Skip to main content

വിഷാദിയുടെ കാലടികൾ

കാലടികൾ കൊണ്ട് എന്തൊക്കെ ചെയ്യാം 
കാലടികൾ കൊണ്ട് ദൂരമുണ്ടാക്കാം
അതിലൂടെ നടക്കാം
എന്നൊക്കെയായിരുന്നു ധാരണ

എങ്കിലും ഞാൻ കാലടികൾ കൊണ്ട്
സ്ലേറ്റുണ്ടാക്കാം
അതിൽ നടത്തം എന്നെഴുതാം
എന്ന് കരുതി

രണ്ട് താളുകളായി കാലടികൾ

മഴ പെയ്യുമ്പോൾ
മഷിത്തണ്ട് ചെടിയാവും ഉടൽ
അരക്കെട്ടിൻ്റെ കുത്തിക്കെട്ടുള്ള
നടത്തത്തിൻ്റെ പുസ്തകം
എന്ന് മഴ,
തുള്ളികളിൽ തിരുത്തി 

ഓരോ മഴയത്തും
മഴക്കാലത്തും വഴിയിൽ വീണു കിളിർത്തു

ഉടലാകെ നടത്തത്തിൻ്റെ തളിര്
ഞാൻ നടത്തത്തിൻ്റെ ആൽബം സൂക്ഷിക്കുന്ന ഒരാൾ

ഇപ്പോൾ എനിക്ക് കഴിയുന്നു,
ആകാശം ഒരു സസ്യമല്ല എന്ന്
പക്ഷികൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ

പക്ഷികൾ മനസ്സ് സൂക്ഷിക്കുവാൻ എന്നെ ഏൽപ്പിക്കുന്നു
ചിറക് എൻ്റെ നോവല്ല എന്നായി
പക്ഷികൾ

ഹൃദയത്തിൻ്റെ വള്ളിച്ചെട്ടിക്ക് പടരുവാൻ
മിടിപ്പിൻ്റെ മരം നട്ടതിന്നരികിൽ
പക്ഷിക്കൊതി കൊണ്ട് നിർമ്മിച്ച
ആകാശം കട്ടെടുക്കുകയായിരുന്നു
അതും ഒരു പക്ഷിപ്പൊതി വെയ്ക്കുവാൻ

ആകാശത്തിൻ്റെ ദയ എന്ന 
പക്ഷിക്കിടാൻ വെച്ചിരുന്ന പേര്
കട്ടെടുക്കും പക്ഷിക്കുടുക്കകൾ

കട്ടെടുപ്പുകളുടെ കുടുക്ക
അരക്കെട്ടുകൾ കൊണ്ട് പൊട്ടിക്കുന്നു
ഒരു നടത്തം എടുക്കുന്നു

ചുണ്ടിൽ ഒലീവില പോലെ
ആകാശത്തിൻ്റെ തളിര് 
ഇപ്പോൾ പക്ഷികളിൽ

2

ഓരോ ആമ്പൽകാലവും ജലത്തിൻ്റെ
അച്ചുതണ്ട് കൊണ്ട് അലങ്കരിക്കുന്നു

അസ്തമയത്തിൻ്റ പരസ്യപ്പലകയാവും
സൂര്യൻ
ഇരുട്ടിൻ്റെ ഓരം ചേരും രാത്രി

അരികിൽ
വിഷാദത്തിൻ്റെ മജ്ജയും 
മാംസവും ഉള്ള
പെൺകുട്ടിയാവും അവൾ

മുമ്പ് എന്ന വാക്ക് പോലെ 
വൈകുന്നേരം
വൈകുന്നേരത്തിന് മുമ്പേ കെട്ടിക്കിടക്കും ഇടം

കൗതുകം ഒരരയന്നം അത് ജലം തിരയും
ശബ്ദം കാതിൽ
ചതുരംഗത്തിലെ കളങ്ങൾ പോലെ
വിരിയുന്ന പൂക്കൾക്ക് കൗതുകം
കൊണ്ടൊരു ചെക്ക്,
ജലത്തിൽ വെക്കുന്നു

ജലസേചനം എന്ന വാക്കിൽ തട്ടി
സൂര്യകാന്തികളിലേക്ക് ജലം 
ഇതളുകളിൽ തേവുന്നത് പോലെ
വിഷാദസേചനം എന്ന വാക്ക് 
ഓരോ പൂക്കളിലേക്കും തേവുന്നു

പകലിൻ്റെ തോന്നലേ എന്ന് സൂര്യനേ
വിളിക്കുവാൻ തോന്നുന്നു
വിഷാദത്തിൻ്റെ പുതുപുത്തൻ ചാല് കീറുന്നു

എൻ്റെ പൂക്കൾക്ക്
അസ്തമയത്തിൻ്റെ വള്ളികൾക്കറ്റത്ത്-
പോയി പൂക്കാൻ തോന്നുന്നു
വിഷാദം തോന്നലിൽ
അപ്പോഴും അടക്കിപ്പിടിക്കുന്നു

വിരിയുന്ന ആമ്പൽച്ചുവട്ടിൽ
അസ്തമയവാദികൾ
വൈകുന്നേരം ഒരു കരു
അത് കൊണ്ട് തോന്നലിന് ഒരു ചെക്ക്

വെളിച്ചത്തിൻ്റെ പാവ വെച്ച് കളിക്കും
കുട്ടിയാവും സൂര്യൻ
സൂര്യനിൽ നിന്നും വിഷാദം തട്ടിപ്പറിക്കുന്നു

വെളിച്ചത്തിൻ്റെ ഒച്ച വെക്കും
ഒരു സൂക്ഷമജീവിയാകും പകൽ എന്ന ധാരണ തിരുത്തുന്നു

ചില്ലിൻ്റെ നൂലേണിപ്പഴുതിലൂടെ കൗതുകം
അസ്തമയത്തിൻ്റെ വല നെയ്ത്
വിഷാദിയായ ചിലന്തിയായി
ഇരിപ്പായി സൂര്യൻ

അസ്തമിക്കൂ എന്ന പദം
വിഷാദത്തിൻ്റെ പടുകൂറ്റൻ
പരസ്യപ്പലകകളിൽ ഇട്ടുവെക്കുന്നു

വിഷാദത്തിൻ്റെ പരസ്യപ്പലകൾ, നിയോൺലൈറ്റുകൾ കൊണ്ടലങ്കരിക്കുന്നു

ഇരുട്ടിലേക്ക് വീഴും മുമ്പ്
ഒരു നഗരം മുഴുവൻ വിഷാദത്തിൻ്റെ
പരസ്യം വെയ്ക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

ചന്ദ്രന്റെ പരീക്ഷ

എത്ര രാത്രികൾ നിലാവത്ത് ഉറക്കമൊഴിഞ്ഞ് പഠിച്ചിട്ടും പൌർണമി പരീക്ഷയ്ക്ക് വെട്ടത്തിന് ഉയർന്ന നിലയിൽ വിജയിച്ചിട്ടും  അമാവാസി പരീക്ഷയ്ക്ക് ഇരുട്ടിന്റെ  മാർക്ക് ചന്ദ്രന് എന്നും വട്ട പൂജ്യം