കസേരക്കാലുകൾ ഉരച്ച്
സമയത്തിന് തീ കൊളുത്തി
അപ്പോൾ ഉണ്ടായ പ്രകാശത്തിൽ
ഇരുന്നു
ജനിച്ചുവീണ കുഞ്ഞിനെ പ്പോലെ
തെരുവിന്നരികിൽ
നഗരം
പുകവലിച്ച പുക പോലെ പൂച്ച
ഉടലിനെ അതിൻ്റെ തവിട്ട് കലർന്ന ചാരനിറത്തിൽ ഉരുമി
ഒരു മുറി അത് ഇരിക്കുന്നയാളെ
ഉരുമുവാനെടുക്കുന്ന നേരം
വീടാകുന്നു
ഇരിക്കുവാനെടുക്കുന്നു
നിലവാരമുള്ള നിശ്ശബ്ദത,
പുലർത്തുകയായിരുന്നു നഗരം
പാട്ടില്ല മുദ്രാവാക്യങ്ങളില്ല
കാതടപ്പിക്കുന്ന ശബ്ദങ്ങൾ
എങ്ങുമില്ല
കാതിൻ്റെ തന്നെ ആവശ്യമില്ലാത്ത
വിധം നിശ്ശബ്ദത
മനുഷ്യരുടെ തന്നെ ആവശ്യമില്ലാത്ത
വിധം നഗരം കാലത്തിന് മുന്നിൽ
മുട്ടിലിഴയുന്നു
നഗരം ചെതുമ്പലുകൾ കളഞ്ഞ്
സമയ നിഷ്ഠത വരഞ്ഞ്
വൃത്തിയാക്കി വെച്ചിരിക്കുന്ന
മീനാകുന്നു
വൈകുന്നുണ്ട് എന്നാലും
ഏത് നിമിഷവും
വെളിച്ചത്തിൽ ഇട്ട്
വറുത്തെടുത്തേക്കാം
എന്തും ചവിട്ടിക്കെടുത്താവുന്ന
കാലമാവണം
ഒരു പാട്ട് മുന്നിൽ
താഴെ ഒരാൾ
അതും സാധാരണക്കാരൻ
കേട്ട് തീരാറായ പാട്ടിൻ്റെ ഈണം
കാണാവുന്ന വിധം
നിലത്തിട്ട്
ചവുട്ടിക്കെടുത്തുന്നു.
ഒരു പക്ഷേ ക്ഷമയുടെ അറ്റമാവണം!
Comments
Post a Comment