Skip to main content

തൽസമയം നീലനിറം

കാട് സ്വന്തമായുള്ള
അമ്പ് കടം വാങ്ങിയ വേടൻ
ദേഹത്തിൻ്റെ തിരിച്ചടവ് മുടങ്ങിയ
ആത്മാവ് സ്വന്തമായുള്ള കൃഷ്ണൻ

വയസ്സായ കാലുകൾ
വയസ്സായ പീലികൾ
ഓരോ നോക്കിലും വയസ്സാവും ധർമ്മവും

പ്രായത്തിൻ്റെ അമ്പുകൾ കൃഷ്ണനേ
ഉന്നം വെക്കുന്നു
അപ്പോഴും ലക്ഷ്യം  പ്രായം 
എന്നിങ്ങനെ സാധൂകരണങ്ങൾ

കൃഷ്ണന് മുന്നിൽ 
മാനെന്നും വേടനെന്നും 
കുലയ്ക്കപ്പെടും അമ്പുകൾ

കൃഷ്ണൻ തൽസമയം ഇര 
വേട്ടക്കാരൻ എന്ന തരിശ്ശ്

2

പ്രായത്തിൻ്റെ അമ്പുകൾക്ക് 
വേടനും കൃഷ്ണനും
ഒരേസമയം മൂർച്ചകൂട്ടുന്നു
അരികിൽ കാഴ്ചക്കാരനാകും വേട്ടക്കാരൻ

ദാഹത്തിൻ്റെ ഭാഷയിൽ 
ചിറകടിക്കും വേഴാമ്പലുകൾ
കൃഷ്ണൻ അതിൽ
ഇനിയും ഉയരാത്ത
ഏതോ വേഴാമ്പലിൻ ചിറക്

3

പഴക്കമുള്ള കാലുകൾകൊണ്ട്
കൃഷ്ണൻ,
വെച്ചുതീരാത്ത നൃത്തംവെയ്ക്കുന്നു
അതിൻ്റെ ചലനങ്ങളിലേക്കും
മുദ്രകളിലേക്കും ചാരി,
അതിൻ്റെ നിശ്ചലതക്കും അരികിലിരിക്കുന്നു

വേടനിൽ നിന്നും വേട്ടക്കാരനിലേക്ക്
ഇനിയും പുറപ്പെടാത്ത ഒരമ്പിൻ്റെ
അകലം
വില്ലിൻ്റെ ഞാണൊലി

ഇനിയും കൊള്ളാത്ത ഒരമ്പിൻ്റെ
ദൂരം ഒപ്പം ഭാരവും
കൃഷ്ണൻ വഹിക്കുന്നു
ഇനിയും പുറപ്പെടാ അമ്പിൽ ചാരി
വേട്ടക്കാരനും നിൽക്കുന്നു

4

എല്ലാ ചലനങ്ങളും കഴിഞ്ഞ്
ലക്ഷ്യവും നിശ്ചലതയും കഴിഞ്ഞ് 
ഓരോ അമ്പും ചെന്ന് എത്തിനോക്കും 
മനുഷ്യനിലെ മുറിവുകൾ
അതിൻ്റെ കൂർത്തമൂർച്ചകൾ

ദൈവത്തിൽ നിന്ന്
മനുഷ്യനിലേക്കന്ന വണ്ണം 
അമ്പുകൾ പായുന്നു
പലപ്പോഴും അതിൻ്റെ 
ലക്ഷ്യമെടുക്കാതെ മൂർച്ചയെടുക്കാതെ
ചിലപ്പോഴെങ്കിലും അമ്പുകൾ, 
തൊടുക്കും മുമ്പ് പിഴക്കുന്നു

5

തൊടുത്തതിന് ശേഷം 
കൂടുതൽ പ്രായമാകും അമ്പുകൾ
കൂടുതൽ ചെറുപ്പക്കാരനാകും
വേടനും
വേട്ടക്കാരനും

കാളിന്ദി നദിയിൽ
യമുനയിൽ അതിൻ്റെ കൈവഴികളിൽ
രൂപപ്പെടും
ഏറ്റവും പുതിയ പുളിനം
പുളിന്നത്തിന്നരികിലിരിക്കും നദി
എന്ന് ജീവൻ ഓളങ്ങളിൽ ചാഞ്ചാടും കൃഷ്ണനും

6

ചെസ്റ്റ് നമ്പരില്ലാതെ
പങ്കെടുക്കുവാൻ നൃത്തമില്ലാതെ
കാണുവാൻ കാണികളില്ലാത്ത 
വേദിയിൽ
ഏകനായി കൃഷ്ണൻ
തലയിൽ, ഏകാന്തത പുതുക്കിപ്പണിയും പീലിയും

നാടോടിനൃത്തങ്ങളിൽ നിന്നും
പുറത്തിറങ്ങി
മരണത്തിന്നരികിൽ
വിധികർത്താവായി 
കസേര നീക്കിയിട്ടിരിക്കും വേടൻ
ഒരു പക്ഷേ ജീവിതത്തിനും
വളരെ അകലെ 
വിശപ്പിന്നരികിൽ വേട്ടക്കാരനും

ഒരു പക്ഷേ ഇരിക്കുന്നതിനും മുമ്പ് 
തെറ്റിദ്ധാരണകളിലേക്ക്
കൂടുതൽ ചരിഞ്ഞത്
പരബ്രഹ്മത്തിലേക്ക്
ഒന്നുകൂടി അടുത്തത്

അതേസമയം കൃഷ്ണൻ
മനുഷ്യനിലേക്ക് ഒന്നുകൂടി ചാഞ്ഞത്
തന്നിലേക്ക് ഒന്നുകൂടി ചരിഞ്ഞത്

7

അമ്പ് അവസാനിക്കുന്നിടത്ത് നിന്ന് വേടനും വേട്ടക്കാരനും പിന്നെയും തുടങ്ങുന്നു

വിരലും കഴിഞ്ഞ്
അമ്പിലേക്ക് വേടനൊപ്പം
വേട്ടക്കാരനും തുളുമ്പുന്നു
കറുപ്പിൻ്റെ തുളുമ്പലിൽ വേടൻ.
വേട്ടക്കാരൻ്റെ കണ്ണിൽ കൃഷ്ണൻ

വേടൻ്റെ കണ്ണിൽ നിരന്തരം പുതുക്കപ്പെടും  കൃഷ്ണനും മാനും

കറുപ്പിനും നീലക്കും ഇടയിൽ
കൃഷ്ണനും വേടനും
ഒരേ സമയം വരും മുഖാമുഖം

അമ്പ് ഒരു മാർഗ്ഗം മാത്രമാവുന്നു
മാർഗ്ഗമായി അത് തുടരുന്നു
ലക്ഷ്യത്തെ അത് 
എന്നന്നേയ്ക്കുമായി തമസ്ക്കരിക്കുമോ
എന്ന് കൃഷ്ണനും വേട്ടക്കാരനും
ഒരേ സമയം സംശയിക്കുന്നു
നിസ്സഹായനാവും വേടൻ ഇടയിൽ

ഇപ്പോൾ വേടൻ ശ്വസിക്കും,
കൃഷ്ണൻ സംശയിക്കും ശബ്ദം
വേട്ടക്കാരൻ അപ്പോഴും അമ്പ് കുലക്കുന്നു

8

കടമ്പ്,
ഏറ്റവും പുതുക്കപെടുന്ന നിറത്തിൽ 
കൃഷ്ണനിലേക്ക് മാത്രം കൊഴിയുന്നു അത് അതിൻ്റെ തന്നെ നിറത്തെ
സംശയിക്കും വിധത്തിൽ പൂത്തിട്ടുണ്ടാവണം അന്ന്
ഉറപ്പൊന്നുമില്ല വേടന്
ഉറപ്പുണ്ടാവണം കൃഷ്ണന്

വേടൻ കൂടുതൽ കറുക്കുമ്പോഴും
കൃഷ്ണൻ അമ്പിനെ വെളുപ്പിക്കുന്നു
ഒതുക്കങ്ങളിൽ കൃഷ്ണൻ,
അല്ലികളുടെ അമ്പുകളുള്ള
ഒരു നീലനാരങ്ങ.

കൃഷ്ണന് അപ്പോഴും
പുതിയൊരു അമ്പ് ചായും മാറ്.
അകലങ്ങളിൽ അസ്തമയം പുതുക്കും
സൂര്യനും

ഏറ്റവും പുതുക്കമുള്ള 
ഒരു മാനുടലിലേക്ക് 
അമ്പു പുരണ്ട് 
ഒന്ന് ചാഞ്ഞിട്ടുണ്ടാവണം കൃഷ്ണൻ

സംശയിച്ചിട്ടുണ്ടാവുമോ വേടൻ
ശ്രമിച്ചിട്ടുണ്ടാവുമോ വേടൻ 
പിടിച്ചുനിൽക്കുവാനെങ്കിലും
അമ്പിന്നപ്പുറം
അന്നുമുതൽ ഇന്നുവരെ?

അത്തിപ്പഴക്കം മുദ്രകൾ
തത്തപ്പഴക്കം കാട്
കറുത്ത പഴക്കങ്ങളുമായി കാക്കകൾ

ഇനിയും അവസാനിച്ചിട്ടില്ലാത്ത
അമ്പ് പുറപ്പെടും ശബ്ദം
കൃഷ്ണൻ്റെ കൺപീലിയിൽ

9

സ്വതന്ത്രമായിട്ടുണ്ടാവുമോ 
വേടൻ്റെ വിരൽത്തുമ്പ്
തന്നിലേക്ക് കൊണ്ട അമ്പിൽ നിന്നും പിന്നെ എന്നെങ്കിലും

ഒരു പീലിയാഴം മിഴി
വേടൻ്റെ മാറിടയാഴത്തിലേക്ക്  കൃഷ്ണൻ്റെ മറിഞ്ഞുവീഴൽ വെറും ബിംബങ്ങളിൽ

കൂടെ എവിടെയോ ഒരു മയിൽ
അതിൻ്റെ നൃത്തങ്ങളിൽ നിന്നും
അതിൻ്റെ കാടകങ്ങളിലേക്ക്
അതിൻ്റെ പീലികളിൽ നിന്നും 
അതിൻ്റെ ശാന്തനിലത്തേക്ക്
അസ്വസ്ഥതകളുടെ 
അഴകളുവുകളിൽ നിന്നും 
ശാന്തമായ ഒരു മറിഞ്ഞുവീഴൽ 

മയിൽ അതിൻ്റെ നൃത്തങ്ങളിൽ നിന്നും
ലളിതമാം വിധം
ഒരു മറിഞ്ഞുവീഴൽ പൂർത്തിയാക്കുന്നു

പൂർത്തിയാക്കാത്ത വീഴ്ച്ച
കൃഷ്ണൻ ആഴങ്ങളിൽ
പീലികളിൽ കൊണ്ടുനടക്കുന്നു

10

കൗസ്തുഭം 
മാറിൽ കലങ്ങും കൃഷ്ണൻ
കൃഷ്ണൻ്റെ കാലിൽ
നിലക്കും
അമ്പ് പുറപ്പെടും ശബ്ദവും

രാധാരഹിതം വിരഹം
എല്ലാ ഗീതങ്ങളിൽ നിന്നും വിമുക്തി
ഈണത്തിൻ്റെ സാക്ഷയിട്ട്
ഓടക്കുഴലിലെ ഓരോ സുഷിരവും, 
ചാരി പുറത്തിറങ്ങിയിട്ടുണ്ടാവുമോ
അന്നേ കൃഷ്ണൻ
കൂടെ എടുത്തിട്ടുണ്ടാകുമോ ഉടലും
ഉയിരും

ചാരിയിട്ടുണ്ടാവുമോ 
പിന്നീട് എന്നെങ്കിലും ഒരിക്കൽ
മറ്റൊരുനാട്ടിൽ കൃഷ്ണഗാഥകൾ
ചെറുശ്ശേരി

ഏകാന്തതക്ക് പീലിവെച്ച ഭാഷ കൃഷ്ണനാകുന്നുണ്ടാവുമോ,
എവിടെയെങ്കിലും 
ഓരോ വാക്കും തുളച്ച്കയറും അമ്പും

ഹിരൺനദിയുടെ കരയിൽ
പാദങ്ങൾ മുദ്രകളിൽ പൊതിഞ്ഞ് 
വേടൻ്റെ കാലുകൾ,
എടുത്ത് സൂക്ഷിക്കുമോ
ഇനിയും വെക്കാത്ത കൃഷ്ണൻ്റെ നൃത്തം

എടുത്ത് സൂക്ഷിക്കുമോ മയിലുകൾ
കൃഷ്ണൻ്റെ ഉടൽച്ചരിവിലെ നടത്തം

11

കൃഷ്ണഉടലിനെ തൊടുവാൻ ആയും എൻ്റെ വേടൻവിരൽ
അത് കുറച്ചുവെയ്ക്കും കറുപ്പ്
മറച്ച് വെയ്ക്കും അമ്പുകൾ

ചിത്രങ്ങളിൽ നിന്നും 
പുറത്തേക്ക് ഒഴുകിപ്പരക്കും
ഇനിയും നിലയ്ക്കാത്ത 
കൃഷ്ണനിലെ  നീല 

ഒരു ശലഭപര്യന്തം കഴിഞ്ഞ്
കാടിൻ്റെ പ്യൂപ്പയിലേക്ക് 
തിരിച്ചിറങ്ങിയിട്ടുണ്ടാവുമോ വേടൻ

ഹിരൺനദി അപ്പോഴും ജരായെന്ന് ചേർത്തുപിടിക്കും വേടനെ
മറന്നിട്ടുണ്ടാവുമോ കൃഷ്ണനേ

12

കൃഷ്ണൻ്റെ സഹപാഠി വിരൽ
അരികിലേ കുചേലനാഭി
അവിൽഉടൽ
പിന്നിലെ സന്ദീപനീ നദീതടം

മനുഷ്യനിൽ നിന്നിറങ്ങി
ദൈവത്തിലേക്ക് നടക്കും കൃഷ്ണൻ
എന്നിട്ടും 
മറികടക്കുന്നില്ല ഒരിടത്തും വേടനെ

ഒരു വേട്ടക്കാരന്നെ തരിശ്ശിട്ട്
വേടൻ ഏറ്റെടുക്കും കുറ്റം മാത്രമാവുമോ
അമ്പ്

കൂർത്തമൂർച്ചകൾ ചാലിച്ച
എത്ര വേടൻതുടർച്ചകളാവും
ഒരമ്പാവുക

അമ്പുതളിച്ച കൃഷ്ണനുടൽ
അതിൻ്റെ നീലയിലേക്ക്
എടുത്തുകിടത്തിയിട്ടുണ്ടാവുമോ
വേടൻ

ഓരോ അലക്ഷ്യ അമ്പും
തീർത്ഥമാവും വണ്ണം 
കൂടുതൽ പരിശുദ്ധമാവും കൃഷ്ണൻ

ഇനിയും ഒഴുകിത്തീരാത്ത നീലനിറത്തിൻ്റെ നദി എന്നൊരു
അഭിസംബോധന തൽക്കാലം.
തൽസമയം അതിൻ്റെ നീലനിറം.

Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...