടികളുടെ ഇലയിട്ട് അപ്പോഴും മാവേലിയിരിക്കുന്നു
ഏറ്റവും പഴക്കമുള്ള നിലാവൊഴിച്ച്
പതിവ് പോലെ ഒരു രാത്രി ഓണമെടുക്കുന്നു
പുഴ ഒരു വെള്ളാരംങ്കല്ലിൻ്റെ അതിഥിയാവുന്നിടത്ത്
ഇനിയും നൂൽക്കാത്ത നൂലിൻ്റെ
ഓണനൂൽ ചർക്കകൾ
ഇനിയും ചവിട്ടിതാഴ്ത്താത്ത കാലടികളുടെ
നെയ്ത്തുകാരനാവും മാവേലി
മാവില മണം
പൂക്കുല താളങ്ങൾ
അന്തിത്തിരി ഉരുകലുകൾ
ഇനിയും ഓണം ആഘോഷിക്കാത്ത
നാലുമണിപ്പൂക്കളുടെ
വിരിയുന്ന തിരക്കിന്നരികിൽ
വിരിയുന്നതിൻ്റെ ആവർത്തനങ്ങൾ,
ഓണമെണ്ണുന്നു
മാവേലി, ഒപ്പം അയാളുടെ
ഓണക്കല്ലെടുത്തു തഴമ്പിച്ച
വാമനൻ തുമ്പിയും
കാലുകളുടെ തീർത്ഥം ഓരോ പൂക്കളും
നിറങ്ങളിൽ ഏറ്റു വാങ്ങുന്നിടത്ത്
ശംഖ് ആകൃതിയുള്ള കാലത്തെ
ശബ്ദം കൊണ്ട് പുതുക്കിപ്പണിത്,
ആഘോഷിക്കാതെ പോയ ഓണത്തിൻ്റെ നിശ്ശബ്ദതയിരിക്കുന്നു
അലിയുന്ന കൂടത്തിൻ്റെ തമിര്
തീയുടെ ചൂട്
തൻ്റെ ശബ്ദത്തിനരികിൽ
അനാദികാലങ്ങളുടെ
ഓണക്കൊല്ലൻ
ഏത്
വിഷാദത്തിൻ്റെ അതിഥിയാവും
ഇത്തവണയും ഓണം?
ഗൃഹതുരത്വത്തിന്റെ ഓണമഞ്ഞ ❤️
ReplyDelete💕 ഗൃഹാതുരത്ത്വത്തിൻ്റെ മാരക വേർഷനും
Delete