Skip to main content

കൗതുകത്തിൻ്റെ കലപ്പകൾ

ജീവിതത്തോടുള്ള കൗതുകം നഷ്ടപ്പെടാതിരിക്കുവാനായി വേണ്ടി മാത്രം

കൗതുകം, 
ഇനിയും ഒട്ടിക്കാത്ത 
ഒരു വശം, ഒരു മൂല ജലമായ സ്റ്റാമ്പായി,
സങ്കൽപ്പിച്ചു നോക്കി

മേൽവിലാസങ്ങളുമായി, 
കലഹിക്കും
ഒരു തപാൽ ഉരുപ്പടിയാകും 
ദുഃഖം.

പതിയേ
പ്രണയസുഷിരങ്ങളുള്ള ഒരു സ്റ്റാമ്പായി

നനഞ്ഞാൽ ഒട്ടാവുന്ന പശ,
ഒരു വശത്ത്
ജലത്തിൻ്റെ പതിവുകൾ 
മറുഭാഗത്ത്

ഒരു മേൽവിലാസമായിരുന്നോ ഭ്രമണം
ഒരു തപാൽഉരുപ്പടിയായിരുന്നോ ബുദ്ധൻ എന്നൊക്കെ സംശയിച്ചു നോക്കി

പ്രണയത്തിൻ്റെ തീപ്പൊരി ചിതറും ഇടങ്ങളിൽ
ചുണ്ടോട് ചേർത്ത് 
ഒരു പിൻകഴുത്ത്,
വെൽഡ് ചെയ്ത് ചേർക്കാവുന്ന വിധം
കൗതുകങ്ങളുടെ വെൽഡറാവുകയായിരുന്നു

കുരുവി അതിൻ്റെ ചുണ്ടിനെ
പൂക്കളോട് ചേർക്കുമ്പോൾ
അരക്കെട്ടിൻ അരികിലേ
വിരിഞ്ഞ ചെമ്പരത്തികൾ
കൗതുകങ്ങളിലേക്ക് ചിതറും
വിധം

അവൾ ടാറ്റുവിൻ്റെ ചകിരിയിൽ
പിൻ കഴുത്തിൽ ഓർക്കിഡ് പുഷ്പങ്ങൾ നട്ടുവളർത്തുന്നവൾ

ചകിരിയും ടാറ്റുവും 
ഓർക്കിഡ് പുഷ്പനിറങ്ങളിൽ
അവളുടെ പിൻകഴുത്തിൽ
വന്ന് വിരിയുന്നു

ധ്യാനത്തിൻ്റെ ടാറ്റു ചെയ്ത ബുദ്ധൻ
ആകാശത്തിൻ്റെ ടാറ്റു ചെയ്ത
അവളുടെ നാഭിക്കരികിലെ കിളി

ഇലകൾ വകഞ്ഞ് 
അടിവയറിനോട് ചേർന്ന് അതിൻ്റെ ചേക്കേറൽ ചില്ലകൾ
ചേക്കേറാൻ നേരം അവൾ പക്ഷിക്ക് മന:പൂർവ്വം എന്ന വണ്ണം
വാക്കുകളുടെ കലഹമൂട്ടുന്നു
ചില്ലയുലയ്ക്കുന്നു

അടിവയറ്റിൽ അവൾ അത്
ചില്ലകൾ പകുത്ത് കൗതുകം ചേർത്ത്
പച്ചകുത്തുന്നു
ചുണ്ടിൻ്റെ, തൂവലുകളുടെ ടാറ്റു ചെയ്ത
പക്ഷിയാവും സമയം

പൂക്കൾ ചെയ്യും വിധം
അതിൻ്റെ ഇടങ്ങളിൽ ടാറ്റുവാകുന്നുണ്ടാവും തേനും

എനിക്കൊരു ചില്ല
കുരുവിക്കൊരു ചില്ല എന്നവൾ

കൗതുകമേ
ഞാൻ ഒരു കുരുവിയല്ല
എന്നിട്ടും ഞാൻ 
കൗതുകത്തിനായി മാത്രം
തൂവലുകൾ അഴിയും
കുരുവിക്കുപ്പായങ്ങൾക്കരികിൽ
അവൾക്കുമൊപ്പം
കുരുവികൾക്കുമോപ്പരവും
ഞാൻ ചേക്കറലുകൾ പരിശീലിക്കുന്നു

കിളികളുടെ ചേക്കേറൽ മാഫിയ
അവകളിലെ കലപിലകളുടെ ടാറ്റു

തിരുക്കുറൽ കുറുകും ഇടങ്ങളിൽ
വൈകുന്നേരങ്ങൾ വൈകും വിധം
നാല് മണികളുടെ ചിതറൽ

ഉപയോഗിക്കാവുന്ന വിധം
ഭാഷ ലളിതമാകുമ്പോൾ
മിടുപ്പുകളുടെ ലിപികളിൽ
മാറിടം ഭാഷയാകുന്നു
അവൾ മാറിടം ചാരുന്നു
കാത് കൗതുകത്തോട് ചേർക്കുന്നു

നാലുമണികളിൽ നിന്നും 
അന്നും മൈനകൾ വൈകിപ്പുറപ്പെടുന്നു
ചുണ്ട് നനച്ച്
കൗതുകത്തിൻ്റെ കാതിൽ,
നീയും എന്നെഴുതിയാൽ
നീയും മൈനയായി എന്നവൾ

സൂര്യൻ്റെ വേനൽച്ചാറ്
കാൽ നനയാതെ പക്ഷികൾ,
ആകാശം കടക്കും വിധം
പക്ഷിയുടെ ഉയർത്തിപ്പിടിച്ച കാലുകൾ

നീല ഒരു കാലാണെങ്കിൽ
ആകാശം ഒരു പാവാടയാകുന്നു
ശബ്ദവും രോമവും ഇടകലരും
ഇടങ്ങളിൽ,
എവിടെ
ശബ്ദം ഇറ്റിതോർന്ന കൊലുസ്സുകൾ?
എന്നെൻ്റെ കൊറ്റികൾ!

when rain becomes a declaration
'Comfortably wet'
it becomes a choice whether to rain
or wet

ചന്ദ്രൻ്റെ കലപ്പ
ശൂന്യതയിൽ ആകാശം കൃഷി ചെയ്യുന്ന
പക്ഷികൾ
നീലയുടെ ആദ്യ ഇല
അതിൽ തൊടും പക്ഷികൾ
എന്നെൻ്റെ കൗതുകത്തിൻ്റെ കലപ്പകൾ!

Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!