ഒരു പായ്ക്കപ്പലാവും മനസ്സ്
ഉടൽ അതിൻ്റെ കാറ്റും
സൂര്യൻ ഒരു കവർപാലാണെന്ന്
എൻ്റെ പകലിനെ ബോധ്യപ്പെടുത്തുവാനുള്ള ശ്രമങ്ങൾക്കിടയിൽ
എൻ്റെ ശലഭക്കുഞ്ഞുങ്ങൾ
അവയ്ക്ക് ഇളംനീല
ആവോളം ആസ്വദിച്ച്
കോരിയൊഴിച്ച് കളിക്കാവുന്ന വിധം
ആകാശം ശൂന്യതയുടെ
പിടിയുള്ള മഗ്ഗായി പതിയേ
അതിൻ്റെ സാവകാശത്തെ
അതിലും പതിയേ ആകാശം
മറികടക്കും വിധം
രണ്ട് സാവകാശങ്ങളുണ്ടായി
ആദ്യത്തെ സാവകാശം ഞാനായി
രണ്ടാമത്തേത് അവളും
ഞങ്ങൾ സാവകാശങ്ങളുടെ
സാധ്യതകളുള്ള
രണ്ട് ബൂത്തുകളായി
ഞങ്ങൾക്ക് മുകളിലൂടെ മേഘങ്ങൾ
കടന്നുപോയി
പുതുക്കത്തിനായി അവയുടെ മത്സരങ്ങൾ
നിശ്വാസങ്ങളുണ്ടായി
ഒട്ടും ധൃതിയില്ലാത്ത നെടുവീർപ്പുകളുണ്ടായി
ഒട്ടും ധൃതിയില്ലാതെ സൂര്യൻ
വെയിലിൻ്റെ പിടിയുള്ള
കപ്പായി
പകലിനും താഴെ
ഞങ്ങളുടെ മേഘങ്ങൾ
ചൂടില്ലാത്ത വെയിൽ കോരിയൊഴിച്ച്
കളിയുമായി
ഒരു വൈക്കോൽത്തുറുവാകും
ഭാഷ
വാക്കുകൾക്കിടയിൽ മേയും
മോരിലെ പുളിയുടെ ഉടലുള്ള പശു
ശരിക്കും എനിക്ക് പാല് വേണ്ട
പകരം
ഒരു കവിളിൽ കൊള്ളുന്ന തണുപ്പ്
അതുമല്ലെങ്കിൽ
ഒരു കവറിൽ കൊള്ളുന്ന പ്രഭാതം
അതുമതി
കുമ്പിൾ എന്ന വാക്ക് എവിടേയും
തിരഞ്ഞില്ല ഞാനും അവളും
പാലുപോലെ
കവറിൽ വരും പ്രഭാതം കിട്ടും പകൽ സങ്കൽപ്പിച്ച് നോക്കി
പണ്ട്
തെരുവോരങ്ങളിൽ കണ്ടിരുന്ന ടെലിഫോൺ ബൂത്ത് പോലെ
കവറിൽ പ്രഭാതം വിൽക്കും
ഒരു ബൂത്താവും പകൽ
ഇനി അവിടെയും വന്ന് കറങ്ങുമോ
വിപണിയുടെ ബില്ലിങ് മെഷീൻ
അറിയില്ല
പതിയേ ഭയത്തിൻ്റെ ബൂത്തായി
അടുത്തു കണ്ട ഓർമ്മയിൽ കയറി തൊട്ടടുത്ത ചില്ലറയിൽ ഇറങ്ങി
തീരെ ഒച്ചയില്ലാതെ ഞാനും അവളും
പറന്നതിന് ശേഷം ഒരോ തവണയും
ആകാശം ഫ്ലഷ് ചെയ്യും പക്ഷികൾ
അവയുടെ ഫ്ലഷിൽ ഞാൻ
ഓരോ തവണയും ജലമായും
പറന്നുകഴിഞ്ഞ പക്ഷികളുടെ ശൂന്യത മലമായും പങ്കെടുക്കുന്നു
ശരിക്കും മലമല്ല മലത്തിൻ്റെ തവണകൾ
അതും പക്ഷികൾ പല തവണ മുടക്കിയത്
ശരിക്കും പക്ഷികൾ ആകാശം മുടക്കാറുണ്ടോ
അറിയില്ല വിപണിയിൽ
വിപണികൾ പുതിയ ആകാശം
എങ്ങിനെ വീണാലും
നാലുകാലിൽ വീഴ്ച്ച മാത്രം ഫ്ലഷ് ചെയ്യും
ജനം എന്ന പേരുള്ള
വളർത്ത് പൂച്ച
അതിൽ എൻ്റെ വിപണിയുടൽ
എങ്ങുമില്ല തിളച്ച എണ്ണ
എന്നിട്ടും വല്ലാതെ പൊള്ളുന്നു
അതിൻ്റെ വീഴ്ച്ചയെ
ഒരു കമ്പിയിൽ കുത്തിയെടുത്ത്
ഇല്ലാത്ത തിളച്ചയെണ്ണയിൽ മുക്കി
അച്ചപ്പമായി മൊരിച്ചെടുക്കുവാൻ തോന്നി
അച്ചപ്പത്തിൻ്റെ ആകൃതിയുള്ള സങ്കൽപ്പങ്ങളിൽ
പൂച്ചകളുടെ കാലടികൾ പൂക്കളായി
അവ വീഴ്ച്ചയിലും നടത്തത്തിൻ്റെ ആകൃതികളിൽ തുടർന്നു
വീഴ്ച്ച കഴിഞ്ഞും പൂച്ച
ഒച്ചയുണ്ടാക്കാതെ
എഴുന്നേറ്റ് നടന്നുപോയി
വീഴ്ച്ചയിലും
കറുമുറേ തിന്നും അച്ചപ്പങ്ങൾ
സങ്കൽപ്പങ്ങളിൽ അവ
അച്ചപ്പങ്ങളായി തന്നെ തുടർന്നു
പൂച്ച അതിൻ്റെ വീഴ്ച്ച ഞാനുമായി
പങ്കുവെക്കുവാൻ തയ്യാറായി
അതിൻ്റെ കാലുകളിൽ ഓമനത്തങ്ങളിൽ ഞാൻ പങ്കാളിയായി
എൻ്റെ വീഴ്ച്ച മറക്കുവാൻ
പൂച്ചയുടെ വീഴ്ച്ചയിൽ ചാരിയായി
ഞാനെന്ന ജനത്തിൻ്റെ കിടപ്പ് ഇരിപ്പ് നിൽപ്പ്
പൂച്ച നടക്കുമ്പോഴും നിൽക്കുമ്പോഴും
എന്നിലെ ജനം വീണിടത്ത് കിടന്നു
ഉരുണ്ടു
ജനം എന്ന പേര്
വളർത്ത് പൂച്ചയിൽ നിന്നും
തുടച്ച് മാറ്റുന്നു
കറുമുറെ എന്ന ശബ്ദത്തിൻ്റ അറ്റത്ത്
പേരില്ലാതെ എൻ്റെ വളർത്തുപൂച്ച
ഒരു പക്ഷേ അതിൻ്റെ
വീഴ്ച്ചയുടെ ആഴമോ
ശബ്ദം കുറഞ്ഞ വീഴ്ച്ചയോ
ജനം അറിയുന്നില്ല
എങ്ങും വിപണിയുടെ ആരവങ്ങൾ
വീഴ്ച്ചയുടെ ആഴങ്ങൾ
വീഴ്ച്ചയുടെ രഹസ്യശബ്ദങ്ങൾ
പൂച്ച ബാഹ്യമായി ഒച്ചയില്ലാതെ നക്കുന്നുണ്ട് നക്കിത്തുടക്കുന്നുണ്ട്
ഒരു ആന്തരീകനാണവുമില്ലാതെ
എൻ്റെ വളർത്ത് പൂച്ച
പൂച്ച കഴിഞ്ഞാൽ
വീഴ്ച്ചയുടെ ഗോപുരങ്ങളുള്ള
ഒരു ശിൽപ്പമാവുമോ
ജനം
ജനാധിപത്യത്തിൻ്റെ ആനന്ദങ്ങൾ
ശരിക്കും വീഴ്ച്ചയുടെ തലേക്കെട്ടുള്ള
പത്രവാർത്തകൾ
വീഴ്ച്ചയുടെ പരസ്യങ്ങൾ
ഒരു പക്ഷേ വിപണിയിലേക്കുള്ള വീഴ്ച്ച
അരികിലില്ല പൂച്ച
കലാകാരൻ ചിത്രത്തിലെന്ന പോലെ ചുവന്ന നിറം ബാഹ്യമായി
ഇറക്കി വെച്ച് ആന്തരികമായി മറഞ്ഞിട്ടുണ്ട്
അസ്തമിച്ച സൂര്യൻ
നൃത്തം മണക്കുന്നവളുടെ മടിയിൽ കിടക്കുന്നു
മല്ലിയില മണമുള്ള അസ്തമയം
ഇരുട്ടുന്നുണ്ട്
ഇനി അസ്തമയത്തിൻ്റെ കാടുള്ള
ഒരു മൃഗമാവുമോ സൂര്യൻ
ഞാൻ പൂച്ചയല്ല
സൂര്യനെ കണ്ണുകൾ കൊണ്ട് വകയുന്നു
അസ്തമയം നക്കുന്നു.
Comments
Post a Comment